
വിദ്യാസമ്പന്നരായ യുവതീയുവാക്കള്‍ ധാരാളമുള്ള സമൂഹമാണ് നമ്മുടേത്. പക്ഷേ, തൊഴിലില്ലായ്മ ഓരോ വര്‍ഷം കഴിയുന്തോറും രൂക്ഷമാവുകയാണ്. വിജ്ഞാനത്തിനൊപ്പം മനോഭാവത്തിലും, തൊഴില്‍ നൈപുണ്യത്തിലും ഊന്നിയുള്ള കോഴ്സുകളിലേക്ക് മാറാന്‍ ഉന്നതവിദ്യാഭ്യാസരംഗം ശ്രമിക്കാത്തതാണ് തൊഴില്‍രംഗത്ത് ശോഭിക്കാന്‍ ഇന്ത്യന്‍ യുവാക്കള്‍ക്ക് കഴിയാതെ പോകുന്നത്. ഇന്ത്യയില്‍ അഭ്യസ്തവിദ്യരില്‍ സ്‌കില്‍/തൊഴില്‍ നൈപുണ്യ നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെ മാത്രമാണ്. വികസിത രാജ്യങ്ങളിലിത് 67 ശതമാനത്തിലേറെയാണ്. ഇത് തന്നെയാണ് ഇന്ത്യയിലെ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മക്ക് കാരണം! കോവിഡിന് ശേഷം ലോകത്താകമാനം സ്‌കില്‍ അധിഷ്ഠിത കോഴ്‌സുകള്‍ക്ക് പ്രസക്തിയേറുകയാണ്. ഈ സാഹചര്യത്തിനൊത്തുയരാന്‍ സ്‌കില്‍ അധിഷ്ഠിതകോഴ്‌സുകള്‍ക്ക് പ്രാധാന്യം നല്‍കേണ്ടതുണ്ട്. മൂന്ന് വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് പകരം നാല് വര്‍ഷ ഓണേഴ്സ് ബിരുദ പദ്ധതിയും ഇതേ സങ്കല്‍പത്തിലൂന്നിയുള്ളതാണ്.
നാല് വര്‍ഷ ബിരുദവും നൈപുണ്യവികസനവും
ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ ഭാഗമായി രാജ്യത്തെ ചില സര്‍വകലാശാലകള്‍ നാലു വര്‍ഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകള്‍ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ്. മറ്റ് സര്‍വകലാശാലകളിലും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിച്ചു വരുന്നു. എന്നാല്‍, നാല് വര്‍ഷ ബിരുദ കോഴ്‌സുകളെ എതിര്‍ക്കുന്നവരും കുറവല്ല. വികസിത രാജ്യങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേതന്നെ നാല് വര്‍ഷ അണ്ടര്‍ ഗ്രാജ്വേറ്റ് പ്രോഗ്രാം നിലവിലുണ്ട്. വിദേശപഠനത്തിന്റെ സാധ്യതകള്‍ കൂടി വിലയിരുത്തിയാണ് ദേശീയ വിദ്യാഭ്യാസ നയം 2020-ല്‍ നാലു വര്‍ഷ ഓണേഴ്സ് പ്രോഗ്രാം വിപുലപ്പെടുത്തേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞിരിക്കുന്നത്. ഇതിനു മുമ്പ് ഡല്‍ഹി സര്‍വകലാശാലയില്‍ ഇതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചെങ്കിലും വിദ്യാര്‍ഥി സമരങ്ങളുടെ അടിസ്ഥാനത്തില്‍ പദ്ധതി വേണ്ടെന്ന് വെച്ചിരുന്നു.
