റെയിൽവേ സംരക്ഷണ സേനയിലെയും (ആർ.പി.എഫ്.) റെയിൽവേ സംരക്ഷണ പ്രത്യേക സേനയിലെയും (ആർ.പി.എസ്.എഫ്‌.) ജീവനക്കാരുടെ കുട്ടികൾക്ക് എൻജിനിയറിങ്, മെഡിസിൻ തുടങ്ങിയ പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രാലയം നൽകുന്ന സ്കോളർഷിപ്പാണ് പ്രൈം മിനിസ്റ്റേഴ്‌സ് സ്കോളർഷിപ്പ് സ്‌കീം (പി.എം.എസ്.എസ്.).

To advertise here,

സേവനത്തിലുള്ളവരുടെയോ വിരമിച്ചവരുടെയോ സേവനത്തിനിടെ മരിച്ചവരുടെയോ ആശ്രിതരായ മക്കൾക്കും വിധവകൾക്കും അപേക്ഷിക്കാം. ഗസറ്റഡ് റാങ്കിനു താഴെയുള്ള ജീവനക്കാരുടെ ആശ്രിതരെയാണ് പരിഗണിക്കുക.

യോഗ്യത, കോഴ്‌സ്

പ്ലസ്ടു, ഡിപ്ലോമ അല്ലെങ്കിൽ ബിരുദം എന്നിങ്ങനെയുള്ള മിനിമം എൻട്രി യോഗ്യതയിൽ 60 ശതമാനമോ അതിലധികമോ മാർക്ക് വേണം. പഠിക്കുന്ന കോളേജോ സർവകലാശാലയോ എ.ഐ.എസ്.എച്ച്.ഇ. രജിസ്‌ട്രേഷനുള്ളതാകണം. ബി.ഇ./ബി.ടെക.്, എം.ബി.ബി.എസ.്, ബി.ഡി.എസ.്, ബി.ഫാം., നഴ്‌സിങ്, ബി.സി.എ., എം.സി.എ,. എം.ബി.എ., ബി.എഡ്., എൽഎൽ.ബി., ആർക്കിടെക്ചർ, ഡിസൈൻ, ഫിഷറീസ്, കൃഷി, ആയുർവേദ-ഹോമിയോ-യുനാനി-സിദ്ധ മെഡിക്കൽ കോഴ്‌സുകൾ, ഫിസിയോതെറാപ്പി, ജേണലിസം തുടങ്ങി ഏകദേശം തൊണ്ണൂറോളം കോഴ്‌സുകൾ അംഗീകൃത പട്ടികയിലുണ്ട്. വിദൂരപഠനവും വിദേശപഠനവും പരിഗണിക്കില്ല. ഒരാൾക്ക് ഒരു കോഴ്‌സിനു മാത്രമേ ആനുകൂല്യം ലഭിക്കൂ.

ആനുകൂല്യം

ആൺകുട്ടികൾക്ക് പ്രതിമാസം 2,500 രൂപയും പെൺകുട്ടികൾക്ക് 3,000 രൂപയുമാണ് സ്കോളർഷിപ്പ്. കോഴ്‌സിന്റെ ദൈർഘ്യമനുസരിച്ച് രണ്ടു മുതൽ അഞ്ചു വർഷം വരെ ഇത് ലഭിക്കും. തുക ആധാർ ബന്ധിത ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തും. ആകെയുള്ള സ്കോളർഷിപ്പുകളിൽ പകുതി പെൺകുട്ടികൾക്കായി മാറ്റിെവച്ചിരിക്കുന്നു. സീറ്റുകൾ റെയിൽവേ സോൺ തലത്തിൽ ക്വോട്ടകളായാണ് വിഭജിച്ചിട്ടുള്ളത്. തിരഞ്ഞെടുക്കപ്പെടുന്ന പുതിയ അപേക്ഷകർക്ക് പ്രധാനമന്ത്രിയുടെ വ്യക്തിഗത അഭിനന്ദനക്കത്തും ലഭിക്കും.

മുൻഗണനാക്രമം

സമുദായ സംവരണം, പ്രായം, കുടുംബ വാർഷിക പരിധികളില്ല. അപേക്ഷകർ സീറ്റുകളെക്കാൾ കൂടുതലായാൽ ആദ്യം പരിഗണിക്കുന്നത് റെയിൽവേ സ്വത്തും യാത്രക്കാരെയും സംരക്ഷിക്കുന്നതിനിടെ തീവ്രവാദികളുമായോ കുറ്റവാളികളുമായോ ഉള്ള ഏറ്റുമുട്ടലിലോ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടയിലോ മരിച്ച ജീവനക്കാരുടെ മക്കളെയും വിധവകളെയുമാണ്. തുടർന്ന് സേവനത്തിനിടെ മരിച്ചവരുടെ ആശ്രിതരെ പരിഗണിക്കും. അതിനുശേഷം വിരമിച്ചവരുടെ മക്കൾക്കും ഏറ്റവുമൊടുവിൽ സേവനത്തിലുള്ളവരുടെ മക്കൾക്കും മുൻഗണന ലഭിക്കും. ഒരേ വിഭാഗത്തിൽ മിനിമം എൻട്രി യോഗ്യതയിലെ മാർക്ക് ശതമാനമാണ് മെറിറ്റ് ലിസ്റ്റിന് അടിസ്ഥാനം.

അപേക്ഷ

scholarships.gov.in വഴി നവംബർ 30 വരെ അപേക്ഷിക്കാം. ഒറ്റത്തവണ പൂർത്തിയാക്കിയ ശേഷം ’Prime Minister’s Scholarship Scheme for Ministry of Railways’ എന്ന സ്‌കീം തിരഞ്ഞെടുത്ത് അപേക്ഷിക്കണം. വിരമിച്ചവരുടെയും മരിച്ചവരുടെയും ആശ്രിതർ പി.പി.ഒ. അല്ലെങ്കിൽ ഡിസ്ചാർജ് സർട്ടിഫിക്കറ്റ് നൽകണം. ഇതിനൊപ്പം മിനിമം എൻട്രി യോഗ്യതയുടെ മാർക്ക് ലിസ്റ്റും ആധാർ ബന്ധിത ബാങ്ക് അക്കൗണ്ട് വിവരങ്ങളും വേണം. ഓരോ വർഷവും കോഴ്‌സ് ജയിച്ചശേഷം പോർട്ടലിലൂടെ സ്കോളർഷിപ്പ് പുതുക്കണം. സംശയങ്ങൾക്ക്: 011-23303283 (റെയിൽവേ ബോർഡിലെ സെക്യൂരിറ്റി ഡയറക്ടറേറ്റ്).