ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.ടി, ഐ.ഐ.എം, എൻ.ഐ.ടി എന്നിവിടങ്ങളിൽ പഠിച്ചിറങ്ങുന്ന വിദ്യാർഥികളുടെ തൊഴിൽ ലഭ്യതയിലും വേതനത്തിലും വളർച്ച രേഖപ്പെടുത്തിയതായി എസ്.ബി.ഐ. റിസർച്ച് പഠന റിപ്പോർട്ട്. ഈ സ്ഥാപനങ്ങളിൽ പഠനം പൂർത്തിയാക്കുന്ന ശരാശരി 93 ശതമാനം വിദ്യാർഥികൾക്കും നിലവിൽ കാമ്പസ് പ്ലേസ്‌മെന്റ് ലഭിക്കുന്നുണ്ട്.

To advertise here,

സ്ഥാപനങ്ങളുടെ എണ്ണത്തിലും വിദ്യാർഥികളിലും വൻ വർധന

2013-14 സാമ്പത്തിക വർഷത്തിൽ 59 ആയിരുന്ന ഐ.ഐ.ടി, ഐ.ഐ.എം, എൻ.ഐ.ടി സ്ഥാപനങ്ങളുടെ ആകെ എണ്ണം 2025-26 ഓടെ 76 ആയി ഉയർന്നു. 2014-ൽ 16 ഐ.ഐ.റ്റികളും 13 ഐ.ഐ.എമ്മുകളുമാണ് ഉണ്ടായിരുന്നതെങ്കിൽ, നിലവിൽ അത് യഥാക്രമം 23 ഐ.ഐ.റ്റികളും 22 ഐ.ഐ.എമ്മുകളുമായി വർധിച്ചു. കൂടാതെ 31 എൻ.ഐ.റ്റികളും രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്.

സ്ഥാപനങ്ങളുടെ എണ്ണം കൂടിയതിനൊപ്പം പ്രവേശിക്കുന്ന വിദ്യാർഥികളുടെ എണ്ണത്തിലും വലിയ വർധനയുണ്ടായി. ഐ.ഐ.എം വിദ്യാർഥികളുടെ ആകെ എണ്ണം 2017-18-ലെ 9,298-ൽ നിന്ന് 2023-24-ൽ 18,243 ആയി ഉയർന്നു. ഐ.ഐ.ടി, എൻ.ഐ.ടി സ്ഥാപനങ്ങളിലെ ആകെ വിദ്യാർഥികളുടെ എണ്ണം 1.62 ലക്ഷത്തിൽ നിന്ന് 2.44 ലക്ഷമായി വർധിച്ചു.

പെൺകുട്ടികളുടെ പ്രാതിനിധ്യത്തിൽ കുതിപ്പ്

ഈ സ്ഥാപനങ്ങളിൽ പെൺകുട്ടികളുടെ പങ്കാളിത്തത്തിൽ പ്രകടമായ വർധനവുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. ഐ.ഐ.ടികളിൽ പെൺകുട്ടികളുടെ വിഹിതം 2017-18-ലെ 8.1 ശതമാനത്തിൽ നിന്ന് 2023-24-ൽ 20 ശതമാനമായി ഉയർന്നു. എൻ.ഐ.ടികളിൽ ഇത് 18.4 ശതമാനത്തിൽ നിന്ന് 21.8 ശതമാനമായി വർധിച്ചു.

ഐ.ഐ.എമ്മുകളിൽ പെൺകുട്ടികളുടെ പങ്കാളിത്തം 26.3 ശതമാനത്തിൽ നിന്ന് 37.7 ശതമാനമായി വർധിച്ചു. പ്രത്യേകിച്ച്, ഐ.ഐ.എം കോഴിക്കോടിൽ 2026 പ്രവേശന ബാച്ചിലെ മൂന്നിൽ രണ്ട് വിദ്യാർഥികളും (ഏകദേശം 66%) പെൺകുട്ടികളാണ് എന്നത് ശ്രദ്ധേയമാണ്.

പ്ലേസ്‌മെന്റിലും ശമ്പളത്തിലും റെക്കോർഡ് വർധന

വിദ്യാർഥികളുടെ എണ്ണം വർധിച്ചതിനൊപ്പം കാമ്പസ് പ്ലേസ്‌മെന്റ് നേടുന്നവരുടെ എണ്ണത്തിലും വലിയ വളർച്ചയുണ്ടായി. പ്ലേസ്‌മെന്റും ഉപരിപഠനവും കണക്കിലെടുത്താൽ ഐ.ഐ.എമ്മുകളിൽ ജോലി അല്ലെങ്കിൽ ഉപരിപഠന സാധ്യത 100 ശതമാനത്തിനടുത്തും ഐ.ഐ.ടി, എൻ.ഐ.റ്റികളിൽ 90 ശതമാനത്തിന് മുകളിലുമാണ്.

പ്ലേസ്‌മെന്റിലൂടെ ലഭിക്കുന്ന ശരാശരി വേതനത്തിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്:

  • ഐ.ഐ.എം: 2015-16-ൽ 28.5 ലക്ഷം രൂപയായിരുന്നത് 2023-24-ൽ 43.6 ലക്ഷം രൂപയായി ഉയർന്നു.
  • ഐ.ഐ.ടി: 2015-16-ൽ 17.6 ലക്ഷം രൂപയായിരുന്നത് 36.1 ലക്ഷം രൂപയായി വർധിച്ചു.
  • എൻ.ഐ.ടി: 2015-16-ൽ 10.5 ലക്ഷം രൂപയായിരുന്നത് 20.7 ലക്ഷം രൂപയായി ഉയർന്നു.

കൂടാതെ, ഐ.ഐ.റ്റികളിലും എൻ.ഐ.ടികളിലും ഉപരിപഠനവും ഗവേഷണവും തിരഞ്ഞെടുക്കുന്ന വിദ്യാർഥികളുടെ എണ്ണത്തിലും സമീപകാലത്ത് വലിയ വർധന രേഖപ്പെടുത്തിയിട്ടുണ്ടെന്ന് എസ്‌.ബി.ഐ റിസർച്ച് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.