
കോളേജ് അധ്യാപക നിയമനത്തിനുള്ള ഉയര്‍ന്ന പ്രായപരിധി അമ്പതു വയസ്സാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത് ഇക്കഴിഞ്ഞ ദിവസമാണ്. ശ്യാം ബി. മേനോന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശ അനുസരിച്ചാണ് പ്രായപരിധി വര്‍ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം. കോളേജ്, സര്‍വകലാശാല അധ്യാപക നിയമനങ്ങള്‍ക്ക് യു.ജി.സി. ചട്ടങ്ങളില്‍ പ്രായപരിധി നിഷ്‌കര്‍ഷിക്കാത്ത പശ്ചാത്തലത്തിലാണ് അതിനനുസൃതമായി ഇപ്പോഴത്തെ തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. സര്‍വകലാശാലകളിലെ അസോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ നിയമനങ്ങള്‍ക്കുള്ള പ്രായപരിധി പൂര്‍ണമായി ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. കോളേജ് വിദ്യാഭ്യാസ സ്പെഷ്യല്‍ റൂളിലും സര്‍വകലാശാലാ നിയമങ്ങളിലും ഉചിതമായ ഭേദഗതി വരുത്തിയാല്‍ സര്‍ക്കാരിന് മറ്റു തടസ്സങ്ങളില്ലാതെ ഇത് പ്രയോഗത്തില്‍ വരുത്താന്‍ സാധിക്കും.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അധ്യാപകര്‍ക്ക് പ്രായപരിധി എടുത്തുകളയണമെന്ന ആവശ്യം നേരത്തെതന്നെ ഉയര്‍ന്നിരുന്നു. അക്കാദമിക് മേഖലയില്‍ ഗവേഷണവും അധ്യാപനവും ചേര്‍ന്നുപോകേണ്ട ഒന്നാണെന്നും പ്രായപരിധി നിശ്ചയിക്കുന്നത് ഇവ തമ്മിലുള്ള പാരസ്പര്യത്തെ ബാധിക്കുമെന്നുമുള്ള കാഴ്ചപ്പാടിലാണ് ഇത്. പിഎച്ച്.ഡി, പോസ്റ്റ് ഡോക്ടറല്‍ തുടങ്ങി ഉന്നത യോഗ്യതകള്‍ ഉള്ളവരെയും വിദേശ സര്‍വകലാശാലകളില്‍ ഗവേഷണം നടത്തുന്ന മികച്ച യോഗ്യതകള്‍ ഉള്ളവരെയും അധ്യാപകരായി ലഭിക്കും എന്നതും അതിലൂടെ നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയരും എന്നതുമാണ് പുതിയ വ്യവസ്ഥ കൊണ്ടുവരുന്നതിന് ഇപ്പോള്‍ സര്‍ക്കാരിന്റെ പ്രധാന ന്യായീകരണം.
