ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ദേശീയ പരീക്ഷകളിലെ തുടർച്ചയായ വീഴ്ചകളിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നു. മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്, സിബിഎസ്ഇ പരീക്ഷാ വിവാദങ്ങൾക്ക് പിന്നാലെ ശനിയാഴ്ച നടന്ന കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി യു.ജി.) വൈകിയതാണ് ഒടുവിലത്തെ സംഭവം. സാങ്കേതിക തകരാർ മൂലമാണ് പരീക്ഷ വൈകിയതെന്നും തകരാർ പരിഹരിച്ചതായും നാഷണൽ ടെസ്റ്റിങ് ഏജൻസി വിശദീകരിച്ചു.
സാങ്കേതിക പങ്കാളിയായ ടാറ്റാ കൺസൾട്ടൻസി സർവീസസിന് സംഭവിച്ച പിഴവാണ് പരീക്ഷ വൈകാൻ കാരണമായതെന്ന് എൻടിഎ വ്യക്തമാക്കി. എന്നാൽ പരീക്ഷാ നടത്തിപ്പിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം സർക്കാരിനെതിരെ ആഞ്ഞടിച്ചു.
'ഒരു കോടി കുട്ടികളുടെ ഭാവി തകർത്തു': രാഹുൽ ഗാന്ധി
നീറ്റ്, സിബിഎസ്ഇ, എസ്എസ്സി, ഇപ്പോൾ സി.യു.ഇ.ടിയും. നാല് പരീക്ഷകൾ, ഒരു കോടിയിലധികം കുട്ടികൾ. ഒന്നുപോലും കൃത്യമായി നടത്താൻ സർക്കാരിന് സാധിക്കുന്നില്ല-രാഹുൽ ഗാന്ധി എക്സ് പോസ്റ്റിൽ കുറിച്ചു.
രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂർണ്ണമായും തകർത്തുവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. ഭാവിയെച്ചൊല്ലി ആശങ്കയിലായ യുവതലമുറ ഇതിന് കണക്ക് ചോദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് എഎപി നേതാവും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അതിഷി ആവശ്യപ്പെട്ടു. പരീക്ഷാ കേന്ദ്രങ്ങൾക്ക് മുന്നിൽ വിദ്യാർത്ഥികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വന്നതിന്റെ ദൃശ്യങ്ങൾ എഎപി നേതാക്കൾ പങ്കുവെച്ചു. രാജ്യത്തിന് വിദ്യാസമ്പന്നനായ ഒരു പ്രധാനമന്ത്രിയെയാണ് ആവശ്യം എന്ന് എഎപി അധ്യക്ഷൻ അരവിന്ദ് കെജ്രിവാളും പ്രതികരിച്ചു.
എൻടിഎയുടെ വിശദീകരണം
രാവിലെ നടക്കേണ്ടിയിരുന്ന പരീക്ഷ പല സംസ്ഥാനങ്ങളിലും രണ്ട് മണിക്കൂറിലധികം വൈകിയാണ് ഇന്ന്( ശനിയാഴ്ച) ആരംഭിച്ചത്. ഇതേത്തുടർന്ന് ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റിന്റെ സമയക്രമത്തിലും മാറ്റം വരുത്തി.
പരീക്ഷ വൈകിയെങ്കിലും വിദ്യാർത്ഥികൾക്ക് നിശ്ചിത സമയം പൂർണ്ണമായി അനുവദിച്ചിട്ടുണ്ടെന്നും ആർക്കും അവസരം നഷ്ടമാകില്ലെന്നും എൻടിഎ അറിയിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുണ്ടായ ബുദ്ധിമുട്ടിൽ ഏജൻസി ഖേദം പ്രകടിപ്പിച്ചു. അടിയന്തര സഹായങ്ങൾക്കായി ഹെൽപ്പ് ലൈൻ നമ്പറും (91-11-40759000) ഇമെയിൽ വിലാസവും (cuet-ug@nta.ac.in) എൻടിഎ പുറത്തുവിട്ടിട്ടുണ്ട്.
നേരത്തെ ക്രമക്കേടുകളെ തുടർന്ന് റദ്ദാക്കിയ നീറ്റ്-യുജി പരീക്ഷ ജൂൺ 21-നാണ് വീണ്ടും നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ഇതിനിടയിലാണ് രാജ്യത്തെ മറ്റൊരു പ്രധാന പരീക്ഷയിലും വീഴ്ച സംഭവിച്ചിരിക്കുന്നത്.
Content Highlights: The opposition, led by Rahul Gandhi and AAP, has intensified its attack on the Central Government following a technical glitch that delayed the CUET UG exam, linking it to recent controversies surrounding NEET and CBSE exams.
Published: 30 May 2026, 04:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented