കൊല്ലം: വിദ്യാർഥികളുടെ പഠനനിലവാരം ഉയർത്താനും പഠന പങ്കാളിത്തം ഉറപ്പാക്കാനുമായി സ്കൂളുകളിലെ പിൻബെഞ്ചുകൾ ഒഴിവാക്കാനുള്ള ചർച്ചകളും പഠനങ്ങളും ഇനിയും ഫലം കണ്ടില്ല. കുട്ടികൾക്ക് ക്ലാസ് മുറികളിൽ സ്വാതന്ത്ര്യത്തോടെ നടക്കാനോ ശ്രദ്ധയോടെ പഠിക്കാനോ കഴിയാത്ത സാഹചര്യമാണ് ഭൂരിഭാഗം ക്ലാസ് മുറികളിലും ഇപ്പോഴുള്ളത്.
പരമ്പരാഗത രീതിയിലുള്ള ഇരിപ്പിടക്രമീകരണം കുട്ടികളുടെ പഠനപ്രവർത്തനങ്ങൾക്ക് തീരെ സഹായകമല്ലെന്ന വിമർശനം വർഷങ്ങളായി ഉയരുന്നതാണ്. ഇതേപ്പറ്റി പഠിക്കാനും പരിഹാരമാർഗങ്ങൾ നിർദേശിക്കാനും സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലനസമിതിയെ കഴിഞ്ഞ സർക്കാർ നിയോഗിച്ചിരുന്നു. സമിതി വിദ്യാലയങ്ങളിൽ നേരിട്ടെത്തി വിവരങ്ങൾ തേടി. ഇതിനുപുറമേ പ്രഥമാധ്യാപകർ, പ്രിൻസിപ്പൽമാർ, പഠിതാക്കൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരിൽനിന്നുള്ള അഭിപ്രായങ്ങളും ആരാഞ്ഞു. ഭിന്നശേഷി കുട്ടികൾക്ക് നിലവിലുള്ള ഇരിപ്പിട ക്രമീകരണംമൂലം അർഹമായ പരിഗണന ലഭിക്കുന്നില്ല, മറ്റു കുട്ടികളുടെ പങ്കാളിത്തവും പാരസ്പര്യവും പഠനത്തിൽ ഉറപ്പാക്കാൻ അധ്യാപകർക്ക് കഴിയുന്നില്ല, പഠിതാക്കൾക്ക് പരസ്പരം കാണാൻ കഴിയുന്നില്ല, തുല്യാവസരം ഉറപ്പാകുന്നില്ല, ഒരുദിവസം ഒരു ബെഞ്ച് എന്ന ക്രമത്തിൽ കുട്ടികൾ മാറിമാറി ഇരിക്കുമ്പോൾ ഉയരംകുറഞ്ഞ കുട്ടികൾ ബുദ്ധിമുട്ടുന്നു എന്നിങ്ങനെ പഠിതാക്കൾ നേരിടുന്ന ധാരാളം പ്രശ്നങ്ങൾ സമിതി കണ്ടെത്തി.
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ശ്രദ്ധകിട്ടുംവിധമുള്ള ഇരിപ്പിടം സജ്ജമാക്കണമെന്നതായിരുന്നു പരിഹാരനിർദേശങ്ങളിലൊന്ന്. കുട്ടികളുടെ ശാരീരികവളർച്ചയ്ക്കനുസരിച്ച് വ്യത്യസ്ത ഉയരങ്ങളിലുള്ള ഇരിപ്പിടങ്ങൾ, പഠിതാക്കൾ കുറവുള്ള ക്ലാസുകളിൽ U ആകൃതിയിൽ ഇരിപ്പിടങ്ങൾ, കുട്ടികളേ ചെറിയ ഗ്രൂപ്പുകളാക്കുംവിധം മേശയും കസേരയും ക്രമീകരിക്കാൻ, എല്ലാ പഠിതാക്കൾക്കും പരസ്പരം കാണാൻ കഴിയുന്ന തരത്തിലുള്ള ഇരിപ്പിടങ്ങൾ, ദീർഘകാലാടിസ്ഥാനത്തിൽ വിഷയാധിഷ്ഠിത ക്ലാസ്റൂമുകൾ ഒരുക്കൽ, ഓരോ വിഷയത്തിനും അനുയോജ്യമായ ക്ലാസ് മുറികൾ, പെയർ ഷെയറിങ്, സ്റ്റേഡിയം മാതൃക ഇരിപ്പിടക്രമീകരണം, വൃത്താകൃതിയിലോ അർധവൃത്താകൃതിയിലോ ഉള്ള കോൺഫറൻസ് ശൈലിയിലോ ഉള്ള ഇരിപ്പിട ക്രമീകരണം, പരസ്പരം അഭിമുഖീകരിക്കുന്ന സമാന്തര വരികൾ എന്നിവയും നിർദേശിക്കപ്പെട്ടിരുന്നെങ്കിലും ഇതേപ്പറ്റി കൂടുതൽ ചർച്ചകളുണ്ടായില്ല.
ക്ലാസ് മുറികളുടെ സ്ഥലപരിമിതി, ഭാരം കുറഞ്ഞതും എളുപ്പത്തിൽ മാറ്റിയിടാൻ കഴിയുന്ന തരത്തിലുള്ള ഇരിപ്പിടങ്ങൾ വാങ്ങാനുള്ള സാമ്പത്തികച്ചെലവ് തുടങ്ങിയ കാരണങ്ങൾമൂലം പിൻബെഞ്ചുകൾ ഇപ്പോഴും ക്ലാസ്മുറികളിൽ തുടരുകയാണ്.
Content Highlights: Discussions and studies to remove backbenches in schools to improve student learning quality have not yielded results
Published: 01 Oct 2026, 10:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented