സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് കരിയർ സെറ്റാക്കാൻ ഇനി ഒരുപാട് അന്വേഷണങ്ങൾക്ക് നിൽക്കേണ്ട. ഓരോരുത്തരുടെയും അഭിരുചി തിരിച്ചറിയാനും അതിനനുസരിച്ച് എന്തൊക്കെ, എവിടെയൊക്കെ പഠിക്കണമെന്നും ഒരൊറ്റ ക്ലിക്കിലറിയാം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയർ സെക്കൻഡറി വിഭാഗത്തിനുകീഴിലുള്ള കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിങ് (സി.ജി. ആൻഡ് എ.സി.) സെല്ലിന്റെ ‘കരിയർ പ്രയാണം’ (careerprayanam.education.kerala.gov.in) പോർട്ടൽ ഇതിന് നിങ്ങളെ സഹായിക്കും.

To advertise here,

25 കരിയർ ക്ലസ്റ്ററുകളിലായി അഞ്ഞൂറിലധികം തൊഴിൽ മേഖലകളിലായി 1500-ലധികം സ്ഥാപനങ്ങളെയാണ് ഈ പോർട്ടൽ പരിചയപ്പെടുത്തുന്നത്. അതും ഗവ., പൊതുമേഖലാ സ്ഥാപനങ്ങൾ.

വിദ്യാർഥി പോർട്ടലിൽ ഒരു തൊഴിൽ മേഖല സെർച്ച് ചെയ്താൽ അതിനെക്കുറിച്ചുള്ള ഒരു ചെറുവിവരണം, പ്രവേശനമാർഗങ്ങൾ, ജോലിക്കുവേണ്ട യോഗ്യത, കോഴ്‌സുകൾ, സ്ഥാപനങ്ങൾ എന്നിങ്ങനെ കാണാം. കോഴ്‌സുകൾ തിരഞ്ഞെടുത്താൽ അത് നൽകുന്ന സ്ഥാപനങ്ങൾ, കോഴ്‌സിന്റെ ദൈർഘ്യം, ഫീസ്, യോഗ്യത, പ്രവേശനരീതി, സ്കോളർഷിപ്പ്, ഏത് വിഭാഗമാണ് (കേന്ദ്രം, സംസ്ഥാനം, ഓട്ടോണമസ്) എന്നീ വിവരങ്ങൾ ലഭ്യമാകും.

സംസ്ഥാനത്തെ 1687 ഗവ.-എയ്ഡഡ് സ്കൂളുകളിലും പരിശീലനം ലഭിച്ച ഒരു ഹയർ സെക്കൻഡറി ടീച്ചർ കരിയർ ഗൈഡായി പ്രവർത്തിക്കുന്നുണ്ട്. 300 മാസ്റ്റർ കരിയർ ഗൈഡുമാരുമുണ്ട്. യൂണിസെഫിന്റെ സഹായധനത്തോടെ 2025-ലാണ് പോർട്ടൽ പ്രവർത്തനം തുടങ്ങിയത്.

അഭിരുചിയറിയാം

സ്കൂൾ പഠനകാലത്ത് കുട്ടികൾ അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് സ്വന്തം അഭിരുചി തിരിച്ചറിയലും അതിനനുസരിച്ച് പഠനവും കരിയറും തിരഞ്ഞെടുക്കലും. ഇതിനായി രൂപംനൽകിയ ടെസ്റ്റാണ് കേരള ഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെ-ഡാറ്റ്). ഈ പരീക്ഷ പോർട്ടലിൽ ലഭ്യമാണ്. അബ്‌സ്ട്രാക്ട് റീസണിങ്, മെക്കാനിക്കൽ റീസണിങ്, ന്യൂമറിക്കൽ അബിലിറ്റി, വെർവൽ അബിലിറ്റി, വെർബൽ റീസണിങ് എന്നീ ആറ് വിഭാഗങ്ങളിൽ ടെസ്റ്റുകൾ നടത്തും. ടെസ്റ്റുകൾക്കുശേഷം വിദ്യാർഥിക്കും രക്ഷിതാക്കൾക്കും കൗൺസിലിങ്ങും നൽകും.

അപേക്ഷകളും പരീക്ഷകളും

കോഴ്‌സുകളെക്കുറിച്ചും സ്ഥാപനങ്ങളെക്കുറിച്ചും മാത്രമല്ല പ്രവേശനത്തിനുള്ള അപേക്ഷാ തീയതികൾ, സമയം, ലിങ്കുകൾ തുടങ്ങിയ വിവരങ്ങളും അറിയാം. ഓരോദിവസവും വിവരങ്ങൾ പുതുക്കിക്കൊണ്ടിരിക്കും. പ്രവേശനരീതി എൻട്രൻസ് വഴിയാണോ മാർക്കടിസ്ഥാനത്തിലാണോ തുടങ്ങിയവയും അറിയാം. പ്രധാനപ്പെട്ട വെബ്‌സൈറ്റ് ലിങ്കുകൾ, കേന്ദ്ര-സംസ്ഥാന-സ്വകാര്യസ്ഥാപനങ്ങൾ, പ്രവേശന പരീക്ഷകൾ, പ്രവേശനം എന്നിങ്ങനെ തരംതിരിച്ച് പ്രത്യേകം കൊടുത്തിട്ടുണ്ട്. വിദേശപഠനത്തിനുള്ള മാർഗനിർദേശങ്ങളുമുണ്ട്. കുട്ടിക്ക് താത്‌പര്യമുള്ള കോഴ്‌സുകൾ ഏതെല്ലാം വിദേശരാജ്യങ്ങളിൽ, സർവകലാശാലകളിൽ ലഭ്യമാണെന്നും അറിയാം.

സ്കോളർഷിപ്പുകൾ

വിവിധ പഠനമേഖലകളിലെ സ്കോളർഷിപ്പുകൾ അറിയുക പ്രധാനമാണ്. ബിരുദം, ബിരുദാനന്തര ബിരുദം, പിഎച്ച്.ഡി. പ്രോഗ്രാമുകളിലെ വ്യത്യസ്ത സ്കോളർഷിപ്പുകളെക്കുറിച്ചും അപേക്ഷാരീതികളെക്കുറിച്ചും അറിയാം. തിരികെ ലഭിക്കുന്ന ഫീസുകളെക്കുറിച്ചും ന്യൂനപക്ഷവിഭാഗത്തിനുള്ള സ്കോളർഷിപ്പുകളുമൊക്കെ മനസ്സിലാക്കാം.

തൊഴിൽദാതാക്കളെ അറിയാം

പഠിച്ചാൽമാത്രം പോരല്ലോ, ജോലിയും വേണ്ടേ! നാം പഠിക്കുന്ന കോഴ്‌സുകളുടെ തൊഴിൽ സാധ്യതകൾ, എവിടെയെല്ലാം ജോലിലഭിക്കും തുടങ്ങിയ വിവരങ്ങളും ലഭ്യമാണ്. സർക്കാർ, പൊതുമേഖലകളിലെ 1300-ലധികം തൊഴിൽദാതാക്കളെക്കുറിച്ചും വിവരങ്ങളുണ്ട്. ചുരുക്കിപ്പറഞ്ഞാൽ സ്കൂൾ പഠനസമയത്തുതന്നെ വിദ്യാർഥിയെ ഭാവിയിലേക്കും നയിക്കാൻ ഈയൊരെറ്റ ക്ലിക്ക് മതി.

വിദ്യാർഥികൾക്ക് അവരുടെ അഭിരുചിക്കും താത്‌പര്യങ്ങൾക്കുമനുസരിച്ച് തുടർ വിദ്യാഭ്യാസം ഏതുവഴിക്ക് നയിക്കണം എന്നതിന് വഴികാട്ടുകയാണ് പോർട്ടൽ ചെയ്യുന്നത്. വിദ്യാർഥികൾക്കുവേണ്ട എല്ലാ വിവരങ്ങളും ഇതിൽ ലഭ്യമാണ്. വരുംവർഷങ്ങളിൽ കൂടുതൽ വിപുലപ്പെടുത്തി ശക്തിപ്പെടുത്തും.

-എൻ. ഷംസുദ്ദീൻ

പൊതു വിദ്യാഭ്യാസമന്ത്രി

കരിയറിൽ പുതുദിശ

വിദ്യാർഥികൾക്കുമാത്രമല്ല, എല്ലാവർക്കും ഉപയോഗിക്കാം. പ്രത്യേകിച്ച് ലോഗിൻ പ്രോസസുകൾ ഒന്നുമില്ല. പരസ്യങ്ങളുടെ ശല്യങ്ങളുമില്ല. ദിനംപ്രതി ഉള്ളടക്കങ്ങൾ പുതുക്കുന്നുണ്ട്. കൂടുതൽപേരിലേക്ക് എത്തുന്നതിലൂടെ വിദ്യാർഥികൾക്ക് കരിയറിൽ ശരിയായ പാതയൊരുക്കാനാകും.

- ഡോ. സി.എം. അസീം

കോഡിനേറ്റർ, സി.ജി. ആൻഡ് എ.സി. സെൽ