സാങ്കേതിക വിദ്യയുടെ ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയ കാലഘട്ടം ആവശ്യപ്പെടുന്ന രീതിയിലുള്ള കോഴ്‌സുകള്‍ ഉള്‍പ്പെടുത്തി വിവിധ ഐ.ഐ.ടികള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സയന്‍സ്, മെഷീന്‍ ലേണിങ് തുടങ്ങിയ മേഖലകളില്‍ പ്രാവീണ്യമുള്ളവര്‍ക്കുള്ള ആവശ്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഡല്‍ഹി, മദ്രാസ്, റൂര്‍ക്കി ഐഐടികള്‍ പുതിയ കോഴ്‌സുകള്‍ ഉള്‍പ്പെടുത്തുന്നത്‌. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഐഐടികളിലെ മുഴുവന്‍ സമയം, ഡിപ്ലോമ അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ ചേരാവുന്നതാണ്.

To advertise here,

വിവിധ ഐഐടികള്‍ വാഗ്ദാനം ചെയ്യുന്ന പുതിയ കോഴ്‌സുകള്‍

1. ഐഐടി മദ്രാസ്: ഡാറ്റാ സയന്‍സില്‍ ബി.എസ് പ്രോഗ്രാം

ഡാറ്റാ സയന്‍സ് ആന്‍ഡ് അപ്ലിക്കേഷന്‍സില്‍ നാല് വര്‍ഷത്തെ ഓണ്‍ലൈന്‍ ബി.എസ് പ്രോഗ്രാമാണ് ഐഐടി മദ്രാസില്‍ ഒരുക്കിയിരിക്കുന്നത്‌. ഇന്ത്യയിലും വിദേശത്തുമുള്ള പരീക്ഷാ കേന്ദ്രങ്ങളില്‍ കോഴ്‌സുമായി ബന്ധപ്പെട്ട പരീക്ഷകളും മറ്റും നടത്തും.വിവിധ ഘട്ടങ്ങളില്‍ കോഴ്‌സ് നിര്‍ത്താനുള്ള സൗകര്യവുമുണ്ട്. കോഴ്‌സ് ചെയ്തതിന്റെ ദൈര്‍ഘ്യം അനുസരിച്ച്, വിദ്യാര്‍ഥികള്‍ക്ക് ഐഐടിഎം കോഡ് (IITM CODE), ഡിപ്ലോമ, അല്ലെങ്കില്‍ ബി.എസ്.സി/ബി.എസ് ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. ഗണിതം, സ്റ്റാറ്റിസ്റ്റിക്‌സ്, പ്രോഗ്രാമിംഗിന്റെയും പൈത്തണിന്റെയും അടിസ്ഥാനകാര്യങ്ങള്‍, ഇംഗ്ലീഷ്, മെഷീന്‍ ലേണിംഗ്, ബിസിനസ് ഡാറ്റാ മാനേജ്‌മെന്റ്, ഡാറ്റാ സയന്‍സിലെ ടൂളുകള്‍ തുടങ്ങിയ വിഷയങ്ങള്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുന്നു.

2. ഐഐടി ഡല്‍ഹി: മെഷീന്‍ ലേണിംഗിലും ഡാറ്റാ സയന്‍സിലും എംടെക്

മെഷീന്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡാറ്റാ സയന്‍സിലുള്ള (MINDS) എംടെക് പ്രോഗ്രാമാണ് ഐഐടി ഡല്‍ഹിയില്‍ ആരംഭിച്ചിരിക്കുന്നത്. 2022 ജൂലൈയിലാണ് കോഴ്‌സ് ആരംഭിച്ചത്. ഡീപ് ലേണിംഗ്, ഡാറ്റാ സയന്‍സ് തുടങ്ങിയ പ്രധാന എ.ഐ സാങ്കേതികവിദ്യകളിലെ ബിരുദതല കോഴ്സുകള്‍, കമ്പ്യൂട്ടര്‍ വിഷന്‍, നാച്ചുറല്‍ ലാംഗ്വേജ് പ്രോസസ്സിംഗ് പോലുള്ള ആപ്ലിക്കേഷന്‍-അധിഷ്ഠിത കോഴ്സുകള്‍, ഗണിതവുമായി ബന്ധപ്പെട്ട കോഴ്സുകള്‍ എന്നിവ MINDS-ന്റെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുന്നു.

3. ഐഐടി റൂര്‍ക്കി: അപ്ലൈഡ് എഐയോടു കൂടിയ സൈബര്‍ സെക്യൂരിറ്റി, എത്തിക്കല്‍ ഹാക്കിങ്

സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങള്‍, എത്തിക്കല്‍ ഹാക്കിംഗ്, ഫുട്പ്രിന്റിംഗ് ആന്‍ഡ് വള്‍നറബിലിറ്റി അസസ്‌മെന്റ്, അഡ്വാന്‍സ്ഡ് നെറ്റ്വര്‍ക്ക് സെക്യൂരിറ്റി ആന്‍ഡ് ഇന്‍സിഡന്റ് റെസ്‌പോണ്‍സ്, സെക്യൂര്‍ കോഡിംഗ് പ്രാക്ടീസസ് ആന്‍ഡ് അപ്ലിക്കേഷന്‍ സെക്യൂരിറ്റി, എഐ-ഡ്രിവണ്‍ സൈബര്‍ സെക്യൂരിറ്റി: ഡിറ്റക്ഷന്‍, ഓട്ടോമേഷന്‍ & ഡിഫന്‍സ് തുടങ്ങിയ വിഷയങ്ങള്‍ ഈ പ്രോഗ്രാമില്‍ ഉള്‍പ്പെടുന്നു.

പ്രോഗ്രാമിലേക്കുള്ള പ്രവേശനം ഉറപ്പിക്കുന്നതിന് ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ പരീക്ഷ പാസാകേണ്ടതുണ്ട്. ഷോര്‍ട്ട്ലിസ്റ്റില്‍ ഉള്‍പ്പെടുന്ന അപേക്ഷകരെ കൗണ്‍സിലിംഗിനായി വിളിക്കും. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് എത്തിക്കല്‍ ഹാക്കിങ് നടത്താനും സൈബര്‍ രംഗത്തുണ്ടാകുന്ന ഭീഷണികളെ ചെറുക്കാനും നിര്‍മ്മിതബുദ്ധിയുടെ സഹായത്തോടെ സുരക്ഷാക്രമീകരണങ്ങളെ സംയോജിപ്പിക്കാനും സാധിക്കും.

4. ഐഐടി ഡല്‍ഹി ഫ്യൂച്ചര്‍ ടെക് ലീഡേഴ്‌സ് - എഐ ആന്‍ഡ് ഇന്‍ഡസ്ട്രി 5.0

എഐ, ഐഒടി, ബ്ലോക്ക്‌ചെയിന്‍, 6ജി, എആര്‍/വിആര്‍, ഡിജിറ്റല്‍ ട്വിന്‍സ് എന്നിവയെ സംയോജിപ്പിക്കുന്നതാണ് പുതിയ കോഴ്‌സ്. ഇതിന് അപേക്ഷിക്കുന്നവര്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ എഞ്ചിനീയറിംഗ്/ടെക്‌നോളജി ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. നിര്‍മ്മിതബുദ്ധിയുടെ അടിസ്ഥാനങ്ങളും ഫ്യൂച്ചര്‍ ടെക് ലീഡര്‍ഷിപ്പും പ്രോഗ്രാമിന്റെ മൊഡ്യൂളില്‍ ഉള്‍പ്പെടുന്നു.