ഉന്നതവിദ്യാഭ്യാസമേഖലയിലെ റാങ്കിങ് വ്യവസായത്തോട് പതുക്കെ പിന്മാറ്റമറിയിക്കുന്ന ലോകത്തെ വിഖ്യാത സര്‍വകലാശാലകളെക്കുറിച്ചും റാങ്കിങ് വ്യവസായത്തെക്കുറിച്ചും ചരിത്രകാരന് എ.എം ഷിനാസ് എഴുതുന്നു.

AI Genereated Image
ഏറ്റവുമൊടുവില്‍ 1253-ല്‍ സ്ഥാപിതമായ ഫ്രാന്‍സിലെ ലോകപ്രശസ്ത സോബോണ്‍ സര്‍വകലാശാല Times Higher Education Rankings ന് ഡേറ്റ കൊടുക്കുന്നത് അവസാനിപ്പിച്ചിരിക്കുന്നു. അമേരിക്കയിലെ കോളംബിയ സര്‍വകലാശാലയും യേല്‍, ഹാവാഡ് എന്നിവയുടെ മെഡിക്കല്‍, നിയമപഠനകേന്ദ്രങ്ങളും 1636-ല്‍ നിലവില്‍ വന്ന നെതര്‍ലൻഡ്സിലെ ഉട്രെക്റ്റ് സര്‍വകലാശാലയും ലോകത്തെ ഏറ്റവും 'ശ്രദ്ധേയമായ' റാങ്കിങ് സിസ്റ്റങ്ങളെ ഉപേക്ഷിച്ചിരുന്നു. ചില ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതേ വഴി സ്വീകരിച്ചു. ആഗോളമായി അഞ്ച് പ്രധാന റാങ്കിങ് കമ്പനികളും 20 ചെറുകമ്പനികളുമുണ്ട്. മൊത്തത്തില്‍ ഒരു ബില്ല്യണ്‍ ഡോളര്‍ വ്യവസായമാണത്. സ്ഥാപനങ്ങള്‍ ഡേറ്റ നല്‍കിയാല്‍ സൗജന്യമായി തന്നെ സ്ഥാനപ്പട്ടികയില്‍ ഏതെങ്കിലും ഇടം കിട്ടും. ഇനി ഏതെങ്കിലും സര്‍വകലാശാലകള്‍ ഡേറ്റ നല്‍കിയില്ലെങ്കില്‍ തന്നെ അവയെക്കുറിച്ച് ലഭ്യമായ പരിമിതമായ പൊതുവിവരങ്ങളുടെ അടിസ്ഥാനത്തില്‍ റാങ്കിങ്ങിൽ ഉള്‍പ്പെടുത്തിക്കളയും ചിലര്‍! റാങ്കിങ് വ്യവസായം വരുമാനമുണ്ടാക്കുന്നത്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കുന്ന വിവരങ്ങളും മറ്റ് സ്ഥിതിവിവര കണക്കുകളും റീപാക്കേജ് ചെയ്ത് കോര്‍പ്പറേറ്റുകള്‍ക്കും സര്‍ക്കാരുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും മറിച്ചുവിറ്റാണ്. വിദ്യാഭ്യാസ വിപണിയില്‍ ഈ റാങ്കിങ് ഭീമമായ സ്വാധീനം ചെലുത്തുന്നു. എവിടെ പഠിക്കണം, എവിടെ നിക്ഷേപിക്കണം എന്നിവയൊക്കെ നിര്‍ണയിക്കുന്നതില്‍ പ്രഭാവമുണ്ടാക്കുന്നു.
കാരണം, സാമാന്യജനം ഈ റാങ്കിങിനെ ഗുണനിലവാരത്തിന്റെ സൂചകമായി കാണുന്നു. സോബോണ്‍ സര്‍വകലാശാലയുടെ തീരുമാനം പ്രതിഫലിപ്പിക്കുന്നത്, ലോകമാകെ ഈ സ്ഥാനനിര്‍ണയ സമ്പ്രദായത്തെപ്പറ്റി ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളാണ്. ഒന്ന്, റാങ്കിങ് വ്യവസായം അശാസ്ത്രീയവും 'ഗുണം' അളക്കുന്നതില്‍ അപര്യാപ്തവും നിഷ്ഫലവുമായ ഉപാധിയാണ്. സങ്കീര്‍ണമായ സ്ഥാപനസംബന്ധികളായ പ്രകടനങ്ങളെ അസങ്കീര്‍ണവും സരളവുമായ മെട്രിക്‌സ് മുഖേന നിര്‍ണയിക്കുന്നു. രണ്ട്, റാങ്കിങ് മെട്രിക്‌സ് ആഗോള വിപണിമൂല്യമുള്ള റിസര്‍ച്ച് ഔട്ട്പുട്ടിനെ വന്‍തോതില്‍ കേന്ദ്രീകരിക്കുമ്പോള്‍ പ്രാദേശിക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്ന ഗവേഷണപഠനങ്ങളുടെ സാധ്യതയെ അവഗണിക്കുകയോ അരുക്കാക്കുകയോ ചെയ്യുന്നു. മൂന്ന്, വിമര്‍ശചിന്തയെ പോഷിപ്പിക്കുന്നതിലും പൊതുനന്മയ്ക്ക് സംഭാവന ചെയ്യുന്നതിലും പരാജയപ്പെടുന്നു. അല്ലെങ്കില്‍ ശ്രദ്ധിക്കാതിരിക്കുകയോ വഴുതിപ്പോവുകയോ ചെയ്യുന്നു. നാല്, പ്രൊക്‌സി മെട്രിക്‌സിന്റെ ഉപയോഗവും പ്രയോഗവും. പല യൂണിവേഴ്‌സിറ്റി റാങ്കിങ്ങുകളും അധ്യാപന നിലവാരം ഒരു അളവുകോലായി എടുക്കുന്നുപോലുമില്ല. റിസര്‍ച്ച് ഔട്ട്പുട്ട്, റെപ്യുട്ടേഷന്‍ സര്‍വേ, റിസര്‍ച്ച് ഗ്രാന്റ്, ഡോണേഷന്‍, സ്ഥാപനങ്ങളിലെ നൊബേല്‍ പുരസ്‌കൃതരുടെ എണ്ണം എന്നിങ്ങനെ പലതും നിര്‍ണായകമാകുന്നു. സോബോണ്‍ സര്‍വകലാശാലയുടെ പ്രസിഡന്റ് പ്രസ്താവിച്ചത്, 'ഓരോ സര്‍വകലാശാലയുടെയും പ്രകടനം നിശ്ചയിക്കാന്‍ ഉപയോഗിച്ച ഡേറ്റ തുറന്ന സ്വഭാവമുള്ളതോ സുതാര്യമോ അല്ല എന്നും അതുകൊണ്ട് പുറത്തുവരുന്ന ഫലത്തിന്റെ (റാങ്കിങ്ങിന്റെ) പുനരുല്‍പ്പാദനക്ഷമതയെപ്പറ്റി ഉറപ്പുപറയാന്‍ കഴിയില്ല' എന്നുമാണ്.
QS (Quacquarelli Symonds) World University Rankings ല്‍ 'ലോകകീര്‍ത്തി' എന്ന വിലസൂചികയില്‍ ഉള്ള സ്ഥാപനങ്ങളാണ് 40 ശതമാനവും സ്ഥിരമായി സ്ഥാനം പിടിക്കുന്നത്. ഗവേഷണതീക്ഷ്ണതയുള്ള സര്‍വകലാശാലകളോട് ആഭിമുഖ്യം കാണിക്കുന്ന ഈ റാങ്കിങ് സംരംഭങ്ങള്‍, ബോധന നിലവാരം, പ്രാദേശിക പ്രസക്തി, സാമൂഹിക പങ്കാളിത്തം എന്നിവയെ ഗൗനിക്കാതിരിക്കുന്നു. ഇംഗ്ലീഷ് ഭാഷാ പ്രസിദ്ധീകരണങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നു.'കീര്‍ത്തി'ക്ക് 20 ശതമാനം കൊടുക്കുന്ന റാങ്കിങ് വ്യവസ്ഥ, ആ തൂക്കം 10 ശതമാനം ആക്കിയാല്‍ സര്‍വകലാശാലകളുടെ സ്ഥാനങ്ങള്‍ മൊത്തം മാറും. ഇങ്ങനെ ആത്മനിഷ്ഠമായ weighting systems നാടകീയമായി സ്ഥാനങ്ങള്‍ മാറ്റിമറിക്കും. ബന്ധമില്ലാത്ത അളവുകോലുകളെ കൂട്ടിച്ചേര്‍ക്കുന്ന composite indexing നെ അറിയപ്പെടുന്ന പശ്ചാത്യ സര്‍വകലാശാലകള്‍ എതിര്‍ത്തിട്ടുണ്ട്.
ഇപ്പോള്‍ ഈ റാങ്കിങ് വ്യവസായ ശക്തികള്‍ ആഫ്രിക്കന്‍ രാജ്യങ്ങളെയാണ് നോട്ടമിട്ടിരിക്കുന്നത്. പാശ്ചാത്യലോകത്തെ പുകള്‍പെറ്റ സ്ഥാപനങ്ങളില്‍ ആകര്‍ഷണം നഷ്ടപ്പെട്ടപ്പോള്‍ ആഫ്രിക്കന്‍ വിപണിയില്‍ ഒരു കൈ നോക്കുകയാണ്. ഈ നീക്കം, ആഫ്രിക്കന്‍ രാജ്യങ്ങളിലെ ദുര്‍ബലമായ വിദ്യാഭ്യാസവ്യവസ്ഥയ്ക്ക് ഹാനി വരുത്തുമെന്ന് നിരീക്ഷിക്കപ്പെടുന്നു. കാരണം, പ്രാദേശിക ആവശ്യങ്ങളും പ്രശ്‌നങ്ങളും അപ്പോള്‍ അവിടങ്ങളിലെ വിദ്യാഭ്യാസമണ്ഡലത്തില്‍ വിഗണിക്കപ്പെടും. ഇന്ത്യയില്‍ ആഗോള റാങ്കിങ് ഗൗരവമായി പരിഗണിക്കുന്ന പ്രവണതയെക്കുറിച്ച്, 2018-ല്‍ പീപ്പിള്‍സ് ഡെമോക്രസിയില്‍ Ranking Universities എന്ന ശീര്‍ഷകത്തില്‍ പ്രഭാത് പട്‌നായിക് എഴുതിയിരുന്നു. അദ്ദേഹത്തിന്റെ എതിര്‍വാദങ്ങളുടെ രത്‌നച്ചുരുക്കം ഇതാണ്.
കുറച്ചുകാലമായി നാം പേര്‍ത്തും പേര്‍ത്തും കേള്‍ക്കുന്ന 'ലോകോത്തര നിലവാരം' എന്ന പ്രയോഗം, സാംസ്‌കാരികമായ ഹാസ്യാനുകരണത്തിന്റെയും നവ ഉദാരവത്കരണനയങ്ങളുമായുള്ള പൊരുത്തപ്പെടലിന്റെയും മുഖംമൂടിയാണ്.' ലോകനിലവാരം എന്നുപറയുന്ന സംഗതി തന്നെ മൂല്യനിരപേക്ഷമായ ഒന്നല്ല. 'ആഗോള റാങ്കിങി'നെ മുന്‍പിന്‍ നോക്കാതെയും വിമര്‍ശരഹിതമായും അംഗീകരിക്കുകയും അതില്‍ മുന്‍നിരയിലുള്ള പശ്ചാത്യ സര്‍വകലാശാലകളെ അനുകരിക്കുകയും ചെയ്യുന്ന പ്രവണതയെ പ്രബലമാക്കുന്നു ഈ പരിപ്രേക്ഷ്യം. പശ്ചാത്യമാതൃകയെ പകര്‍ത്തുന്നതിനു പകരം ഇന്ത്യയുടെ രാഷ്ട്രനിര്‍മാണത്തിന് സവിശേഷമായ സാമൂഹികവും സാമ്പത്തികവും വികസനപരവുമായ ആവശ്യങ്ങളില്‍ വേരൂന്നിയതായിരിക്കണം വിദ്യാഭ്യാസമെന്നാണ് പട്‌നായിക്കിന്റെ പക്ഷം. വിമര്‍ശനാത്മകമായ ആത്മപ്രതിഫലനത്തിന്റ അഭാവത്തില്‍, 'ലോകനിലവാര'ത്തോടുള്ള ഈ മതിഭ്രമം, വിദ്യാഭ്യാസമണ്ഡലത്തില്‍ അഭൂതപൂര്‍വമായി ഊര്‍ജിതമായ സ്വകാര്യവത്കരണത്തെയും വാണിജ്യവത്കരണത്തെയും തന്മൂലം സാമൂഹികനീതിയില്‍ നിന്നും പൊതു മൂലധനത്തില്‍ നിന്നും വിദ്യാഭ്യാസം വിച്ഛേദിപ്പെടുകയും ചെയ്യുന്ന പരിതോവസ്ഥ പരിഗണിക്കാതെയും പോകുന്നു. കേരളത്തിലെ കലാലയങ്ങള്‍ ഈയിടെയായി എന്‍ഐആര്‍എഫ് റാങ്കിങില്‍ ശ്രദ്ധേയമായ സ്ഥാനങ്ങള്‍ നേടുന്നുണ്ട്. ഈ റാങ്കിങ് ചട്ടക്കൂട് വിദ്യാഭ്യാസത്തിന്റെ നവ ഉദാരവത്കരണ, ടെക്‌നോക്രാറ്റിക് ധാരണയാണ് പ്രതിഫലിപ്പിക്കുന്നതെന്നും കോര്‍പ്പറേറ്റ് ശൈലിയിലുള്ള അളവുകോലുകളാണ് അതിന് അനുവര്‍ത്തിക്കുന്നതെന്നും പ്രഭാത് പട്‌നായിക്കും എ. കെ. ബാഗ്ച്ചിയും ഉള്‍പ്പെടെയുള്ളവര്‍ മുന്‍പ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇപ്പോള്‍ കേരളത്തില്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങളുടെ പരിണതി പ്രവചിക്കുക എളുപ്പമല്ല. ലോക മേല്‍ക്കൂരയിലെ സ്ഥാനം തത്കാലം അവിടെ നില്‍ക്കട്ടെ, ഇന്ത്യയിലെ മികവുറ്റ സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ ഒരിടമായി കേരളം പരക്കെ കണക്കാക്കപ്പെടുകയും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വിദ്യാര്‍ഥികള്‍ ഇവിടെ എത്തുകയും പുറത്തേക്കുള്ള വിദ്യാര്‍ത്ഥിപ്രവാഹം കുറയുകയും ചെയ്താല്‍ തന്നെ നമ്മുടെ പോക്ക് ശരിയായ ദിശയിലാണെന്ന് പറയാന്‍ കഴിയും.
Published: 02 Nov 2025, 02:01 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented