നാലുവർഷ ബിരുദത്തിൽ കോഴ്‌സുകൾ കൂടിയതോടെ, ക്ലാസ്‌മുറികളുടെ അഭാവം പരിഹരിക്കാൻ കോളേജുകളിൽ ഷിഫ്റ്റ് ഏർപ്പെടുത്താൻ ശുപാർശ. മൈനർ കോഴ്‌സുകളുടെ എണ്ണം കൂടിയതിനാലും നാലുവർഷബിരുദം നാലാം വർഷത്തിലേക്കു കടക്കുന്നതിനാലും അടുത്ത അധ്യയനവർഷം കൂടുതൽ ക്ലാസ്‌മുറികൾ വേണ്ടിവരും. ഈ അപര്യാപ്തത പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നാലുവർഷ ബിരുദത്തിലെ പിഴവുകൾ പരിഹരിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുടെ ശുപാർശ.
ദിവസവും അഞ്ചുമണിക്കൂറാണ് നിലവിൽ കോളേജ് പഠനസമയം. ഈ സമയക്രമം ഉറപ്പാക്കി, രാവിലെ എട്ടുമുതൽ ഒന്നുവരേയോ ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് അഞ്ചുവരേയോ ഷിഫ്റ്റ് ക്രമീകരിക്കാം. ഇത് ഒരു നിർബന്ധിത വ്യവസ്ഥയല്ല. ക്ലാസ്‌മുറികളുടെ ആവശ്യമനുസരിച്ച് കോളേജുകൾക്ക് തീരുമാനിക്കാം. സമയവും കോളേജുകളുടെ സൗകര്യമനുസരിച്ച് ക്രമീകരിക്കാം.
പഠനസൗകര്യമൊരുക്കാൻ സർക്കാർ കോളേജുകളിൽ 500 ക്ലാസ്‌മുറികൾ അധികം വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. എയ്ഡഡ് കോളേജുകളിൽ രണ്ടായിരത്തിലേറെ മുറികൾ അധികം വേണ്ടിവരും.
മുഖ്യവിഷയത്തിനുപുറമേ, ഇഷ്ടമുള്ള ഏതു കോഴ്‌സും മൈനറായി പഠിക്കാൻ നാലുവർഷബിരുദത്തിൽ വിദ്യാർഥികൾക്കു സ്വാതന്ത്ര്യമുണ്ട്. ഈ സാഹചര്യത്തിൽ, കോളേജുകളിൽ കൂടുതൽ മൈനർ കോഴ്‌സുകൾ പഠിപ്പിക്കേണ്ടിവരും.
പരമ്പരാഗത കോഴ്‌സുകളിലേതുപോലെ, ഷിഫ്റ്റ് ഏർപ്പെടുത്തിയാൽ നാലുവർഷ ബിരുദത്തിന്റെ വഴക്കത്തെ ബാധിക്കുമെന്നാണ് വിമർശനം. വിദഗ്ധസമിതിയുടെ റിപ്പോർട്ട് അവതരണത്തിനിടെ, ഷിഫ്റ്റ് നടപ്പാക്കിയാലുള്ള പ്രായോഗികപ്രശ്നങ്ങൾ അധ്യാപക, മാനേജ്‌മെന്റ് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഇതിൽ അന്തിമതീരുമാനമായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.
Content Highlights: Kerala colleges may adopt a shift system to address classroom shortages due to the introduction of a four-year degree program and increased minor courses.
Published: 17 Nov 2026, 01:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented