ഞായറാഴ്ചയാണ് സിബിഎസ്ഇ പ്ലസ് ടു പുനർമൂല്യനിർണ പരീക്ഷാഫലം പുറത്തുവന്നത്. മാർക്കിൽ മാറ്റമില്ലെങ്കിൽ മേഖലാ ഓഫീസിലെത്തി ഉത്തരക്കടലാസ് നേരിട്ടുപരിശോധിക്കാൻ അവസരം നൽകുമെന്ന് സിബിഎസ്ഇ അറിയിച്ചിരുന്നു. ഇപ്പോഴിതാ റാഞ്ചിയിൽനിന്നുള്ള ഒരു വിദ്യാർഥിനിയുടെ  പരീക്ഷാഫലം ശ്രദ്ധനേടുകയാണ്.

To advertise here,

പുനർമൂല്യനിർണ ഫലം പുറത്തുവന്നപ്പോൾ 500-ൽ 500 മാർക്കും നേടിയിരിക്കുകയാണ് SAIL ടൗൺഷിപ്പിലെ ഡൽഹി പബ്ലിക് സ്‌കൂൾ (DPS) കൊമേഴ്‌സ് വിദ്യാർത്ഥിനിയായ അവനി കെജ്രിവാൾ. മേയ് 13-ന് സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചപ്പോൾ 95.2 ശതമാനമായിരുന്നു അവനി നേടിയത്. പുനർമൂല്യനിർണയത്തെ തുടർന്ന് നൂറ് ശതമാനം നേടിക്കൊണ്ട് കോമേഴ്‌സ് വിഭാഗത്തിൽ രാജ്യത്തെ ഏറ്റവും ഉയർന്ന മാർക്ക് നേടിയവരിൽ ഒരാളായി അവനി മാറിയിരിക്കുകയാണ്. 

നേരത്തെ വന്ന പരീക്ഷാഫലത്തിൽ അവനിയുടെ കുടുംബം സംതൃപ്തരായിരുന്നെങ്കിലും, തന്റെ മാർക്ക് ഒന്നുകൂടി സൂക്ഷ്മമായി വിലയിരുത്തണമെന്ന് അവനി വിചാരിക്കുകയും ഉത്തരക്കടലാസുകൾ പുനർമൂല്യനിർണയത്തിനായി നൽകുകയുമായിരുന്നു. ഇംഗ്ലീഷ്, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്‌സ്, അപ്ലൈഡ് മാത്തമാറ്റിക്‌സ് എന്നീ അഞ്ച് പ്രധാന കോമേഴ്‌സ് വിഷയങ്ങളിൽ മുഴുവൻ മാർക്ക് ലഭിച്ചു. അഡീഷണൽ വിഷയമായ ഗ്രാഫിക്‌സിൽ 99 മാർക്കും നേടി.

'ഫലം പ്രഖ്യാപിച്ചപ്പോൾ, എന്റെ സ്‌കോറിൽ എനിക്ക് പൂർണ സംതൃപ്തി തോന്നിയില്ല. ഉത്തരങ്ങൾക്ക് ഒന്നുകൂടി പരിശോധിക്കേണ്ടതുണ്ടെന്ന് ഞാൻ വിശ്വസിച്ചു, വർഷം മുഴുവനും ഞാൻ നടത്തിയ പരിശ്രമത്തിൽ എനിക്ക് വിശ്വാസമുണ്ടായിരുന്നു,' അവനി പറഞ്ഞു.

മാതാപിതാക്കളുടെയും അധ്യാപകരുടെയും മെന്റർ സച്ചിതിന്റെയും പിന്തുണയാണ് തന്റെ വിജയത്തിന് കാരണമെന്നും അവനി പ്രതികരിച്ചു. പഠന സമയം കേന്ദ്രീകരിക്കുന്നതിനു പകരം, അച്ചടക്കമുള്ളതും ലക്ഷ്യം അടിസ്ഥാനമാക്കിയുള്ളതുമായ സമീപനമാണ് അക്കാദമിക് വിജയത്തിനായുള്ള പരിശ്രമത്തിൽ താൻ ചെയ്തതെന്ന് അവനി പറയുന്നു.

ആവശ്യമായ സമയം എത്രയായാലും ഓരോ ദിവസവും ആസൂത്രണം ചെയ്ത രണ്ട് അല്ലെങ്കിൽ മൂന്ന് വിഷയങ്ങൾ പൂർത്തിയാക്കാൻ ശ്രമിക്കുമായിരുന്നു. വിദ്യാർത്ഥികൾ സോഷ്യൽ മീഡിയ ഉത്തരവാദിത്തത്തോടെയും മിതമായും ഉപയോഗിക്കുന്നതാണ് നല്ലതെന്നാണ് അവനിയുടെ അഭിപ്രായം. 

CBSE പുനഃപരീക്ഷ: മാർക്കിൽ മാറ്റമില്ലെങ്കിൽ മേഖലാ ഓഫീസിലെത്തി ഉത്തരക്കടലാസ് പരിശോധിക്കാൻ അവസരം

ബിസിനസ്സിൽ കരിയർ കെട്ടിപ്പടുക്കാനാണ് ഇനി ആഗ്രഹമെന്ന് അവനി വ്യക്തമാക്കി. ബിസിനസ് ചെയ്യുന്ന മിതേഷ് കെജ്രിവാളിന്റെയും വീട്ടമ്മ പൂനം കെജ്രിവാളിന്റെയും മകളാണ് അവനി. ബിസിനസ് മാനേജ്‌മെന്റിൽ ഉപരിപഠനം നടത്താൻ പദ്ധതിയിടുന്നുവെന്നും CUET-UG 2026 പരീക്ഷ എഴുതിയിട്ടുണ്ടെന്നും അവനി പറഞ്ഞു.

ഈവർഷം നടപ്പാക്കി വിവാദമായ ഓൺസ്‌ക്രീൻ മാർക്കിങ്ങിനെ (ഒ.എസ്.എം.) സംബന്ധിച്ച് ഒട്ടേറെ ആക്ഷേപങ്ങളുയർന്ന പശ്ചാത്തലത്തിലാണ് അവനിയുടെ പുനർമൂല്യനിർണ ഫലം ചർച്ചയായിരിക്കുന്നത്.