വികസിത രാജ്യങ്ങളില്‍ ഗ്രാജുവേറ്റ് പ്രോഗ്രാമിന് പ്രവേശനം ലഭിക്കാന്‍ നാലു വര്‍ഷ ഓണേഴ്സ് അണ്ടര്‍ ഗ്രാജുവേറ്റ് പഠനം എല്ലാ രാജ്യങ്ങളും നിഷ്‌കര്‍ഷിച്ചിരുന്നു. അതായത് ഒന്നാം ക്ലാസ് മുതല്‍ 16 വര്‍ഷത്തെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമെ പ്രസ്തുത രാജ്യങ്ങളില്‍ ഗ്രാജുവേറ്റ് പ്രോഗ്രാമിന് ചേരാന്‍ സാധിക്കൂ. അമേരിക്ക ഒഴികെയുള്ള രാജ്യങ്ങള്‍ ഈ രീതിയില്‍നിന്നു മാറ്റം വരുത്തിയിട്ടുണ്ട്. മൂന്ന് വര്‍ഷ ബിരുദംപൂര്‍ത്തിയാക്കിയവര്‍ക്ക് വികസിത രാജ്യങ്ങളിലിപ്പോള്‍ ചില പ്രീ ക്രെഡിറ്റ് കോഴ്‌സുകളുമുണ്ട് (നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ 1918 മുതല്‍ യു.കെ-യിലും അമേരിക്കയിലും നിലവിലുണ്ട്).
ഗ്ലോബല്‍ സ്‌കില്‍സ് റിപ്പോര്‍ട്ടും നൈപുണ്യവികസനവും
നാലു വര്‍ഷ ഓണേഴ്സ് ബിരുദപദ്ധതി ആവശ്യമില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ നിലപാടെടുത്തത് ഏറെ ചര്‍ച്ചയായിരിക്കുകയാണ്. കര്‍ണാടക മാത്രമല്ല, ഡോ. കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ രാജ്യത്തെ പത്തിലേറെ സംസ്ഥാനങ്ങളാണ് വിമുഖത കാണിച്ചത്. നാലുവര്‍ഷ ബിരുദ പ്രോഗ്രാം തുടങ്ങുമ്പോള്‍ വ്യക്തമായ ചര്‍ച്ചകള്‍ നടക്കണം. ലോകത്താകമാനമുള്ള വിദ്യാഭ്യാസ, തൊഴില്‍ പ്രവണതകള്‍ വിലയിരുത്തണം. അടുത്തിടെ പുറത്തിറങ്ങിയ ഗ്ലോബല്‍ സ്‌കില്‍സ് 2023 റിപ്പോര്‍ട്ട് വിലയിരുത്തി പരമ്പരാഗത കോഴ്‌സുകളില്‍ കാലികമായ മാറ്റം വരുത്തണം. റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍ ഭാവി ഇന്നോവേഷന്‍, തൊഴിലുകള്‍ എന്നിവയിലേക്കാവശ്യമായ കോഴ്‌സുകള്‍ കണ്ടെത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നു. ഇത് വിലയിരുത്താന്‍ രാജ്യത്തെ സര്‍വകലാശാലകളും, നയ രൂപീകരണ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും തയ്യാറാകണം.
ഡിജിറ്റലൈസേഷന്‍, ഓട്ടോമേഷന്‍, ആഗോളവല്‍ക്കരണം എന്നിവയുടെ പശ്ചാത്തലത്തില്‍ തൊഴില്‍ മേഖലയില്‍ സ്‌കില്‍ വികസനത്തിന് പ്രസക്തിയേറുന്നുവെന്നാണ് 2023-ലെ ഗ്ലോബല്‍ സ്‌കില്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അപ്‌സ്‌കില്ലിങ്, റീസ്‌കില്ലിങ് എന്നിവയ്ക്ക് പ്രസക്തിയേറി വരുന്നു. ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോര്‍ട്ടിലും 60 ശതമാനം തൊഴിലാളികള്‍ക്ക് 2027-നുള്ളില്‍ തുടര്‍പരിശീലനം ആവശ്യമായി വരുമെന്ന് റിപ്പോര്‍ട്ട് പ്രവചിച്ചിട്ടുണ്ട്. 100 രാജ്യങ്ങളില്‍ നിന്നുള്ള 124 ദശലക്ഷം പഠിതാക്കളില്‍ നിന്നുള്ള ഡാറ്റ വിലയിരുത്തിയാണ് ഗ്ലോബല്‍ സ്‌കില്‍സ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
തൊഴില്‍ മേഖലയില്‍ ആവശ്യമായ സ്‌കില്‍ എത്രത്തോളമുണ്ട്? ഏറ്റവും കൂടുതലായി നിലവിലുള്ള സ്‌കില്ലുകള്‍ ഏതൊക്കെയാണ്? തൊഴില്‍ മേഖലയില്‍ ഡിജിറ്റല്‍ സ്‌കില്ലുകള്‍ എത്രത്തോളം ആവശ്യമുണ്ട്? തുടങ്ങിയ കാര്യങ്ങള്‍ക്കാണ് റിപ്പോര്‍ട്ട് ഊന്നല്‍ നല്‍കിയിരിക്കുന്നത്. പ്രധാനപ്പെട്ട കണ്ടെത്തലുകള്‍ ഇവയാണ്. സാമ്പത്തിക വളര്‍ച്ച സ്‌കില്‍ പ്രാവീണ്യത്തെ ആശ്രയിച്ചിരിക്കുന്നു. ഇന്റര്‍നെറ്റ് സേവനം സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ബിരുദാനന്തര യോഗ്യതയുള്ളവരാണ് എ.ഐ. അധിഷ്ഠിത സ്‌കില്ലുകള്‍ സ്വായത്തമാക്കുന്നത്. ഡിജിറ്റലൈസേഷനും സര്‍ട്ടിഫിക്കേഷനും കൂടുതല്‍ വിദ്യാര്‍ഥികള്‍ തയ്യാറാകുന്നു. സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിങ്, മാത്തമാറ്റിക്‌സ് എന്നിവയില്‍ കൂടുതല്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ പഠിക്കാന്‍ പെണ്‍കുട്ടികള്‍ താത്പര്യപ്പെടുന്നു.
കണ്ടെത്താം പുത്തന്‍ പഠനമേഖലകള്‍
ബിസിനസ്, ടെക്‌നോളജി, ഡാറ്റ സയന്‍സ് സ്‌കില്ലുകള്‍ക്കാണ് ലോകത്താകമാനം പ്രാധാന്യമേറുന്നത്. അക്കൗണ്ടിങ്, കമ്മ്യൂണിക്കേഷന്‍, സംരംഭകത്വം, സാമ്പത്തികം, മനുഷ്യവിഭവശേഷി, ലീഡര്‍ഷിപ് മാനേജ്മന്റ്, മാര്‍ക്കറ്റിങ്, സെയില്‍സ്, സ്ട്രാറ്റജി & ഓപ്പറേഷന്‍സ് എന്നിവയുമായി ബന്ധപ്പെട്ട സ്‌കില്ലുകള്‍ക്കും ആവശ്യകതയേറുന്നു. ടെക്‌നോളജി സ്‌കില്ലുകളില്‍ ക്ലൗഡ് കമ്പ്യൂട്ടിങ്, നെറ്റ്‌വര്‍ക്കിങ്, പ്രോഗ്രാമിങ്, ഡാറ്റാബേസ്, മൊബൈല്‍ ഡവലപ്‌മെന്റ്, ഓപ്പറേഷന്‍സ് സിസ്റ്റംസ്, സെക്യൂരിറ്റി എന്‍ജിനീയറിങ്, സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ്, വെബ് ഡെവലപ്‌മെന്റ് എന്നിവയ്ക്ക് പ്രാധാന്യമേറുന്നു. ഡാറ്റ സയന്‍സില്‍ ഡാറ്റ അനാലിസിസ്, ഡാറ്റ മാനേജ്‌മെന്റ്, ഡാറ്റ വിഷ്വലൈസേഷന്‍, മെഷീന്‍ ലേണിങ്, മാത്തമാറ്റിക്‌സ്, പ്രോബബിലിറ്റി & സ്റ്റാറ്റിസ്റ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്കല്‍ പ്രോഗ്രാമിങ്, കമ്പ്യൂട്ടര്‍ ആര്‍ക്കിടെക്ചര്‍, ബയോഇന്‍ഫോര്‍മാറ്റിക്‌സ്, എപിഡെമിയോളജി എന്നിവ ഉള്‍പ്പെടുന്നു.
