എടപ്പാൾ: ആരോഗ്യ സർവകലാശാലയിൽനിന്ന് പാരാമെഡിക്കൽ കോഴ്‌സ് കഴിഞ്ഞ് പുറത്തിറങ്ങുന്ന വിദ്യാർഥികൾക്ക് പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ ലഭിക്കാൻ വൈകുന്നതിനാൽ തൊഴിലവസരങ്ങൾ നഷ്ടപ്പെടുന്നു. ബി.എസ്‌സി. എം.എൽ.ടി., പോലുള്ള കോഴ്‌സുകൾ പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്കാണ് പഠനം കഴിഞ്ഞ് മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നത്.

To advertise here,

പരീക്ഷാഫലം വന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റിന് പാരാമെഡിക്കൽ കൗൺസിലിന്റെ രജിസ്‌ട്രേഷൻ ലഭിച്ചാലേ ജോലിക്ക് അപേക്ഷിക്കാനാവൂ. ഇതിനായി സർട്ടിഫിക്കറ്റിന്റെ പകർപ്പെടുത്ത് അറ്റസ്റ്റുചെയ്ത് തിരുവനന്തപുരത്തുള്ള കൗൺസിൽ ഓഫീസിലേക്ക് 500 രൂപയുടെ ഡി.ഡി. സഹിതം അയച്ചുകൊടുക്കണം. ഇത് ലഭിച്ചാൽ സർട്ടിഫിക്കറ്റിന്റെ ആധികാരികത പരിശോധിക്കാനായി ആരോഗ്യ സർവകലാശാലയിലേക്ക് അയയയ്ക്കും.

സർവകലാശാല ഇത് പരിശോധിച്ചുറപ്പാക്കി കൗൺസിലിന് തിരിച്ചയക്കും. അവിടെനിന്ന് തിരുവന്തപുരം സെക്രട്ടേറിയറ്റ് അനക്സിലുള്ള കൗൺസിൽ ഡയറക്ടർ ഓഫീസിലേക്കയച്ച് അണ്ടർ സെക്രട്ടറി ഒപ്പിട്ട് തിരിച്ച് കൗൺസിലിലേക്ക് അയച്ച് വേണം വിദ്യാർഥികൾക്ക് ലഭിക്കാൻ. ആറു മാസത്തിലേറെയാണ് ഈ നടപടിക്രമത്തിന് സമയമെടുക്കുന്നത്.

ജോലിക്കോ സ്വന്തമായൊരു സ്ഥാപനം തുടങ്ങാനോ ശ്രമിക്കണമെങ്കിൽ സർട്ടിഫിക്കറ്റ് രജിസ്‌ട്രേഷൻ ലഭിക്കണം.

ഡി.ഫാം. അടക്കമുള്ള സമാന കോഴ്‌സുകളിൽ പരീക്ഷ കഴിഞ്ഞ് സർട്ടിഫിക്കറ്റ് നൽകുന്നത് രജിസ്‌ട്രേഷനും പൂർത്തിയാക്കിയാണ്. ഈ രീതി ഇവർക്കും നടപ്പാകുന്നതേയുള്ളൂവെന്ന് വിദ്യാർഥികൾ പറയുന്നു.

2026-ലെ ഭൂരിഭാഗം സർട്ടിഫിക്കറ്റുകളും ഇനിയും രജിസ്‌ട്രേഷൻ പൂർത്തിയാകാതെ കെട്ടിക്കിടക്കുകയാണ്.

പ്രശ്നമായത് പുതിയ മാനദണ്ഡം

സർട്ടിഫിക്കറ്റിൽ ഒപ്പുവെക്കുന്ന ചുമതലയിൽ പുതുതായെത്തിയ അണ്ടർ സെക്രട്ടറി വിദ്യാർഥികളുടെ കോഴ്‌സ് കംപ്ലീഷൻ സർട്ടിഫിക്കറ്റടക്കമുള്ളവയ്ക്ക് വാശിപിടിക്കുന്നതാണ് കാലതാമസത്തിന് കാരണമെന്ന് ആക്ഷേപമുണ്ട്. വിദ്യാർഥികൾക്ക് മുൻകൂട്ടി നൽകുന്ന നിബന്ധനകളിൽ ഇത് ഇല്ല.