തിരുവനന്തപുരം: ലോകം അദ്‌ഭുതത്തോടെ ഉറ്റുനോക്കിയ ജൈത്രയാത്രയ്ക്കൊടുവിൽ മൂന്നുപേരെ കോടതിമുറിയിലെത്തിച്ചിരിക്കുകയാണ് സംസ്ഥാനത്തെ സാക്ഷരതായജ്ഞം. ജീവിതത്തിലെ അഗ്നിപരീക്ഷകൾക്കൊടുവിൽ, തുല്യതാപഠനം നൽകിയ ഊർജത്തിൽ മഞ്ചേരി കോടതിയിൽ വക്കീൽ കോട്ടണിഞ്ഞിരിക്കുകയാണ് മലപ്പുറത്തെ മൂന്നുപേർ. കോട്ടയ്ക്കൽ സ്വദേശി പി. സുലൈമാൻ, മൊറയൂരിലെ ഫഹദ് അരിമ്പ്ര, മക്കരപ്പറമ്പിലെ സി.എച്ച്. അബ്ബാസ് എന്നിവർക്കാണ് അനൗപചാരികവിദ്യാഭ്യാസത്തിലൂടെ അഭിഭാഷകരുടെ മേൽവിലാസം.

To advertise here,

ഫഹദിനും അബ്ബാസിനും 39 വയസ്സും സുലൈമാന് 42 വയസ്സുമായി. പത്താം ക്ലാസിൽ സ്‌കൂൾ പഠനം നിർത്തിയവരാണ് മൂവരും. പിന്നീട്, പല വഴികളിലൂടെ സഞ്ചരിച്ചെങ്കിലും സാക്ഷരതായജ്ഞത്തിൽ പഠിതാക്കളായത് ജീവിതത്തിൽ വഴിത്തിരിവായി. പത്തും പ്ലസ്ടുവും പാസായി. മലപ്പുറം എം.സി.ടി. കോളേജിൽനിന്നു പഞ്ചവത്സര നിയമബിരുദവും നേടി. ഈ വർഷം മഞ്ചേരി കോടതിയിൽ അഭിഭാഷകജീവിതം ആരംഭിച്ചു. സാക്ഷരതാദൗത്യത്തിന്റെ അഭിമാനമുയർത്തിയ മൂവരെയും സാക്ഷരതാദിനാചരണത്തിൽ മന്ത്രി എൻ. ഷംസുദ്ദീൻ ആദരിച്ചു.

1999-ൽ പത്താം ക്ലാസ് തോറ്റതോടെ പഠനം നിർത്തിയ സുലൈമാൻ പിന്നെ, ബസ് കണ്ടക്ടറും ലോറിയിൽ ക്ലീനറായുമൊക്കെ പല ജോലികൾ ചെയ്തു ജീവിച്ചു. സാക്ഷരത കോഡിനേറ്റർ സുജയുടെ പ്രോത്സാഹനം 17 വർഷത്തിനുശേഷം തുല്യതാക്ലാസിലെത്തിച്ചു. 2018-19 അധ്യയനവർഷം പ്ലസ്ടു പാസായി. തുടർന്ന്, നിയമബിരുദം നേടിയശേഷം ഇപ്പോൾ അഡ്വ. ഹരിഗോവിന്ദന്റെ ജൂനിയറാണ് സുലൈമാൻ.

2002-ൽ പത്താം ക്ലാസ് തോറ്റ ഫഹദ് തുടർന്നുള്ള ജീവിതം ഗൾഫിലേക്കു പറിച്ചുനട്ടു. തിരിച്ചു നാട്ടിലെത്തി, പഠനമോഹം നാമ്പിട്ടപ്പോൾ 2013-ൽ തുല്യതാക്ലാസിൽ പത്താം ക്ലാസ് ജയിച്ചു. മലപ്പുറം ബോയ്‌സിൽ പ്ലസ് ടുവും കഴിഞ്ഞശേഷം നിയമപഠനം തുടങ്ങി. മഞ്ചേരി കോടതിയിൽ അഡ്വ. അബൂബക്കർ സിദ്ദീഖിന്റെ ജൂനിയറായി ജോലി ചെയ്യുകയാണിപ്പോൾ.

2005-ൽ എസ്.എസ്.എൽ.സി. തോറ്റ അബ്ബാസ് ടൈൽ പണിയും മറ്റുമായി പല ജോലികൾ ചെയ്തു. ഇടയ്ക്കു ഗൾഫിലേക്കു പോവാനുള്ള ശ്രമം നടന്നില്ല. സാക്ഷരതാപ്രേരക് സാഹിറ ടീച്ചറുടെ പ്രോത്സാഹനത്തിൽ തുല്യതാപഠനത്തിനു ചേർന്ന് എസ്.എസ്.എൽ.സി.യും 2018-20ൽ പ്ലസ്ടുവും പാസായി. തുടർന്ന്, നിയമബിരുദം നേടിയ ശേഷം അഡ്വ. യു.എ. അമീറിന്റെ ജൂനിയറായി വക്കീൽജോലി തുടങ്ങി.