
ഭാഭ അറ്റമിക് റിസർച്ച് സെന്ററി (ബാർക്ക്) ന്റെ കീഴിലെ റേഡിയേഷൻ മെഡിക്കൽ സെൻറർ നടത്തുന്ന രണ്ട് ഫുൾ ടൈം, രണ്ടു വർഷ (നാല് സെമസ്റ്റർ), എം.എസ്‌സി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. കല്പിത സർവകലാശാലയായ മുംബൈ ഹോമി ഭാഭ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയാണ് കോഴ്സ് നടത്തുന്നത്.
എം.എസ്‌സി. ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി ആൻഡ് ഹോസ്‌പിറ്റൽ റേഡിയോഫാർമസി
ബി.ഫാം. ബിരുദധാരികൾ, ഹയർ സെക്കൻഡറി തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ബയോളജി പഠിച്ച ശേഷം, കെമിസ്ട്രി ഒരു വിഷയമായി പഠിച്ച്, ഏതെങ്കിലും വിഷയത്തിൽ ബി.എസ്‌സി. ബിരുദമെടുത്തവർ എന്നിവർക്ക് അപേക്ഷിക്കാം.
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ്/റേഡിയോ ഫാർമസിസ്റ്റ്, ന്യൂക്ലിയർ മെഡിസിൻ സെൻറർ, മെഡിക്കൽ സൈക്ലോട്രോൺ ഫെസിലിറ്റി ഫാക്കൽറ്റി തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കാം.
എം.എസ്‌സി. ന്യൂക്ലിയർ മെഡിസിൻ ആൻഡ് മോളിക്യുളാർ ഇമേജിങ് ടെക്നോളജി
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സുവോളജി, ബോട്ടണി, മൈക്രോബയോളജി, ബയോകെമിസ്ട്രി, ബയോഇൻഫർമാറ്റിക്സ്, ബയോടെക്നോളജി (ബി.എസ്‌സി. തലത്തിൽ ഫിസിക്സ്/കെമിസ്ട്രി ഒരു വിഷയമായി പഠിച്ച്) എന്നിവയിലൊന്നിൽ ബി.എസ്‌സി. ബിരുദമുള്ളവർ, അറ്റമിക് എനർജി റഗുലേറ്ററി ബോർഡ് (എ.ഇ.ആർ.ബി.) അംഗീകൃത സ്ഥാപനത്തിൽനിന്ന് ബി.എസ്‌സി. ന്യൂക്ലിയാർ മെഡിസിൻ ബിരുദം ഉള്ളവർ എന്നിവർക്ക് അപേക്ഷിക്കാം.
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ്, ന്യൂക്ലിയർ മെഡിസിൻ സെൻറർ, ടീച്ചിങ് ഇൻസ്റ്റിറ്റ്യൂട്ട് ഫാക്കൽറ്റി തുടങ്ങിയ അവസരങ്ങൾ ലഭിക്കാം.
പൊതു വ്യവസ്ഥകൾ
രണ്ടു പ്രോഗ്രാമുകൾക്കും അപേക്ഷകർക്ക് യോഗ്യതാ പ്രോഗ്രാമിൽ സയൻസ് വിഷയങ്ങൾക്ക് 60 ശതമാനം മാർക്ക് മൊത്തത്തിൽ വേണം. വിദൂര പഠനത്തിലൂടെ ലഭിച്ച ബിരുദം പരിഗണിക്കുന്നതല്ല. പ്രായം 2026 മേയ് ഒന്നിന് 35 വയസ്സ് കവിയരുത്. പട്ടിക വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സി.ക്കാർക്ക് മൂന്നും ഭിന്നശേഷി, സ്‌പോൺസേഡ് വിഭാഗക്കാർക്ക് 10-ഉം വർഷത്തെ ഇളവ് ഉയർന്ന പ്രായപരിധിയിൽ ലഭിക്കും. വിശദാംശങ്ങൾ വിജ്ഞാപനത്തിലുണ്ട്.
സ്റ്റൈപ്പൻഡ്, ഫീസ്
നോൺ സ്പോൺസേർഡ് വിഭാഗക്കാർക്ക് പ്രതിമാസം 18,500 രൂപ. കോഴ്സ് ഫീ ഇല്ല. എൻറോൾമൻറ് ഫീ 11,000 രൂപയും കോഷൻ ഡിപ്പോസിറ്റ് 2000 രൂപയും അടയ്ക്കണം.
കാറ്റ്
രണ്ടു പ്രോഗ്രാമുകൾക്കുമായുള്ള കോമൺ അഡ്മിഷൻ ടെസ്റ്റ് (കാറ്റ്) മേയ് മൂന്നിന് മുംബൈയിൽ െവച്ച് നടക്കും. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ബയോളജി എന്നിവയിൽനിന്ന് പ്ലസ് ടു നിലവാരമുള്ള 150 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. യോഗ്യത നേടാൻ 50 ശതമാനം മാർക്ക് നേടണം. യോഗ്യത നേടുന്നവർക്ക് കൗൺസലിങ് സെഷൻ ഉണ്ടാകും.
അപേക്ഷ
ഏപ്രിൽ 10-ന് രാത്രി 11.59 വരെ recruit.barc.gov.in/barcrecruit വഴി ഓൺലൈനായി നൽകാം. തിരഞ്ഞെടുക്കപ്പെടുന്നവർ കോഴ്സ് പൂർത്തിയാക്കണം. ഇതു സംബന്ധിച്ച ബോണ്ട് പ്രവേശന സമയത്ത് നൽകണം. പൂർത്തിയാക്കാത്ത പക്ഷം ലഭിച്ച സ്റ്റൈപ്പൻഡ് തുക പലിശ സഹിതം തിരിച്ചടയ്ക്കേണ്ടി വരും.
Content Highlights: The Radiation Medicine Centre under BARC is offering two-year MSc programs in Nuclear Medicine and Molecular Imaging with a monthly stipend of ₹18,500 and no course fees for eligible science graduates.
Published: 24 Mar 2026, 09:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented