ഏറെ പ്രതീക്ഷകളോടെ കേരളം ഒരു പുതിയ സർക്കാരിനെ വരവേൽക്കുമ്പോൾ, കാലഘട്ടത്തിന് യോജിച്ചതും പ്രായോഗികവും ജനക്ഷേമത്തിനുതകുന്നതുമായ ഒരു ദർശനമാണ് ജനം ആഗ്രഹിക്കുന്നത്

എന്താണ് സർക്കാരിന്റെ യഥാർഥധർമം? നയങ്ങൾ ലക്ഷ്യംകാണണമെങ്കിൽ ഇതിൽ വ്യക്തതവേണം. അതോടൊപ്പം, നയങ്ങൾക്കും സമീപനത്തിനും ശാസ്ത്രസിദ്ധാന്തങ്ങളുടെ പിന്തുണയും വേണം. എങ്കിൽമാത്രമേ, സമ്പദ്‌വ്യവസ്ഥയിലും സമൂഹത്തിലും ആഗ്രഹിക്കുന്ന മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കൂ. ഏറെ പ്രതീക്ഷകളോടെ കേരളം ഒരു പുതിയ സർക്കാരിനെ വരവേൽക്കുമ്പോൾ, കാലഘട്ടത്തിന് യോജിച്ചതും പ്രായോഗികവും ജനക്ഷേമത്തിനുതകുന്നതുമായ ഒരു ദർശനമാണ് ജനം ആഗ്രഹിക്കുന്നത്. സർക്കാരിന്റെ മുഖ്യകർത്തവ്യങ്ങളെ സംബന്ധിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുകളുണ്ട്.
കേരളവും നോർഡിക് രാജ്യങ്ങളും
സാമൂഹികസൂചികകളിൽ മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിൽ പലപ്പോഴും ചർച്ചയാവാറുള്ളത് നോർഡിക് രാജ്യങ്ങളുടെ (ഡെൻമാർക്ക്, നോർവേ, ഫിൻലൻഡ് തുടങ്ങിയ) മാതൃകയാണ്. സംസ്ഥാന ആസൂത്രണ ബോർഡ് 2014-ൽ തയ്യാറാക്കിയ റിപ്പോർട്ടിൽ കേരളത്തെ നോർഡിക് രാജ്യങ്ങളുടെ നിലവാരത്തിലേക്ക് 2030-ൽ എത്തിക്കാനാണ് ലക്ഷ്യമിട്ടത്. ഭൗതിക, മനുഷ്യവിഭവ, സാമൂഹിക, പാരിസ്ഥിതിക വികസനത്തിൽ ലോകത്തിൽ ഇന്ന് മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങളാണ് ഇവ.
നോർഡിക് രാജ്യങ്ങളിൽ നികുതി-ഉത്പാദന അനുപാതം 40 ശതമാനത്തിനുമുകളിലാണ്. കേരളത്തിൽ പൊതുമേഖല വലിയ പങ്കുവഹിക്കണമെന്ന വാദത്തിന് പിന്തുണയായി ഈ അനുപാതത്തെയും ആ രാജ്യങ്ങളിലെ സാമൂഹിക-സാമ്പത്തിക നേട്ടങ്ങളെയും നാം കാണുന്നു. പക്ഷേ, ഈ ഉയർന്ന നികുതി-ഉത്പാദന അനുപാതം പൊതുമേഖലയുടെ വലുപ്പത്തിന്റെ അളവുകോലല്ല. മറിച്ച്, സർക്കാരിന്റെ വലുപ്പത്തിന്റെയാണ്. ഇവ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയില്ലെങ്കിൽ നമ്മുടെ വിശകലനങ്ങളിലും അനുമാനങ്ങളിലും പിന്നാലെ സാമ്പത്തികനയങ്ങളിലും പിഴവുപറ്റും. പ്രസ്തുതരാജ്യങ്ങൾ കമ്പോള സമ്പദ്‌വ്യവസ്ഥകളാണ്. പക്ഷേ, ഉയർന്ന നിലവാരത്തിലുള്ള പൊതുഉത്പന്നങ്ങൾ പൗരർക്ക് നൽകുന്നതിനായി ഉയർന്ന നികുതി പിരിക്കുകയാണ് ഈ രാജ്യങ്ങൾ ചെയ്യുന്നത്. ഈ പണം ഉപയോഗിച്ച് സ്വകാര്യമേഖലയിൽനിന്ന് സാധനങ്ങളും സേവനങ്ങളും വാങ്ങുകയാണ്.
ഈ അടിസ്ഥാനതത്ത്വം നമുക്കിനിയും മനസ്സിലായിട്ടില്ല. കൂടുതൽ നികുതിപിരിച്ച് സർക്കാർ കൂടുതൽ മേഖലകളിലേക്ക് കടന്നുചെല്ലണം എന്ന ചിന്തയാണ് നമ്മുടെ രാഷ്ട്രീയനേതൃത്വത്തെയും നയരൂപവത്‌കരണം നടത്തുന്നവരെയും നയിക്കുന്നത്. ഇതുമാറാതെ തരമില്ല.
