വിദേശപഠനത്തിനായി പ്രതിവര്‍ഷം 10 ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ രാജ്യത്തുനിന്നു പോകാനായി തയ്യാറെടുക്കുമ്പോള്‍, പല വിദേശരാജ്യങ്ങളും നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിവരികയാണ്. ഗുണനിലവാരം ലക്ഷ്യമിട്ടു അഡ്മിഷന്‍ വ്യവസ്ഥകളിലും, പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയില്‍ നിയന്ത്രണമേപ്പെടുത്തിയും നടപ്പിലാക്കിവരുന്നു. വിദേശ രാജ്യങ്ങളില്‍ നിലവിലുള്ള കടുത്ത സാമ്പത്തികമാന്ദ്യം യു.കെ., ജപ്പാന്‍, ഓസ്‌ട്രേലിയ, യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. വിദേശ രാജ്യങ്ങളിലെ പുതിയ പരിഷ്കാരങ്ങളെ കുറിച്ചറിയാം.

To advertise here,

കാനഡ-പരിഷ്‌കാരങ്ങള്‍ 

പ്രതിവര്‍ഷം 2.4 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പഠനത്തിനും ഇമിഗ്രേഷനുമായി ഇന്ത്യയില്‍നിന്നു കാനഡയിലെത്തുന്നത്. വിദ്യാര്‍ത്ഥികളുടെ സംരക്ഷണമെന്ന പേരില്‍ കാനഡ കൂടുതല്‍ നിബന്ധനകള്‍ പുറത്തിറക്കിയിട്ടുണ്ട്. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ഗ്യാരന്റീഡ് ഇന്‍വെസ്‌റ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് -GIC യ്ക്കുള്ള തുക 10000 കനേഡിയന്‍ ഡോളറില്‍ നിന്നും 20635 ഡോളറാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇത് 12.17 ലക്ഷം രൂപയോളം വരും.  യു.കെ. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കു പഠന കാലയളവില്‍ അടുത്ത ബന്ധുക്കളെ കൊണ്ടുവരുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജര്‍മ്മനിയും ഓസ്ട്രേലിയയും ജി.ഐ.സി തുക 10% വര്‍ധിപ്പിച്ചിട്ടുണ്ട്. ജര്‍മ്മന്‍ വിസയ്ക്ക് അപേക്ഷിക്കാനുള്ള തുക 10 ലക്ഷം രൂപയായിട്ടാണ് വര്‍ദ്ധിപ്പിച്ചിട്ടുള്ളത്.  ജീവിതച്ചെലവുകളും പണപ്പെരുപ്പവും പരിഗണിച്ചാണ് വിദേശ രാജ്യങ്ങള്‍ ജി.ഐ.സി. തുക ഉയര്‍ത്തുന്നത്.

ഓസ്‌ട്രേലിയ വര്ഷം തോറും 10%  ജി.ഐ.സി. തുക വര്‍ധിപ്പിച്ചുവരുന്നു. വിദ്യാര്‍ത്ഥികളുടെ വരവ് വര്‍ദ്ധിച്ചതോടെ ജി.ഐ.സി. വര്‍ദ്ധിപ്പിക്കുന്നതിലൂടെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍  കുറവ് വരുത്താനും കാനഡ ആഗ്രഹിക്കുന്നു. കാനഡ ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക്  അനുവദിക്കുന്ന സ്റ്റഡി പെര്‍മിറ്റ്/ സ്റ്റുഡന്റ് വിസയില്‍ പ്രതിവര്‍ഷം നാലു ലക്ഷത്തില്‍നിന്നു 3.6 ലക്ഷമായി കുറച്ചിട്ടുണ്ട്.   കാനഡയിലേക്ക് ഉപരിപഠനത്തിന് വരുമ്പോള്‍ ജീവിതപങ്കാളിക്ക് സ്പൗസ് വിസ അനുവദിക്കുമെങ്കിലും വര്‍ക്ക് പെര്‍മിറ്റ് ലഭിക്കില്ല ഇതിലൂടെ വ്യാജ ഏജന്‍ന്‍സികളെ നിയന്ത്രിക്കും. 

ബിരുദാനന്തര/ ഗ്രാജുവേറ്റ് പ്രോഗ്രാമുകള്‍ക്ക് കാനഡയില്‍ മൂന്ന് വര്‍ഷത്തെ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കും.  എന്നാല്‍ അണ്ടര്‍  ഗ്രാജുവേറ്റ് പ്രോഗ്രാമുകള്‍ക്ക് വര്‍ക്ക് വിസയില്‍ നിയന്ത്രണങ്ങളുണ്ട്. കാനഡയില്‍ ഉപരിപഠനത്തിനു താത്പര്യപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 2023-24 ല്‍ 18-ല്‍ നിന്നും 9.3 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. ജര്‍മ്മനി, ന്യൂസിലാന്‍ഡ്, നെതര്‍ലന്‍ഡ്സ്, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും വര്‍ധിച്ചു വരുന്നു.

ഫ്രാന്‍സ് -ഉന്നത വിദ്യാഭ്യാസം കൂടുതല്‍ ആകര്‍ഷകമാക്കുന്നു 

അടുത്തയിടെ ഇന്ത്യന്‍ സര്‍ക്കാരും ഫ്രഞ്ച് സര്‍ക്കാരുമായുള്ള നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഫ്രാന്‍സിലേക്ക് കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനായി ചേക്കേറി. ആറു മാസത്തെ വിദ്യാഭ്യാസം ഫ്രാന്‍സില്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് അഞ്ചു വര്‍ഷത്തെ ഷെന്‍ഗണ്‍ വിസ ലഭിക്കും.ഇത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠന ശേഷം മികച്ച തൊഴില്‍ കണ്ടെത്താന്‍ സഹായിക്കും.

2030-ാടു കൂടി 30,000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനായി ഫ്രാന്‍സിലെത്തുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഫ്രാന്‍സില്‍ ഉപരിപഠനത്തിനു ഫ്രഞ്ചു  ഭാഷയില്‍ പ്രാവീണ്യം വേണം. ഉന്നത വിദ്യാഭ്യാസ, ഗവേഷണ മേഖലയിലെ പുതിയ തീരുമാനങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രതീക്ഷയേകുന്നു. എഞ്ചിനീയറിംഗ്, മാനേജ്മന്റ്, സയന്‍സ്, ടെക്‌നോളജി മേഖലയില്‍ ഫ്രാന്‍സില്‍ ഉപരിപഠനത്തിനായി മികച്ച സര്‍വകലാശാലകളുണ്ട്. ഫ്രാന്‍സിലെ ഇന്‍സീഡ് മികച്ച ലോക റാങ്കിങ്ങുള്ള ബിസിനസ് സ്‌കൂളാണ്. എഞ്ചിനീറിങ്ങില്‍ ഫ്രാന്‍സിലെ ഗ്രെനോബില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന ടെക്‌നോളജി സ്ഥാപനങ്ങളുടെ ശൃംഖലയാണ്. QS ലോകറാങ്കിങ്ങില്‍ ഗ്രെനോബില്‍ നാലാം സ്ഥാനത്താണ്. മെക്കാനിക്കല്‍/ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്ങില്‍ ഇന്ത്യയില്‍നിന്നു ബി.ടെക്. പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രെനോബിള്‍ യൂണിവേഴ്‌സിറ്റിയില്‍ ഇന്റഗ്രേറ്റഡ് എം.എസ്. പ്രോഗ്രാമിന് പഠിക്കാം. അമൃത സര്‍വകലാശാലക്ക് ഗ്രെനോബിള്‍ യൂണിവേഴ്‌സിറ്റിയുമായി നിലവില്‍ ട്വിന്നിങ് പ്രോഗ്രാമുണ്ട്.

ഫ്രാന്‍സിലെ 71 പബ്ലിക് യൂണിവേഴ്‌സിറ്റികളിലേക്കും ഫ്രഞ്ച് സര്‍ക്കാരാണ്  ഫണ്ട്  അനുവദിക്കുന്നത്. ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ  ഫീസില്‍ ഫ്രാന്‍സില്‍ പഠിക്കാന്‍ സാധിക്കും. നിരവധി മികച്ച സ്വകാര്യ സര്‍വ്വകലാശാലകളുമുണ്ട്. ഫ്രഞ്ച് സര്‍വ്വകലാശാലകള്‍ ഒരുവര്‍ഷത്തെ ഗ്രാജുവെറ്റ് പ്രോഗ്രാം, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം, ലൈസന്‍സ്, ബിരുദാനന്തര, ഡോക്ടറല്‍ പ്രോഗ്രാമുകള്‍ ഓഫര്‍ ചെയ്യും. ആറു സെമസ്റ്റര്‍ നീണ്ടു നില്‍ക്കുന്ന അണ്ടര്‍ ഗ്രാജുവേറ്റ് പ്രോഗ്രാമാണ് ലൈസന്‍സ്. സോബോണ്‍,  ഇക്കോല്‍ പോളി ടെക്നിക്, നന്റ്‌സ്, യൂണിവേഴ്‌സിറ്റി ഓഫ് പാരീസ്,   ENS ലിയോണ്‍,  ലോറൈന്‍ തുടങ്ങി മികച്ച സര്‍വകലാശാലകളുണ്ട്. സുസ്ഥിര വികസനം, പബ്ലിക് ഹെല്‍ത്ത്, മീഡിയ സ്റ്റഡീസ്, ഐ ടി,ലോജിസ്റ്റിക്‌സ്, സുസ്ഥിര വികസനം, ടെക്‌നോളജി, എനര്‍ജി, ഓഷ്യന്‍ റിസര്‍ച്ച്, ഡാറ്റ മാനേജ്മന്റ്, ടെലികമ്യൂണിക്കേഷന്‍, എയ്‌റോനോട്ടിക്കല്‍ എഞ്ചിനീയറിംഗ്, കള്‍ച്ചറല്‍ പഠനം, ഹ്യൂമാനിറ്റീസ്, അക്കൗണ്ടിംഗ്    എന്നിവയില്‍ മികച്ച കോഴ്‌സുകളുണ്ട്.  ഫ്രാന്‍സിലെ ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനായി ക്യാമ്പസ് ഫ്രാന്‍സ് എന്ന ഫ്രഞ്ച് സര്‍ക്കാരിന്റെ ഇനീഷ്യറ്റീവുണ്ട്. ക്യാമ്പസ് ഫ്രാന്‍സിന് തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു , ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ ഓഫീസുണ്ട്.

ഫ്രാന്‍സില്‍ ഉപരിപഠനത്തിനു ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ ഐ.എല്‍.ടി.എസ്സിലും, ഫ്രഞ്ച് ഭാഷയിലും മികച്ച സ്‌കോര്‍ നേടണം. ഐ.ഇ.എല്‍.ടി.എസ്സില്‍ 9 ല്‍ 7 ബാന്‌ടെങ്കിലും ലഭിക്കണം. ഫ്രഞ്ച് ഭാഷ പഠിപ്പിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ ഇന്ത്യയിലുണ്ട്. ഫ്രഞ്ച് എംബസ്സിയുടെ കീഴിലുള്ള ഫ്രഞ്ച് കള്‍ച്ചറല്‍ സെന്ററുകളാണ് (അലയന്‍സ് ഫ്രാന്‍സാണ്) കോഴ്‌സുകള്‍ നടത്തുന്നത്. യൂറോപ്പിലെ 29 ഓളം രാജ്യങ്ങളില്‍ ഫ്രഞ്ച് ഔദ്യോഗിക ഭാഷയാണ്. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, കുസാറ്റ്, ആന്ധ്ര യൂണിവേഴ്സിറ്റി,  ഡല്‍ഹി കോളേജ് ഓഫ് ആര്‍ട്‌സ്, ഇ.എഫ്.എല്‍., ഹൈദരാബാദ്, ഫ്രഞ്ച് കള്‍ച്ചറല്‍ കേന്ദ്രങ്ങള്‍, ഫ്രാഞ്ചയ്സുകള്‍, നിരവധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റികള്‍ എന്നിവിടങ്ങളില്‍ ഫ്രഞ്ച് കോഴ്‌സുകളുണ്ട്. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഫ്രാന്‍സില്‍ ഉപരിപഠനത്തിനു കോമണ്  യൂറോപ്യന്‍ ഫ്രെയിംവര്‍ക് ഓഫ് റഫറന്‍സ് (CEFR) അനുസരിച്ചു B1/B 2/C 1 ലെവല്‍ കൈവരിക്കണം. പോസ്റ്റ് സ്റ്റഡി വര്‍ക് വിസക്ക് കുറഞ്ഞത്  B 2 വെങ്കിലും കൈവരിക്കണം. ഓണ്‍ലൈന്‍, ഓഫ്ലൈന്‍ ഫ്രഞ്ച് ഭാഷ പഠിക്കാനുള്ള കോച്ചിങ് കേന്ദ്രങ്ങള്‍ എല്ലാ നഗരങ്ങളിലുമുണ്ട് 

സ്‌കോളര്‍ഷിപ്പുകള്‍

സമര്‍ത്ഥരായ  ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് 500 ഓളം സ്‌കോളര്‍ഷിപ്പുകള്‍ നിലവിലുണ്ട്. ലെഗ്രാന്‍ഡ്  എംപവറിങ് സ്‌കോളര്‍ഷിപ്,AMBA ഡാമിയ സ്‌കോളര്‍ഷിപ്, Sciences PO, പാരീസ് ടെക് എന്നിവ സ്‌കോളര്ഷിപ്പുകളില്‍ ചിലതാണ്. വ്യവസായ സ്ഥാപനങ്ങളും, യൂണിവേഴ്‌സിറ്റികളുമാണ് കൂടുതലായി സ്‌കോളര്‍ഷിപ് നല്‍കുന്നത്. ഫ്രാന്‍സില്‍ സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ അക്കാദമിക് വര്‍ക്ക്  ആരംഭിക്കും.  ഒരു വര്‍ഷത്തെ തയ്യാറെടുപ്പുണ്ടെങ്കില്‍ മികച്ച സര്‍വകലാശാലകളില്‍ പ്രവേശനം നേടാം.

അമേരിക്ക, യുകെ , ഓസ്‌ട്രേലിയ കട ബാധ്യത ഉയരുന്നു              

അമേരിക്കയില്‍ ഉന്നതവിദ്യാഭ്യാസത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ 77% പബ്ലിക് യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുമ്പോള്‍ 23% മാത്രമാണ് സ്വകാര്യ സര്‍വകലാശാലകളിൽ എത്തുന്നത്. സ്വകാര്യ സര്‍വകലാശാലകളില്‍ ട്യൂഷന്‍ ഫീസില്‍ ഭീമമായ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. അമേരിക്കയില്‍ ബിരുദം   പൂര്‍ത്തിയാക്കി തൊഴില്‍ ചെയ്യുന്നവരുടെ വരുമാനത്തിന്റെ പകുതിയും ലോണ്‍ തിരിച്ചടവിനാണ് വിനിയോഗിക്കുന്നത്. അമേരിക്കയിലെ ഏഷ്യന്‍ വിദ്യാര്‍ത്ഥികളിലെ കടബാധ്യത 2016 ലെ 47.8 ശതമാനത്തില്‍ നിന്നും 2021 ല്‍ 66.3 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ട്യൂഷന്‍ ഫീസിലെ വര്‍ധനവും വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാവുന്നതിലധികമാണ്. നാലുവര്‍ഷ ബിരുദപ്രോഗ്രാമില്‍ സര്‍ക്കാര്‍, സ്വകാര്യ സര്‍വകലാശാലകളിലെ ഫീസ് യഥാക്രമം 9349, 32769 ഡോളറാണ്.

യൂ എസ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് എഡ്യൂക്കേഷന്‍, യൂ എസ് ബ്യുറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്സ്, യൂ എസ് സെന്‍സസ്, നാഷണല്‍ സെന്റര്‍ ഫോര്‍ എഡ്യൂക്കേഷന്‍ സ്റ്റാറ്റിസ്റ്റിക്സ് എന്നിവയുടെ  കണക്കുകള്‍ സൂചിപ്പിക്കുന്നത് അമേരിക്കയില്‍ വിദ്യാര്‍ത്ഥികളുടെ കടബാധ്യത വര്ധിക്കുന്നുവെന്നാണ്. വര്‍ധിച്ചു വരുന്ന ജീവിതച്ചെലവും, ഫീസില്‍ കുത്തനെയുണ്ടാകുന്ന വര്‍ധനവും ഉന്നത പഠനത്തിനെത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കുന്നു.

സ്‌കോളര്‍ഷിപ്/ഫെല്ലോഷിപ്പ്/അസ്സിസ്റ്റണ്ട്ഷിപ് എന്നിവയില്ലാതെ വീട്ടില്‍നിന്നു പണം കണ്ടെത്തിയോ ബാങ്ക് വായ്പയെടുത്തോ പഠിക്കുക എന്നത് ശരാശരി വിദ്യാര്‍ത്ഥികളെ  സംബന്ധിച്ചിടത്തോളം തീര്‍ത്തും അപ്രാപ്യമാണ്. പാര്‍ട്ട് ടൈം തൊഴിലിനെ മാത്രം ആശ്രയിച്ചുള്ള ബഡ്ജറ്റിംഗ് അപ്രായോഗികമാണ്.

ഇന്ത്യയില്‍നിന്നും ഉപരിപഠനത്തിനെത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും അനുദിനം വര്‍ധിച്ചുവരുന്നു. സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിങ്, മാത്തമാറ്റിക്സ് അടങ്ങുന്ന STEM കോഴ്‌സുകള്‍ പഠിക്കാനാണ് വിദ്യാര്‍ഥികള്‍ അമേരിക്കയിലെത്തുന്നത്. പ്രസ്തുത മേഖലയില്‍ അഭ്യസ്തവിദ്യരുടെ ക്ഷാമം അമേരിക്കയില്‍ 50 ശതമാനത്തിലേറെയാണ്. അതിനാല്‍ ഉപരിപഠന, ഗവേഷണ മേഖലകളില്‍ STEM കോഴ്‌സുകള്‍ പഠിക്കാന്‍ അവസരങ്ങളേറെയാണ്. അക്കാഡെമിയ വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം, മികച്ച സാങ്കേതിക വിദ്യ, ഗവേഷണ മികവ്, ഭൗതിക സൗകര്യങ്ങള്‍, പുത്തന്‍ കോഴ്‌സുകള്‍, ഇന്നോവേഷന്‍ മുതലായവ  അമേരിക്കന്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രത്യേകതകളാണ്.

സാമ്പത്തിക സഹായം

വിദേശ പഠനത്തിന് തയ്യാറെടുക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടത് ഇതിനു വേണ്ട സാമ്പത്തിക സഹായം എങ്ങിനെ ഉറപ്പുവരുത്താമെന്നതാണ്. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് നിരവധി ഫുള്‍ടൈം/പാര്‍ടൈം സ്‌കോളര്‍ഷിപ്പുകളുണ്ട്. മിക്ക സര്‍വകലാശാലകളിലും വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സ്‌കോളര്ഷിപ്പുകളോ, സാമ്പത്തിക സഹായ പദ്ധതികളോ ഉണ്ട്. യൂണിവേഴ്‌സിറ്റി സ്‌കോളര്‍ഷിപ്പുകള്‍, ഫിനാന്‍ഷ്യല്‍ സ്‌കോളര്‍ഷിപ്പുകള്‍, മെറിറ്റ്, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍, സര്‍ക്കാര്‍/സ്വകാര്യ സ്‌കോളര്‍ഷിപ്പുകള്‍ എന്നിവ ഇവയില്‍പ്പെടും.  സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുമ്പോള്‍ നിശ്ചിത തീയതിക്കകം അപേക്ഷിക്കണം. ഇതിനുമുമ്പ് തന്നെ അഡ്മിഷന്‍ ഓഫര്‍ ലെറ്റര്‍ ലഭിച്ചിരിക്കണം. ഓരോ യൂണിവേഴ്സിറ്റിയ്ക്കും അവസാനതീയതി വ്യത്യാസപ്പെട്ടിരിക്കും. യൂണിവേഴ്സിറ്റി വെബ്‌സൈറ്റിലെ സ്‌കോളര്‍ഷിപ് പേജില്‍ നിന്നും പൂര്‍ണ വിവരങ്ങള്‍, യോഗ്യത എന്നിവ അറിയാന്‍ സാധിക്കും.  

ആഗോള തലത്തില്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവും, സാമ്പത്തിക മാന്ദ്യവും വിദേശ സര്‍വ്വകലാശാലകളിലെ  സുസ്ഥിര സാമ്പത്തിക സ്ഥിതിയെ ബാധിച്ചുവരുന്നു. യുകെ, കാനഡ, ഓസ്ട്രേലിയന്‍ സര്‍വകലാശാലകളില്‍ ഇത് പ്രതിസന്ധി സൃഷ്ടിച്ചു വരുന്നു. ട്യൂഷന്‍ ഫീസിലും, ജീവിത ചെലവിലും, വാടകയിലുമുണ്ടാകുന്ന വര്‍ദ്ധനവ് ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികളെ പ്രതികൂലമായി ബാധിച്ചു വരുന്നു. യുകെയില്‍ ചില സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാര്‍ (കാന്‍ബെറ യൂണിവേഴ്‌സിറ്റി) രാജിവെച്ചൊഴിയുന്ന പ്രവണതയും ദൃശ്യമാണ്. വിദേശ വിദ്യാര്‍ത്ഥികളുടെ ഉയര്‍ന്ന ഫീസില്‍,   നിരവധി വികസ്വര, വികസിത രാജ്യങ്ങളിലെ കാമ്പസ്സുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം ക്രമാതീതമായി കുറയുന്നു. അടുത്തയിടെയാണ് ലോക റാങ്കിങ്ങില്‍ മുന്‍നിരയിലുള്ള കൊറിയന്‍ സര്‍വ്വകലാശാലകള്‍ മറ്റു രാജ്യങ്ങളില്‍ ക്യാമ്പസ് തുടങ്ങാനൊരുങ്ങുന്നത്. സര്‍വകലാശാലകളുടെ തനതു വരുമാനത്തില്‍ ഗവേഷണഫണ്ടിലും, ഫീസിലും വന്‍ കുറവുണ്ടായിട്ടുണ്ട്. ഇത് ഗവേഷണ മികവിനെ പ്രതികൂലമായി ബാധിക്കുന്നു.

യുകെയില്‍ സ്വകാര്യ സര്‍വകലാശാലകളില്‍ അനുവദിക്കുന്ന വിദ്യാഭ്യാസ വായ്പയില്‍ 53 ശതമാനവും ക്രമക്കേടുകളുണ്ടെന്ന് ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ അവകാശപ്പെടുന്നു. സ്വയം നിലനില്‍പ്പിനായി ബിസിനസ് മോഡല്‍  അനുസരിച്ചു വരുമാനമുണ്ടാക്കാനുള്ള ഉത്തരാവാദിത്വം വൈസ് ചാന്‍സിലര്‍മാര്‍ ഏറ്റെടുക്കേണ്ടി വരുന്നു. ഭീമമായ ഫീസ് വര്‍ദ്ധനവ് അന്താരാഷ്ട്രവിദ്യാര്ഥികളെ ഫീസ് കുറവുള്ള മറ്റ് രാജ്യങ്ങളിലേക്ക് മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചു വരുന്നു.ലാന്‍കാസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഇന്‍ഡോനേഷ്യയില്‍ ക്യാമ്പസ് തുടങ്ങിയതും,ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല സയന്‍സ്-ഹ്യൂമാനിറ്റീസ് ഇന്റര്‍ ഡിസിപ്ലിനറി ബ്രിഡ്ജ് കോഴ്സാരംഭിച്ചതും ഇതിനു തെളിവാണ്. ഭാവിയില്‍ വരാനിരിക്കുന്ന റിസ്‌ക് സാധ്യത വിലയിരുത്തിയാണ് നിരവധി ജര്‍മ്മന്‍, റഷ്യന്‍,  ചൈനീസ്, ഓസ്ട്രേലിയന്‍ സര്‍വ്വകലാശാലകള്‍ അന്താരാഷ്ട്ര സഹകരണത്തിനൊരുങ്ങുന്നത്. മാറുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിദേശ സര്‍വ്വകലാശാലകള്‍ ഇന്ത്യയിലേക്ക് വരാനിടയുണ്ട്.

വിദേശ രാജ്യങ്ങള്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിവരുന്നു ഇവ കൂടുതലും അണ്ടര്‍ ഗ്രാജുവേറ്റ് തലത്തിലാണ്. എന്നാല്‍ ബിരുദാനന്തര ബിരുദ, ഗവേഷണ പ്രോഗ്രാമുകള്‍ കൂടുതലായി പ്രോത്സാഹിപ്പിച്ചുവരുന്നു. പ്രൊഫഷണല്‍ പ്രോഗ്രാമുകള്‍ക്ക് പ്രത്യേകിച്ച് സയന്‍സ്, ടെക്‌നോളജി, മാത്തമാറ്റിക്സ്, എഞ്ചിനീയറിംഗ് പ്രോഗ്രാമുകള്‍ക്ക്   നിയന്ത്രണങ്ങള്‍ കുറവാണ്.വിദേശ പഠനത്തിന് തയ്യാറെടുക്കുമ്പോള്‍ വസ്തുതകള്‍ നന്നായി വിശകലനം നടത്താന്‍ വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും ശ്രമിക്കേണ്ടതാണ്.