എന്നാല്‍, യോഗ്യത നേടിയ ചെറുപ്പക്കാര്‍ക്ക് അധ്യാപകരാകാനുള്ള അവസരം പുതിയ വ്യവസ്ഥ കൊണ്ടുവരുന്നതോടെ കുറയുന്നു എന്നതടക്കം ഇതിന് ചില മറുവശങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അധ്യാപക നിയമനത്തിന് യോഗ്യതയുള്ളവരുടെ ദൗര്‍ലഭ്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഒരു വര്‍ഷം മുന്‍പ് തള്ളിക്കളഞ്ഞ ആവശ്യമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ നടപ്പാക്കപ്പെടുന്നതെന്നും അതിനു പിന്നില്‍ ചില നിക്ഷിപ്ത താല്‍പര്യങ്ങളുണ്ടെന്നുമുള്ള വിമര്‍ശനങ്ങളും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. പുതിയ വ്യവസ്ഥ കൊണ്ടുവരുന്നതിലൂടെ എന്താണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്? ആരെയൊക്കെ, ഏതൊക്കെ തരത്തില്‍ ഇത് ബാധിക്കും? വിമര്‍ശിക്കുന്നവരുടെ വാദങ്ങള്‍ എന്തൊക്കെ? പരിശോധിക്കാം-
ശ്യാം ബി. മേനോന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്
പുതിയ കാലത്തിനനുസൃതമായി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനാണ് 2021-ല്‍ ഡല്‍ഹി ബി.ആര്‍. അംബദ്കര്‍ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലറായ ശ്യാം ബി. മേനോന്‍ അധ്യക്ഷനായ ഏഴംഗ സമിതിയെ കേരള സര്‍ക്കാര്‍ നിയോഗിച്ചത്. 2022 ജൂലായില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിലാണ് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അധ്യാപക നിയമത്തിനുള്ള പ്രായപരിധി എടുത്തുകളഞ്ഞുകൊണ്ടുള്ള യു.ജി.സി. നിര്‍ദേശം നടപ്പാക്കണമെന്ന് ശുപാര്‍ശചെയ്തിട്ടുള്ളത്. വിദേശ സര്‍വകലാശാലകളില്‍ നിന്ന് പിഎച്ച്ഡി ബിരുദം നേടിവരുന്ന പ്രതിഭാശാലികളെ നമ്മുടെ സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രയോജനപ്പെടുത്തുന്നതിന് ഉയര്‍ന്ന പ്രായപരിധി ഉപേക്ഷിക്കണമെന്നതാണ് പുതിയ നിര്‍ദേശം.
സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ അധ്യാപകനിയമനത്തിന് 40 വയസ്സാണ് നിലവിലെ പൊതുപ്രായപരിധി. ഒ.ബി.സി. വിഭാഗങ്ങള്‍ക്ക് 43, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് 45 എന്നിങ്ങനെ ഇളവുണ്ട്. സര്‍വീസ് ചട്ടങ്ങള്‍ പലതും ഉന്നത വിദ്യാഭ്യാസത്തില്‍ ഗുണനിലവാരമുള്ള അധ്യയനത്തിനു തടസ്സമാവുന്നുവെന്നാണ് ശ്യാം ബി. മേനോന്‍ കമ്മിഷന്റെ നിരീക്ഷണം. വിവിധമേഖലകളില്‍ പ്രാവീണ്യമുള്ളവര്‍ക്ക് അവരുടെ തൊഴില്‍ ജീവിതത്തിന്റെ അവസാന കാലയളവില്‍ അധ്യയനത്തിലേക്കു തിരിയാന്‍ പുതിയ തീരുമാനം സഹായിക്കുമെന്നും കമ്മിഷന്‍ പറയുന്നു.

