ദേശീയ വിദ്യാഭ്യാസ നയം 2020 നിലവില്‍ വരുന്നതോടെ നാലുവര്‍ഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകള്‍ നിലവില്‍ വരും. കേരളത്തിലും നാലുവര്‍ഷ ബിരുദ പ്രോഗ്രാം ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രസ്താവിച്ചിട്ടുണ്ട്. അദ്ധ്യാപകര്‍ കോഴ്സ് രൂപകല്പനചെയ്യുമ്പോള്‍ വിദ്യാര്‍ത്ഥി സൗഹൃദവും, തൊഴില്‍ ലഭ്യത ഉറപ്പുവരുത്തുന്നതുമാകണം. നാലുവര്‍ഷ ഓണേഴ്സ് ബിരുദം 1918 മുതല്‍ യു.കെ യിലും അമേരിക്കയിലും നിലവിലുണ്ട്. ഇന്ത്യയില്‍ അഭ്യസ്ഥവിദ്യരില്‍ സ്‌കില്‍/തൊഴില്‍ നൈപുണ്യത്തിന്റെ നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെ മാത്രമാണ്. എന്നാല്‍ വികസിത രാജ്യങ്ങളിലിത് 67 ശതമാനത്തിലേറെയാണ്. ഇത് തന്നെയാണ് ഇന്ത്യയിലെ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മക്ക് കാരണം. എന്തുകൊണ്ടാണ് തൊഴില്‍ ലഭ്യത മികവ് യുവതീ യുവാക്കളില്‍ കുറയുന്നത്? എന്നതിന്റെ മുഖ്യ കാരണം ഉന്നതവിദ്യാഭ്യാസത്തില്‍ വിജ്ഞാനത്തിനു ഊന്നല്‍ നല്‍കുമ്പോള്‍ മനോഭാവത്തിലും, തൊഴില്‍ നൈപുണ്യത്തിലും ഊന്നിയുള്ള കോഴ്സുകളിലേക്ക് മാറാന്‍ ശ്രമിക്കാത്തതാണ്. വികസിത രാജ്യങ്ങളില്‍ ഗ്രാജുവേറ്റ് പ്രോഗ്രാമിന് പ്രവേശനം ലഭിക്കാന്‍ നാലുവര്‍ഷ ഓണേഴ്സ് അണ്ടര്‍ ഗ്രാജുവേറ്റ് പഠനം എല്ലാ രാജ്യങ്ങളും നിഷ്‌കര്ഷിച്ചിരുന്നു. അതായത് ഒന്നാം ക്ലാസ് മുതല്‍ 16 വര്‍ഷത്തെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമെ പ്രസ്തുത രാജ്യങ്ങളില്‍ ഗ്രാജുവേറ്റ് പ്രോഗ്രാമിന് ചേരാന്‍ സാധിക്കൂ. എന്നാല്‍ അമേരിക്ക ഒഴികെയുള്ള രാജ്യങ്ങള്‍ ഈ രീതിയില്‍ നിന്നും മാറ്റം വരുത്തിയീട്ടുണ്ട്. മൂന്ന് വര്‍ഷ ബിരുദംപൂര്‍ത്തിയാക്കിയവര്‍ക്ക് വികസിത രാജ്യങ്ങളിലിപ്പോള്‍ ചില പ്രീ ക്രെഡിറ്റ് കോഴ്‌സുകളുമുണ്ട്.

To advertise here,

വിദേശ പഠനത്തിന്റെ സാദ്ധ്യതകള്‍ വിലയിരുത്തിയാണ് ദേശീയ വിദ്യാഭ്യാസ നയം 2020 ല്‍ നാലു വര്‍ഷ ഓണേഴ്സ് പ്രോഗ്രാം വിപുലപ്പെടുത്തേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞിരിക്കുന്നത്. ഇതിനു മുമ്പ് ഡല്‍ഹി സര്‍വ്വകലാശാലയില്‍ ഇതിനുള്ള നീക്കങ്ങള്‍ നടന്നപ്പോള്‍ വിദ്യാര്‍ഥികള്‍ സമരം ചെയ്ത് പ്രസ്തുത നീക്കത്തെ ഒഴിവാക്കിയിരുന്നു. നാലുവര്‍ഷ ബിരുദ പ്രോഗ്രാം തുടങ്ങുമ്പോള്‍ വ്യക്തമായ ചര്‍ച്ചകള്‍ നടക്കണം. ലോകത്താകമാനമുള്ള വിദ്യാഭ്യാസ, തൊഴില്‍ പ്രവണതകള്‍ വിലയിരുത്തണം.

ഗ്ലോബല്‍ സ്‌കില്‍സ് 2023

അടുത്തയിടെ പുറത്തിറങ്ങിയ ഗ്ലോബല്‍ സ്‌കില്‍സ് റിപ്പോര്‍ട്ട് വിലയിരുത്തി പരമ്പരാഗത കോഴ്‌സുകളില്‍ കാലികമായ മാറ്റം വരുത്തണം. ഡിജിറ്റലൈസേഷന്‍, ഓട്ടോമേഷന്‍, ആഗോളവല്‍ക്കരണം എന്നിവയുടെ പശ്ചാത്തലത്തില്‍ തൊഴില്‍ മേഖലയില്‍ സ്‌കില്‍ വികസനത്തിന് പ്രസക്തിയേറുന്നുവെന്നാണ് 2023 ലെ ഗ്ലോബല്‍ സ്‌കില്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.  അപ് സ്‌കില്ലിങ്, റീ സ്‌കില്ലിങ് എന്നിവയ്ക്കു പ്രസക്തിയേറിവരുന്നു. ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോര്‍ട്ടിലും 60 ശതമാനം തൊഴിലാളികള്‍ക്ക്  2027 നുള്ളില്‍ തുടര്‍പരിശീലനം ആവശ്യമായി വരുമെന്ന് പ്രവചിച്ചിട്ടുണ്ട്. 100 രാജ്യങ്ങളില്‍ നിന്നുള്ള 124 ദശലക്ഷം പഠിതാക്കളില്‍ നിന്നുള്ള ഡാറ്റ വിലയിരുത്തിയാണ് ഗ്ലോബല്‍ സ്‌കില്‍സ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

തൊഴില്‍ മേഖലയില്‍ ആവശ്യമായ സ്‌കില്‍ എത്രത്തോളമുണ്ട്?,  ഏറ്റവും കൂടുതലായി നിലവിലുള്ള  സ്‌കില്ലുകള്‍ ഏതൊക്കെയാണ് ?,തൊഴില്‍ മേഖലയില്‍ ഡിജിറ്റല്‍  സ്‌കില്ലുകള്‍ എത്രത്തോളം ആവശ്യമുണ്ട്? എന്നീ കാര്യങ്ങള്‍ക്കാണ് റിപ്പോര്‍ട്ട് ഊന്നല്‍ നല്‍കിയിരിക്കുന്നത്. പ്രധാനപ്പെട്ട കണ്ടെത്തലുകള്‍ ഇവയാണ്.സാമ്പത്തിക  വളര്‍ച്ച  സ്‌കില്‍ പ്രാവീണ്യത്തെ ആശ്രയിച്ചിരിക്കുന്നു. ഇന്റര്‍നെറ്റ് സേവനം സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ബിരുദാനന്തര യോഗ്യതയുള്ളവരാണ് എഐ അധിഷ്ഠിത സ്‌കില്ലുകള്‍ സ്വായത്തമാക്കുന്നത്. ഡിജിറ്റലൈസേഷനും, സെര്‍ട്ടിഫിക്കേഷനും കൂടുതല്‍ വിദ്യാര്‍ഥികള്‍ തയ്യാറാകുന്നു. സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് എന്നിവയില്‍ കൂടുതല്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ പഠിക്കാന്‍ പെണ്‍കുട്ടികള്‍   താത്പര്യപ്പെടുന്നു.

ബിസിനസ്സ്, ടെക്‌നോളജി, ഡാറ്റ സയന്‍സ് സ്‌കില്ലുകള്‍ക്കാണ് ലോകത്താകമാനം പ്രാധാന്യമേറുന്നത്. അക്കൗണ്ടിംഗ്, കമ്മ്യൂണിക്കേഷന്‍, സംരംഭകത്വം, സാമ്പത്തികം, മനുഷ്യവിഭവശേഷി, ലീഡര്‍ഷിപ് മാനേജ്മന്റ്, മാര്‍ക്കറ്റിംഗ്, സെയില്‍സ് , സ്ട്രാറ്റജി & ഓപ്പറേഷന്‍സ് എന്നിവയുമായി ബന്ധപ്പെട്ട സ്‌കില്ലുകള്‍ക്കു ആവശ്യകതയേറുന്നു.  ഓഡിറ്റിംഗ്,  പീപ്പിള്‍ മാനേജ്‌മെന്റ്, ബ്ലോക്ക് ചെയിന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഓപ്പറേഷന്‍സ് മാനേജ്മന്റ് എന്നിവ  ഇവയില്‍ പ്പെടുന്നു. ടെക്‌നോളജി സ്‌കില്ലുകളില്‍ ക്ളൗഡ് കമ്പ്യൂട്ടിങ്, കമ്പ്യൂട്ടര്‍ നെറ്വര്‍കിങ്, കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ്, ഡാറ്റാബേസ്സ്, മൊബൈല്‍ ഡെവലൊപ്‌മെന്റ്, ഓപ്പറേഷന്‍സ് സിസ്റ്റംസ്, സെക്യൂരിറ്റി എഞ്ചിനീയറിംഗ്, സോഫ്റ്റ്വെയര്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ്, വെബ് ഡെവലപ്‌മെന്റ് എന്നിവയ്ക്ക് പ്രാധാന്യമേറുന്നു. സൈബര്‍സെക്യൂരിറ്റി, ആന്‍ഡ്രോയിഡ് ഡെവലപ്‌മെന്റ്, സോഫ്റ്റ്വെയര്‍ ആര്‍ക്കിടെക്ചര്‍, അല്‍ഗൊരിതംസ് എന്നിവയ്ക്കാണ് സാധ്യതയേറുന്നത്. ഡാറ്റ സയന്‍സില്‍ ഡാറ്റ അനാലിസിസ്, ഡാറ്റ മാനേജ്‌മെന്റ്, ഡാറ്റ വിഷ്വലൈസേഷന്‍, മെഷീന്‍ ലേര്‍ണിംഗ്, മാത്തമാറ്റിക്‌സ്, പ്രോബബിലിറ്റി & സ്റ്റാറ്റിസ്റ്റിക്സ്, സ്റ്റാറ്റിസ്റ്റിക്കല്‍ പ്രോഗ്രാമിങ്, കമ്പ്യൂട്ടര്‍ ആര്‍ക്കിടെക്ചര്‍, ബിയോഇന്‍ഫോര്മാറ്റിക്‌സ്, എപിഡെമിയോളജി എന്നിവ ഉള്‍പ്പെടുന്നു.

ഓപ്പറേഷന്‍സ് മാനേജ്‌മെന്റ്, ലീഡര്ഷിപ് ഡെവലപ്‌മെന്റ്, സപ്ലൈ ചെയിന്‍ സിസ്റ്റംസ്, ബഡ്ജറ്റ് മാനേജ്മന്റ് എന്നിവ വിപുലപ്പെട്ടുവരുന്നു. കമ്മ്യൂണിക്കേഷന്‍, സംരംഭകത്വം, ലീഡര്‍ഷിപ് & മാനേജ്മന്റ്, സ്ട്രാറ്റജി & ഓപ്പറേഷന്‍സ് എന്നിവ ഏറ്റവും കൂടുതലായി ആവശ്യമുള്ള തൊഴില്‍ നൈപുണ്യ മേഖലകളാണ്.  

നാലുവര്‍ഷ ഓണേഴ്സ് പ്രോഗ്രാം നടപ്പിലാക്കുമ്പോള്‍  പുത്തന്‍ പഠന മേഖലകള്‍ ഉള്‍പെടുത്താന്‍ ശ്രമിക്കണം.  സംരംഭകത്വം, സ്റ്റാര്‍ട്ടപ്പുകള്‍, കാലാവസ്ഥാവ്യതിയാനം, ഇന്നൊവേഷന്‍ സാങ്കേതികവിദ്യ എന്നിവ ഉള്‍പ്പെടുത്തണം. സ്‌കില്‍ വികസനം, ഇന്റേണ്‍ഷിപ് എന്നിവയ്ക്കും, വ്യവസായ സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള സഹകരണം, ക്യാമ്പസ് പ്ലേസ്‌മെന്റ്, ഭാഷ, കമ്പ്യൂട്ടര്‍ പ്രാവീണ്യം, പൊതുവിജ്ഞാനം മുതലായവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. മാറുന്ന  തൊഴില്‍ സാഹചര്യം, ഉപരിപഠന ഗവേഷണ സാധ്യതകള്‍, ഭാവി തൊഴിലുകള്‍, ഭാവി ഇന്നോവേഷനുകള്‍ എന്നിവ ലക്ഷ്യമിട്ടായിരിക്കണം പുതിയ ഓണേഴ്സ് പ്രോഗ്രാമുകള്‍ ആവിഷ്‌കരിക്കേണ്ടത്. വിദേശ സര്വകലാശാലകളുമായി ചേര്‍ന്നുള്ള ട്വിന്നിങ്, ജോയിന്റ്, ഡ്യൂവല്‍ ബിരുദ പ്രോഗ്രാമുകള്‍ ആരംഭിക്കണം.