തിരുവനന്തപുരം: സംസ്ഥാനത്ത് സ്വാശ്രയ കോളേജുകളിലെ ബിഎസ്‌സി, പോസ്റ്റ് ബേസിക് ബിഎസ്‌സി, എംഎസ്‌സി നഴ്‌സിങ് കോഴ്‌സുകളുടെ ഫീസ് പത്തുശതമാനം വർധിപ്പിച്ചു. 82 കോളേജുകൾക്കാണ് പ്രവേശന മേൽനോട്ടസമിതി 2025-26 വർഷത്തേക്ക് ഫീസ് വർധനയനുവദിച്ചത്. അസോസിയേഷൻ ഓഫ് ദി മാനേജ്‌മെന്റ്‌സ് ഓഫ് ക്രിസ്ത്യൻ സെൽഫ് ഫിനാൻസിങ് നഴ്‌സിങ് കോളേജസ്, പ്രൈവറ്റ് നഴ്‌സിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ എന്നീ സംഘടനകൾക്കുകീഴിൽ വരുന്നവയാണ് ഈ കോളേജുകൾ.
അസോസിയേഷൻ അംഗങ്ങളല്ലാത്ത കോളേജുകളുടെ ഫീസ് വർധന ഇക്കൂട്ടത്തിൽ സമിതി പരിഗണിച്ചിട്ടില്ല. മൂന്നുവർഷത്തിനുശേഷമാണ് ഫീസ് വർധന അനുവദിക്കുന്നത്. ഇതിനായി അസോസിയേഷൻ പ്രതിനിധികളുമായി സമിതി കഴിഞ്ഞദിവസം ഹിയറിങ് നടത്തിയിരുന്നു.
വർധന ഇങ്ങനെ
ബിഎസ്‌സി നഴ്‌സിങ്, പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിങ് എന്നീ കോഴ്‌സുകളിൽ 85 ശതമാനം സീറ്റുകളിൽ നിലവിൽ 73,025 രൂപയാണ് ട്യൂഷൻ ഫീസ്. ഇത് 80,328 രൂപയായി ഉയരും. 15 ശതമാനം വരുന്ന എൻആർഐ സീറ്റുകളിലെ ഫീസ് 95,000-ത്തിൽനിന്ന് 1,04,500 രൂപയാവുകയും ചെയ്യും. സ്പെഷ്യൽ ഫീസിലും 10 ശതമാനം വർധനയനുവദിച്ചു. ആദ്യവർഷത്തെ സ്പെഷ്യൽ ഫീസ് 23,980 രൂപയായിരിക്കും. രണ്ടാംവർഷംമുതൽ 21,230 രൂപയും. എംഎസ്‌സി നഴ്‌സിങ്ങിന്റെ ട്യൂഷൻ ഫീസ് ഒരുലക്ഷത്തിൽനിന്ന് 1,10,000 രൂപയാകും. സ്പെഷ്യൽ ഫീസ് 50,000-ത്തിൽനിന്ന് 55,000 രൂപയാകും.
പ്രവേശനം വൈകുന്നു
സ്വാശ്രയ കോളേജുകളിൽ പകുതിയോളംവരുന്ന മാനേജ്‌മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശന നടപടികൾ ഇനിയുമാരംഭിച്ചിട്ടില്ല. ആരോഗ്യസർവകലാശാലയുടെ പരിശോധന പൂർത്തിയാക്കി കോളേജുകൾക്ക് പ്രവേശനാനുമതി നൽകുന്നതിനുള്ള നടപടികൾ വൈകുന്നതാണ് കാരണം. പരിശോധന പൂർത്തിയാകാത്തതിനാൽ അവയുടെ അന്തിമ സീറ്റുഘടന സർക്കാർ വിജ്ഞാപനം ചെയ്തിട്ടുമില്ല. അംഗങ്ങളായ എല്ലാ കോളേജുകളിലെയും സീറ്റുവിഭജനം സംബന്ധിച്ച വിജ്ഞാപനം പുറത്തുവന്നാലേ അപേക്ഷ ക്ഷണിക്കാനാകൂവെന്നാണ് അസോസിയേഷൻ പ്രതിനിധികൾ പറയുന്നത്. 12 സ്വാശ്രയകോളേജുകളുടെ സീറ്റുവിവരം കഴിഞ്ഞദിവസം വിജ്ഞാപനം ചെയ്തിരുന്നു.
Content Highlights: Kerala Nursing Colleges Hike Fees by 10%
Published: 12 Jul 2025, 07:59 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented