കേരളത്തിലെ പ്ലസ്‌വൺ പ്രവേശനത്തിനുള്ള റാങ്ക്പട്ടിക പല ഘട്ടങ്ങളിലൂടെയാണ് തയ്യാറാക്കുന്നത്. പത്താം ക്ലാസ് പരീക്ഷാഫലത്തിൽ ഓരോ വിഷയത്തിന്റെയും ഫലം ഗ്രേഡ്‌വഴിയാണ് നൽകിയിരിക്കുന്നത്. എ+, എ, ബി+, ബി, സി+, സി, ഡി+, ഡി എന്നിങ്ങനെ. എല്ലാ വിഷയങ്ങൾക്കും ഡി+ എങ്കിലും ഗ്രേഡ് നേടിയവർക്കാണ് ഉന്നത വിദ്യാഭ്യാസത്തിനുള്ള അർഹത. റാങ്ക്പട്ടിക തയ്യാറാക്കുന്ന ഘട്ടങ്ങൾ താഴെ വിശദീകരിക്കുന്നു. 

To advertise here,

ഒന്ന്
ലഭിച്ച ഗ്രേഡുകൾ ഓരോന്നും ഗ്രേഡ് പോയൻറുകളാക്കി മാറ്റും. ഓരോ ഗ്രേഡിനും നിശ്ചയിച്ചുനൽകുന്ന തത്തുല്യമായ ഒരു സംഖ്യാമൂല്യമാണ് ഗ്രേഡ് പോയൻറ്. എ+ എന്ന ഗ്രേഡിന്‌ തത്തുല്യമായ ഗ്രേഡ് പോയൻറ് 9 ആണ്. എ (8), ബി+(7), ബി(6), സി+(5), സി(4), ഡി+(3) എന്നിങ്ങനെയാണ് മറ്റുഗ്രേഡുകളും തത്തുല്യ ഗ്രേഡ് പോയൻറുകളും.

രണ്ട്
എല്ലാ വിഷയത്തിന്റെയും ഗ്രേഡ് പോയൻറുകൾ കൂട്ടി ടോട്ടൽ ഗ്രേഡ് പോയൻറ് (ടി.ജി.പി.) കണക്കാക്കും. 10 വിഷയത്തിനും എ+ ലഭിച്ച ഒരാളുടെ ടി.ജി.പി., 90 ആയിരിക്കും. 5 വിഷയങ്ങൾക്ക് എ+ഉം 5-ന് എയും ലഭിച്ച കുട്ടിയുടെ ടി.ജി.പി. 85 ആയിരിക്കും [(5x9)+(5x8)].

വിഷയങ്ങളുടെ മൊത്തം എണ്ണത്തെ (ടോട്ടൽ നമ്പർ ഓഫ് സബ്ജക്ട്സ്), ടി.എസ്. എന്ന് സൂചിപ്പിക്കും (ഇവിടെ 10 വിഷയങ്ങൾ)

മൂന്ന്
ഹയർ സെക്കൻഡറി പഠനത്തിന് വിദ്യാർഥി തിരഞ്ഞെടുക്കുന്ന നാലുവിഷയങ്ങൾ അടങ്ങുന്ന കോംബിനേഷൻ അനുസരിച്ച് (സയൻസ്-9 കോംബിനേഷൻ, ഫ്യുമാനിറ്റീസ്‌ -32, കൊമേഴ്സ്-4, മൊത്തം-45) യോഗ്യതാ പരീക്ഷയിലെ നിശ്ചിതവിഷയങ്ങൾക്ക് അധിക പരിഗണന (വെയ്റ്റേജ്) കിട്ടും.

സയൻസ് വിഭാഗത്തിൽ നാല് കോംബിനേഷന്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് വിഷയങ്ങളുടെയും, അഞ്ചെണ്ണത്തിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളുടെയും ഗ്രേഡ് പോയൻറ് കൂട്ടും.