ഹോട്ടൽ നടത്തുന്നതും പേപ്പർ ഉത്പാദിപ്പിക്കുന്നതുമൊക്കെ സർക്കാരിന്റെ ജോലിയാണോ? അതോ അത്തരം സേവനങ്ങൾ സ്വകാര്യമേഖലയിൽനിന്ന് വാങ്ങുന്നതാണോ കാര്യക്ഷമം? അർഹതപ്പെട്ടവർക്കോ സംസ്ഥാനസർക്കാരിനോ ഇന്റർനെറ്റ് സേവനം ലഭ്യമാകണമെങ്കിൽ സ്വകാര്യകമ്പനികളിൽനിന്ന് സർക്കാർ വാങ്ങുന്നതാണ് കാര്യക്ഷമം. ദൗർഭാഗ്യകരമെന്നുപറയട്ടെ, നമ്മുടെ സർക്കാർ നേരിട്ട് അത്തരം സേവനങ്ങൾ ഉത്പാദിപ്പിക്കുന്ന രീതിയിൽത്തന്നെ തുടരാൻ ശ്രമിക്കുകയാണ്.
ലാഭമുണ്ടെങ്കിലോ?
പൊതുമേഖലാസംരംഭങ്ങൾ ലാഭമുണ്ടാക്കുന്നുണ്ടെങ്കിൽ സർക്കാർ ആ മേഖലകളിൽനിന്ന് എന്തിന് പിന്മാറണമെന്ന ചോദ്യം പ്രസക്തമാണ്. മുൻപ് ചൂണ്ടിക്കാണിച്ച ക്രമസമാധാന, ആരോഗ്യ-വിദ്യാഭ്യാസ, അടിസ്ഥാനസൗകര്യ മേഖലകളിലെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിനുതന്നെ വലിയ ശേഷി ആവശ്യമാണ്. സ്വകാര്യമേഖലയെ, കാര്യക്ഷമമായി സമൂഹതാത്പര്യത്തിനുതകുന്ന വിധത്തിൽ നിയന്ത്രിക്കുന്നത് നവീനവും അത്യാധുനികവുമായ സാങ്കേതികവിദ്യ ഉപയോഗിച്ച് ചെയ്യേണ്ട, വൈഭവവും നൈപുണ്യവും ആവശ്യമായ കാര്യമാണ്. നമുക്ക് ഇക്കാര്യത്തിൽ ബഹുദൂരം പോകാനുണ്ട്.
തൊഴിൽമേഖല: ചൈനയിൽനിന്നുള്ള പാഠം
സർക്കാർ തൊഴിൽദാതാവാകണോ? 20-60 പ്രായപരിധിയിൽ കേരളത്തിൽ ഇന്ന് ഏകദേശം രണ്ടുകോടിയോളം ആളുകളുണ്ട്. 2023-24-ൽ 1.51 കോടിയാണ് കേരളത്തിലെ തൊഴിലാളിനിര. പൊതുമേഖലയിൽ ജോലിചെയ്യുന്നവർ 10 ലക്ഷംപോലും വരില്ല. യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ കേരളത്തിൽ 29.9 ശതമാനമാണ്. ഇത് ആശങ്കാജനകമാണ്.
1990-ൽ ഇന്ത്യക്ക് ഏകദേശം തുല്യമായിരുന്ന ചൈനയുടെ സമ്പദ്‌വ്യവസ്ഥ അതിനുശേഷം ഒരു കുതിച്ചുചാട്ടം നടത്തി. അതിലേക്ക് നയിച്ച സാമ്പത്തിക പരിഷ്കാരങ്ങളിൽ മുഖ്യമായിരുന്നു പൊതുമേഖലയുടെ വലുപ്പംകുറയ്ക്കൽ. 1990-കളിൽ കോടിക്കണക്കിന് ജീവനക്കാരെയാണ് പൊതുമേഖലയിൽനിന്ന് ചൈന പിരിച്ചുവിട്ടത്. ഔദ്യോഗിക കണക്കുകൾപ്രകാരം 1993-ൽ 30 ലക്ഷംപേരെയാണ് പിരിച്ചുവിട്ടതെങ്കിൽ 1998-ൽ അത് 1.72 കോടിയായി ഉയർന്നു. അപ്പോൾ, ആരാണ് തൊഴിൽ നൽകേണ്ടത്? ഭാരതത്തിന്റെ സാമ്പത്തികനയങ്ങളുടെ ദിശയും നോർഡിക് രാജ്യങ്ങളുടെ മാതൃകയോടുള്ള കേരളത്തിന്റെ പ്രതിപത്തിയും മറ്റു ലോകരാജ്യങ്ങളുടെ അനുഭവവും വിരൽചൂണ്ടുന്നത് സ്വകാര്യ മേഖലയിലേക്കുതന്നെയാണ്. കേരളത്തിൽ വൻതോതിൽ നിക്ഷേപം സാധ്യമാക്കുക എന്നതുമാത്രമാണ് മുന്നോട്ടുള്ള വഴി. തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് രാഷ്ട്രീയ നേതൃത്വം പറയുമ്പോൾ ജനങ്ങൾ അവരോടു ചോദിക്കേണ്ടത് ഏതൊക്കെ മേഖലകളിൽ, എത്ര മൂലധന നിക്ഷേപമാണ് നടക്കാൻപോകുന്നത്, ആരാണ് നിക്ഷേപം നടത്തുന്നത് എന്നൊക്കെയാണ്.
(തൃശ്ശൂർ സെയ്ന്റ് തോമസ് കോളേജിലെ ധനശാസ്ത്ര അധ്യാപകനാണ് ലേഖകൻ)
Content Highlights: The article analyzes the true economic role of governments, comparing the public sector models of Nordic countries and China with Kerala. It argues that high tax-to-GDP ratios indicate state scale rather than public sector size, emphasizing that private investment is vital for job creation.
Published: 18 Jun 2026, 11:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented