കാലാതീതമായ പ്രണയങ്ങൾക്കുപോലും ചില പ്രത്യേക ചെലവുകൾ സമ്മാനിക്കാൻ സാധിക്കുന്നവയാണ് പ്രണയദിനാഘോഷങ്ങൾ. എപ്പോൾ വേണമെങ്കിലും വന്നെത്തിയേക്കാവുന്ന ’ബ്രേക്കപ്പ്’ എന്ന പ്ലാൻ ബി ആഘാതത്തിൽ അകപ്പെട്ടുപോകാതിരിക്കാൻ, ഈ ദിനത്തിൽ പ്രണയിതാക്കൾ ചെലവഴിക്കുന്ന തുകയുടെ ഏകദേശ സ്ഥിതിവിവരക്കണക്ക് ഇങ്ങനെ:

To advertise here,

മധുരം

ഭൂരിഭാഗം പേരും തിരഞ്ഞെടുക്കുന്ന പ്രണയദിന സമ്മാനം ചോക്ലേറ്റുകളാണ്. കൃത്യമായ വിപണന തന്ത്രങ്ങളിലൂടെ, ‘പ്രണയ ചോക്ലേറ്റ്’ എന്ന പേര് ഊട്ടിയുറപ്പിച്ച ബ്രാൻഡിനോടാണ് യുവാക്കൾക്കു താത്പര്യം. 50 രൂപയുടെ പാക്കറ്റ് മുതൽ 500 രൂപയുടെ സ്പെഷ്യൽ മിഠായി ബോക്സുകൾവരെ വാങ്ങുന്നവരുണ്ട്.

ക്യൂട്ട്‌നെസ് ഫാക്ടർ

ലളിതവും കൗതുകം തോന്നിപ്പിക്കുന്നതുമായ വസ്തുക്കളാണ് മറ്റൊരു താരം. വർഷം മുഴുവൻ അവഗണിക്കപ്പെട്ടു കിടക്കുന്ന സ്റ്റേഷനറി കടകളിൽ, പ്രണയദിനത്തോടനുബന്ധിച്ച് ഇത്തരം വസ്തുക്കളുടെ വ്യാപാരത്തിനു ചൂടുപിടിക്കാറുണ്ട്. ഗൃഹാതുരത്വം മുതലാക്കി ഹൃദയം കവരാൻ ശ്രമിക്കുന്നവർക്ക് പ്രണയസന്ദേശം തുളുമ്പുന്ന വാലന്റൈൻസ് കാർഡുകളോടാണ് താത്പര്യം. 20 മുതൽ 300 രൂപവരെയാണ് വില.

ഇൻസ്റ്റന്റ് കവിത

പ്രണയം ചാലിച്ചെഴുതിയ കവിതകൾ തയ്യാറാക്കി കൊടുക്കുന്ന സംഘങ്ങൾ ഫെബ്രുവരിയോടെ പല കോളേജുകളിലും മുളപൊട്ടും. കവിത എത്തിച്ചുനൽകേണ്ട ആളുടെ പേര് നൽകിയാൽ, ഓർഡർ ചെയ്തയാളുടെ പേര് വെളിപ്പെടുത്താതെ തന്നെ കാർഡ് രൂപത്തിൽ ഇവ കൃത്യമായി വിതരണംചെയ്യും. നാലുവരി കവിതകൾക്കു ശരാശരി 50 രൂപമുതലാണ് യുവസാഹിത്യകാരന്മാർ ഈടാക്കുന്നത്. നിർമിതബുദ്ധിയുടെ കടന്നുവരവ് ഈ കലാരൂപത്തിനു തിരിച്ചടിയായിട്ടുണ്ടെങ്കിലും പൂർണമായ തകർച്ചയിലെത്തിയിട്ടില്ല.

റീ-റിലീസ്, റീൽസ് 

സൂപ്പർഹിറ്റ് പ്രണയചിത്രങ്ങൾ പ്രണയദിനത്തിലേക്കു മാത്രമായി വീണ്ടും റിലീസ് ചെയ്യുന്നത് പതിവാണ്. 150 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. മൾട്ടിപ്ലെക്സുകളിൽ ടിക്കറ്റിനു 300 രൂപവരെ മുടക്കുന്നവരുണ്ട്. ചെലവുകളൊന്നുമില്ലാതെ ലോകത്തിനു മുന്നിൽ പ്രണയദിനം ആഘോഷിക്കാൻ റീൽസ് വീഡിയോകൾ തയ്യാറാക്കുന്നവരുമുണ്ട്.

ആഭരണം

ഉയർന്ന വരുമാനമുള്ളവരും ആഡംബര വസ്തുക്കൾ പതിവായി വാങ്ങുന്നവരുമാണ് പ്രണയദിനത്തിൽ ആഭരണങ്ങൾ സമ്മാനമായി നൽകുന്നത്. ലക്ഷങ്ങൾ വിലവരുന്ന പ്ലാറ്റിനം, വജ്ര ആഭരണങ്ങളാണ് ഈ നിരയിലെ താരങ്ങൾ. പ്രണയദിനത്തിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കി നിരത്തിലിറങ്ങുന്ന തരത്തിൽ കാറുകൾ ഓർഡർ ചെയ്യുന്നവരുണ്ടെങ്കിലും ഇവർ എണ്ണത്തിൽ കുറവാണ്.