
കല്പറ്റ: ഒരു ഒന്നാംക്ലാസുകാരന്റെ ബാഗ് തൂക്കി നോക്കിയപ്പോൾ ശരിക്കും ഞെട്ടിപ്പോയി!. ആറു വയസ്സുള്ള, 15 കിലോ തൂക്കമുള്ള കുട്ടി ചുമക്കുന്നത് 5.100 കിലോ ഭാരമുള്ള ബാഗാണ്. ചില ദിവസങ്ങളിൽ ഈ ബാഗിന്റെ ഭാരം ഇനിയുമേറും. ജില്ലയിലെ സി.ബി.എസ്.ഇ. സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടിയുടെ അവസ്ഥയാണിത്. സ്‌കൂൾബാഗിന്റെ ഭാരം കുട്ടികളുടെ ശരീരഭാരത്തിന്റെ പത്ത് ശതമാനത്തിൽ കൂടരുതെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ സ്കൂൾബാഗ് നയത്തിലെ നിർദേശം. രണ്ടാംക്ലാസ് വരെയുള്ള വിദ്യാർഥികളുടെ പരമാവധി തൂക്കം 22 കിലോയാണ്. അതിനാൽ അവരുടെ സ്കൂൾബാഗിന്റെ ഭാരം രണ്ടു കിലോയിൽ കൂടാൻ പാടില്ലെന്നാണ് നിർദേശമുള്ളത്. എന്നാൽ, ഇവിടെ കുട്ടി തന്റെ തൂക്കത്തിന്റെ മൂന്നിലൊന്നു ഭാരം ചുമക്കേണ്ടിവരുകയാണ്.
ഇനി ഈ കുട്ടിയുടെ ബാഗ് ഒന്ന് തുറന്നുനോക്കിയാൽ ടൈംടേബിൾ അനുസരിച്ചുള്ള ബുക്കുകൾതന്നെയാണ് എല്ലാമുള്ളത്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, കണക്ക് എന്നിവയുടെ ടെക്‌സ്റ്റ് ബുക്കുകൾ. എല്ലാ വിഷയത്തിനും ഓരോ നോട്ട് ബുക്കുകൾ, എല്ലാ വിഷയത്തിനും എഴുതിപ്പഠിക്കാൻ ഓരോ റഫ് ബുക്ക് വീതം, അക്ഷരം എഴുതിപ്പഠിക്കാൻ മറ്റൊരു ബുക്ക്, സ്കൂൾ ഡയറി, ഇതോടൊപ്പം ക്രയോൺസ്, കളർ പെൻസിലുകൾ, വാട്ടർബോട്ടിൽ, ലഞ്ച് ബോക്‌സ്, സ്‌നാക്‌സ് ബോക്‌സ്, കുട, സ്കൂൾ പാഠ്യപദ്ധതിക്കു പുറമേ പ്രത്യേക ഇംഗ്ലീഷ് പരിശീലനത്തിനുള്ള ഒരു കിറ്റും ഇതിലുണ്ട്. ഈ കിറ്റിനു മാത്രം അരക്കിലോയോളം ഭാരംവരും. ടെസ്റ്റ് പേപ്പറിന് എല്ലാ വിഷയത്തിനും ഓരോ നോട്ട് ബുക്കുകളുണ്ട്. മാസത്തിൽ ഒരു തവണ ഇതും ചമുക്കണം. പ്രൈമറി ക്ലാസിൽ പഠിക്കുന്ന കുട്ടി അവന്റെ രണ്ടിരട്ടി വലുപ്പമുള്ള ബാഗുമായാണ് ക്ലാസിൽ പോകുന്നത്. കുട്ടിക്കൊപ്പം ബാഗിന്റെ ഭാരവും വളർന്നുവരുകയാണ്. സർക്കാരിന്റെ ഉത്തരവുകൾ കാറ്റിൽപ്പറത്തി സ്കൂളുകൾ കുട്ടികളെ ചുമട്ടുകാരാക്കുകയാണ്.
എൻ.സി.ഇ.ആർ.ടി. നിർദേശിച്ചിട്ടുള്ളപ്രകാരം ഭാഷയും ഗണിതശാസ്ത്രവും മാത്രമേ ഒന്നും രണ്ടും ക്ലാസുകളിൽ പഠിപ്പിക്കാൻ പാടുള്ളൂ. മൂന്നു മുതൽ അഞ്ചുവരെ പരിസ്ഥിതിപാഠം (ഇ.വി.എസ്.) കൂടിയാവാം. എന്നാൽ പല സ്കൂളുകളിൽ ഇ.വി.എസ്. ഒന്ന് മുതലേ പഠിപ്പിക്കുന്നുണ്ട്. ഇ.വി.എസിന് ടെക്‌സ്റ്റ് ബുക്കും നോട്ടുബുക്കും പരീക്ഷയുമെല്ലാമുണ്ട്. പുസ്തകഭാരം ഒഴിവാക്കാൻ അധിക വിഷയങ്ങൾ പഠിപ്പിക്കുന്നതിന് സി.ബി.എസ്.ഇ. കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ഇതൊന്നും നടപ്പാകുന്നില്ല.
ഭാരം കുറയ്ക്കുന്നതിനായി രണ്ടോ മൂന്നോ ടേമുകളായി തിരിച്ചാണ് ടെക്സ്റ്റ് ബുക്കുകൾ അച്ചടിക്കുന്നത്. പാഠപുസ്തകത്തിന്റെ വലുപ്പം കുറയുന്നതിനാൽ ഒരു വർഷത്തേക്കുള്ള മുഴുവൻ ഭാരവും കുട്ടികൾ ചുമക്കേണ്ടി വരുന്നില്ല. പക്ഷേ, ടെക്സ്റ്റ് ബുക്കിന്റെ വലുപ്പം കുറഞ്ഞപ്പോൾ നോട്ടുബുക്കുകളുടെ എണ്ണംകൂട്ടുകയാണ് അധ്യാപകർ.
അധികസമയം ഇരുന്ന് പഠിക്കാൻ കഴിയാത്തതിനാൽ രണ്ടാംക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഹോം വർക്ക് നൽകരുത് എന്നാണ് നിർദേശം. പക്ഷേ, ഹോംവർക്ക് നൽകുന്ന കാര്യത്തിൽ അധ്യാപകരും മത്സരമാണ്.
പകൽമുഴുവൻ സ്കൂളിലിരുന്ന് പഠിച്ച കുട്ടി, പാതിരാത്രിവരെയിരുന്ന് ഹോംവർക്കുകളും ചെയ്യണം.
പഠനം ഭാരമാവുന്നു
എടുത്താൽപ്പൊങ്ങാത്ത ഭാരവും അതിലുംവലിയ സമ്മർദവും തോളിലേറ്റിയാണ് കുരുന്നുകൾ സ്കൂളുകളിലേക്ക് യാത്രയാകുന്നത്. സ്കൂൾബാഗിന്റെ ഭാരക്കൂടുതൽ വിദ്യാർഥികൾക്ക് ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നാണ് പഠനറിപ്പോർട്ടുകൾ. സ്കൂൾബാഗിന്റെ അമിതഭാരം നിവർന്ന് തലയുയർത്തി നടക്കാൻ കുട്ടികളെ അനുവദിക്കുന്നില്ല.
അമിതഭാരമുള്ള സ്കൂൾബാഗ് ദിവസവും പുറത്തു തൂക്കി നടക്കേണ്ടിവരുന്നത് കുട്ടികളുടെ സുഷുമ്‌നാ നാഡിക്ക് വൈകല്യങ്ങൾ വരാൻ കാരണമാകുന്നുണ്ട്. അമിതഭാരം ഇടുപ്പുകൾകൊണ്ട് താങ്ങേണ്ടിവരുമ്പോൾ കുട്ടികൾക്ക് കഴുത്ത് മുന്നോട്ടുതള്ളി കുനിഞ്ഞാണ് നടക്കേണ്ടിവരുന്നത്.
സ്കൂൾബാഗിന്റെ ഭാരം പരിശോധിക്കുന്നതിനായി സർക്കാരുകളും വിദ്യാഭ്യാസ ഏജൻസികളും സ്കൂളുകളിൽ മിന്നൽപ്പരിശോധന പോലും നടത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും ഒന്നും നടപ്പായിട്ടില്ല.
Content Highlights: primary school student in Wayanad weighing just 15 kg was found carrying a 5.1 kg school bag, highlighting the severe violation of the National School Bag Policy and the health risks posed to young children
Published: 04 Sept 2026, 11:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented