
പ്ലസ് ടുവിനുശേഷം ഉന്നത വിദ്യാഭ്യാസ രംഗത്തേക്കു കടക്കുമ്പോൾ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും എളുപ്പത്തിൽ തൊഴിൽ ലഭിക്കുന്ന കോഴ്സുകളെക്കുറിച്ചറിയാനാണ് താത്പര്യം. കോഴ്സുകളുടെ കാര്യത്തിൽ ലോകത്തെമ്പാടും മാറ്റം പ്രകടമാണ്. വ്യവസായസ്ഥാപനങ്ങളുമായിച്ചേർന്നുള്ള കോഴ്‌സുകൾക്ക് പ്രസക്തിയേറിവരുന്നു. ബിരുദതലത്തിൽ രണ്ടു മേഖലകൾ കൂട്ടിച്ചേർന്നുള്ള മൾട്ടി ടാസ്കിങ് കോഴ്‌സുകൾക്കും പ്രിയമേറിവരുന്നു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ക്ലൈമറ്റ് ചേഞ്ച് & ഇക്കണോമിക്‌സ്, എനർജി & ഇക്കണോമിക്‌സ് കോഴ്സുകൾക്ക് ലോകത്തെമ്പാടും കൂടുതൽ പ്രാധാന്യം ലഭിച്ചുവരുന്നു. ബിസ്സിനസ്സ് & മാനേജ്‌മന്റ്, ബിസിനസ് & സൈക്കോളജി, എന്റർപ്രെന്യൂർഷിപ് & മാനേജ്‌മന്റ്, ബി.ബി.എ./ബി.എ./ ബി.കോം/ബി എസ് ഡബ്ല്യൂ- എൽ.എൽ.ബി. പ്രോഗ്രാമുകൾ, ഫാഷൻ & ഡിസൈൻ, മെഷീൻ ഡിസൈൻ, പ്രൊജക്റ്റ് മാനേജ്മെന്റ് എന്നിവയ്ക്ക് സാധ്യതകളേറെയുണ്ട്. മാത്രമല്ല 2024-ൽ ഒരു തൊഴിൽ മേഖലയിൽ നിന്നും മറ്റൊന്നിലേക്കു മാറാനാഗ്രഹിക്കുന്ന പ്രൊഫഷണലുകളുടെ എണ്ണം വർധിച്ചു വരുന്നു. 74 ശതമാനം പേരാണ് സാധ്യതയുള്ള പുത്തൻ തൊഴിൽ മേഖലകളിലേക്ക് ചേക്കേറാനാഗ്രഹിക്കുന്നത്. ആഗോളതലത്തിൽ മൂന്നിലൊന്നോളം തൊഴിലാളികളും തൊഴിൽ മേഖല മാറാനാഗ്രഹിക്കുമ്പോൾ നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളി എ.ഐ. അധിഷ്ഠിത മാറുന്ന സ്കിൽ മേഖലകളാണ്. ടെക്നോളജി രംഗത്താണ് തൊഴിലുകൾ ഏറി വരുന്നത്. തൊഴിൽ മാറ്റം ആഗ്രഹിക്കുന്നവർ സ്കിൽ കൈവരിക്കാൻ ശ്രമിക്കണം. ഇത് അപ്പ്സ്കില്ലിങ്ങോ, സ്കില്ലുകൾ സ്വായത്തമാക്കാനുള്ള റീ സ്കില്ലിങ്ങോ ആകാം. മാറുന്ന തൊഴിൽ മേഖലകൾ, പുത്തൻ പ്രവണതകൾ, സ്കിൽ വികസന കോഴ്സുകൾ എന്നിവയെക്കുറിച്ചു അറിഞ്ഞിരിക്കണം. ലോകസാമ്പത്തിക ഫോറം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഭാവിയിൽ തൊഴിലവസരങ്ങളെ ബാധിക്കുമെന്ന് പ്രവചിക്കുന്നുണ്ടെങ്കിലും, ഓട്ടോമേഷൻ കൂടുതൽ പ്രവർത്തികമാകുമ്പോൾ എ.ഐ. സ്കില്ലുകൾ തൊഴിൽ മേഖലയ്ക്ക് അത്യന്താപേക്ഷിതമാണ്. മാറുന്ന സ്കിൽ പ്രവണതകൾ 2030-ഓടെ 65 ശതമാനം തൊഴിലുകളെയും ബാധിക്കും.
സംസ്ഥാന ഗവണ്മെന്റ് 2029-ഓടു കൂടി 50000 പേർക്ക് തൊഴിൽ നൽകാനുതകുന്ന അനിമേഷൻ പോളിസിക്കു രൂപം കൊടുത്തിട്ടുണ്ട്. അനിമേഷൻ, വിഷ്വൽ ഗ്രാഫിക്‌സ്, കോമിക്‌സ്, ഗെയിമിംഗ് ടെക്നോളജി, വിർച്വൽ/ഓഗ്മെന്റഡ് റിയാലിറ്റി മേഖലയിൽ വരാനിരിക്കുന്ന തൊഴിലവസരങ്ങൾ, സാദ്ധ്യതകൾ, ഉപരിപഠന, സ്കിൽ വികസന സാദ്ധ്യതകൾ, മീഡിയ, എന്റർടൈൻമെന്റ് രംഗത്തെ അവസരങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്ക് പോളിസിയിൽ ഊന്നൽ നൽകിയിട്ടുണ്ട്. ഈ മേഖലയിൽ യഥേഷ്ടം സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിരുദ പ്രോഗ്രാമുകളുണ്ട്. ഗെയിമിങ് ടെക്നോളജിയിൽ ബി ടെക് പ്രോഗ്രാമുണ്ട്.
ലോകത്താകമാനം അതിവേഗം വളരുന്ന തൊഴിൽ മേഖലകളാണ് പ്രോഗ്രാം അനലിസ്റ്റ്, കൺസൾറ്റൻറ്, പ്രൊജക്റ്റ് മാനേജർ എന്നിവ. എല്ലാ മേഖലകളിലും ഇവരുടെ ആവശ്യമുണ്ട്. സുസ്ഥിര വികസന മേഖലയിൽ വിദഗ്ധരുടെ ആവശ്യകത വർധിച്ചുവരും. എൻവിയോണ്മെന്റൽ കൺസൾറ്റൻറ്, എൻജിനീയർ, സേഫ്റ്റി മാനേജർ എന്നിവയിൽ തൊഴിലവസരങ്ങൾ വർധിച്ചുവരും. ഡേറ്റ അനലിറ്റിക്സ്, ഡേറ്റ മാനേജ്മെന്റ്, ഇലക്ട്രിക്ക് വെഹിക്കിൾ/ ഹൈബ്രിഡ്ടെക്നോളജി പൂർത്തിയാക്കിയവർക്ക് സുസ്ഥിര വികസനമേഖലയിൽ പ്രവർത്തിക്കാം. ഫിസിയോതെറാപ്പിസ്റ്, നഴ്സുമാർ എന്നിവർക്ക് ലോകത്താകമാനം അവസരങ്ങളേറും. എ ഐ എൻജിനീയർ, റിക്രൂട്ടർ, എ.ഐ. കൺസൾറ്റൻറ് എന്നിവ മികച്ച തൊഴിൽ മേഖലകളാകും. കമ്മ്യൂണിക്കേഷൻസ് മാനേജർ, സെക്യൂരിറ്റി എൻജിനീയർ, പ്രോഗ്രാം മാനേജർ, പ്ലാനിംഗ്, സേഫ്റ്റി, അധ്യാപനം, കോച്ചിങ്, സൈക്കോളജി, ഭക്ഷ്യ സംസ്കരണം, ഇ റീറ്റെയ്ൽ, പാക്കേജിങ്, ബ്രാൻഡിംഗ്, കോസ്‌മെറ്റോളജി, ക്വാന്റം കമ്പ്യൂട്ടിങ്, ബിസിനസ്സ് ഇക്കണോമിക്സ്, ഡിസൈൻ, ക്രീയേറ്റിവിറ്റി, ന്യൂമീഡിയ, എനർജി, സേഫ്റ്റി, ജനറ്റിക്‌സ്, മോളിക്യൂലാർ ബയോളജി, ഹോളിസ്റ്റിക് തെറാപ്പി, അഗ്രിബിസിനസ്സ്, ലോജിസ്റ്റിക്‌സ് മാനേജ്‌മന്റ്, ഇന്റലിജൻറ് പ്രോസസ്സ് ഓട്ടോമേഷൻ, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ഇന്റഗ്രേറ്റഡ് നിയമം, അനിമേഷൻ, ഗെയിമിംഗ്, വിർച്വൽ റിയാലിറ്റി, അക്കൗണ്ടിംഗ്, കോമിക്‌സ്, പെറ്റ് കെയർ & മാനേജ്‌മന്റ്, പ്രൊജക്റ്റ് മാനേജ്മെന്റ്, സംരംഭകത്വം എന്നിവ കൂടുതൽ വളർച്ച കൈവരിക്കും.
പ്ലസ് ടു തലത്തിൽ പഠിച്ച വിഷയങ്ങൾക്കിണങ്ങിയതു തന്നെ തിരെഞ്ഞെടുക്കണമെന്നില്ല. താല്പര്യം, അഭിരുചി, കോഴ്സിന്റെ പ്രസക്തി, തൊഴിൽ സാധ്യതകൾ,ലക്ഷ്യം എന്നിവ വിലയിരുത്തി കോഴ്സുകൾ കണ്ടെത്താം. താല്പര്യമുള്ള വിഷയത്തിൽ ബിരുദം പൂർത്തിയാക്കിയശേഷം മേൽ സൂചിപ്പിച്ച മേഖലകളിലേക്ക് കടക്കാനുള്ള നിരവധി ബിരുദാനന്തര, സ്‌കിൽ വികസന പ്രോഗ്രാമുകളുണ്ട്.
Content Highlights: courses to pursue after 12th edu talk by Dr. T.P. Sethumadhavan
Published: 02 Feb 2024, 09:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented