ന്യൂഡൽഹി: 2026-2027 അധ്യയന വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 16-നാണ് ഇരുവിഭാഗങ്ങളിലെയും പരീക്ഷകൾ ആരംഭിക്കുക. എല്ലാ പരീക്ഷകളും രാവിലെ 10.30-ന് തുടങ്ങും. പത്താം ക്ലാസ് പരീക്ഷകൾ മാർച്ച് ഒൻപതിന് അവസാനിക്കുമ്പോൾ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഏപ്രിൽ ഒൻപത് വരെ നീളും.

To advertise here,

കേന്ദ്ര സെക്കൻഡറി വിദ്യാഭ്യാസ ബോർഡാണ് (സിബിഎസ്ഇ) വെള്ളിയാഴ്ച പരീക്ഷാ തീയതികൾ പുറത്തുവിട്ടത്. പ്രായോഗിക പരീക്ഷകളുടെയും ആഭ്യന്തര മൂല്യനിർണയത്തിന്റെയും സമയക്രമം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബോർഡ് വാർഷിക പരീക്ഷാ തീയതികളും പുറത്തുവിട്ടത്.

2026-27 അധ്യയന വർഷത്തെ പ്രായോഗിക പരീക്ഷകളും ആഭ്യന്തര മൂല്യനിർണയവും 2027 ജനുവരി ഒന്നിന് ആരംഭിക്കും. ഇന്ത്യയിലെയും വിദേശത്തെയും സിബിഎസ്ഇ സ്‌കൂളുകൾക്ക് ഈ സമയക്രമം ബാധകമാണ്. എന്നാൽ ശൈത്യകാലം രൂക്ഷമായ പ്രദേശങ്ങളിലെ സ്‌കൂളുകൾക്ക് പ്രത്യേക സമയക്രമമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത്തരം സ്‌കൂളുകളിലെ പ്രായോഗിക പരീക്ഷകൾ 2026 നവംബർ ഒൻപത് മുതൽ ഡിസംബർ 19 വരെയാണ് നടത്തുക. 2027-ലെ ബോർഡ് പരീക്ഷകൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ ഇതോടെ സ്‌കൂളുകളിൽ ആരംഭിക്കും.