അസി. പ്രൊഫസര്‍ നിയമനത്തിന് സര്‍വകലാശാലകളും കോളേജുകളും പിഎച്ച്.ഡി., പോസ്റ്റ് ഡോക്ടറല്‍ തുടങ്ങിയ ബിരുദമുള്ളവരെയാണ് മുഖ്യമായും പരിഗണിക്കുന്നത്. ഈ ഉയര്‍ന്ന ബിരുദങ്ങള്‍ നേടാന്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരും. അതിനാല്‍, ഇത്തരം ബിരുദധാരികള്‍ക്ക് നിലവിലെ പ്രായപരിധി കാരണം അസി. പ്രൊഫസര്‍ നിയമനത്തിന് അപേക്ഷിക്കാന്‍പോലും കഴിയാറില്ലെന്ന് സർക്കാർ പറയുന്നു. ഉയര്‍ന്ന ബിരുദധാരികള്‍ക്ക് ഇങ്ങനെ അധ്യാപനജോലി നിഷേധിക്കപ്പെടുന്നു. ഇതിനു പുറമേ, വനിതാ ഉദ്യോഗാര്‍ഥികള്‍ക്ക് പ്രസവം, ശിശുപരിപാലനം തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളാലും മറ്റും ഉയര്‍ന്ന ബിരുദങ്ങള്‍ നേടാന്‍ സമയമെടുക്കുന്നെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പല സംസ്ഥാനങ്ങളിലും അസി. പ്രൊഫസര്‍ നിയമനത്തിന് പ്രായപരിധിയില്ലെന്ന് പ്രായപരിധി വര്‍ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. കേന്ദ്ര സര്‍വകലാശാലകളിലും അസി. പ്രൊഫസര്‍ നിയമനത്തിന് പ്രായപരിധി ഇല്ല. അസി. പ്രൊഫസര്‍ നിയമനത്തിന് സര്‍വകലാശാലകളും കോളേജുകളും പിഎച്ച്.ഡി, പോസ്റ്റ് ഡോക്ടറല്‍ തുടങ്ങിയ ബിരുദങ്ങള്‍ ഉള്ളവരെയാണ് പ്രധാനമായും പരിഗണിക്കുന്നത്. ഉയര്‍ന്ന ബിരുദങ്ങള്‍ നേടാന്‍ കൂടുതല്‍സമയം ആവശ്യമായതിനാല്‍ നിലവിലെ പ്രായപരിധി ഇവര്‍ക്ക് അസി. പ്രൊഫസര്‍ നിയമനത്തിന് അപേക്ഷിക്കാന്‍ അവസരം നിഷേധിക്കുന്നു. വിദേശ സര്‍വകലാശാലകളില്‍ ഗവേഷണം നടത്തുന്ന മികച്ച യോഗ്യതകളുള്ള മലയാളികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ പ്രായപരിധി ഒഴിവാക്കുന്നത് സഹായകമാവുമെന്നും സര്‍ക്കാര്‍ പറയുന്നു.
എന്നാല്‍, സര്‍ക്കാരിന്റെ തീരുമാനം മേല്‍പ്പറഞ്ഞതുപോലെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ടുകൊണ്ടുള്ളതല്ലെന്നും ചില ദുരുദ്ദേശ്യങ്ങൾ അതിനു പിന്നിലുണ്ടെന്നുമാണ് പ്രായപരിധി വര്‍ധനയെ എതിര്‍ക്കുന്നവര്‍ പറയുന്നത്. വൈകി ഗവേഷണ ബിരുദം നേടിയ 'വേണ്ടപ്പെട്ടവരെ' സഹായിക്കാനാണ് ഇപ്പോഴത്തെ നീക്കമെന്നും, അത് ഉന്നത യോഗ്യതകളുള്ള ഉദ്യോഗാര്‍ഥികളുടെ തൊഴിലവസരങ്ങള്‍ കവര്‍ന്നെടുക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. കോളേജ്, യൂണിവേഴ്‌സിറ്റി അധ്യാപക നിയമനങ്ങളില്‍ നടക്കുന്ന ക്രമക്കേടുകളും സ്വജനപക്ഷപാതവും സംബന്ധിച്ച ഉയര്‍ന്നുവന്നിട്ടുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വിമര്‍ശനങ്ങള്‍ ഉയരുന്നത്.
ബാധിക്കുന്നത് ആരെയൊക്കെ?
നിലവില്‍ കോളേജ് അധ്യാപക നിയമനത്തിനുള്ള 40 വയസ്സ് എന്ന ഉയര്‍ന്ന പ്രായപരിധി പൂര്‍ണമായും ഒഴിവാക്കാനാണ് സര്‍ക്കാരിന് കമ്മീഷന്റെ ശുപാര്‍ശ ലഭിച്ചതെങ്കിലും പി.എസ്.സി. വ്യവസ്ഥയിലും സ്പെഷ്യല്‍ റൂളിലുമൊക്കെയുള്ള സാങ്കേതികപ്രശ്നങ്ങള്‍ മൂലം 50 വയസ്സ് ആയി നിശ്ചയിക്കുകയായിരുന്നു. സര്‍ക്കാര്‍, എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍, ട്രെയിനിങ് കോളേജുകള്‍, ലോ കോളേജുകള്‍, സംസ്‌കൃത കോളേജുകള്‍, അറബിക് കോളേജുകള്‍, സര്‍വകലാശാലകള്‍ എന്നിവയ്ക്കെല്ലാം ഇതുബാധകമാവുമെന്നാണ് ഉത്തരവില്‍ പറയുന്നത്. സര്‍വകലാശാലകളില്‍ പ്രായപരിധി പൂര്‍ണമായും എടുത്തുനീക്കാനും സര്‍ക്കാരിന്റെ ഉത്തരവില്‍ നിര്‍ദേശിക്കുന്നു.
നിലവില്‍ സര്‍വകലാശാലകളിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് 45 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. പ്രൊഫസര്‍ നിയമനങ്ങള്‍ക്കാവട്ടെ 50 വയസ്സും. രണ്ടു തസ്തികയിലും സംവരണ വിഭാഗങ്ങള്‍ക്ക് മൂന്നു വര്‍ഷത്തെ ഇളവുണ്ട്. ഈ പ്രായപരിധി പൂര്‍ണമായി ഒഴിവാക്കാനാണ് സര്‍ക്കാര്‍തീരുമാനം. ഇതു നടപ്പാക്കാന്‍ യു.ജി.സി. ചട്ടങ്ങള്‍ക്കനുസൃതമായി നിയമങ്ങള്‍ ഭേദഗതിചെയ്യണമെന്നാണ് സര്‍വകലാശാലകള്‍ക്കുള്ള നിര്‍ദേശം.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന്റെ പ്രായപരിധി 50 ആയി ഉയര്‍ത്തുന്നതിലൂടെ, യോഗ്യരായ അനേകം യുവ ഉദ്യോഗര്‍ത്ഥികളുടെ അവസരം നഷ്ടപ്പെടാനും അവര്‍ അക്കാദമിക് മേഖലയില്‍നിന്ന് പുറന്തള്ളപ്പെടാനും കാരണമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്ന പ്രധാന പ്രശ്‌നം. അസിസ്റ്റന്റ് പ്രൊഫസ്സര്‍മാരായി ചെറുപ്പക്കാര്‍ നിയമിക്കപെടുന്നതാണ് അക്കാദമിക് മേഖലയ്ക്ക് ഗുണം ചെയ്യുകയെന്നും പ്രായപരിധി ഉയര്‍ത്തുന്നതിനെതിരേ രംഗത്തെത്തിയിട്ടുള്ള സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ കോളേജ് അധ്യാപകരുടെ പ്രായപരിധിയില്‍ വ്യത്യസ്ത നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. നെറ്റ്, പിഎച്ച്.ഡി. ബിരുദധാരികള്‍ കൂടുതലായുള്ള നമ്മുടെ സംസ്ഥാനത്ത് പ്രായപരിധി കൂട്ടുന്നത് പ്രതിഭകളായ യുവാക്കളുടെ തൊഴില്‍ അവസരം നഷ്ടപ്പെടുത്തും. 50 വയസ്സില്‍ ജോലിയില്‍ പ്രവേശനം നേടുന്ന ഒരാള്‍ക്ക് സര്‍വീസില്‍ അവശേഷിക്കുന്നത് കുറച്ച് വര്‍ഷം മാത്രമാണ്. അതിനെക്കാള്‍ മികച്ച അക്കാദമിക സംഭാവന നല്‍കാന്‍ 30 വയസ്സില്‍ അധ്യാപരാകുന്നവര്‍ക്ക് കഴിയും. 24 വയസ്സില്‍ പി.ജി. പാസാക്കുന്ന ഒരു വിദ്യാര്‍ഥിക്ക് പരമാവധി 30 വയസ്സിന് മുമ്പ് പിഎച്ച്.ഡി. യോഗ്യത നേടാനാവും. വീണ്ടും 10 വര്‍ഷം ജോലിക്ക് അപേക്ഷ നല്‍കുവാനുള്ള അവസരം ലഭിക്കും. യുവാക്കളായ അധ്യാപകര്‍ക്കാണ് അക്കാദമിക് രംഗത്ത് പുതിയ ഉണര്‍വുണ്ടാക്കാന്‍ സാധിക്കുകയെന്നും പുതിയ അറിവുകള്‍ ആര്‍ജിക്കാനും അത് വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നുകൊടുക്കാനുമുള്ള മിടുക്കുണ്ടാകുകയെന്നുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ചെറുപ്പത്തിലേ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് അക്കാദമിക് കരിയര്‍ വളര്‍ത്താനുള്ള അവസരവും ലഭിക്കും.
പിഎച്ച്.ഡി. ബിരുദം നേടുന്നതിലുള്ള കാലതാമസം കണക്കിലെടുത്താണ് നിയമനപ്രായം വര്‍ധിപ്പിക്കുന്നതെന്ന വാദത്തിലും കഴമ്പില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 30 വയസിനുള്ളില്‍ ഗവേഷണ ബിരുദം നേടുന്നവര്‍ നിരവധിയാണ്. വിദേശത്ത് നിന്നുവരുന്ന മികച്ച അക്കാദമിക നിലവാരം പുലര്‍ത്തുന്നവര്‍ക്കുവേണ്ടി കേരളത്തിലെ അധ്യാപക അവസരങ്ങള്‍ നിഷേധിക്കാന്‍ പാടില്ല. പ്രായമായ അക്കാദമിക വിദഗ്ധരുടെ സേവനം ലഭ്യമാക്കാന്‍ അവരെ എമിരിറ്റസ് പ്രൊഫസ്സര്‍ പദവി നിയമിക്കുകയാണ് വേണ്ടതെന്നും അവര്‍ പറയുന്നു.
പ്രായപരിധി ഉയര്‍ത്തുന്നതിന്‍റെ പ്രയോജനം ആർക്ക്?
ഗവേഷണ ബിരുദം വൈകി സമ്പാദിച്ച 'വേണ്ടപ്പെട്ടവര്‍ക്ക്' സര്‍വ്വകലാശാലകളില്‍ അസിസ്റ്റന്റ് പ്രൊഫസ്സര്‍ പദവിയില്‍ കയറിപ്പറ്റുന്നതിനാണ് തിരക്കിട്ട് അസിസ്റ്റന്റ് പ്രൊഫസ്സര്‍ നിയമനത്തിനുള്ള പ്രായപരിധി വര്‍ധിപ്പിച്ചതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ ആരോപിക്കുന്നു. ഒരു വര്‍ഷം മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ തന്നെ തള്ളിക്കളഞ്ഞ ശുപാര്‍ശയാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. അതിനു പിന്നില്‍ ചില നിക്ഷിപ്ത താല്‍പര്യങ്ങളുണ്ടെന്നാണ് ആരോപണം.
കണ്ണൂര്‍ സര്‍വകലാശാലയില്‍നിന്നാണ് പ്രായപരിധി എടുത്തുകളയണമെന്ന ആവശ്യം ആദ്യമുയർന്നതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ്. ശശികുമാര്‍ പറയുന്നു. മലയാളം വകുപ്പില്‍ നിയമനത്തിന് നിലവിലെ പ്രായപരിധി കടന്ന ഒരു ഉദ്യോഗാര്‍ത്ഥി യു.ജി.സി. റെഗുലേഷന്‍ വ്യവസ്ഥ അതേപടി നടപ്പിലാക്കുവാന്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും വൈസ് ചാന്‍സിലര്‍ വഴങ്ങിയിരുന്നില്ല. പിന്നീട് ഇവര്‍ പ്രായപരിധി മറികടക്കുന്നതിന് 45 വയസ്സ് പ്രായപരിധി നിശ്ചയിച്ചിട്ടുള്ള അസോസിയേറ്റ് പ്രൊഫസ്സര്‍ നിയമത്തിന് ഉദ്യോഗാര്‍ത്ഥിയായെത്തി എന്നും ശശികുമാര്‍ ചൂണ്ടിക്കാട്ടുന്നു.