ഓപ്പറേഷന്‍സ് മാനേജ്‌മെന്റ്, ലീഡര്‍ഷിപ് ഡെവലപ്‌മെന്റ്, സപ്ലൈചെയിന്‍ സിസ്റ്റംസ്, ബജറ്റ് മാനേജ്മന്റ് എന്നിവ വിപുലപ്പെട്ടുവരുന്നു. കമ്മ്യൂണിക്കേഷന്‍, സംരംഭകത്വം, ലീഡര്‍ഷിപ് & മാനേജ്മന്റ്, സ്ട്രാറ്റജി & ഓപ്പറേഷന്‍സ് എന്നിവ ഏറ്റവും കൂടുതലായി ആവശ്യമുള്ള തൊഴില്‍ നൈപുണ്യ മേഖലകളാണ്. ഇന്ത്യയില്‍ പശ്ചിമ ബംഗാള്‍ ഡാറ്റ സയന്‍സ് സ്‌കില്ലില്‍ ഒന്നാം സ്ഥാനത്താണ്. കേരളം സെക്യൂരിറ്റി എന്‍ജിനീയറിങ്ങില്‍ മുന്നിലാണ്.
നാലു വര്‍ഷ ഓണേഴ്സ് പ്രോഗ്രാം നടപ്പിലാക്കുമ്പോള്‍ മൂന്ന് വര്‍ഷത്തെ സിലബസ് നാലു വര്‍ഷത്തേക്ക് ആക്കുകയല്ല വേണ്ടത്. പകരം ഭാവിയിലേക്കുതകുന്ന പുത്തന്‍ പഠന മേഖലകള്‍ ഉള്‍പെടുത്താന്‍ ശ്രമിക്കേണ്ടതുണ്ട്. കാര്‍ഷിക സര്‍വകലാശാലയില്‍ വര്‍ഷത്തില്‍ മൂന്ന് എന്ന ട്രൈസെമസ്റ്റർ രീതി ഒഴിവാക്കി, വര്‍ഷത്തില്‍ രണ്ടെന്ന സെമസ്റ്റര്‍ രീതി നിലവില്‍ വന്നപ്പോള്‍ വ്യക്തമായ ഗൃഹപാഠം ചെയ്യാതെ ഒന്നര ട്രൈസെമസ്റ്ററിന്റെ പാഠഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് സെമസ്റ്ററിനു തുല്യമാക്കിയവരുണ്ട്! സംരംഭകത്വം, സ്റ്റാര്‍ട്ടപ്പുകള്‍, കാലാവസ്ഥാവ്യതിയാനം, ഇന്നൊവേഷന്‍ സാങ്കേതികവിദ്യ എന്നിവ ഉള്‍പ്പെടുത്തണം. സ്‌കില്‍ വികസനം, ഇന്റേണ്‍ഷിപ് എന്നിവയ്ക്കും വ്യവസായ സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള സഹകരണം, ക്യാമ്പസ് പ്ലേസ്‌മെന്റ്, ഭാഷ, കംപ്യൂട്ടര്‍ പ്രാവീണ്യം, പൊതുവിജ്ഞാനം മുതലായവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം.
മാറുന്ന തൊഴില്‍ സാഹചര്യം, ഉപരിപഠന ഗവേഷണ സാധ്യതകള്‍, ഭാവി തൊഴിലുകള്‍, ഭാവി ഇന്നോവേഷനുകള്‍ എന്നിവ ലക്ഷ്യമിട്ടായിരിക്കണം പുതിയ ഓണേഴ്സ് പ്രോഗ്രാമുകള്‍ ആവിഷ്‌കരിക്കേണ്ടത്. ഇതിന്റെ ലക്ഷ്യം വിദ്യാര്‍ഥികളിലെ തൊഴില്‍ ലഭ്യത മികവ് വര്‍ധിപ്പിച്ച്, തൊഴിലില്ലായ്മാനിരക്ക് കുറയ്ക്കാനായിരിക്കണം. ഒപ്പം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ജി ഇ ആര്‍. അനുപാതവും, ഗവേഷണ മികവും വര്‍ധിപ്പിക്കണം.
(ബെംഗളൂരു ട്രാന്‍സ്ഡിസ്സിപ്ലിനറി യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് & ടെക്‌നോളജി പ്രൊഫസറാണ് ലേഖകന്‍)
Content Highlights: Higher education, four year degree course, upskilling and reskilling,global skills report
Published: 26 Aug 2023, 03:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented