
അത്യന്തം ആവേശകരമായ ലോകം നിർമ്മിച്ചെടുക്കുന്നതിൽ സങ്കേതികവിദ്യയുടെ പങ്ക് വിസ്മയകരമാണ്. സ്വപ്നം കാണുന്നതിനും അപ്പുറമുള്ള കാര്യങ്ങൾ മൂന്നോ നാലോ വർഷങ്ങൾക്കുള്ളിൽ കൺമുന്നിൽ നടക്കുന്ന സാഹചര്യം. നമുക്ക് ചില ഉദാഹരണങ്ങൾ നോക്കാം. ആരോഗ്യം, വിദ്യാഭ്യാസം, വിനോദം, ഗതാഗതം, സാമ്പത്തികം എന്നീ മേഖലകളിൽ AI ഒരു നിശബ്ദ വിപ്ലവം തന്നെയാണ് സൃഷ്ടിക്കുന്നത്. ഡാറ്റയുടെ (Data, വിവരങ്ങൾ ) ലോകത്ത് വലിയ പരിവർത്തനങ്ങൾ നടപ്പിൽ വരുത്തിക്കൊണ്ടിരിക്കുന്ന ക്ലൗഡ് കമ്പ്യൂട്ടിങ് (Cloud Computing). വീടും നാടും വ്യവസായശാലകളും തുടങ്ങി സകലതിനെയും സ്മാർട്ടാക്കാൻ വിരൽത്തുമ്പിൽ വിസ്മയം തീർത്തുകൊണ്ട് ഇൻ്റർനെറ്റ് ഓഫ് തിങ്സ്, മനസ്സിൽ രൂപപ്പെടുന്ന ആശയത്തെ എളുപ്പത്തിൽ ഒരു ഉൽപന്നമായി മാറ്റിയെടുക്കാൻ സഹായിക്കുന്ന 3D പ്രിൻ്റിംഗ്, ഗെയിമിംഗ്, വിനോദം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ അരങ്ങ് തകർക്കുന്ന വിർച്വൽ റിയാലിറ്റി (AR, VR), നമ്മുടെ കയ്യിലിരിക്കുന്ന മൊബൈൽ ഫോണിൽ 3G മാറി 4G ആയപ്പോഴും ഇപ്പോൾ 5G ഉപയോഗിക്കുമ്പോഴും ഇനി 6G കാലം അധികം വൈകാതെ എത്തുമെന്ന് മനസ്സിലാക്കുമ്പോഴും കണക്റ്റിവിറ്റിയുടെ ലോകം എത്ര വേഗമേറിയതാണെന്ന് ഊഹിക്കാം. ഇങ്ങനെ ഇരുപത്തൊന്നാം നൂറ്റാണ്ടിനേ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന എത്രയെത്ര ഉദാഹരണങ്ങൾ. ഡ്രോൺ, ക്രിപ്‌ടോകറൻസി, ബയോ ടെക്നോളജി, റോബോട്ടിക്സ്, നാനോ ടെക്നോളജി, ക്വാണ്ടം കമ്പ്യൂട്ടിങ്, ബ്ലോക്ക് ചെയിൻ തുടങ്ങി ലിസ്റ്റുകൾ അങ്ങനെ നീളുന്നു.
ഇവയെ എല്ലാം നമ്മൾ ടെക്നോളജി എന്നാണ് വിളിക്കുക. ബന്ധപ്പെട്ട വിദ്യാഭ്യാസ മേഖലയെ സങ്കേതിക വിദ്യാഭ്യാസ മേഖല എന്ന് വിളിക്കാറുണ്ട്. അതേസമയം സ്ഥാപനങ്ങളെ നമ്മൾ എൻജിനീയറിങ് കോളജ് എന്നും വിളിക്കാറുണ്ട്. അതുകൊണ്ട് തന്നെ എന്താണ് ശാസ്ത്രം, എൻജിനീയറിങ്, ടെക്നോളജി ഇവ തമ്മിൽ തമ്മിലുള്ള വ്യത്യാസം എന്നൊന്ന് നമുക്ക് പരിശോധിച്ചുകൊണ്ട് നമുക്ക് പതിയെ വിഷയത്തിലേക്ക് വരാം.
എന്താണോ ശാസനം ചെയ്ത് പ്രപഞ്ചത്തെ നിലനിർത്തുന്നത്, അതാണ് ശാസ്ത്രം. ഈ ശാസ്ത്രത്തെ പ്രായോഗിക രൂപത്തിലേക്ക് മാറ്റുമ്പോൾ അത് എൻജിനീയറിങ് ആയി മാറുന്നു. ഇതേ എൻജിനീയറിങ്ങിനെ സാർവത്രികമായി വ്യാവസായിക സംരംഭത്തിലൂടെ ഉത്പാദനം നടത്തുവാനായി ഉപയോഗിക്കുമ്പോൾ അത് ടെക്നോളജിയായി രൂപാന്തരപ്പെടുന്നു. മറ്റൊരു രീതിയിൽ ചിന്തിച്ചു നോക്കാം. ശാസ്ത്രത്തിൻ്റെ പിൻബലമുള്ള ഒരു ആശയത്തെ സ്വായത്തമാക്കിയാൽ ശാസ്ത്രം പഠിച്ചു എന്ന് പറയാം. പഠിച്ച കാര്യത്തെ ഉപയോഗിച്ച് അതിനെ അവതരിപ്പിക്കുവാൻ ഒരു ഉപകരണം നിർമ്മിച്ചാൽ അത് എൻജിനീയറിങ് ആയി. അതെ ഉപകരണം വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിച്ച് വിതരണം ചെയ്യുമ്പോൾ അത് ടെക്നോളജിയുമായി.
ഫോട്ടോ ഇലക്ട്രിസിറ്റി എന്നത് ഒരു ശാസ്ത്ര തത്വമാണ്. സൗരോർജ്ജത്തെ വൈദ്യുത ഊർജ്ജമാക്കി മാറ്റുവാൻ പാനലുകൾ ആവിഷ്കരിച്ചത് എൻജിനീയറിങ് ആണ്. വലിയ തോതിൽ വൈദ്യുതി ഉത്പാദനത്തിനായി സോളാർ പാനലുകൾ, ബാറ്ററി, അനുബന്ധ ഉപകരണ ഉപാധി തുടങ്ങിയവ നിർമിക്കപ്പെടുകയും സോളാർ പാടങ്ങൾ, പുരപ്പുറ സോളാർ പാനലുകൾ തുടങ്ങിയവ ഉണ്ടാവുകയും ചെയ്തപ്പോൾ അത് ടെക്നോളജിയും ആയി.
ഇനി ഒരു സ്ഥാപനത്തിലേക്ക് കടന്ന് ചെന്നാൽ വിദ്യാർഥികൾ, അധ്യാപകർ, സ്ഥാപനം എന്നീ ഘടകങ്ങളാണ് ഒരു സങ്കേതിക വിദ്യാഭ്യാസ മേഖലയിലെ പ്രധാന പങ്കാളികൾ എന്ന് മനസ്സിലാക്കാം. കാലത്തിനു അനുസരിച്ചും ടെക്നോളജിയിലെ മാറ്റങ്ങൾക്ക് അനുസരിച്ചും വ്യവസായ മേഖലയുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുമുള്ള പാഠ്യപദ്ധതി വാഗ്ദാനം ചെയ്യുവാൻ ഒരു സ്ഥാപനത്തിനും, അനുദിനം വിപ്ലവകരമായ മാറ്റങ്ങൾക്ക് വിധേയമാകുന്ന ഈ മേഖലയിലെ പുത്തൻ പാഠ്യപദ്ധതിയെ വിദ്യർത്ഥികളിലേക്ക് എത്തിക്കുവാനുള്ള നൈപുണ്യം നേടുവാൻ അധ്യാപകരും, ലോകത്തെ ഏറ്റവും നൂതനമായ സങ്കേതികവിദ്യ പഠനത്തിലും പ്രാവീണ്യം നേടുവാനും ഒരു വിദ്യാർഥിയും ശ്രദ്ധിക്കേണ്ടതുണ്ട്. സ്വാഭാവികമായും നമ്മൾ എല്ലാവരും അറിഞ്ഞിരിക്കേണ്ട പൊതുവായ കാര്യം ഈ നൂറ്റാണ്ടിലെ എമർജിങ് ടെക്നോളജിയെ ( Emerging Technology) പറ്റിയാണ്.
എന്താണ് എമർജിങ് ടെക്നോളജി?
നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതോ, പരീക്ഷിച്ചുകൊണ്ടിരിക്കുന്നതോ, അല്ലെങ്കിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതോ ആയ പുതിയതും നൂതനവുമായ സാങ്കേതികവിദ്യകളെയാണ് എമർജിങ് ടെക്നോളജി സൂചിപ്പിക്കുന്നത്. ഈ സാങ്കേതികവിദ്യകൾക്ക് നമ്മുടെ ജീവിതത്തിൻ്റെയും വ്യവസായങ്ങളുടെയും സമൂഹത്തിൻ്റെയും വിവിധ വശങ്ങളെ ഗണ്യമായി സ്വാധീനിക്കാൻ കഴിയും. ഈ കുറിപ്പിൻ്റെ തുടക്കത്തിൽ സൂചിപ്പിച്ച ടെക്നോളജി എല്ലാം ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന ഉദാഹരണങ്ങളാണ്. അവയിൽ പ്രധാനപ്പെട്ട ചിലത് നമുക്ക് നോക്കാം.
1. ചാറ്റ് ജിപിറ്റി യോട് ചോദ്യം ചോദിച്ചും ഓരോന്ന് അതിനേക്കൊണ്ട് ചെയ്യിപ്പിച്ചും നമ്മൾ പലതും നടത്തി എടുക്കുന്നില്ലേ. എന്ത് ചോദിച്ചാലും ഒരു ഉത്തരം കിട്ടും. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ content വേണ്ടപ്പോഴും നമ്മൾ ആശ്രയിക്കും. ഫോട്ടോ, വീഡിയോ എഡിറ്റ് എളുപ്പത്തിൽ ചെയ്യാനും ഇന്ന് നമ്മളെ സഹായിക്കാൻ ഓൺലൈനിൽ നിരവധി വേദികൾ ഉണ്ട്. ഇതെല്ലാം ജനറേറ്റീവ് എഐക്ക് ( Generative AI ) ഉദാഹരണങ്ങളാണ്.
Generative AI
Text, Video, Audio, Code. പ്രധാനമായും ജനറേറ്റീവ് AI യുടെ ഔട്ട്പുട്ട് ഇതൊക്കെയാണ്. അൽഗോരിതത്തിൻ്റെ സഹായത്തിൽ പ്രവർത്തിക്കുന്ന ഇത് നമ്മുടെ ആവശ്യം കേട്ട് അതിനനുസരിച്ച് text, Audio, video, Code എന്നീ രീതികളിൽ കൂടി മറുപടി നൽകും. ഉദാഹരണത്തിന് രണ്ട് സംഖ്യകൾ തമ്മിൽ കൂട്ടുന്നതിനുള്ള പ്രോഗ്രാം എഴുതാൻ പറഞ്ഞാല് എഴുതി തരും. എന്താണ് എമർജിങ് ടെക്നോളജി എന്ന് ചോദിച്ചപ്പോൾ കിട്ടിയ മറുപടി വെച്ചാണ് എന്താണ് എമർജിങ് ടെക്നോളജി എന്ന് ഇവിടെ എഴുതിയിരിക്കുന്നത്. ഇപ്പോള് ഒരു ഫോട്ടോ എടുത്താൽ അതിനെ പല വിധത്തിൽ മിനുക്കി എടുക്കുവാൻ Generative AI സഹായിക്കും. അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ നേരം അതിൻ്റെ കൂടെ എഴുതുന്ന content ഉം ഇങ്ങനെ തന്നെ നമ്മുടെ കയ്യിലുള്ള മൊബൈൽ ഉപയോഗിച്ച് AI വേദികളിൽ (Web platform in Laptop/Mobile Browser) പോയി ചോദിച്ച് കണ്ടെത്തുന്നതാണ്.
Content Creation, വ്യവസായശാലയിലെ Automation, ആരോഗ്യമേഖല, സാമ്പത്തിക മേഖല എന്നീ ഇടങ്ങളിൽ ഈ AI സംവിധാനങ്ങൾ വ്യാപകമാവുകയാണ്.
2. നമ്മൾ അനുദിനം ഓൺലൈൻ വേദികൾ വഴി എത്രയെത്ര വിവരങ്ങളാണ് കൈമാറുന്നതും ഉപയോഗിക്കുന്നതും എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ. നമ്മുടെ മാത്രം സ്വന്തം വിവരങ്ങൾ, ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങൾ, പാസ്‌വേഡുകൾ, സോഷ്യൽ മീഡിയ ചാറ്റുകൾ, ഐഡൻ്റിറ്റി സംബന്ധിക്കുന്ന വിവരങ്ങൾ, തൊഴിൽ സംബന്ധമായ വിവരങ്ങൾ തുടങ്ങി കോടിക്കണക്കിന് വിവരങ്ങൾ നമ്മൾ കൈമാറുന്നു ഉപയോഗിക്കുന്നു. ഈ വിവരങ്ങളുടെ ഒക്കെ സുരക്ഷയും സ്വകാര്യതയും നമുക്ക് എങ്ങിനെ ഉറപ്പ് വരുത്തുവാനാകും. ഉത്തരം സൈബർ സെക്യൂരിറ്റി, പ്രൈവസി.
സൈബർ ഇടത്തെ സുരക്ഷയും സ്വകാര്യതയും (Cyber Security & Privacy)
നമ്മൾ ഉപയോഗിക്കുന്നതും കൈമാറുന്നതുമായ വിവരങ്ങളുടെ സ്വകാര്യത ഉറപ്പ് വരുത്തുന്നു. അനുവാദമില്ലാതെ നമ്മുടെ വിവരങ്ങൾക്ക് മേലെയുള്ള കടന്നുകയറ്റം ചെറുക്കും. ഇത്തരം സൗകര്യം ഇല്ലായിരുന്നു എങ്കിൽ നമ്മുടെ ബാങ്ക് വിവരങ്ങളുടെയും കയ്യിലുള്ള കാശിൻ്റെയും കാര്യങ്ങൽ എന്ത് സംഭവിക്കും എന്ന് ആലോചിക്കുക. നമ്മുടെ വാട്സാപ്പിൽ ഒക്കെ encryption എന്ന പദം നമ്മൾ ശ്രദ്ധിച്ചിട്ടുണ്ടാകും. അതൊക്കെ ഈ സുരക്ഷയുടെ ഭാഗമാണ്. ഹാക്കിംഗ് എന്ന പദം ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. സുരക്ഷ വീഴ്ചകൾ ഉണ്ടാകുമ്പോഴോ അല്ലെങ്കിൽ നിലവിലുള്ള സുരക്ഷയെ മറികടന്നോ ആണ് ഇത്തരം സന്ദർഭങ്ങൾ ഉണ്ടാകുന്നത്. വ്യവസായശാലകളിൽ വർദ്ധിച്ചു വരുന്ന ഡിജിറ്റൽ, ഓട്ടമേഷൻ മേഖലകൾ, ആരോഗ്യ രംഗം, പ്രതിരോധം, ബാങ്കിംഗ്, ഓൺലൈൻ മാർക്കറ്റിംഗ്, വ്യാപാരം തുടങ്ങി നിരവധി മേഖലകളിൽ സൈബർ സെക്യൂരിറ്റി ആൻഡ് പ്രൈവസിയുടെ സാദ്ധ്യത പല മടങ്ങ് വലുതാകുകയാണ്.
3. ഭാരത് സ്റ്റേജ് (BS) എമിഷൻ (Emission) നിയമങ്ങൾ കെട്ടിട്ടുണ്ടാകുമല്ലോ. വാഹനങ്ങൾ പുറംതള്ളുന്ന പുകയിൽ അടങ്ങിയ നൈട്രജൻ ഡയോക്സൈഡ്, കാർബൺ മോണോക്‌സൈഡ് തുടങ്ങിയ മലിനവസ്തുക്കളുടെ അനുവദനീയമായ അളവ് നിജപ്പെടുത്തി പറയുന്നത് ഈ BS സ്റ്റാൻഡേർഡ് ആണ്. അങ്ങിനെ വെറുതെ ഒരു നിയമം ഇറക്കിയാൽ എല്ലാം കഴിഞ്ഞു എന്ന് ധരിക്കരുത്. വാഹന നിർമാതാക്കളെ സംബന്ധിച്ച് അവർക്ക് അവരുടെ ഡിസൈൻ, പ്രൊഡക്ഷൻ, അസംബ്ലി എന്നിവയിലൊക്കെ മാറ്റങ്ങൾ വരുത്തേണ്ടതായി വരും. അതായത് പരിസ്ഥിതിയുടെ നിലനില്പിന് വേണ്ടി നമ്മൾ ടെക്നോളജിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഡിസൈനിൽ അടക്കം മാറ്റങ്ങൾ വരുത്തുന്നു. ഇവിടെ മുൻഗണന പരിസ്ഥിതിക്ക് ആണ്. പ്രപഞ്ചത്തിൻ്റെ നിലനിൽപ്പിനെ മുൻനിർത്തി അതിന് കോട്ടം തട്ടാത്ത രീതിയിൽ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളെ സുസ്ഥിര സങ്കേതികവിദ്യകൾ എന്ന് വിളിക്കാം (Sustainable Technology).
സുസ്ഥിര സാങ്കേതികവിദ്യകൾ ( Sustainable Technology)
പരിസ്ഥിതിക്ക് മേലെയുള്ള ആഘാതം കുറക്കുന്ന ഇന്നോവേറ്റീവ് ആയ പരിഹാരങ്ങൾ സാങ്കേതിക മേഖലയിൽ കണ്ടെത്തുന്നു. പുനരുപയോഗ ഊർജ്ജം (Renewable Energy- സോളാർ , കാറ്റാടി, താപവൈദ്യുതി തുടങ്ങിയവ ), ഊർജ്ജ കാര്യക്ഷമത മേഖല (സ്മാർട്ട് ഗ്രിഡ്, LED, എനർജി സ്റ്റോറേജ് തുടങ്ങിയവ), ഗതാഗതം ( ഇലക്ട്രിക്, ഹൈഡ്രജൻ, ഹൈബ്രിഡ് വാഹനങ്ങൾ), നൂതന ജല വിഭവ സംരക്ഷണ മാതൃകകൾ, പുനരുപയോഗ മാതൃകകൾ, waste water treatment, ഗ്രീൻ ബിൽഡിങ്, ഗ്രീൻ മറ്റീരിയല്സ്, സ്മാർട്ട് സൗകര്യങ്ങൾ (smart infrastructure, smart city, IoT Sensor) , ബയോ ഡിഗ്രേഡബിൾ മട്ടീരിയൽ തുടങ്ങിയവ ഇന്നത്തെ കാലത്തിൻ്റെ പ്രത്യേകതകൾ ആണ്.
4. വീട്ടിൽ സ്മാർട്ട് ടിവി ഉളളവർ എല്ലാവരും അതിൻ്റെ റിമോട്ടിലെ വോയ്സ് അസിസ്റ്റൻ്റ് ഉപയോഗിച്ച് ടിവി പ്രവർത്തിപ്പിച്ചിട്ടുണ്ടാകുമല്ലോ. കയ്യിൽ ധരിക്കുന്ന സ്മാർട്ട് വാച്ച് ഉപയോഗിച്ച് എന്തെല്ലാം കാര്യങ്ങൽ നമ്മൾ മോണിറ്റർ ചെയ്യുന്നു. സിനിമകളിൽ കാണുന്ന പോലെ കൈ തട്ടിയാൽ ലൈറ്റ് ഇടുന്ന വീടുകൾ തുടങ്ങി നമുക്ക് ചുറ്റും പല കാര്യങ്ങളും സ്മാർട്ട് ആകുന്നുണ്ട്. ഇൻ്റർനെറ്റ് ഓഫ് തിങ്ങ്സ് (IoT) എന്ന സാങ്കേതികവിദ്യ ഉപകരണങ്ങളാണ് ഈ വിരുതന്മാർ.
ഇൻ്റർനെറ്റ് ഓഫ് തിങ്സ് (IoT)
നോക്കൂ നമ്മുടെ സ്മാർട്ട് ഹോം, സ്മാർട്ട് ലൈറ്റിങ്, സ്മാർട്ട് ഡോർ ലോക്ക്, സ്മാർട്ട് വാച്ച്, സ്മാർട്ട് ടിവി , സ്മാർട്ട് സ്പീക്കർ, സ്മാർട്ട് ഇറിഗേഷൻ സിസ്റ്റം, സ്മാർട്ട് ട്രാഫിക് മാനേജ്മെൻ്റ്, വെഹിക്കിൾ ട്രാക്കിംഗ്, ആരോഗ്യ രംഗത്തെ ഉപകരണങ്ങൾ, മണ്ണ്, വായു, ജലം എന്നിവയുടെ ഗുണം അളക്കുന്ന സെൻസറുകൾ, റോബോട്ടുകൾ തുടങ്ങി ഇന്ന് സ്മാർട്ട് ആകുന്നതെല്ലാം ഇൻ്റർനെറ്റ് ഓഫ് തിങ്ങ്സ് ഉപകരണങ്ങൾ ആണ്. കണക്റ്റിവിറ്റി (5G, 6G) കൂടി ഒരു വശത്ത് ശക്തമായ പിന്തുണ കൊടുക്കുന്ന സാഹചര്യത്തിൽ നമ്മുടെ ജീവതത്തെ ആകെ മൊത്തം അടിമുടി സ്മാർട്ട് ആക്കിക്കൊണ്ടിരിക്കുന്ന ഈ മേഖല ഇനിയും വളർന്നുകൊണ്ടിരിക്കും.
5. ഇൻസ്റ്റഗ്രാമിൽ ഏതെങ്കിലും വീഡിയോ കുറച്ച് സെക്കൻഡുകൾ ഒന്ന് നോക്കി ഇരുന്നാൽ പിന്നെ കുറച്ച് നേരത്തേക്ക് അതുപോലെ തന്നെയുള്ള വീഡിയോകൾ നമുക്ക് കിട്ടും. നെറ്റ്ഫ്ലിക്സിൽ കയറിയാൽ നമുക്ക് താൽപര്യമുള്ളത് നമ്മളോട് കാണുന്നോ കാണുന്നൂ എന്ന് ചോദിച്ച് വരും. ഏതെങ്കിലും അപ്ലിക്കേഷൻ ഉപയോഗിച്ച് വിമാന ടിക്കറ്റ് ബുക്ക് ചെയ്താൽ വേറെ ഏതെങ്കിലും ആപ്ലിക്കേഷനിൽ കേറിയാൽ ആ പോകാൻ പോകുന്ന സ്ഥലത്തിൻ്റെ പ്രത്യേകതകൾ കാണിക്കും. ആമസോൺ ൽ കയറി എന്തെങ്കിലും വാങ്ങാൻ നോക്കുമ്പോൾ ഇഷ്ടമുള്ള ബ്രാൻഡിൻ്റെ ഓഫർ കാണിക്കും. ഈ കോടിക്കണക്കിന് വരുന്ന ഉപഭോക്താക്കളിൽ നിന്നും ഇവർ എങ്ങിനെ നമ്മുടെ കാര്യം മാത്രം ഇത്ര കൃത്യമായി മനസ്സിലാക്കി നമുക്ക് മാത്രം ഇഷ്ടമുള്ളത് നമുക്ക് മുന്നിലേക്ക് കാണിച്ചു തരുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? അതിനുത്തരം ബിഗ് ഡാറ്റാ, ഡാറ്റാ അനലിറ്റിക്സ് തുടങ്ങിയവയാണ്.
ബിഗ് ഡാറ്റാ, ഡാറ്റാ അനലിറ്റിക്സ്
ലക്ഷക്കണക്കിന് അല്ലെങ്കിൽ കോടിക്കണക്കിന് വരുന്ന വിവരങ്ങളെ വേണ്ട പോലെ മനസ്സിലാക്കിയും അപഗ്രഥിച്ചും വിശകലനം ചെയ്തും നമുക്ക് ആവശ്യമായത് കൃത്യ സമയത്ത് ഉചിതമായ രീതിയിൽ നമുക്ക് മുന്നിലേക്ക് വെച്ച് തരും. മുകളിൽ പറഞ്ഞ Netflix, Amazon, Instagram തുടങ്ങിയവർ ഒക്കെ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പിടിച്ച് നിൽക്കുന്നത്. വൈവിധ്യമാർന്ന ഈ സമൂഹത്തിൽ ഓരോ ആളിൻ്റെയും താൽപര്യങ്ങൾ മനസ്സിലാക്കി ഓരോരുത്തർക്കും ആകർഷകമായ കാര്യങ്ങളെ കാണിച്ചു കൊടുക്കുന്നതിൽ മാർക്കറ്റിംഗ് വിഭാഗക്കാർ ഇത് ഉപയോഗിക്കുന്നു. ഇതിലൂടെയാണ് അവർ കൺസ്യൂമറുടെ സ്വഭാവം പഠിക്കുന്നത്. നമ്മുടെ കയ്യിലെ സ്മാർട്ട് വാച്ചിൽ എന്തെങ്കിലും ആരോഗ്യ സംബന്ധമായ ബുദ്ധിമുട്ടുള്ള സമയം ഡിടെക്ട് ചെയ്താൽ അവൻ അത് നമ്മുടെ മൊബൈൽ വഴി പലർക്കും സന്ദേശങ്ങൾ കൊടുക്കും. ഇതിന് വേണ്ട ഹിൻ്റുകൾ ഒപ്പിക്കുന്നത് നമ്മുടെ ഓൺലൈൻ ഇടപെടലുകളിൽ കൂടിയാണ്. ഡാറ്റാ സയൻറ്റിസ്റ്റ്മാർ ഇതിന് വേണ്ടി അഹോരാത്രം പണിയെടുക്കുന്നവർ ആണ്.
ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നവർ മുകളിൽ പറഞ്ഞവരാണ്. മറ്റ് പ്രധാനപ്പെട്ട സാങ്കേതികവിദ്യകൾ കൂടി നമുക്ക് പരാമർശിച്ചു പോകാം
6. റോബോട്ടിക്സ് (Robotics)
സെൻസറുകളും കമ്പ്യൂട്ടർ ബുദ്ധിയും AI യും ഒക്കെ ഉപയോഗിച്ച് നിർമ്മിക്കുന്ന ബുദ്ധിയുള്ള മെഷീൻ ആണ് റോബോട്ടുകൾ. മാനുഫാക്ചറിംഗ്, ലോജിസ്റ്റിക്സ്, ആരോഗ്യം, നിർമാണം, റസ്ക്യൂ, കൃഷി, പ്രതിരോധം തുടങ്ങിയ മേഖലയിലൊക്കെ റോബോട്ടുകൾ ഏറി വരുന്ന കാലമാണ്.
7. അഡിറ്റീവ് മാനുഫാക്ചറിങ്, 3D പ്രിൻ്റിംഗ്
എളുപ്പത്തിൽ പറഞ്ഞാൽ ഡിജിറ്റലായി വരയ്ക്കുന്ന (കമ്പ്യൂട്ടർ സോഫ്ട്‌വെയർ സഹായത്താൽ വരക്കുന്ന) ചിത്രത്തെ (മോഡൽ) അതിൻ്റെ ത്രിമാന രൂപത്തിലേക്ക് (3D object ) മാറ്റാനുള്ള സാങ്കേതികവിദ്യ. ഒരു ബിൽഡിംഗ് അങ്ങനെ തന്നെയോ അല്ലെങ്കിൽ വിവിധ ഭാഗങ്ങളോ ഇന്നിപ്പോ പ്രിൻ്റ് ചെയ്ത് എടുത്ത് നിർമാണം എളുപ്പത്തിലാക്കാനുള്ള വമ്പൻ പരിപാടികൾ നടക്കുന്നു. ബയോ പ്രിൻ്റിംഗ് എന്ന പേരിൽ കൃത്രിമ അവയവ ഭാഗങ്ങൾ, ടിഷ്യൂ എന്നിവ ചെയ്തെടുക്കൽ ഇത് എളുപ്പത്തിലാക്കുന്നു. എയ്റോസ്പേസ്, ഓട്ടോമോട്ടീവ്, മെഡിക്കൽ എന്നീ മേഖലകൾക്ക് ആവശ്യമായ മെറ്റൽ ഭാഗങ്ങൾ 3D പ്രിൻ്റ് ചെയ്യാവുന്ന സാഹചര്യം വരുന്നതോടെ വിപ്ലവകരമായ മാറ്റങ്ങൾ സംഭവിക്കും. പരിസ്ഥിതി സൗഹാർദ്ദമായ ഭാഗങ്ങളെ നിർമ്മിക്കാൻ 3D പ്രിൻ്റിംഗ് ഗവേഷണങ്ങൾ നടക്കുന്നു. വലിയ സാദ്ധ്യതകൾ ഈ മേഖല തുറന്നിടുന്നു.
8. നാനോ ടെക്നോളജി (Nano Technology)
ടെക്നോളജി മേഖലയിൽ ഇപ്പോൾ ഒരു സർവവ്യാപിയാണ് നാനോ ടെക്നോളജി. ഇലക്ട്രോണിക്സ് ( സ്മാർട്ട്ഫോൺ, ലാപ്ടോപ്, സ്മാർട്ട്‌വാച്ച്, നാനോ സ്കെയിൽ ട്രാൻസിസ്റ്റർ, സെമി കണ്ടക്ടർ ഡിവൈസ്), മെഡിസിൻ കാര്യം എടുത്താൽ കാൻസർ ട്രീറ്റ്മെൻ്റ്, ടിഷ്യൂ എൻജിനീയറിങ്. എനർജി മേഖല നോക്കിയാൽ സോളാർ സെൽ, ഫ്യുവൽ സെൽസ്, ബാറ്ററി, എനർജി സ്റ്റോറേജ്. മറ്റീരിയൽ മേഖലയിൽ ലൈറ്റ്‌വെയിറ്റ് കോംപസീറ്റ്, സെൽഫ് ഹീലിംഗ് മെറ്റീരിയൽ, സ്മാർട്ട് മെറ്റീരിയൽ തുടങ്ങി പരിസ്ഥിതി, ഫുഡ്, എയ്റോസ്പേസ്, ബയോ ടെക്നോളജി, കോസ്മെറ്റിക്, ടെക്സ്റ്റൈൽ എല്ലായിടത്തും നാനോ ടെക്നോളജി ഒരു അവിഭാജ്യ സങ്കേതിക വിദ്യയാണ് .
9. സെമി കണ്ടക്ടർ ഇൻഡസ്ട്രി (Semicondcutor Industry)
നാനോ ടെക്നോളജി, സൈബർ സെക്യൂരിറ്റി, ബിഗ് ഡാറ്റാ അനലിറ്റിക്സ് എന്നീ ത്രിമൂർത്തികളുടെ പ്രഭാവത്തിൽ സെമി കണ്ടക്ടർ ഇൻഡസ്ട്രി ആറാടുകയാണ്. സെമി കണ്ടക്ടർ എന്ന് കേൾക്കുമ്പോൾ ചിപ്പാണണല്ലോ മനസ്സിൽ വരിക. പുതു പുത്തൻ മറ്റീരിയൽ വാഗ്ദാനം നൽകി സിലിക്കൺ ട്രാൻസിസ്റ്ററിൻ്റെ പകരക്കാരനെ തേടി ഇറങ്ങിയതിൽ മുന്നിൽ നിന്ന് നയിക്കുന്നത് നാനോ ടെക്നോളജി ആണ്. എളുപ്പം നിർമിക്കാനുള്ള നൂതനരീതികൾ, മികവാർന്ന പ്രകടനം എന്നിവ ലക്ഷ്യമാക്കി ചിപ്പ് മാനൂഫാക്ചറിംഗിൽ നാനോ ടെക്നോളജി കഴിവ് പുറത്തെടുക്കുന്ന കാലമാണ് ഇപ്പോൾ. സുരക്ഷ ഒരുക്കുവാൻ സൈബർ സെക്യൂരിറ്റിയൂം കസ്റ്റമർ താൽപര്യങ്ങൾ അറിഞ്ഞ് ഫീഡ്ബാക്കുകൾ കണ്ടെത്തി ഇൻഡസ്ട്രിക്ക് കൊടുക്കാൻ ബിഗ് ഡാറ്റാ അനലിറ്റിക്സും കൂടെ ഉള്ളപ്പോൾ കുതിപ്പിന് പിന്നെന്ത് വേണം.
