
ദേശീയ വിദ്യാഭ്യായ നയം 2020-ന്റെ ഭാഗമായുള്ള നാല് വര്‍ഷ ഓണേഴ്‌സ് ബിരുദം ഈ വര്‍ഷം തന്നെ കേരളത്തില്‍ ആരംഭിക്കണോ എന്നത് സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. അതിനൊടുവില്‍, അടുത്ത അധ്യയനവര്‍ഷം മുതല്‍ ആരംഭിച്ചാല്‍ മതിയെന്ന തീരുമാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ഉടന്‍ നടപ്പാക്കുന്നതില്‍ കേരളത്തിലെ ഭൂരിപക്ഷം യൂണിവേഴ്‌സിറ്റികളും ബുദ്ധിമുട്ടറിയിക്കുകയും ചര്‍ച്ചകള്‍ കൂടാതെ തിരക്കിട്ട് നടപ്പാക്കുന്നതില്‍ അധ്യാപക-വിദ്യാര്‍ഥി സംഘടനകള്‍ താല്‍പര്യക്കുറവ് രേഖപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ വകുപ്പ് ഇത്തരമൊരു തീരുമാനം എടുത്തത്. നിലവില്‍ മൂന്നു വര്‍ഷം ദൈർഘ്യമുള്ള ബിരുദ കോഴ്‌സ് നാലു വര്‍ഷമാക്കുമ്പോള്‍ എന്താണ് സംഭവിക്കുക? എന്താണ് അതുകൊണ്ട് ലക്ഷ്യംവെക്കുന്നത്? ഗുണദോഷവശങ്ങള്‍ എന്തൊക്കെ? തുടങ്ങിയ കാര്യങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കിടയിലും പൊതുസമൂഹത്തിലും വേണ്ടത്ര അവബോധം ഉണ്ടായിട്ടില്ലാത്ത സാഹചര്യത്തില്‍ തിടുക്കപ്പെട്ട് നടപ്പാക്കില്ല എന്ന തീരുമാനം സ്വാഗതാര്‍ഹമാണ്.
ഉന്നതവിദ്യാഭ്യാസ മേഖലയെ അടിമുടി പൊളിച്ചെഴുതുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ വിദ്യാഭ്യാസ നയത്തില്‍ നാലു വര്‍ഷ ഓണേഴ്‌സ് ബിരുദ കോഴ്‌സ് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ഥികളെ ഗവേഷണ രംഗത്തേക്ക് ആകര്‍ഷിക്കുക, തൊഴില്‍ നൈപുണി നല്‍കുക തുടങ്ങി ഒട്ടേറെ ലക്ഷ്യങ്ങള്‍ ഇതിനുണ്ട്. എന്നാല്‍, വ്യത്യസ്ത അക്കാദമിക സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഒരേ വിധത്തില്‍ ഇത് നടപ്പാക്കാനാകില്ല. ഓരോ സംസ്ഥാനങ്ങളും അവരവരുടെ വിദ്യാഭ്യാസ സാഹചര്യങ്ങള്‍ക്കനുസരിച്ച് കരിക്കുലത്തെയും കോഴ്‌സ് ഘടനയെയും പുനഃക്രമീകരിച്ചാണ് ഇത് നടപ്പാക്കുന്നത്. കേരളവും അത്തരത്തില്‍ത്തന്നെയാകും നടപ്പാക്കുക. അടുത്ത അധ്യയനവര്‍ഷം മുതല്‍ നടപ്പാക്കി തുടങ്ങുമെന്നാണ് ഉന്നതവിദ്യഭ്യാസ മന്ത്രി ആര്‍. ബിന്ദു അറിയിച്ചിരിക്കുന്നത്.
നിർത്തി പോകാം, വീണ്ടും തുടരാം
എന്താണ് നാലു വര്‍ഷ ഓണേഴ്‌സ് ബിരുദം? നിലവിലുള്ള മൂന്നു വര്‍ഷ ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് സിസ്റ്റത്തില്‍നിന്ന് ഏതൊക്കെ വിധത്തിലാണ് ഇത് വേറിട്ടുനില്‍ക്കുന്നത്? വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാണോ ഇപ്പോഴത്തെ മാറ്റം?- ഉയര്‍ന്നുവരുന്നത് ഇങ്ങനെയുള്ള ചോദ്യങ്ങളാണ്. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 2023-2024 അധ്യയന വര്‍ഷത്തില്‍ നടപ്പാക്കുന്നതിന് നാലു വര്‍ഷ ഓണേഴ്‌സ് ബിരുദ കോഴ്‌സിന്റെ പാഠ്യപദ്ധതി ചട്ടക്കൂട് 2022 ഡിസംബറില്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ (യു.ജി.സി.) പുറത്തിറക്കിയിരുന്നു. ഇന്ത്യയിലെ 45 കേന്ദ്ര സര്‍വകലാശാലകളിലും മിക്ക സംസ്ഥാന-സ്വകാര്യ സര്‍വകലാശാലകളിലും ഇതുപ്രകാരം നാലു വര്‍ഷ ബിരുദ കോഴ്‌സുകള്‍ ഈ വര്‍ഷംതന്നെ ആരംഭിക്കുമെന്നാണ് അറിയുന്നത്.
നിലവിലെ ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് സിസ്റ്റത്തിലുള്ള മൂന്നു വര്‍ഷത്തെ കോഴ്‌സുമായി താരതമ്യം ചെയ്യുമ്പോള്‍ നാലു വര്‍ഷ ഓണേഴ്‌സ് ബിരുദത്തിനുള്ള പ്രധാന വ്യത്യാസം ഇത് നാല് തലങ്ങളിലായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു എന്നതാണ്. അതായത്, ബിരുദത്തിനു ചേരുന്ന വിദ്യാര്‍ഥിക്ക് വേണമെങ്കില്‍ ആദ്യത്തെ ഒരു വര്‍ഷത്തെ കോഴ്‌സ് പൂത്തിയാക്കി പഠനം നിര്‍ത്താനാവും. അപ്പോള്‍ വിദ്യാര്‍ഥിക്ക് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. രണ്ടാം വര്‍ഷത്തോടെ പഠനം അവസാനിപ്പിച്ചാല്‍ ഡിപ്ലോമയും മൂന്നുവര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബിരുദവും ലഭിക്കും. നാലാം വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥിക്ക് ഓണേഴ്സ് ബിരുദമാണ് ലഭിക്കുക.
പുതിയ രീതിയനുസരിച്ച് ഒരു വര്‍ഷം കഴിഞ്ഞോ രണ്ടു വര്‍ഷം കഴിഞ്ഞോ പഠനം നിര്‍ത്തുന്ന വിദ്യാര്‍ഥിക്ക് കുറച്ചു കാലത്തിനു ശേഷം തിരികെവന്ന് പഠനം തുടരാന്‍ സഹായകമാകുന്ന സൗകര്യമാണ് അക്കാദമിക് എന്‍ട്രി അഥവാ റീഎന്‍ട്രി. യു.ജി. സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ തുടങ്ങിയവയുമായി പഠനം അവസാനിപ്പിക്കുന്നവര്‍ക്ക് മൂന്നു വര്‍ഷത്തിനുള്ളില്‍ തിരികെ ചേര്‍ന്ന് നാലു വര്‍ഷ ബിരുദം പൂര്‍ത്തിയാക്കാം. നാലു വര്‍ഷ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാനുള്ള പരമാവധി കാലാവധി ഏഴു വര്‍ഷമായിരിക്കും. പഠിച്ച കോഴ്‌സുകള്‍ക്ക് സമാനമായ കോഴ്സുകളോ സമാനമായ സ്ഥാപനങ്ങളോ രാജ്യത്ത് എവിടെയുള്ളതാണെങ്കിലും തുടര്‍പഠനത്തിനായി തിരഞ്ഞെടുക്കാം. ഇതിനൊക്കെയുള്ള യോഗ്യത നിശ്ചയിക്കുന്നത് വിദ്യാര്‍ഥി പഠനകാലയളവില്‍ നേടുന്ന ക്രെഡിറ്റ് ആണ്.
ക്രെഡിറ്റിലാണ് കാര്യം
വിദ്യാര്‍ഥിയുടെ ഓരോ വര്‍ഷത്തെയും പഠനത്തിന്റെ ബാക്കിപത്രം ആ വിദ്യാര്‍ഥി നേടിയ ക്രെഡിറ്റ് ആണ്. അതായത്, ഓരോ വര്‍ഷവും പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാര്‍ഥി നേടുന്ന ക്രെഡിറ്റാണ് അടുത്ത വര്‍ഷത്തെ പഠനത്തിന്/തുടര്‍പഠനത്തിന് യോഗ്യത നേടിക്കൊടുക്കുക. ഓണേഴ്‌സ് ബിരുദം നേടുന്നതിന് നാലു വര്‍ഷംകൊണ്ട് 160 ക്രെഡിറ്റ് പോയിന്റ് നേടിയിരിക്കണം. മൂന്നുവര്‍ഷം പൂര്‍ത്തിയാക്കി പുറത്തുപോകാന്‍ വിദ്യാര്‍ഥി 120 ക്രെഡിറ്റെങ്കിലും ആര്‍ജിച്ചിരിക്കണം.
ഒരു ക്രെഡിറ്റ് പോയിന്റ് ലഭിക്കാന്‍ ഒരു സെമസ്റ്ററില്‍ 15 മണിക്കൂര്‍ എങ്കിലും ലെക്ചറര്‍/ട്യൂട്ടോറിയല്‍ ക്ലാസില്‍ പങ്കെടുക്കണം. കൂടാതെ, പഠനവുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തനങ്ങളില്‍ 30 മണിക്കൂര്‍ ഏര്‍പ്പെടണം. അക്കാദമിക പ്രവര്‍ത്തനങ്ങള്‍ കൂടാതെ, ഒരു സെമസ്റ്ററില്‍ ചുരുങ്ങിയത് 60 മണിക്കൂറെങ്കിലും കലാ-കായിക പ്രവര്‍ത്തനങ്ങള്‍, സാമൂഹിക പ്രവര്‍ത്തനം എന്നിവയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥിക്ക് ഒരു ക്രെഡിറ്റ് പോയിന്റ് ലഭിക്കും.
അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് എന്ന സംവിധാനത്തിലൂടെയാണ് വിദ്യാര്‍ഥിയുടെ ക്രെഡിറ്റ് എത്രയുണ്ടെന്ന് കണക്കാക്കുക. ഇതൊരു വെര്‍ച്വല്‍ സംവിധാനമാണെന്ന് പറയാം. പഠനകാലത്ത് വിവിധ ഘട്ടങ്ങളില്‍ ലഭിക്കുന്ന ക്രെഡിറ്റ് സംബന്ധിച്ച വിവരങ്ങളാണ് ഇതിലുണ്ടാവുക. തുടര്‍പഠനത്തിന് അഡ്മിഷന്‍ നേടുന്നതിനും വിവിധ കോഴ്‌സുകളുടെ തിരഞ്ഞെടുപ്പിനും യോഗ്യതയ്ക്കും ഈ ക്രെഡിറ്റുകളാണ് വിദ്യാര്‍ഥിയെ പ്രാപ്തനാക്കുക. വിദ്യാഭ്യാസത്തിന്റെ ഏത് ഘട്ടത്തിലും തുടര്‍വിദ്യാഭ്യാസത്തിലും അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് ആയിരിക്കും യോഗ്യത നിശ്ചയിക്കുന്ന ആധികാരിക റഫറന്‍സ്.
പഠിക്കാം, ഒന്നിലേറെ വിഷയങ്ങൾ
സാധാരണഗതിയില്‍ ഏതെങ്കിലും ഒരു വിഷയത്തില്‍ മൂന്നു വര്‍ഷം പഠനം പൂര്‍ത്തിയാക്കി ബിരുദം നേടുന്നത് നിലവിലുള്ള രീതി. എന്നാല്‍ പുതിയ സമ്പ്രദായത്തില്‍ പ്രധാന ഐച്ഛിക വിഷയത്തില്‍ മേജര്‍ ബിരുദവും തിരഞ്ഞെടുക്കുന്ന മറ്റു വിഷയങ്ങളില്‍ മൈനര്‍ ബിരുദങ്ങളും ഒരേ കോഴ്‌സിന്റെ ഭാഗമായി വിദ്യാര്‍ഥിക്ക് ലഭിക്കും. കൂടാതെ ഡബിള്‍ മെയിന്‍, ഇന്റര്‍ ഡിസിപ്ലിനറി മേജര്‍ എന്നിങ്ങനെയും കോഴ്‌സുകള്‍ ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് അവരുടെ താല്‍പര്യമനുസരിച്ച് സിംഗിള്‍ മേജര്‍, ഡബിള്‍ മേജര്‍, മേജര്‍ വിത്ത് മൈനര്‍ എന്നിങ്ങനെയും കോഴ്‌സുകള്‍ രൂപകല്‍പന ചെയ്യാം.
ഐച്ഛിക വിഷയം ഏതായാലും ആദ്യത്ത മൂന്ന് സെമസ്റ്ററുകളില്‍ അടിസ്ഥാന കോഴ്‌സുകളാണ് പഠിക്കേണ്ടി വരിക. ഭാഷാപഠനം, നൈപുണ്യ വികസനം, മള്‍ട്ടി ഡിസിപ്ലിനറി കോഴ്‌സുകള്‍, വിഷയാധിഷ്ഠിത ഫൗണ്ടേഷന്‍ കോഴ്‌സുകള്‍ എന്നിവയാണ് ഇവ. ഭാഷാപഠനം എന്നത് സാഹിത്യപഠനത്തില്‍നിന്ന് മാറി, ഭാഷ നന്നായി കൈകാര്യംചെയ്യാനുള്ള കഴിവു നേടുന്ന തരത്തിലായിരിക്കും പുനഃക്രമീകരിക്കുക.
ആദ്യത്തെ രണ്ട് സെമസ്റ്ററുകള്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥിക്ക് തന്റെ പ്രധാന ഐച്ഛിക വിഷയവും (മേജര്‍), മറ്റൊരു ഐച്ഛിക വിഷയവും (മൈനര്‍) തിരഞ്ഞെടുക്കാം. അടുത്ത മൂന്നു സെമസ്റ്ററുകളില്‍ പൂര്‍ണമായും മേജര്‍, മൈനര്‍ വിഷയങ്ങളായിരിക്കും പഠിക്കേണ്ടി വരിക. ആകെ നേടിയ ക്രെഡിറ്റില്‍ 50 ശതമാനം ഒരു പ്രത്യേക വിഷയത്തില്‍ നേടിയാല്‍ മാത്രമേ ആ വിഷയത്തില്‍ മേജര്‍ ബിരുദം ലഭിക്കൂ. മേജറിന് ആവശ്യമായ ക്രെഡിറ്റിന്റെ പകുതിയെങ്കിലും ഒരു വിഷയത്തില്‍ ലഭിച്ചാലേ ആ വിഷയത്തില്‍ മൈനര്‍ ബിരുദം ലഭിക്കൂ.
തിരഞ്ഞെടുത്ത വിഷയത്തില്‍/വിഷയങ്ങളില്‍ നാലു വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കി, നിശ്ചിത ക്രഡിറ്റ് നേടിയാല്‍ ഓണേഴ്‌സ് ലഭിക്കുമെന്ന് പറഞ്ഞല്ലോ. വേണമെങ്കില്‍ ഒരു വിദ്യാര്‍ഥിക്ക് മൂന്നു വര്‍ഷം പ്രത്യേക വിഷയത്തില്‍ പഠനം പൂര്‍ത്തിയാക്കി, നാലാം വര്‍ഷം ഒരു ഗവേഷണ മേഖല തിരഞ്ഞെടുത്ത് ഒരു അധ്യാപകനു കീഴില്‍ ഒരു വര്‍ഷത്തെ ഗവേഷണം പൂര്‍ത്തീകരിക്കുകയും ചെയ്യാവുന്നതാണ്. ഗവേഷണത്തിന് തിരഞ്ഞെടുക്കുന്നത് ഈ വിദ്യാര്‍ഥിയുടെ മേജര്‍ വിഷയം ആയിരിക്കണം. ഈ കോഴ്‌സിനെ ഓണേഴ്‌സ് വിത്ത് റിസര്‍ച്ച് എന്ന് പറയുന്നു. ഇങ്ങനെ പാസ്സാകുന്ന വിദ്യാര്‍ഥിക്ക് ബിരുദാനന്തര ബിരുദം ഇല്ലാതെതന്നെ പിഎച്ച്.ഡിക്ക് ചേരാം.
ഇപ്പോഴുള്ള ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് സിസ്റ്റം അനുസരിച്ച് മൂന്ന് വര്‍ഷത്തെ ഡിഗ്രി കോഴ്സില്‍ ചേര്‍ന്നിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അതാത് വിഷയങ്ങളിലെ നാല് വര്‍ഷ ഡിഗ്രി കോഴ്സില്‍ ചേരാനാകും. പുതിയ തരത്തിലുള്ള കോഴ്‌സിലേക്ക് മാറുന്നതിന് അനുയോജ്യമായ വിധത്തില്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നതിന് സര്‍വകലാശാലകള്‍ക്ക് ഓണ്‍ലൈനായോ ഓഫ്‌ലൈനായോ ബ്രിഡ്ജ് കോഴ്സുകളും ആരംഭിക്കാമെന്ന് യു.ജി.സി. പറയുന്നു. രണ്ടാം സെമസ്റ്ററിന്റെ അവസാനം, വിദ്യാര്‍ഥികള്‍ക്ക് അവര്‍ തിരഞ്ഞെടുത്ത മെയിന്‍ സബ്ജക്ട് മാറ്റാനോ തുടരാനോ സാധിക്കും. വിദ്യാര്‍ഥികള്‍ക്ക് ഒരു സ്ഥാപനത്തില്‍നിന്ന് മറ്റൊന്നിലേക്ക് മാറാം, കൂടാതെ ഓപ്പണ്‍, ഡിസ്റ്റന്‍സ്, ഓണ്‍ലൈന്‍ പഠനം അല്ലെങ്കില്‍ ഹൈബ്രിഡ് മോഡ് തുടങ്ങിയ മറ്റു രീതികളിലേക്ക് മാറാനും കഴിയും.
സാധ്യതകൾ നിരവധി, പക്ഷേ...
വിദ്യാര്‍ഥികളുടെ വിജ്ഞാനമേഖല വിപുലമാക്കാനും കൂടുതല്‍ സമഗ്രമായ പഠനം സാധ്യമാക്കാനും പുതിയ രീതി സഹായകമാണെന്നാണ് പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്ന മേന്മ. കൂടാതെ, വിദ്യാര്‍ഥികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ച് ഐച്ഛികവിഷയം, ഉപവിഷയങ്ങള്‍, ഒരേ സമയം ഒന്നിലധികം ഐച്ഛിക വിഷയങ്ങള്‍ എന്നിങ്ങനെ തിരഞ്ഞെടുക്കാനും കരിയര്‍ ലക്ഷ്യങ്ങള്‍ക്കനുസരിച്ച് കോഴ്‌സുകള്‍ രൂപകല്‍പന ചെയ്യാനും സാധിക്കും. ഇതിലൂടെ കുട്ടികളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകള്‍ക്ക് കൂടുതല്‍ പ്രധാന്യം ലഭിക്കും.
അധികമായി ലഭിക്കുന്ന ഒരു വര്‍ഷം താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഗവേഷണം, ഇന്റേണ്‍ഷിപ്പ്, പ്രൊജക്ട് തുടങ്ങിയവയിലൂടെ അവരുടെ ഇഷ്ടവിഷയത്തില്‍ കൂടുതല്‍ ആഴമേറിയ പഠനത്തിന് അവസരം ലഭിക്കുന്നു. കോഴ്‌സിന്റെ ഭാഗമായിത്തന്നെ ലഭിക്കുന്ന വിവിധ മേഖലകളിലെ പരിജ്ഞാനം പെട്ടെന്ന് ഒരു തൊഴില്‍ ലഭിക്കാന്‍ അവസരങ്ങളൊരുക്കിയേക്കും. അതായത്, ബിരുദത്തിനു ശേഷം ഒരു പ്രൊഫഷണല്‍ കോഴ്‌സ് ചെയ്യുന്നതിനു പകരം ഏതെങ്കിലുമൊരു തൊഴിലിൽ ബിരുദപഠന കാലത്തുതന്നെ നൈപുണ്യം നേടാന്‍ വിദ്യാര്‍ഥിക്ക് സാധിക്കും.
നിലവിലുള്ള മൂന്നു വര്‍ഷ കോഴ്‌സിനെ അപേക്ഷിച്ച് നാലു വര്‍ഷ ബിരുദത്തിന്റെ പ്രധാന പോരായ്മ അത് പൂര്‍ത്തിയാക്കാന്‍ വേണ്ടിവരുന്ന അധികകാലമാണ്. ഒരു വര്‍ഷം അധികമായി പഠനം നീളുന്നതിലൂടെ ആവശ്യമായി വരുന്ന ട്യൂഷന്‍ ഫീസ്, മറ്റു ചെലവുകള്‍ എന്നിവ വിദ്യാര്‍ഥികള്‍ക്കും അവരുടെ കുടുംബത്തിനും അമിതഭാരമായി മാറാം. ഒരുവര്‍ഷം വൈകി മാത്രമേ അവര്‍ക്ക് തൊഴില്‍ മേഖലയില്‍ പ്രവേശിക്കാനാകൂ എന്നതാണ് മറ്റൊരു പ്രശ്‌നം.
ഒന്നിലധികം ഐച്ഛികവിഷയങ്ങളും ഉപവിഷയങ്ങളും വരുന്നതോടെ ഒരു പ്രത്യേക വിഷയത്തില്‍ സൂക്ഷ്മപഠനം സാധ്യമാകാതെ വരുന്ന സാഹചര്യം ചില കോഴ്‌സുകള്‍ സംബന്ധിച്ചെങ്കിലും ഉണ്ടാകാം. കരിയര്‍ താല്‍പര്യങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുകയും ചെയ്‌തേക്കാം. അക്കാദമിക മേഖലയേക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ അടിസ്ഥാനപരമായ മാറ്റമുണ്ടാകാതെ കൂടുതല്‍ വിദ്യാര്‍ഥികളെ ഗവേഷണത്തിലേക്ക് അടുപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ ബിരുദ കോഴ്‌സ് ഘടന വിജയം കാണുമോ എന്നതും ഉയര്‍ന്നുവരുന്ന സംശയമാണ്.
കേരളത്തില്‍ എടുത്തുചാടി നടപ്പാക്കാനാകുമോ?
കേരളത്തില്‍ കാലാകാലങ്ങളായി ബിരുദ പഠനം എന്നത് മൂന്നു വര്‍ഷമാണ്. അധ്യാപകരും വിദ്യാര്‍ഥികളുമെല്ലാം പരമ്പരാഗതമായി പിന്തുടര്‍ന്നു വരുന്ന, ഉറച്ചുപോയ അക്കാദമിക് ചട്ടക്കൂടിലാണ് അത് മുന്നോട്ടുപോകുന്നത്. ഈ സാഹചര്യത്തില്‍ തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകളോടുകൂടി വിഭാവനം ചെയ്യപ്പെട്ട നാലു വര്‍ഷ ഓണേഴ്‌സ് ബിരുദം ആവശ്യമായ മുന്നൊരുക്കങ്ങളോ ബോധവത്കരണമോ കൂടാതെ പെട്ടെന്നൊരു ദിവസം ആരംഭിക്കുന്നത് തീര്‍ച്ചയായും ആത്മഹത്യാപരമായിരിക്കും. 2023-24 വര്‍ഷം ആരംഭിക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറിയത് വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നുവന്ന പല തരത്തിലുള്ള ആശങ്കകളുടെ പശ്ചാത്തലത്തിലാണ്.
പ്രധാനമായും പരിഗണിക്കേണ്ടത് പുതിയ രീതിയില്‍ കോഴ്‌സുകള്‍ നടത്താന്‍ തക്കവിധം നമ്മുടെ കോളേജുകളും സര്‍വകലാശാലകളും സജ്ജമാണോ എന്നതാണ്. ഗവേഷണം അടക്കമുള്ള നാലു വര്‍ഷ കോഴ്‌സുകള്‍ നടപ്പാക്കുന്നതിന് സ്ഥാപനങ്ങളില്‍ അക്കാദമികവും അക്കാദമികേതരവുമായ നിശ്ചിത സൗകര്യങ്ങള്‍ ആവശ്യമാണെന്ന് യു.ജി.സി. നിഷ്‌കര്‍ഷിക്കുന്നുണ്ട്. ലൈബ്രറി, അന്താരാഷ്ട്ര ജേണലുകളുടെ ലഭ്യത, കമ്പ്യൂട്ടര്‍ ലാബുകളും സോഫ്റ്റ്‌വെയറുകളും ലബോറട്ടറി സൗകര്യങ്ങള്‍, ഗവേഷണ മേല്‍നോട്ടം വഹിക്കാന്‍ യോഗ്യതയുള്ള അധ്യാപകര്‍ എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ ആവശ്യമാണ്.
കൂടാതെ, പുതിയ ഘടനയിലുള്ള കോഴ്‌സുകള്‍ അവയുടെ സത്ത തിരിച്ചറിഞ്ഞുകൊണ്ട് നടപ്പാക്കാന്‍ അധ്യാപകരെ സജ്ജരാക്കുക എന്നതും പ്രധാനമാണ്. പുതിയ ആശയങ്ങള്‍ വിഭാവനം ചെയ്യുമ്പോഴും പാഠ്യപദ്ധതി ചര്‍ച്ച അധ്യാപക കേന്ദ്രീകൃതമായി മാറുകയാണ് പതിവെന്ന വിദ്യാര്‍ഥി സംഘടനകള്‍ മുന്നോട്ടുവെച്ചിട്ടുള്ള ആശങ്കകള്‍ ഇവിടെ പ്രസക്തമാണ്. നാലു വര്‍ഷ ബിരുദത്തിലേക്കു മാറാന്‍ അധ്യാപകര്‍തന്നെ കഴിവാര്‍ജിച്ചിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നത് പ്രാധാന്യത്തോടെ അഭിമുഖീകരിക്കേണ്ട വിഷയമാണ്.
പരമ്പരാഗത പഠനക്രമത്തിലൂടെ കടന്നുവരുന്ന വിദ്യാര്‍ഥികള്‍ ഹയര്‍ സെക്കന്‍ഡറിക്കു ശേഷം പെട്ടെന്ന് പുതിയൊരു സിസ്റ്റത്തിലേക്ക് കടക്കേണ്ടിവരും. അതുകൊണ്ടുതന്നെ അവരുടെ പഠനരീതികളെയും നൈപുണികളെയും പരിഗണിച്ചുകൊണ്ടും പരിവര്‍ത്തിപ്പിച്ചുകൊണ്ടും മാത്രമേ പുതിയ സിസ്റ്റം നടപ്പാക്കാനാകൂ. നാലു വര്‍ഷം എന്ന കാലയളവുമാത്രം വെച്ച് ബിരുദ പ്രോഗ്രാമുകള്‍ ഉടച്ചുവാര്‍ക്കുന്നത് തിരിച്ചടികള്‍ ഉണ്ടാക്കിയേക്കാം. വിദ്യാര്‍ഥികളുടെ വിഷയാവഗാഹം നഷ്ടപ്പെടാനും ബിരുദാനന്തര ബിരുദം അടക്കമുള്ള തുടര്‍പഠനത്തെ അത് ഗുരുതരമായി ബാധിക്കാനും വഴിവെച്ചേക്കാം.
യൂണിവേഴ്‌സിറ്റികളും അധ്യാപക- വിദ്യാര്‍ഥി സംഘടനകളുമെല്ലാം മേല്‍പറഞ്ഞ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയതിനേ തുടര്‍ന്നാണ് ഈ വര്‍ഷം പുതിയ സിസ്റ്റം നടപ്പാക്കേണ്ടതില്ലെന്നു തീരുമാനിച്ചത്. എന്നാല്‍, അടുത്ത വര്‍ഷം ഇത് ആരംഭിക്കുമ്പോഴും ഇതേ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നു തിരിച്ചറിയേണ്ടതുണ്ട്. അതുകൊണ്ടുതന്നെ, വലിയ തോതിലുള്ള ചര്‍ച്ചകളും മുന്നൊരുക്കങ്ങളും ഈ വര്‍ഷം ആരംഭിച്ചാല്‍ മാത്രമേ 2024-25 വര്‍ഷമെങ്കിലും പരിക്കുകള്‍ പരമാവധി കുറച്ച് പുതിയ രീതി നടപ്പാക്കാന്‍ സാധിക്കൂ. പുതിയ ബിരുദ ചട്ടക്കൂടിന്റെ ഗുണ-ദോഷങ്ങള്‍ എന്തൊക്കെ എന്നതിനേക്കാള്‍, അത് ഏതുവിധത്തില്‍ നടപ്പാക്കപ്പെടുന്നു എന്നതു തന്നെയായിരിക്കും പ്രധാന കാര്യം.
Content Highlights: four-year undergraduate programme: possibilities and problems
Published: 11 Jun 2023, 10:50 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented