ന്യൂഡൽഹി: 2036 ആകുമ്പോഴേക്കും ഇന്ത്യയിൽ സ്കൂൾ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിൽ ഏകദേശം 2.5 കോടിയുടെ കുറവുണ്ടാകുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി റിപ്പോർട്ട്. ജനസംഖ്യാപരമായ മാറ്റം രാജ്യത്തെ സ്കൂൾ ആസൂത്രണത്തിലും വിഭവവിതരണത്തിലും കാര്യമായ പരിഷ്കാരങ്ങൾ ആവശ്യപ്പെടുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി അംഗവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗ്രൂപ്പ് ചീഫ് ഇക്കണോമിക് അഡ്വൈസറുമായ സൗമ്യകാന്തി ഘോഷ്, സാമ്പത്തികവിദഗ്ധൻ ശശിധരൻ ശർമ്മ എന്നിവരാണ് ഈ പഠനത്തിനുപിന്നിൽ.
ഇന്ത്യയിലെ പ്രത്യുത്പാദനനിരക്ക് 2019-ലെ 2.1-ൽനിന്ന് 2024-ൽ 1.9 ആയി കുറഞ്ഞതാണ് മാറ്റത്തിനുപിന്നിലെ പ്രധാന ഘടകം. 2011-ൽ 12.53 കോടിയായിരുന്ന 5-9 പ്രായത്തിലുള്ള കുട്ടികളുടെ എണ്ണം 2026-ഓടെ 11.27 കോടിയായി. ഇത് 2036-ഓടെ 10.02 കോടിയായി ചുരുങ്ങും (ഏകദേശം 20 ശതമാനം കുറവ്). 2011-ലെ സെൻസസ് അടിസ്ഥാനമാക്കി നാഷണൽ കമ്മിഷൻ ഓൺ പോപ്പുലേഷൻ തയ്യാറാക്കിയ ജനസംഖ്യാ കണക്കുകളെ അടിസ്ഥാനമാക്കിയാണ് ഈ പ്രവചനം.
എണ്ണം കുറയുന്നു എന്നതുകൊണ്ട് സ്കൂളുകൾ പൂട്ടുന്നത് പരിഹാരമല്ലെന്ന് വിദഗ്ധർ മുന്നറിയിപ്പുനൽകുന്നു. ദേശീയ വിദ്യാഭ്യാസനയം നിർദേശിക്കുന്നതുപോലെ സ്കൂൾ കോംപ്ലക്സുകളും ക്ലസ്റ്ററുകളും രൂപവത്കരിച്ച് അധ്യാപകർ, ലാബുകൾ, ലൈബ്രറികൾ തുടങ്ങിയ വിഭവങ്ങൾ പരസ്പരം പങ്കുവെക്കാനാണ് മുൻഗണന നൽകേണ്ടത്. പ്രാദേശിക ആവശ്യങ്ങൾക്കനുസൃതമായ പുനഃസംഘടനയാണ് നടപ്പാക്കേണ്ടതെന്നും പഠനം നിർദേശിക്കുന്നു
ഗ്രാമങ്ങളിൽ സ്കൂൾപ്രവേശനം കുറയുന്നു; നഗരങ്ങളിൽ കൂടുന്നു
ദേശീയതലത്തിൽ കുട്ടികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും പ്രാദേശികതലത്തിൽ പ്രവേശനത്തിൽ വലിയ വ്യത്യാസങ്ങൾ പ്രകടമാണ്. 2012-13 നും 2021-22 നും ഇടയിൽ ഗ്രാമീണ സ്കൂളുകളിലെ മൊത്തം പ്രവേശനം 78 ലക്ഷം കുറഞ്ഞ് 17.93 കോടിയായി. അതേസമയം, നഗര സ്കൂളുകളിൽ 93 ലക്ഷം വിദ്യാർഥികൾ അധികമായി ചേരുകയും മൊത്തം പ്രവേശനം 7.64 കോടിയായി ഉയരുകയും ചെയ്തു. ഉത്തർപ്രദേശിൽ ആകെ പ്രവേശനത്തിൽ വലിയ മാറ്റമില്ലെങ്കിലും ഗ്രാമങ്ങളിൽ 19.46 ലക്ഷം വിദ്യാർഥികളുടെ കുറവും നഗരങ്ങളിൽ 17.6 ലക്ഷം കുട്ടികളുടെ വർധനവും രേഖപ്പെടുത്തി.
Content Highlights: EAC-PM report predicts a 2.5 crore drop in school enrolments by 2036 in India
Published: 08 Nov 2026, 11:10 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented