ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷാ നടത്തിപ്പിലുണ്ടായ ഗുരുതരവീഴ്ചയിൽ ദിവസങ്ങൾക്ക് ശേഷം മുഖം രക്ഷിക്കൽ നടപടിയുമായി കേന്ദ്രസർക്കാർ. ബോർഡിന്റെ ചെയർമാനേയും സെക്രട്ടറിയേയും സർക്കാർ മാറ്റി. സിബിഎസ്ഇ ചെയർമാൻ രാഹുൽ സിങ്, സെക്രട്ടറി ഹിമാൻഷു ഗുപ്ത എന്നിവരെയാണ് തൽസ്ഥാനങ്ങളിൽ നിന്ന് മാറ്റിയത്. ഡിജിറ്റൽ മൂല്യനിർണയത്തിലെ (ഓൺ സ്‌ക്രീൻ മാർക്കിങ്) ഗുരുതരമായ വീഴ്ചയെ തുടർന്നാണ് ഇരുവർക്കുമെതിരെ നടപടി. കൂടാതെ വിഷയം അന്വേഷിക്കാനായി ഏകാംഗ സമിതിയും രൂപവത്കരിച്ചിട്ടുണ്ട്.

To advertise here,

സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് വിവാദം ഉയർന്നത്. പരീക്ഷാ പേപ്പറുകൾ ഡിജിറ്റലായി സ്‌കാൻ ചെയ്ത് കമ്പ്യൂട്ടർ സ്‌ക്രീനിലൂടെ മൂല്യനിർണയം നടത്തുന്ന ഓൺ സ്‌ക്രീൻ മാർക്കിങ് രീതി ഈ വർഷം മുതൽ നടപ്പാക്കാൻ ബോർഡ് തീരുമാനിച്ചിരുന്നു. എന്നാൽ ഇതിനായി ഉപയോഗിച്ച സോഫ്റ്റ്‌വെയറിലെ പിഴവ് മൂല്യനിർണയത്തെ ഗുരുതരമായി ബാധിച്ചു. പിന്നാലെ പതിനായിരക്കണക്കിന് വിദ്യാർഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഇതിനിടെ, റീവാല്യുവേഷൻ വേളയിൽ ലഭിച്ച ഉത്തരക്കടലാസുകൾ തങ്ങളുടേതല്ലെന്ന് പറഞ്ഞ് വിദ്യാർഥികൾ രംഗത്തെത്തി. വേദാന്ത് ശ്രീവാസ്തവ എന്ന വിദ്യാർഥി തനിക്ക് ലഭിച്ച ഫിസിക്‌സ് ഉത്തരക്കടലാസിലെ കൈയക്ഷരം തന്റേതല്ലെന്ന് തെളിവ് സഹിതം എക്‌സിൽ പോസ്റ്റ് ചെയ്തു. ആദ്യം ഇത് നിഷേധിച്ച സിബിഎസ്ഇക്ക് പിന്നീട് പിഴവ് സമ്മതിക്കേണ്ടിവന്നു. മനുഷ്യസഹജമായ പിഴവ് കാരണമാണ് ഇത് സംഭവിച്ചതെന്നായിരുന്നു ബോർഡിന്റെ വിശദീകരണം.

ഉത്തരക്കടലാസുകൾ സ്‌കാൻ ചെയ്യാനും മൂല്യനിർണയം നടത്താനുള്ള സോഫ്റ്റ്‌വെയറിനായും കരാർ നൽകിയ കോഎംപ്റ്റ് എഡ്യുടെക് എന്ന കമ്പനിക്കെതിരെയും ആരോപണങ്ങൾ ഉയർന്നിരുന്നു. തെലങ്കാനയിൽ സമാനമായ ക്രമക്കേട് നടത്തിയ കമ്പനിയാണ് പേര് മാറ്റി സിബിഎസ്ഇയുടെ കരാർ നേടിയതെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. വിവാദങ്ങളിൽപെട്ട കമ്പനിയായിട്ട് പോലും കമ്പനിയുടെ പശ്ചാത്തലം പരിശോധിക്കാതിരുന്നത് എന്തുകൊണ്ടെന്നും രാഹുൽ ചോദിച്ചിരുന്നു.