10. ക്വാണ്ടം കമ്പ്യൂട്ടിങ്
ഇപ്പോഴത്തെ കമ്പ്യൂട്ടർ സംവിധാനങ്ങൾ ഉണ്ടായി വന്നതിൻ്റെ ചരിത്രമൊക്കെ പരിശോധിക്കുമ്പോൾ ഒരു മുറിയുടെ അത്രയും വലുപ്പമുള്ള കമ്പ്യൂട്ടറുകൾ ഒക്കെ നമ്മൾ ഓർക്കുന്നുണ്ടാകും. ഇന്നിപ്പോൾ അതെ അവസ്ഥയിൽ എത്തി നിൽക്കുന്ന ഒന്നാണ് ക്വാണ്ടം കമ്പ്യൂട്ടിങ് മേഖല. ഇപ്പോഴത്തെ കമ്പ്യൂട്ടർ സംവിധാനങ്ങൾക്ക് ചെയ്യാൻ സാധിക്കാത്ത കാര്യങ്ങൽ ക്വാണ്ടം കമ്പ്യൂട്ടിങ് വഴി നടന്നേക്കും. നമ്മൾ എന്ത് നിർദ്ദേശങ്ങൾ കമ്പ്യൂട്ടറിന് നൽകിയാലും 0,1 എന്നീ അക്കങ്ങൾ ആയിട്ടാണ് അത് ഓരോ നിർദ്ദേശങ്ങളെയും സ്വീകരിക്കുന്നത്. Head/ Tail പോലെ. എന്നാല് ക്വാണ്ടം കമ്പ്യൂട്ടിങ് ഒരു കോയിൻ കറക്കി വിട്ടാൽ ഉണ്ടായേക്കാവുന്ന ധാരാളം അവസരങ്ങളെ ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നു. ഇതിന് പിന്നിലെ അടിസ്ഥാന ശാസ്ത്ര തത്വമായി പ്രവർത്തിക്കുക ക്വാണ്ടം മെക്കാനിക്സ് ആണ്. വരും കാലത്ത് കൂടുതൽ പ്രകൃതിയെ പഠിക്കുവാൻ മഴയും കാറ്റും പുഴയും കാടും ഒക്കെ ക്വാണ്ടം കമ്പ്യൂട്ടിങ് വഴി വീട്ടിൽ ഇരുന്ന് simulate (യഥാർത്ഥത്തിൽ ഉള്ളത്തിൻ്റെ കമ്പ്യൂട്ടർ അന്തരീക്ഷത്തിലേക്ക് മാറ്റുക) ചെയ്യുന്ന കാലം വരും എന്ന് ചുരുക്കം. വലിയ കുതിപ്പ് ആയിരിക്കും computational മേഖലയിൽ നടക്കുക. ആധുനികതയിൽ വാർത്തെടുത്താൽ ഇന്ത്യൻ Knowledge സിസ്റ്റത്തിന് ഏറെ സാധ്യതയുള്ള ഒരു മേഖലയായിരിക്കും ഇത്.
എമർജിങ് സങ്കേതികവിദ്യയുടെ ലിസ്റ്റ് ഇവിടെയും അവസാനിക്കുന്നില്ല. ഈ വിവരണങ്ങൾക്ക് ഇടയിൽ തന്നെ നമ്മൾ 5G, 6G പറഞ്ഞുപോയി, എനർജി സ്റ്റോറേജ്, സ്മാർട്ട് മെറ്റീരിയൽസ്, ബയോ ടെക്നോളജി തുടങ്ങിയവും പ്രത്യേകം എടുത്ത് പറയാൻ തക്ക പ്രധാന്യമുള്ളത് തന്നെ. ഇന്ന് നമ്മുടെ രാജ്യത്തിൻ്റെ ഏറ്റവും വലിയ അഡ്വാൻ്റ്റേജ് നമ്മുടെ യുവാക്കളുടെ ജനസംഖ്യയാണ്. ഇപ്പോഴത്തെ പല കണക്കുകൾ (Mode, Median) നോക്കിയാൽ 30 കടക്കാതെ നിൽക്കുന്നു. ഇനിയങ്ങോട്ട് 2040 ആയാലും ഈ അവസ്ഥയിൽ കാര്യമായ മാറ്റം വരില്ല. എന്നാല് ഇത്രയും യുവാക്കൾ ഉണ്ട് എന്നതുകൊണ്ട് മാത്രം കാര്യമാകുന്നില്ല. അവർ രാജ്യത്തിൻ്റെ ഉത്പാദന പ്രക്രിയയുടെ ഭാഗമാകുന്നുണ്ടോ എന്നതാണ് ചോദ്യം. സ്‌ഫോടനാത്മകമായ വേഗത്തിൽ കുതിക്കുന്ന സങ്കേതികവിദ്യകളിലുള്ള നൈപുണ്യം നമ്മുടെ യുവാക്കൾക്ക് സ്വായത്തമാക്കാൻ സാധ്യമാവണം. ഇവിടെയാണ് ലോകത്തിൻ്റെയും ഇൻഡസ്ട്രിയുടെയും മാറ്റങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസ സമ്പ്രദായങ്ങൾ കാലത്തിനു ചേരും വിധത്തിൽ പരിഷ്‌കരിക്കേണ്ട ആവശ്യം വരുന്നത്. അതോടൊപ്പം തന്നെ ചേർത്ത് പിടിക്കേണ്ട രണ്ട് കാര്യങ്ങൽ Sustainability യൂം ലൈഫ് സ്കിൽസും വാല്യൂസും ആണ്. ഇതിനേയെല്ലാം കോർത്തിണക്കി ഒരു മാറ്റത്തിന് ഉള്ള ആദ്യത്തെ പടി 2020 ൽ വന്ന ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ട് വെക്കുന്നുണ്ട്. അതിൽ പറയുന്ന പ്രകാരം കൂടുതൽ സ്വയംഭരണ സ്ഥാപനങ്ങൾ ആധുനിക സങ്കേതിക തികവിൽ തങ്ങളുടെ പാഠ്യപദ്ധതികൾ ക്രമീകരിച്ചുകൊണ്ട് മുന്നോട്ട് വരുമ്പോൾ മാറ്റങ്ങൾക്കായി കാതോർക്കാം.
Content Highlights: Emerging technology
Published: 26 Oct 2024, 04:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented