ന്യൂഡൽഹി: സ്‌കൂളുകളിൽ രാവിലെയുള്ള അസംബ്ലിയിൽ ഭരണഘടനയുടെ ആമുഖം ദിനചര്യയായി ചൊല്ലുന്നത് നിർബന്ധമാക്കാൻ ദേശീയ നയം രൂപീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി സുപ്രീം കോടതി തള്ളി. ആറാം ക്ലാസ് മുതൽ കുട്ടികളെ ഭരണഘടനാ ആമുഖം പഠിപ്പിക്കുന്നുണ്ടെന്നും ഇത് നിലവിൽതന്നെ പാഠ്യപദ്ധതിയുടെ ഭാഗമാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.

To advertise here,

ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, അഗസ്റ്റിൻ ജോർജ്ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കാൻ വിസമ്മതിച്ചത്. ഡൽഹി യൂണിവേഴ്‌സിറ്റി രാജധാനി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ധീരജ് കുമാറാണ് അഡ്വക്കേറ്റ് ഓൺ റെക്കോർഡ് രോഹിത് കുമാർ മുഖേന ഹർജി നൽകിയത്.

സ്‌കൂളുകളിൽ ഭരണഘടനാ സാക്ഷരത വർദ്ധിപ്പിക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനും സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷനും നിർദ്ദേശം നൽകണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. ദേശീയഗാനം ആലപിക്കുന്നത് പോലെ ദിനചര്യയായി ആമുഖം ചൊല്ലുന്നത് കുട്ടികളിൽ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങൾ വളർത്താൻ സഹായിക്കുമെന്നും ഹർജിക്കാരൻ വാദിച്ചു.

രാജസ്ഥാൻ, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങൾ സ്‌കൂളുകളിൽ ആമുഖം ചൊല്ലാൻ ഉത്തരവിട്ടിട്ടുണ്ടെന്ന കാര്യവും സി.ബി.എസ്.ഇയുടെ പോസിറ്റീവ് അഫർമേഷൻ സർക്കുലറും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയതെങ്കിലും സുപ്രീം കോടതി ഇടപെടാൻ തയ്യാറായില്ല.