തിരുവനന്തപുരം: വിവിധ ദേശങ്ങളിലെ വിദ്യാർഥികളെ കേരളത്തിലെത്തിച്ച്, ഉന്നത വിദ്യാഭ്യാസത്തെയും വിനോദ സഞ്ചാരത്തെയും കോർത്തിണക്കാൻ പ്രത്യേക മിഷനുമായി സംസ്ഥാന സർക്കാർ. ‘ലോകം കേരളത്തിലെ കാമ്പസുകളിൽ’ എന്ന സന്ദേശവുമായി ‘കേരള കാമ്പസ് ഡൈവേഴ്‌സിറ്റി മിഷൻ’ (കെ.സി.ഡി.എം.) എന്ന പഠനപരിപാടിക്ക് അടുത്ത അധ്യയനവർഷം തുടക്കമാവും. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ മേൽനോട്ടത്തിലുള്ള മിഷന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലും വിദേശത്തും വിദ്യാഭ്യാസ പ്രദർശനങ്ങൾ സംഘടിപ്പിക്കും.
ഫെലോഷിപ്പുകൾ നൽകി കൂടുതൽ പേരെ കേരളത്തിലെ കലാലയങ്ങളിലെത്തിക്കാനുള്ള ദൗത്യത്തിലാണ് കെ.സി.ഡി.എം.. നാലുവർഷ ബിരുദത്തിന്റെ ഭാഗമായി ഒരു വർഷ പി.ജി. അടുത്ത അധ്യയനവർഷം യാഥാർഥ്യമാവും. പുറത്തുനിന്നുള്ളവർക്ക് ഈ പി.ജി. കോഴ്‌സുകളിലായിരിക്കും പ്രവേശനം.
ആദ്യഘട്ടത്തിൽ ആഫ്രിക്ക, അമേരിക്ക, ഇംഗ്ലണ്ട്, കാനഡ, മലേഷ്യ, ഇൻഡൊനീഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികളെ കേരളത്തിലേക്ക് ക്ഷണിക്കാൻ ഫെയറുകൾ സംഘടിപ്പിക്കും. എംബസികൾ വഴിയും പ്രത്യേക പരിപാടികൾ ആവിഷ്കരിക്കും. ഇന്ത്യൻ വിദ്യാർഥികളെ ആകർഷിക്കാൻ ഓരോ സംസ്ഥാനത്തെയും രണ്ടുവീതം വിദ്യാർഥികൾക്ക് ഫെലോഷിപ്പ് നൽകും.
പുറമേനിന്ന് പഠിക്കാനെത്തുന്നവർ സംസ്ഥാനത്തെ വിവിധസ്ഥലങ്ങളിൽ സഞ്ചരിക്കുന്നത് വിനോദ സഞ്ചാരമേഖലയ്ക്കും സഹായമാവും.
നിലവിൽ സംസ്ഥാനത്തെ കോളേജുകളിൽ പഠിക്കുന്നവരിൽ 90 ശതമാനം വിദ്യാർഥികളും അതതു ജില്ലകളിലോ സമീപ ജില്ലകളിലോ ഉള്ളവരാണ്. ജെ.എൻ.യു., ഹൈദരാബാദ് സർവകലാശാലപോലുള്ള ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിൽ, 40 ശതമാനത്തിലേറെ വിദ്യാർഥികളും പുറമേ നിന്നുള്ളവരാണ്.
Content Highlights: The Kerala government is launching the 'Kerala Campus Diversity Mission' (KCDM) next academic year to attract international and out-of-state students to its new one-year PG courses through fellowships and global education fairs
Published: 16 Nov 2026, 09:48 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented