
സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണര്‍ നടത്തിയ KEAM-എന്‍ജിനിയറിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനുശേഷമുള്ള നടപടിക്രമങ്ങള്‍ ജൂലൈ ഒന്ന് മുതല്‍ ആരംഭിക്കും. ആര്‍ക്കിടെക്ചര്‍ റാങ്ക് ലിസ്റ്റ് നാറ്റ റിസള്‍ട്ടിനുശേഷം പ്രസിദ്ധീകരിക്കും. കീമിന്റെ ഒന്നാം പേപ്പര്‍ റാങ്ക് വിലയിരുത്തിയാണ് ഫാര്‍മസി റാങ്ക് പ്രസിദ്ധീകരിക്കുന്നത്. നീറ്റ് റാങ്ക് അടിസ്ഥാനമാക്കി എംബിബിഎസ്, ബിഡിഎസ്, അലൈഡ് ഹെല്‍ത്ത്, അഗ്രിക്കള്‍ച്ചര്‍, വെറ്ററിനറി, ഫിഷറീസ് സയന്‍സ് തുടങ്ങിയ കോഴ്‌സുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് പിന്നീട് പ്രസിദ്ധീകരിക്കും. പ്ലസ് ടു തലത്തില്‍ സംസ്‌കൃതം പഠിച്ചവര്‍ക്ക് ആയുര്‍വേദ റാങ്ക്‌ലിസ്‌റ് പ്രസിദ്ധീകരിക്കുമ്പോള്‍ എട്ട് മാര്‍ക്കിന്റെ വെയിറ്റേജ് ലഭിക്കും.
77005 വിദ്യാര്‍ത്ഥികള്‍ എഴുതിയ പരീക്ഷയില്‍ 50858 വിദ്യാര്‍ത്ഥികളാണ് എന്‍ജിനീയറിങ്ങിന് പഠിക്കാന്‍ യോഗ്യത നേടിയത്. കേരളത്തിലെ സര്‍ക്കാര്‍, സ്വാശ്രയ, സഹകരണ, എല്‍.ബി.എസ് എന്‍ജിനിയറിങ് കോളേജുകളിലെ അഡ്മിഷന്‍ ഈ റാങ്ക് ലിസ്റ്റില്‍ നിന്നാണ്. വസ്തുനിഷ്ഠമായ രീതിയില്‍ ഓപ്ഷന്‍ നല്‍കുകയാണ് അടുത്ത നടപടി.
ഓപ്ഷന്‍ നല്‍കുമ്പോള്‍
ഓപ്ഷന്‍ പ്രക്രിയ വളരെ ശ്രദ്ധയോടെ ചെയ്യണം, വിദ്യാര്‍ത്ഥികള്‍ അവരുടെ താത്പര്യമുള്ള ബ്രാഞ്ച്, കോളേജുകള്‍ എന്നിവ വിലയിരുത്തി ഓപ്ഷന്‍ നല്‍കണം. ഒരാള്‍ക്ക് എത്ര ഓപ്ഷന്‍ വേണമെങ്കിലും നല്‍കാം. താത്പര്യമില്ലാത്ത കോളേജുകള്‍, ബ്രാഞ്ചുകള്‍ എന്നിവ ഒഴിവാക്കണം. വിദ്യാര്‍ത്ഥിയുടെ താത്പര്യം, അഭിരുചി, ലക്ഷ്യം , താത്പര്യമുള്ള തൊഴില്‍ എന്നിവ വിലയിരുത്തി ഓപ്ഷന്‍ നല്‍കണം. എന്‍ജിനിയറിങ് രംഗത്തുള്ള സാങ്കേതിക വളര്‍ച്ച, ഇന്നോവേഷന്‍, ഭാവി തൊഴിലുകള്‍, ഫീ ഘടന എന്നിവ വ്യക്തമായി മനസ്സിലാക്കിയിരിക്കണം.
സര്‍ക്കാര്‍ കോളേജുകളില്‍ അഡ്മിഷന്‍ ലഭിക്കാന്‍ മികച്ച റാങ്ക് വേണം, ഫീസും തുലോം കുറവാണ്. മുന്‍ വര്‍ഷങ്ങളിലെ റാങ്ക്, ലഭിച്ച ബ്രാഞ്ച്, കോളേജ് എന്നിവ പ്രവേശന പരീക്ഷ കമ്മീഷണറുടെ വെബ്‌സൈറ്ററില്‍ നിന്നും അറിയാന്‍ സാധിക്കും. 2022-ലെ അവസാന റാങ്ക് വിലയിരുത്തുന്നത് ഏകദേശ സൂചന ലഭിക്കാന്‍ സഹായിക്കും. പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ഓപ്ഷന്‍ നല്‍കാം. കൂടുതല്‍ ക്യാമ്പസ് പ്ലേസ്മെന്റുള്ള ബ്രാഞ്ചുകള്‍ തെരഞ്ഞെടുക്കാം .
ഏത് എന്‍ജിനീയറിങ് ബ്രാഞ്ച് തെരഞ്ഞെടുക്കണം?
ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നിവയില്‍ താത്പര്യമുള്ളവര്‍ എന്‍ജിനീയറിങ് ബ്രാഞ്ച് തെരഞ്ഞെടുക്കാം. 53-ഓളം എന്‍ജിനീയറിങ് ബ്രാഞ്ചുകളുണ്ട്. കമ്പ്യൂട്ടര്‍ സയന്‍സുമായി ബന്ധപ്പെട്ട 19-ഓളം ബ്രാഞ്ചുകളുണ്ട്. ഇവ ആത്യന്തികമായി എല്ലാം കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് ബ്രാഞ്ചുകള്‍ തന്നെയാണ്. ഇലക്ട്രോണിക്‌സ് & ഇന്‍സ്ട്രമെന്റഷന്‍, സിവില്‍, മെക്കാനിക്കല്‍, പ്രൊഡക്ഷന്‍ എന്‍ജിനീയറിങ്ങിലും സമാന ബ്രാഞ്ചുകളുണ്ട്.
കമ്പ്യൂട്ടര്‍ സയന്‍സ് ബ്രാഞ്ചിനാണ് ഇപ്പോള്‍ കൂടുതലായി വിദ്യാര്‍ഥികള്‍ താത്പര്യപ്പെടുന്നത്. ഏത് എന്‍ജിനീയറിങ് ബ്രാഞ്ചെടുത്താലും 80 ശതമാനത്തോളം പ്ലേസ്‌മെന്റ് കമ്പ്യൂട്ടര്‍, ഐ.ടി അധിഷ്ഠിത മേഖലയിലാണ്. കോര്‍ എന്‍ജിനീയറിങ് ബ്രാഞ്ചുകളായ സിവില്‍, മെക്കാനിക്കല്‍, ഇലെക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഐടി ബ്രാഞ്ചുകള്‍ക്ക് എപ്പോഴും സാധ്യതകളുണ്ട്. പക്ഷെ ഉപരിപഠനമോ, സ്‌പെഷ്യലൈസേഷനോ, സ്‌കില്‍ വികസന കോഴ്‌സുകളോ ബിരുദ ശേഷം വരും നാളുകളില്‍ ആവശ്യമായി വരും.
കെമിസ്ട്രിയില്‍ താത്പര്യമുള്ളവര്‍ക്ക് കെമിക്കല്‍ എന്‍ജിനീയറിങ,് ബയോളജിയോട് അഭിമുഖ്യമുള്ളവര്‍ക്കു ഡയറി സയന്‍സ് & ടെക്‌നോളജി, അഗ്രിക്കള്‍ച്ചര്‍ എന്‍ജിനീയറിങ്, ബയോടെക്‌നോളജി, ബയോമെഡിക്കല്‍, ഫുഡ് ടെക്‌നോളജി, ഫുഡ് എന്‍ജിനീയറിങ്, എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറിങ് ബ്രാഞ്ചുകള്‍ തെരഞ്ഞെടുക്കാം. താത്്പര്യവും, അഭിരുചിയും വിലയിരുത്തി മാത്രമേ ബ്രാഞ്ചുകള്‍ കണ്ടെത്താവൂ. മറൈന്‍ എന്‍ജിനീയറിങ്, സേഫ്റ്റി ആന്‍ഡ് ഫയര്‍, ഷിപ് ബില്‍ഡിങ് & നേവല്‍ ആര്‍ക്കിടെക്ചര്‍ എന്നിവ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ മികച്ച ബ്രാഞ്ചുകളാണ്.
തെറ്റായി ഓപ്ഷന്‍ നല്‍കിയാല്‍
ഓപ്ഷന്‍ നല്കുന്നതിനുമുമ്പ് താത്്പര്യമുള്ള കോളേജുകള്‍, ബ്രാഞ്ചുകള്‍, മുന്‍വര്‍ഷത്തെ അവസാന റാങ്കുകള്‍ എന്നിവ അറിഞ്ഞിരിക്കണം. കോളേജുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഭൗതിക സൗകര്യം, ഫാക്കല്‍റ്റി, വ്യവസായ സ്ഥാപനങ്ങളുമായുള്ള സൗഹൃദം, പ്ലേസ്‌മെന്റ്, ഹോസ്റ്റല്‍ സൗകര്യം എന്നിവ വിലയിരുത്തണം. ഒരാള്‍ക്ക് എത്ര ഓപ്ഷനും നല്‍കാം. അവ താത്പര്യത്തിനനുസരിച്ച് മുന്‍ഗണനാ ക്രമത്തില്‍ നല്‍കണം. എ4 ഷീറ്റില്‍ ഓപ്ഷനുകള്‍ എഴുതി തയ്യാറാക്കുന്നത് നല്ലതാണ്. ബ്രാഞ്ചിനനുസരിച്ചോ, കോളേജിനനുസരിച്ചോ വിദ്യാര്‍ത്ഥിയുടെ താത്പര്യം വിലയിരുത്തി ഓപ്ഷന്‍ നല്‍കാം. നല്ല സ്പീഡുള്ള ഇന്റര്‍നെറ്റ് ബ്രൌസര്‍ വഴി മാത്രമേ ഓപ്ഷന്‍ നല്‍കാവൂ. അക്ഷയ കേന്ദ്രങ്ങള്‍, ഇന്റര്‍നെറ്റ് കഫേ എന്നിവയെ ആശ്രയിക്കാം.
ഓപ്ഷന്‍ നിശ്ചിത തീയതിക്ക് മുമ്പ് ചെയ്തിരിക്കണം. റാങ്ക്, ഓപ്ഷന്‍ എന്നിവയ്ക്കനുസരിച്ച് യോഗ്യമായ ബ്രാഞ്ചും, കോളേജും നിങ്ങള്‍ക്ക് ലഭിക്കും. വെബ്സൈറ്റില്‍ നിന്ന് യൂസര്‍ നെയിം, പാസ്സ്വേര്‍ഡ് എന്നിവ എന്റര്‍ ചെയ്തു ക്യാന്‍ഡിഡേറ്റ് പോര്‍ട്ടലില്‍ എത്തി ഓണ്‍ലൈന്‍ ഓപ്ഷന്‍ പ്രക്രിയ തുടങ്ങാം. ഓപ്ഷന്‍ നല്‍കുന്നതിന് മുമ്പ് കോഴ്‌സിന്റെ കോഡ്, കോളേജിന്റെ കോഡ് എന്നിവ വ്യക്തമായി മനസ്സിലാക്കിയിരിക്കണം , നന്നായി ഗൃഹപാഠം ചെയ്തു മാത്രമെ ഓപ്ഷന്‍ നല്‍കാവൂ. എന്നാല്‍ യൂസര്‍ നെയിമും, പാസ്സ്വേര്‍ഡും അക്ഷയകേന്ദ്രത്തിനു നല്‍കി വിദ്യാര്‍ത്ഥിയില്ലാതെ ഓപ്ഷന്‍ നല്‍കാന്‍ ശ്രമിക്കരുത്. കഴിയുമെങ്കില്‍ രക്ഷിതാവും ഓപ്ഷന്‍ നല്‍കുമ്പോള്‍ വിദ്യാര്‍ത്ഥിയുടെ കൂടെ ആവശ്യമാണ്. തെറ്റായി ഓപ്ഷന്‍ നല്‍കിയാല്‍ അഡ്മിഷന്‍ സാധ്യത ഇല്ലാതാകും. നിങ്ങള്‍ നല്‍കിയ ഓപ്ഷന്‍ അനുസരിച്ച് മോക്ക് അലോട്ട്‌മെന്റ് ലിസ്റ്റ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കും. തുടര്‍ന്ന് സാധ്യത വിലയിരുത്തി മുന്‍ഗണന പട്ടികയില്‍ മാറ്റം വരുത്താന്‍ നിശ്ചിത സമയം ലഭിക്കും. ഓപ്ഷന്‍ നല്‍കിയാല്‍ ഓപ്ഷന്‍ ലോക്ക് ചെയ്യണം. ആദ്യ അലോട്ടുമെന്റില്‍ തന്നെ ഫീസടച് അഡ്മിഷനെടുക്കണം. തുടര്‍ ഓപ്ഷന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ confirm ബട്ടനില്‍ ക്ലിക്ക് ചെയ്യണം
എല്ലാ ജില്ലകളിലും ഓപ്ഷന്‍ നല്കാന്‍ നോഡല്‍ കേന്ദ്രങ്ങളുണ്ട്. എന്‍ജിനിയറിങ് കോളേജുകളിലും ഇതിനുള്ള അവസങ്ങളുണ്ട്. ശുഭാപ്തിവിശ്വാസത്തോടെ ഓപ്ഷന്‍ നല്‍കാന്‍ എല്ലാ വിദ്യാര്‍ത്ഥികളും ശ്രമിക്കണം. പ്രവേശന പരീക്ഷ കമ്മീഷണറുടെ നിര്‍ദ്ദേശങ്ങള്‍ വെബ്‌സൈറ്റിലൂടെ യഥാസമയം മനസ്സിലാക്കി മാത്രമേ ഓപ്ഷന്‍ പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാവൂ!
Content Highlights: engineering admission 2023, edu talk, tp sethumadhavan, engineering allotment
Published: 27 Jun 2023, 03:24 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented