തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്കിടയിൽ മൊബൈൽഫോൺ അടിമത്തം ശാസ്ത്രീയമായി നിയന്ത്രിക്കാൻ നിയമനിർമാണസാധ്യത തേടി സർക്കാർ. ഇതിനായി പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകി അധ്യക്ഷയായി അഞ്ചംഗ വിദഗ്ധസമിതി രൂപവത്കരിച്ചതായി മന്ത്രി വി. ശിവൻകുട്ടി പത്രസമ്മേളനത്തിൽ പറഞ്ഞു.

To advertise here,

ഡോ. അരുൺ ബി. നായർ (തിരുവനന്തപുരം മെഡിക്കൽ കോളേജ്), പ്രൊഫ. എൻ.എസ്. ശ്രീകാന്ത് (കണ്ണൂർ സർവകലാശാല), ഡോ. കെ. ബിജു (തമിഴ്‌നാട് കേന്ദ്രസർവകലാശാല), പ്രൊഫ. പി.എ. ബേബി ശാരി (കാലിക്കറ്റ് സർവകലാശാല) എന്നിവരാണ് സമിതിയംഗങ്ങൾ. മൂന്നുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം.

സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാനും ക്ലാസ് മുറിയിൽ പിൻബെഞ്ച് ഒഴിവാക്കിയുള്ള ഇരിപ്പിട ക്രമീകരണത്തിനുമുള്ള റിപ്പോർട്ടുകളും കരിക്കുലം കമ്മിറ്റി അംഗീകരിച്ചു.

പരീക്ഷാസമ്മർദം കുറയ്ക്കാൻ ടോൾഫ്രീ നമ്പർ

എസ്.എസ്.എൽ.സി., ഹയർ സെക്കണ്ടറി പരീക്ഷകൾക്കു തയ്യാറെടുക്കുന്ന വിദ്യാർഥികളുടെ മാനസികസമ്മർദം ലഘൂകരിക്കാൻ പൊതുവിദ്യാഭ്യാസവകുപ്പിന്റെ ടോൾഫ്രീ ടെലിഫോൺ സഹായകേന്ദ്രം 16-ന് പ്രവർത്തനം തുടങ്ങും. രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ ഫോണിൽ കൗൺസലിങ് ലഭ്യമാക്കും. നമ്പർ: 18004252844.

എല്ലാ ഹയർ സെക്കൻഡറി സ്കൂളിലും ‘സൗഹൃദ’ കോ-ഓർഡിനേറ്ററുടെ നേതൃത്വത്തിൽ കൗൺസലിങ് ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പുസ്തകവും യൂണിഫോമും മൂന്നു മാസം മുൻപേ സ്കൂളിലെത്തും

അടുത്ത അധ്യയനവർഷത്തേക്കുള്ള പാഠപുസ്തകങ്ങളും യൂണിഫോമും മൂന്നുമാസം മുൻപേ വിതരണം ചെയ്യുമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. പാഠപുസ്തകങ്ങളുടെയും കൈത്തറി യൂണിഫോമിന്റെയും വിതരണോദ്ഘാടനം വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.