തിരുവനന്തപുരം: സ്കൂളിൽ കുട്ടികൾ കുറഞ്ഞതിനെത്തുടർന്ന് തസ്തികനഷ്ടം സംഭവിച്ച എയ്ഡഡ് അധ്യാപകരെയും സംരക്ഷിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് സമർപ്പിച്ച ശുപാർശ ധനവകുപ്പ് അംഗീകരിച്ചു. വൈകാതെ ഉത്തരവിറങ്ങും. പത്തുവർഷമായി സർവീസിൽനിന്ന് പുറത്തായവരെ സംരക്ഷിക്കാനാണ് സർക്കാരിന്റെ ഈ നിർണായകനടപടി.

To advertise here,

കുട്ടികൾ കുറഞ്ഞതിനെത്തുടർന്ന് തൊഴിൽനഷ്ടം സംഭവിച്ച അധ്യാപകരെക്കുറിച്ച് നേരത്തേ ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു. അധ്യാപകരെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷ അധ്യാപകസംഘടനയായ കെ.എസ്.ടി.എ. മന്ത്രി വി. ശിവൻകുട്ടിയെ സമീപിക്കുകയും ചെയ്തിരുന്നു.

നിലവിൽ സർക്കാർ സ്കൂളിൽ തസ്തികനഷ്ടം സംഭവിച്ചവരെ സംരക്ഷിക്കാൻ മാത്രമേ നിയമപരമായി വ്യവസ്ഥയുള്ളൂ. 2014-’15 അധ്യയനവർഷംവരെ നിയമിക്കപ്പെട്ട എയ്ഡഡ് അധ്യാപകർക്കു മാത്രമാണ് തസ്തിക നഷ്ടപ്പെടുമ്പോൾ നിലവിൽ സംരക്ഷണത്തിന് അർഹതയുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

2015-’16 മുതൽ നിയമിക്കപ്പെട്ടവർക്ക് സംരക്ഷണമില്ലാത്തതിനാൽ, തസ്തിക നഷ്ടപ്പെട്ടാൽ അവർ സർവീസിൽനിന്ന് പുറത്തുപോകേണ്ടതാണ് അവസ്ഥ. ഒമ്പതുവർഷത്തോളം സർവീസുള്ള അധ്യാപകർവരെ പുറത്തുപോകേണ്ടിവന്നത് വിവിധ അധ്യാപകസംഘടനകൾ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

ഈ സാഹചര്യത്തിലാണ് 2015-’16മുതൽ 2021-’22 വരെ നിയമനാംഗീകാരം ലഭിച്ചവർക്കുകൂടി സംരക്ഷണം നൽകാനുള്ള തീരുമാനം. 15 കോടിയുടെ അധിക സാമ്പത്തികബാധ്യത കണക്കാക്കുന്നതായും മന്ത്രി പറഞ്ഞു.