ന്യൂഡൽഹി: ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയിൽ ചരിത്ര നേട്ടവുമായി പെൺകുട്ടികൾ. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ ആദ്യമായി പരീക്ഷയിൽ യോഗ്യത നേടുന്ന വനിതാ ഉദ്യോഗാർത്ഥികളുടെ എണ്ണം 10,000 കടന്നു. ഐഐടി റൂർക്കി പുറത്തുവിട്ട ജോയിന്റ് ഇംപ്ലിമെന്റേഷൻ കമ്മിറ്റി റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്.

To advertise here,

രാജ്യത്തെ വിവിധ ഐഐടികളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി 43,112 പെൺകുട്ടികളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 40,562 പേർ രണ്ട് പേപ്പറുകളും എഴുതിയപ്പോൾ 10,107 പേർ പരീക്ഷാ യോഗ്യത നേടി.

യോഗ്യത നേടിയ വനിതാ ഉദ്യോഗാർഥികളുടെ നിരക്ക് കഴിഞ്ഞ വർഷത്തെ 21.7 ശതമാനത്തിൽ നിന്ന് 23.4 ശതമാനമായി ഉയർന്നു. പെൺകുട്ടികളിൽ ഒന്നാമതെത്തിയ ഉദ്യോഗാർത്ഥി 280 മാർക്കോടെ (മാത്തമാറ്റിക്സ്: 101, ഫിസിക്സ്: 86, കെമിസ്ട്രി: 93) ഓൾ ഇന്ത്യ റാങ്കിൽ 77-ാം സ്ഥാനം നേടി.

ആകെ യോഗ്യത നേടിയ പെൺകുട്ടികളിൽ 3,814 പേർക്ക് ഐഐടികളിൽ പ്രവേശനം ലഭിച്ചു. ഇതിൽ 37 പേർ ജെൻഡർ-ന്യൂട്രൽ പൂൾ വഴിയാണ് സീറ്റ് ഉറപ്പിച്ചത്.

ജനറൽ വിഭാഗത്തിൽ യോഗ്യത നേടിയവരുടെ എണ്ണത്തിൽ കുറവുണ്ടായി. കഴിഞ്ഞ വർഷം 16,154 പേർ യോഗ്യത നേടിയപ്പോൾ ഇത്തവണയത് 15,883 ആയി കുറഞ്ഞു (43%-ൽ നിന്ന് 39.8%-ലേക്ക്). നോൺ-ക്രീമിലെയർ ഒബിസി വിഭാഗത്തിലും യോഗ്യതാ നിരക്ക് 18.2%-ൽ നിന്ന് 17.5% ആയി കുറഞ്ഞു.

പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ മികച്ച മുന്നേറ്റമുണ്ടായി. എസ്‌സി വിഭാഗത്തിൽ 15,856 പേരും എസ്ടി വിഭാഗത്തിൽ 6,379 പേരും പരീക്ഷ പാസായി.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗത്തിൽ നിന്നുള്ള 6,377 വിദ്യാർത്ഥികൾ യോഗ്യത നേടി.

പരീക്ഷ എഴുതിയ ആകെ 1,79,694 ഉദ്യോഗാർത്ഥികളിൽ 56,880 പേരാണ് യോഗ്യത നേടിയത്. യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയതിലൂടെ ഇരട്ടിയോളം അപേക്ഷകർക്ക് പ്രവേശനം ഉറപ്പാക്കാനുമെന്ന്‌ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഏറ്റവും കൂടുതൽ സീറ്റുകൾ അനുവദിച്ചിരിക്കുന്നത് ഐഐടി ഖരഗ്പൂരിലാണ് (1,952 സീറ്റുകൾ).