ന്യൂഡൽഹി: ഐ.ഐ.ടി പ്രവേശനത്തിനായുള്ള ജെ.ഇ.ഇ. അഡ്വാൻസ്ഡ് പരീക്ഷയിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ പൂനെ സ്വദേശിനി ആരോഹി ദേഷ്പാണ്ഡെയാണ് ഏറ്റവും ഉയർന്ന മാർക്ക് നേടിയത്. അഖിലേന്ത്യാ തലത്തിൽ 77-ാം റാങ്കാണ് ആരോഹി സ്വന്തമാക്കിയത്. പരീക്ഷാ തയ്യാറെടുപ്പുകൾ വെറുമൊരു പഠനം മാത്രമല്ലെന്നും മാനസികവും വൈകാരികവുമായ വലിയൊരു യാത്രയാണെന്നും ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ആരോഹി വ്യക്തമാക്കിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 

To advertise here,

ഒമ്പതാം ക്ലാസ് പഠനത്തിന് ശേഷമാണ് ആരോഹിയുടെ കോച്ചിങ്ങിനായി കുടുംബം പൂനെയിൽനിന്നു രാജസ്ഥാനിലെ പ്രശസ്തമായ കോച്ചിങ് ഹബ്ബായ കോട്ടയിലേക്ക് മാറിയത്. ഐ.ടി പ്രൊഫഷണലായ പിതാവ് പ്രസാദ് ദേഷ്പാണ്ഡെക്കും എൻവയോൺമെന്റൽ എൻജിനീയറായ മാതാവ് അമിത ദേഷ്പാണ്ഡെക്കും വർക്ക് ഫ്രം ഹോം സൗകര്യം ഉണ്ടായിരുന്നതിനാൽ കോട്ടയിൽ മകൾക്കൊപ്പം താമസിച്ച് പിന്തുണ നൽകാൻ സാധിക്കുകയായിരുന്നു.

റാങ്കല്ല, മികച്ച പ്രകടനമായിരുന്നു ലക്ഷ്യം

ഒരു പ്രത്യേക റാങ്ക് നേടുക എന്നതായിരുന്നില്ല, മറിച്ച് പരീക്ഷാദിവസം തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യമെന്ന് ആരോഹി പറയുന്നു. കോട്ടയിലെ അലൻ കരിയർ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു ആരോഹിയുടെ പരിശീലനം. മാതാപിതാക്കൾ ഒപ്പമുണ്ടായിരുന്നതിനാൽ വീട്ടുപരിസരത്ത് ഇരുന്ന് പഠിക്കുന്നുവെന്ന തോന്നലാണ് ഉണ്ടായതെന്നും, എന്നാൽ, കോട്ടയിൽ ഒറ്റയ്ക്ക് താമസിച്ച് പഠിക്കുന്ന സുഹൃത്തുക്കളുടെ കഠിനാധ്വാനത്തെ താൻ ഏറെ ബഹുമാനിക്കുന്നുവെന്നും ആരോഹി പറഞ്ഞു..

  • ജെഇഇ മെയിൻസ്: 99.996 പെർസെന്റൈൽ

  • പത്താം ക്ലാസ് ബോർഡ് പരീക്ഷ: 96.7% മാർക്ക്

  • പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ: 97.8% മാർക്ക്

ഐ.ഐ.ടി ബോംബെയിൽ ബി.ടെക് കമ്പ്യൂട്ടർ സയൻസിൽ ഉപരിപഠനം നടത്താനാണ് ആരോഹി ആഗ്രഹിക്കുന്നത്. നിലവിൽ ഇവരുടെ കുടുംബം ഹൈദരാബാദിലേക്ക് താമസം മാറ്റിയിട്ടുണ്ട്.

പെൺകുട്ടികളുടെ റെക്കോർഡ് വിജയം

മേയ് 17-ന് നടന്ന ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ പങ്കെടുത്ത 179694 വിദ്യാർത്ഥികളിൽ 56,880 പേരാണ് യോഗ്യത നേടിയത്. ഇതിൽ 10107 പേർ പെൺകുട്ടികളാണ്. ചരിത്രത്തിലാദ്യമായാണ് പതിനായിരത്തിലധികം പെൺകുട്ടികൾ ഐ.ഐ.ടി പ്രവേശന പരീക്ഷയിൽ യോഗ്യത നേടുന്നത്.

മേഖലാടിസ്ഥാനത്തിൽ മുന്നിലെത്തിയ പെൺകുട്ടികൾ:

ഐ.ഐ.ടി സോൺവിദ്യാർത്ഥിനിയുടെ പേര്ഓൾ ഇന്ത്യ റാങ്ക് (AIR)
ഐ.ഐ.ടി ഡൽഹിആരോഹി ദേഷ്പാണ്ഡെ77
ഐ.ഐ.ടി മദ്രാസ്കൊരുകൊണ്ടാ സ്രാവ്യ111
ഐ.ഐ.ടി ബോംബെസാൻവി പാട്ടീദാർ158
ഐ.ഐ.ടി ഭുവനേശ്വർറെഡ്ഡി സായി സാഹിതി230
ഐ.ഐ.ടി റൂർക്കിആഷി781
ഐ.ഐ.ടി കാൺപൂർഅനുഷ്ക അഗർവാൾ859
ഐ.ഐ.ടി ഗുവാഹത്തിഅഗ്രിമ സിങ്1857

പഠനത്തിന് പുറമെ ചിത്രരചന, വായന, സംഗീതം എന്നിവയാണ് ആരോഹിയുടെ മറ്റ് പ്രധാന വിനോദങ്ങൾ. വെല്ലുവിളികൾ നിറഞ്ഞ ഘട്ടങ്ങളിൽ മോക്ക് ടെസ്റ്റുകളിലെ കുറഞ്ഞ മാർക്കിനെ തളർച്ചയായി കാണാതെ, തെറ്റുകൾ തിരുത്താനുള്ള അവസരമായാണ് താൻ വിനിയോഗിച്ചതെന്നും ആരോഹി പറയുന്നു.