കൂറ്റനാട്: ഇരുമ്പകശ്ശേരി യുപി സ്കൂൾ അങ്കണത്തിലിരുന്ന് പ്രധാനാധ്യാപിക പി. മിനിയും കുട്ടികളും വാതോരാതെ സംസാരിക്കുകയായിരുന്നു. കൂട്ടത്തിൽ നിഹാലിനൊരു സംശയം- ‘‘ടീച്ചറേ, സ്കൂൾ പൂട്ടിയാൽ നീന്തൽ പഠിക്കാൻ ഞങ്ങളോടൊപ്പം ടീച്ചറും ഉണ്ടാവില്ലേ?’’. ‘‘പിന്നെന്താ... പിരിഞ്ഞാലും ഞാൻ ഇവിടെയൊക്കെയുണ്ടാവും’’-ടീച്ചറുടെ മറുപടി കേട്ടപ്പോൾ എല്ലാവരും ഒന്നിച്ച് കൈയടിച്ചു.

To advertise here,

വിരമിക്കുന്ന വർഷം കുട്ടികൾക്ക് എന്തെങ്കിലും മറക്കാനാവാത്ത സമ്മാനം നൽകണമെന്ന് അധ്യാപിക മിനി ചിന്തിച്ചു. അത് സാക്ഷാത്കരിച്ചപ്പോൾ കുട്ടികൾക്കു കിട്ടി, ഒരുഗ്രൻ നീന്തൽക്കുളം. സ്കൂൾ മാനേജ്മെന്റും അധ്യാപകരും ഒത്തുചേർന്നപ്പോൾ അവരുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. സ്കൂളിൽ പുതുതായി തുടങ്ങിയ നീന്തൽക്കുളത്തിൽ അവധിക്കാലത്ത് എല്ലാവർക്കും നീന്തൽ പഠിക്കാനുള്ള സൗകര്യമൊരുക്കി.

33 വർഷത്തെ സേവനത്തിനുശേഷം പി.സി. മിനി വിരമിക്കുമ്പോൾ അത് സ്കൂളിന്റെ ഒരു ചരിത്രം കൂടിയാവുകയാണ്. അച്ഛൻ പരേതനായ ടി.കെ. കൃഷ്ണപിള്ള (പിള്ള മാഷ്) വർഷങ്ങൾക്കു മുൻപ് ആലപ്പുഴയിലെ ഹരിപ്പാടുനിന്ന് ജോലി അന്വേഷിച്ച് തിരുമിറ്റക്കോടെത്തിയതാണ്. ഇരുമ്പകശ്ശേരി സ്കൂളിന്റെ ആദ്യത്തെ മാനേജർ പരേതനായ സൈതാലിക്കുട്ടി ഹാജി അധ്യാപകജോലിയോടൊപ്പം സ്കൂളിന്റെ ചുമതലയും അദ്ദേഹത്തിനു നൽകുകയായിരുന്നു.

പിന്നീട്‌ അദ്ദേഹം പൊതുരംഗത്തും തിരുമിറ്റക്കോട് പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചു. വിവാഹശേഷം ഭാര്യ പി. സരസ്വതിയും ഇതേ വിദ്യാലയത്തിലെ അധ്യാപികയായി. 1991-ൽ പ്രധാനാധ്യാപികയായിരിക്കേയാണ് സരസ്വതി വിരമിച്ചത്. അച്ഛനമ്മമാർക്കൊപ്പം സ്കൂൾമുറ്റത്ത് പിച്ചവെച്ച് നടന്ന്, ഇവിടെ പഠിച്ച് പി. മിനി 1992-ൽ ഇരുമ്പകശ്ശേരിയിൽ അധ്യാപികയായി. അച്ഛനും അമ്മയും പ്രധാനാധ്യാപകരായി പ്രവർത്തിച്ച അതേ സ്ഥാപനത്തിൽ പ്രധാനാധ്യാപികയായിരിക്കെത്തന്നെയാണ് മിനിയും വിരമിക്കുന്നത്. മലയാളവും ശാസ്ത്രവും ഇഷ്ടവിഷയങ്ങളാണ്.

കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ടീച്ചർക്കായി ‘ഒരു സർപ്രൈസും’ നാട്ടുകാരും ശിഷ്യരും സഹപ്രവർത്തകരും ചേർന്ന് ഒരുക്കി. ‘മിന്മയം’ എന്ന പേരിലായിരുന്നു യാത്രയയപ്പ് സമ്മേളനം. സ്കൂളിലെ അധ്യാപിക സ്മിത സുധീഷ് രചനയും സംവിധാനവും നിർവഹിച്ച ‘തെക്കുനിന്നൊരു തെന്നൽ’ എന്ന നാടകം മിനി ടീച്ചറടക്കം മൂന്നു തലമുറയുടെ കഥ പറയുന്നതായിരുന്നു. ഭർത്താവ് വിവേകാനന്ദനും മക്കളായ അഞ്ജന മേനോൻ, ഹരികൃഷ്ണൻ മേനോൻ എന്നിവരും ഉൾപ്പെടുന്നതാണു കുടുംബം.