ഹ്യുമാനിറ്റീസ് വിഭാഗത്തിലുള്ള കോംബിനേഷനുകൾക്ക് വെയ്റ്റേജ് ലഭിക്കുന്ന വിഷയം: 25 കോംബിനേഷനുകൾക്ക്, സോഷ്യൽ സയൻസ് വിഷയത്തിന്റെ ഗ്രേഡ് പോയൻറ് കൂട്ടും. നാലെണ്ണത്തിന്, സോഷ്യൽ സയൻസ്, ഇംഗ്ലീഷ് എന്നിവയുടേതും മൂന്ന് എണ്ണത്തിന്, സോഷ്യൽ സയൻസ്, മാത്തമാറ്റിക്സ് വിഷയങ്ങളുടേതും കൂട്ടും.

കൊമേഴ്സിലെ നാലു കോംബിനേഷനുകൾക്കും സോഷ്യൽ സയൻസ്, മാത്തമാറ്റിക്സ് എന്നിവയുടെ ഗ്രേഡ് പോയൻറുകൾ പരിഗണിക്കും. വെയ്റ്റേജിന്‌ പരിഗണിക്കുന്ന വിഷയങ്ങളുടെ മൊത്തം ഗ്രേഡ് പോയൻറ് ആണ് ഗ്രേഡ് വാല്യൂ ഓഫ് സബ്ജക്ട്സ് ഫോർ വെയ്റ്റേജ്- ജി.എസ്.ഡബ്ല്യു. വെയ്റ്റേജിന്‌ പരിഗണിക്കുന്ന വിഷയങ്ങളുടെ എണ്ണത്തെ ടി.എസ്.ഡബ്ലു. (ടോട്ടൽ സബ്ജക്ട്സ് ഫോർ വെയ്റ്റേജ്) എന്നും സൂചിപ്പിക്കും.

നാല്
തുടർന്ന് ജി.എസ്.ഡബ്ല്യു., ടി.ജി.പി.യോടുകൂട്ടും. കിട്ടുന്ന മൂല്യത്തെ, ടി.എസ്.+ടി.എസ്.ഡബ്ല്യു.കൊണ്ട് ഹരിക്കും. അതായത്, [(ടി.ജി.പി.+ ജി.എസ്.ഡബ്ലു.)/(ടി.എസ്.+ ടി.എസ്.ഡബ്ല്യു.)] കണക്കാക്കും. ഈ ഘടകമാണ് അക്കാദമിക് വാല്യൂ പാർട് (എ.വി.പി.). ഇതിന്റെ മൂല്യം X ആണെന്നുകരുതുക.

അഞ്ച്
വിദ്യാർഥിക്ക് പ്രോസ്പക്ടസ്‌ പ്രകാരം അർഹതയുള്ള ബോണസ് പോയൻറുകളും (ബി.പി.) കുറയ്ക്കേണ്ട മൈനസ് പോയൻറുകളും (എം.പി.) [ഇവ പരിഗണിക്കുന്ന രീതി പ്രോസ്പക്ടസിൽ നൽകിയിട്ടുണ്ട്] നിർണയിക്കും. തുടർന്ന് (ബി.പി.- എം.പി.)/10 കണക്കാക്കും. ഈ ഘടകമാണ് ബോണസ് വാല്യൂ പാർട്ട്‌ (ബി.വി.പി.). ഇതിന്റെ മൂല്യം Y ആയി കരുതുക.

ആറ്
തുടർന്ന് X, Y എന്നിവ കൂട്ടി, വെയ്റ്റഡ് ഗ്രേഡ് പോയൻ്റ് ആവറേജ് (ഡബ്ലു.ജി.പി.എ.) കണക്കാക്കും. ഡബ്ലു.ജി.പി.എ=X + Y. ഇതാണ് റാങ്കിങ്ങിനായി പരിഗണിക്കുന്ന മൂല്യം. ഏഴ് ദശാംശസ്ഥാനത്തേക്ക് ഇത് ക്രമീകരിക്കും. ഇവിടെ തുല്യത വന്നാൽ, അത് ഒഴിവാക്കാൻ മുൻഗണന നിശ്ചയിച്ച്‌ പരിഗണിക്കുന്ന ഘടകങ്ങൾ പ്രോസ്പക്ടസിൽ പറഞ്ഞിട്ടുണ്ട്.

റാങ്ക്പട്ടിക തയ്യാറാക്കുന്ന രീതി പ്രോസ്പക്ടസിൽ ക്ലോസ് 16-ൽ (പേജ് 16) ൽ വിശദീകരിച്ചിട്ടുണ്ട്.