ആദ്യം ആവശ്യം തള്ളിക്കളഞ്ഞെങ്കിലും പിന്നീട് കണ്ണൂര്‍ വി.സി. തന്നെ പ്രായപരിധി ഉയര്‍ത്തുന്നത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കും ഉന്നത വിദ്യാഭ്യാസവൈസ് ചെയര്‍മാനും കത്തയച്ചു. 2020 ജനുവരിയില്‍ അന്നത്തെ മന്ത്രി കെ.ടി. ജലീലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ബോര്‍ഡ് യോഗം ഈ വിഷയം ഔട്ട് ഓഫ് അജണ്ടയായി പരിഗണിച്ച്, യു.ജി.സി. വ്യവസ്ഥ ചെയ്യാത്തതിനാല്‍ ഉയര്‍ന്ന പ്രായപരിധി ഉപേക്ഷിക്കണമെന്ന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. ഇതോടൊപ്പം, പ്രായപരിധി എടുത്തുകളായാന്‍ റിസര്‍ച്ച് സ്‌കോളേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

വിഷയത്തില്‍ രണ്ട് മാസത്തിനുള്ളില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ ഈ വിഷയം വിശദമായി പരിശോധിച്ചു. നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ യൂണിവേഴ്സിറ്റികളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസ്സര്‍ തസ്തികകളില്‍ ഉദ്യോഗാര്‍ത്ഥികളുടെ കുറവുള്ളതായോ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതായോ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ലാത്ത സാഹചര്യത്തില്‍ നേരിട്ടുള്ള നിയമത്തിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഉയര്‍ന്ന പ്രായപരിധി ഒഴിവാക്കുന്നതിനുള്ള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ശുപാര്‍ശ പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് 2021 ഒക്ടോബറില്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. പിന്നീട് 2022 ജൂലായിലാണ് ശ്യാം ബി. മേനോന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പ്രായപരിധി എടുത്തുകളയണമെന്ന് ശുപാര്‍ശയുണ്ടായത്. തുടർന്ന് 2022 ഏപ്രിൽ 11-ന് സർക്കാർ ഉത്തരവിറക്കുകയും ചെയ്തു.
സർക്കാരിന് നിക്ഷിപ്തതാൽപര്യങ്ങൾ ഉണ്ടോ?
ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ ശുപാര്‍ശ ഇതേ സര്‍ക്കാര്‍ തള്ളി ഒരു വര്‍ഷത്തിന് ശേഷമാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് ശുപാര്‍ശ നടപ്പാക്കാന്‍ തീരുമാനിച്ചത്. ഇക്കാലത്തിനിടയില്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായ എന്തു മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നാണ് ഉയരുന്ന ചോദ്യം. ഇവിടെയാണ് സര്‍ക്കാരിന്റെ തീരുമാനം സംബന്ധിച്ച് സംശയം ഉന്നയിക്കപ്പെടുന്നത്. കൂടാതെ, കോളേജ്/സര്‍വകലാശാല നിയമനങ്ങള്‍ സംബന്ധിച്ച് അടുത്തിടെ ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ആരോപണങ്ങള്‍ പ്രസക്തമാകുന്നതെന്നും സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നു.

പിഎച്ച.ഡി. അടക്കമുള്ള യോഗ്യതകള്‍ നേടിയ യുവരാഷ്ട്രീയ നേതാക്കളും അവരുടെ ബന്ധുക്കളും അടക്കമുള്ളവരെ തിരുകിക്കയറ്റാനാണ് സർക്കാർ ഇപ്പോള്‍ പ്രായപരിധി വർധിപ്പിച്ചിരിക്കുന്നതെന്നാണ് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ആരോപിക്കുന്നത്. സ്‌കൂളുകളിലും പ്രൈവറ്റ് കോളേജുകളിലും പഠിപ്പിക്കുന്നവരും തൊഴില്‍ ലഭിക്കാത്തവരും അക്കൂട്ടത്തിലുണ്ട്. അവര്‍ക്ക് സര്‍വ്വകലാശാല അധ്യാപകരായി കയറാനുള്ള കുറുക്കുവഴി കൂടിയാണ് ഉയര്‍ന്ന പ്രായപരിധി പിന്‍വലിക്കലെന്നും ആരോപണം ഉന്നയിക്കുന്നവര്‍ പറയുന്നു. സര്‍വ്വകലാശാല വ്യവസ്ഥയനുസരിച്ച് നേരത്തെ വാങ്ങിയ ശമ്പളവും ഗ്രേഡും സംരക്ഷിക്കപ്പെടുമെന്നതിനാല്‍ യൂണിവേഴ്സിറ്റികളില്‍ നേരിട്ട് കയറാനാവും. സ്വകാര്യ കോളേജ് മാനേജ്മെന്റുകള്‍ക്ക് അപേക്ഷകരുടെ എണ്ണം കൂടുന്നത് സഹായകമാകുകയും ചെയ്യും.
വിദേശത്ത് പിഎച്ച്ഡിയും പോസ്റ്റ് ഡോക്ടറല്‍ ഗവേഷണവും പൂര്‍ത്തിയാക്കി കേരളത്തിലെ യൂണിവേഴ്‌സിറ്റികളില്‍ ജോലി നേടാന്‍ ശ്രമിക്കുന്നവര്‍ രാഷ്ട്രീയ ഇടപെടലുകള്‍ മൂലം പുറന്തള്ളപ്പെടുകയും താരതമ്യേന കുറഞ്ഞ യോഗ്യതയുള്ളവര്‍ യു.ജി.സി. റഗുലേഷന്റെ പഴുതുകള്‍ ഉപയോഗിച്ച് രാഷ്ട്രീയ പിന്തുണയോടെ അധ്യാപകരായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നത് പലതവണ വിവാദങ്ങള്‍ക്കിടയാക്കിയതാണ്. പ്രായപരിധി ഉയര്‍ത്തുന്നതിലൂടെ വിദേശത്തുനിന്ന് പരിശീലനം ലഭിച്ചവര്‍ക്ക് അവസരം ലഭിക്കും എന്ന വാദത്തിലെ പൊള്ളത്തരം ചൂണ്ടിക്കാണിക്കപ്പെടുന്നത് ഈ സാഹചര്യത്തിലാണ്.
ഉത്തരവ് ഇറങ്ങിക്കഴിഞ്ഞ സാഹചര്യത്തില്‍, സര്‍ക്കാരിന്റെ ഈ നയപരമായ തീരുമാനം നടപ്പാക്കപ്പെടുകതന്നെ ചെയ്യും. പ്രായപരിധി ഉയര്‍ത്താന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്ന ന്യായങ്ങള്‍ സാധൂകരിക്കപ്പെടണമെങ്കില്‍ കോളേജ്/സര്‍വകലാശാല നിയമനങ്ങള്‍ സുതാര്യമായും പക്ഷപാതരഹിതമായും നടക്കേണ്ടതുണ്ട്. ഇപ്പോള്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് അടിവരയിടുന്ന വിധത്തില്‍ ഉന്നത യോഗ്യതയുള്ളവര്‍ പിന്തള്ളപ്പെടുകയും രാഷ്ട്രീയ താല്‍പര്യങ്ങള്‍ നിയമനങ്ങള്‍ക്ക് അടിസ്ഥാനമാകുകയും ചെയ്താല്‍ തീര്‍ച്ചയായും ഇപ്പോഴത്തെ നടപടി കടുത്ത വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തും. പ്രായപരിധി ഉയര്‍ത്തുന്നതില്‍ സര്‍ക്കാരിനുള്ള സദുദ്ദേശ്യം ജനങ്ങള്‍ക്കുമുന്നില്‍ തെളിയിക്കാനുള്ള ബാധ്യത സര്‍ക്കാരിനു തന്നെയാണ്.
Content Highlights: Government raises age limit for assistant professors’ appointment to 50 years
Published: 14 Apr 2023, 02:15 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented