തിരുവനന്തപുരം: ഫീസ് വർധന അടക്കമുള്ള ആവശ്യങ്ങൾ ചർച്ചചെയ്യാത്ത സാഹചര്യത്തിൽ ബിഎസ്‌സി നഴ്‌സിങ് കോഴ്‌സിലെ പകുതി സീറ്റുകൾ സർക്കാരിന് വിട്ടുനൽകില്ലെന്ന് മാനേജ്‌മെന്റുകൾ. പ്രാഥമിക ചർച്ചപോലുമില്ലാതെ ഇക്കൊല്ലത്തെ പ്രവേശനനടപടികൾ ആരംഭിച്ചതാണ് മാനേജ്‌മെന്റുകളെ പ്രകോപിപ്പിച്ചിട്ടുള്ളത്.

To advertise here,

മുൻവർഷങ്ങളിൽ 50 ശതമാനം സീറ്റുകളിൽ സർക്കാരും ബാക്കി മാനേജ്‌മെന്റുകൾ നേരിട്ടുമാണ് പ്രവേശനം നടത്തിയത്. പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ എൽബിഎസ് സെന്ററാണ് സർക്കാർ സീറ്റുകളിൽ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നടത്തുന്നത്.പ്രോസ്‌പെക്ടസ് സർക്കാർ അംഗീകരിച്ചതോടെ 2025-26 വർഷത്തെ പ്രവേശനവിജ്ഞാപനം കഴിഞ്ഞദിവസം ഇറങ്ങിയിരുന്നു. മേയ് 14 മുതൽ ജൂൺ ഏഴുവരെയാണ് അപേക്ഷിക്കാനുള്ള തീയതി.21-നാണ് പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുക. ഇതാദ്യമായാണ് പ്ലസ്ടു ഫലം പുറത്തുവരുംമുൻപ്‌ തിരക്കിട്ട് പ്രോസ്‌പെക്ടസ് അംഗീകരിച്ചതെന്ന് മാനേജ്‌മെന്റുകൾ പറയുന്നത്.

124 സ്വാശ്രയ നഴ്‌സിങ് കോളേജുകളിലായി 9883 ബിഎസ്‌സി നഴ്‌സിങ് സീറ്റുകളിൽ 7613 സീറ്റുകളും സ്വാശ്രയമേഖലയിലാണ്. സീറ്റുകൾ മുഴുവൻ മാനേജ്‌മെന്റുകൾ ഏറ്റെടുത്താൽ അർഹരായവർക്ക് പ്രവേശനം ലഭിക്കില്ലെന്നുമാത്രമല്ല, സംവരണ മാനദണ്ഡങ്ങളും അട്ടിമറിക്കപ്പെടും.

കോളേജുകൾക്ക് അഫിലിയേഷൻ നൽകുന്നതിനുമുന്നോടിയായി നഴ്‌സിങ് കൗൺസിലിന്റെയോ ആരോഗ്യ സർവകലാശാലയുടെയോ പരിശോധനപോലും ഇതുവരെ തുടങ്ങിയിട്ടില്ല. പല കോളേജുകളും സീറ്റ് വർധനയ്ക്ക് അപേക്ഷനൽകി കാത്തിരിക്കുകയാണ്. തങ്ങളുടെ ആവശ്യങ്ങൾ ചർച്ചചെയ്തില്ലെന്ന് നഴ്‌സിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് വി. സജി പറഞ്ഞു. ചർച്ചയ്ക്കായി പലതവണ സർക്കാരിനെ സമീപിച്ചെങ്കിലും അനുവദിക്കാത്തതിൽ പ്രതിഷേധമുണ്ടെന്നും വ്യക്തമാക്കി.

സ്വാശ്രയ കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സർക്കാർ ആശുപത്രികളിൽ ക്ലിനിക്കൽ പരിശീലനത്തിന് അവസരം നൽകുന്നുണ്ടെങ്കിലും കഴിഞ്ഞവർഷവും അധികൃതർ ഒട്ടേറെ തടസ്സവാദങ്ങൾ ഉന്നയിച്ചിരുന്നു. ഇക്കാര്യത്തിലും വ്യക്തമായ മാനദണ്ഡം വേണമെന്ന് ക്രിസ്റ്റ്യൻ സെൽഫ് ഫിനാൻസിങ് നഴ്‌സിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് ഫാ. വിമൽ ഫ്രാൻസിസ് പറഞ്ഞു.