
അറിവുകളുടെ പാഠപുസ്തകം മാത്രമല്ല ക്വിസ്, നൈപുണ്യങ്ങളുടെ പാഠശാല കൂടിയാണ്. പുതിയ കാലത്തെ ക്വിസിങ് എന്ന ഗെയിമിനെക്കുറിച്ചും രണ്ടര പതിറ്റാണ്ടു നീണ്ട തന്റെ ക്വിസിങ് യാത്രയെക്കുറിച്ചും കേരളത്തിന്റെ ക്വിസ് മാൻ സ്നേഹജ് ശ്രീനിവാസ് എഴുതുന്ന കോളം ആരംഭിക്കുന്നു.
ക്വിസ് എന്ന 360 ഡിഗ്രി ഗെയിം
ക്വിസിനെക്കുറിച്ചാണ് പറയുന്നത് എന്നതു കൊണ്ട് രണ്ടു ചോദ്യങ്ങളിൽ നിന്നു തന്നെ തുടങ്ങാം.
1) ലോകത്തെ ഏറ്റവും വലിയ പൂവ് ഏത്?
2) സിംഗപ്പൂരിന്റെ സ്ഥാപകനായ സ്റ്റാംഫോഡ് റാഫിൾസ്, പ്രകൃതി ശാസ്ത്രജ്ഞനായ ജോസഫ് അർണോൾഡ് എന്നിവരുടെ പേരിൽനിന്നു നാമകരണം ചെയ്യപ്പെട്ട ഇത് ലോകത്തെ ഏറ്റവും വലിയ........ആണ്. അസഹ്യമായ ഗന്ധമാണുള്ള ഇത് ഇൻഡൊനീഷ്യ, മലേഷ്യ, തായ്ലാന്റ് തുടങ്ങിയ രാജ്യങ്ങളിലാണ് കാണപ്പെടുന്നത്. എന്താണിത് ?
രണ്ടു ചോദ്യത്തിന്റെയും ഉത്തരം ഒന്നാണെന്ന് കുറച്ചു പേർക്കെങ്കിലും പിടികിട്ടിയുണ്ടാകും. ലോകത്തെ ഏറ്റവും വലിയ പൂവായ റഫ്ളേഷ്യ ആണ് ഉത്തരം. എന്നാൽ ആദ്യത്തെ ചോദ്യം ഉത്തരം കാണാപാഠം പഠിച്ചവർക്കു വേണ്ടി മാത്രമുള്ളതാണ്. രണ്ടാമത്തെ ചോദ്യം പക്ഷേ അൽപം ശ്രദ്ധയും ചിന്താശേഷിയും ഉണ്ടെങ്കിൽ ഉത്തരം കണ്ടെത്താനാവുന്നതാണ്. സ്റ്റാംഫോഡ് റാഫിൾസ് എന്നതിൽ തന്നെ റഫ്ളേഷ്യയിലേക്ക് ഒരു ക്ലൂ ഉണ്ട്. അസഹ്യമായ ഗന്ധം എന്നതിലും ഒരു സൂചന ഉണ്ട്. ലോകത്തെ ഏറ്റവും വലുത് എന്നു കൂടി കേൾക്കുമ്പോൾ പണ്ടെങ്ങോ കേട്ടുമറന്നതാണെങ്കിലും റഫ്ളേഷ്യ എന്ന ഉത്തരം നിങ്ങളുടെ മനസ്സിൽ പെട്ടെന്നു പൊട്ടിവിരിഞ്ഞേക്കാം. ആ പൂ വിരിയലിന്റെ ആനന്ദമാണ് പുതിയ കാലത്തെ ക്വിസ് മത്സരങ്ങളും മത്സരാർഥികൾക്കു നൽകുന്നത്.
ക്വിസ് എന്ന മൾട്ടി സ്കിൽ പാക്കേജ്
ഒറ്റ വാചകത്തിലുള്ള ചോദ്യങ്ങളും ഒറ്റ വാക്കിലുള്ള ഉത്തരങ്ങളുമല്ല ഇന്നത്തെ ക്വിസ്സിങ്. കുട്ടികളുടെ മനപാഠശേഷി മാത്രം അളക്കുന്ന പരീക്ഷണവുമല്ല അത്. അതൊരു മൾട്ടി-സ്കിൽ പാക്കേജാണ്. ഒരു വ്യക്തിയുടെ മികവിനെ 360 ഡിഗ്രിയിൽ മാറ്റിയെടുക്കാൻ ഈ ഗെയിമിന് സാധിക്കും. ക്വിസ്സിംഗിലൂടെ വികസിപ്പിക്കാവുന്ന നൈപുണ്യങ്ങൾ ചിലത് ഇതാ...
നിരീക്ഷണ പാടവം: ചുറ്റുമുള്ള ലോകത്തെ ചെറിയ കാര്യങ്ങളെപ്പോലും കൗതുകത്തോടെ നോക്കിക്കാണാൻ ക്വിസ് പഠിപ്പിക്കുന്നു.
യുക്തിചിന്ത (ലോജിക്കിൽ റീസണിങ്): അറിവില്ലാത്ത കാര്യങ്ങളെപ്പോലും ലഭ്യമായ സൂചനകൾ വെച്ച് യുക്തിപരമായി വിശകലനം ചെയ്യാനുള്ള കഴിവ്.
ടൈം മാനേജ്മെന്റ് ആന്റ് ഡിസിഷൻ മേക്കിങ് സ്കിൽസ്: നിശ്ചിത സമയത്തിനുള്ളിൽ ഉചിതമായ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് ക്വിസ് മത്സരങ്ങൾ നൽകുന്നു.
ഇതിനോടൊപ്പം തന്നെ പല മത്സരങ്ങളിലും റിസ്ക് മാനേജ്മെന്റ്, ടീം വർക്ക് എന്നിവയും പരിശോധിക്കപ്പെടാറുണ്ട്. ഇതിന്റെ പലതിന്റെയും ആകെത്തുകയാണ് പ്രശ്നപരിഹാര ശേഷി ഓരോ ചോദ്യത്തെയും / ഓരോ ക്വിസിനെയും ഓരോ ചെറിയ പ്രശ്നമായി കണ്ട് അവയ്ക്ക് പരിഹാരം കാണാനുള്ള പരിശീലനം. ഇതോടൊപ്പം ജയപരാജയങ്ങളെ നേരിടാനുള്ള പരിചയവും പരിശീലനവും മനക്കരുത്തും ക്വിസ് മത്സരങ്ങൾ നൽകുന്നു. അതുവഴി ജീവിതത്തിലെ പ്രതിസന്ധികളെ ഗ്രേസ്ഫുൾ ആയി നേരിടാൻ ഒരു ക്വിസ്സർക്ക് സാധിക്കും. കഷ്ടപ്പെട്ട് പഠിക്കുന്ന കുട്ടികൾക്കിടയിൽ ആസ്വദിച്ചു പഠിക്കുന്ന കുട്ടികൾക്ക് ഇപ്പോഴും ഒരു മേൽക്കൈ ലഭിക്കുന്നത് കാണാം. പഠനം ആസ്വാദ്യകരമാക്കാൻ കുട്ടികൾക്ക് ഉപയോഗിക്കാവുന്ന ഒരു ഗെയിം ആണ് ഇന്നത്തെ പ്രൊഫഷണൽ ക്വിസിങ്.
കുട്ടികളുടെ ഈ നൈപുണ്യങ്ങൾ അളക്കുന്ന ചോദ്യങ്ങൾ തയാറാക്കുക എന്നതാണ് ഒരു ക്വിസ് മാസ്റ്ററുടെ മുന്നിലുള്ള വെല്ലുവിളി. ഗൂഗിളിൽ തിരഞ്ഞാൽ കിട്ടുന്ന ഉത്തരങ്ങളല്ല നമുക്ക് വേണ്ടത്. ഓരോ ചോദ്യത്തിനും ഒരു ആത്മാവ് അല്ലെങ്കിൽ ലൈഫ് ഉണ്ടാവണം എന്ന് എനിക്ക് നിർബന്ധമുണ്ട്. ചോദ്യത്തിൽ നിന്ന് ഉത്തരത്തിലേക്ക് എത്താനുള്ള ഒരു യുക്തിപരമായ വഴി (തോട്ട് മാപ്പിങ്) മത്സരാർത്ഥിക്ക് ലഭിക്കണം. ഉദാഹരണത്തിന് ഈ ചോദ്യം നോക്കൂ...
1950-കളിൽ പേഴ്സി സ്പെൻസർ എന്ന വ്യക്തി ഒരു ഉപകരണത്തിനടുത്ത് നിന്നപ്പോൾ അദ്ദേഹത്തിന്റെ പോക്കറ്റിലിരുന്ന ചോക്ലേറ്റ് ബാർ ഉരുകുന്നതായി ശ്രദ്ധിച്ചു. ഈ സംഭവം ഏത് നിത്യോപയോഗ ഉപകരണത്തിന്റെ കണ്ടുപിടുത്തത്തിലേക്കാണ് നയിച്ചത്?
ഏതോ ഒരു ഉപകരണം അതിൽ നിന്നുള്ള ചൂട് കൊണ്ട് ചോക്ലേറ്റിനെ ഉരുക്കി എന്ന് ചോദ്യത്തിൽ തന്നെയുണ്ടല്ലോ. അങ്ങനെ ഭക്ഷണസാധനങ്ങൾ ചൂടാക്കുന്ന ഏത് ഉപകരണമാണ് നമ്മൾ ഉപയോഗിക്കാറുള്ളത്. അടുക്കളയിൽ കാണുന്ന ഉപകരണങ്ങളെ മനസ്സിൽ ഓർത്തോർത്ത് നമുക്ക് ഉത്തരത്തിലെത്താം- മൈക്രോവേവ് അവൻ!
വാട്ട് യൂ മീൻ?
എന്റെ ക്വിസ് യാത്രയുടെയും തുടക്കം ഒരു ചോദ്യത്തിൽ നിന്നാണ്. കോഴിക്കോട് ജനിച്ചു വളർന്ന ഞാൻ ഒരിക്കൽ ഒരു ക്വിസ് മത്സരത്തിൽ ചെന്നു ചാടി. കെ.പി.സുനിൽ എന്ന പ്രശസ്ത ക്വിസ് മാസ്റ്റർ നടത്തിയ ഒരു കോളേജ് ക്വിസ് ആയിരുന്നു അത്. പിഎസ്.സി റാങ്ക് ഫയലുകളും ക്വിസ് ബുക്കുകളും കാണാപാഠം പഠിച്ചു ചെന്ന കുട്ടികളെ ഇരുത്തിച്ചിന്തിപ്പിച്ച ചോദ്യങ്ങളാണ് പക്ഷേ അദ്ദേഹം ചോദിച്ചത്.
കുറച്ചു റയിൽവേ സ്റ്റേഷനുകളുടെ ബോർഡുകളുടെ ചിത്രങ്ങൾ കാണിച്ച് അതിലെല്ലാം എം.എസ്.എൽ. എന്ന് എഴുതിയിരിക്കുന്നതിന്റെ അർഥം എന്താണ് എന്നായിരുന്നു അദ്ദേഹത്തിന്റെ ഒരു ചോദ്യം. ഓരോന്നിനും ഒപ്പം വ്യത്യസ്തമായ ഒരു അക്കവുമുണ്ട്. ഞാൻ തലയിൽ കൈവച്ചു പോയി. രാവിലെ കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുമ്പോൾ മാത്രമല്ല അതിനു മുൻപും എത്രയോ തവണ ആ ബോർഡ് എന്റെ കണ്ണിൽപ്പെട്ടതാണ്. പക്ഷേ ഒരിക്കൽ പോലും അതിലെ എം.എസ്.എൽ. എന്താണെന്ന് ഞാൻ ചിന്തിച്ചിട്ടേയില്ല. മീൻ സീ ലെവൽ അഥവാ സമുദ്രനിരപ്പിൽ നിന്ന് എത്ര ഉയരത്തിലാണ് ആ റയിൽവേ സ്റ്റേഷൻ എന്ന ഉത്തരം മാത്രമല്ല ആ ചോദ്യം എനിക്കു നൽകിയത്, കൺമുന്നിലെ കാര്യങ്ങൾ പോലും നമ്മളെത്ര അശ്രദ്ധരായിട്ടാണ് കാണുന്നത് എന്ന തിരിച്ചറിവാണ്. എന്റെ ക്വിസ് യാത്ര വഴി തിരിഞ്ഞത് അവിടെ നിന്നാണ്. കൂട്ടുകാരോടൊത്ത് ചുമ്മാ ചോദ്യങ്ങൾ ചോദിച്ചു നടന്ന ഞാൻ ക്വിസിനെ ഗൗരവമായിട്ട് എടുത്തതും അവിടെ നിന്നാണ്. ഡ്രീംസ് ഇൻഫോടെയ്ൻമെന്റ് എന്ന കേരളത്തിലെ ആദ്യ ക്വിസ് സൊസൈറ്റി തുടങ്ങുന്നതിലേക്കാണ് അതു വഴിവച്ചത്. കേരളത്തിന്റെ വൈജ്ഞാനിക പാരമ്പര്യത്തെ ഒരു ഗെയിമിഫിക്കേഷൻ കൾച്ചർ ആയി കൂടി മാറ്റിയെടുക്കുക എന്നതായിരുന്നു ഡ്രീംസിന്റെ ലക്ഷ്യം. രണ്ടു പതിറ്റാണ്ടു പിന്നിടുമ്പോൾ ആ യാത്ര എത്തി നിൽക്കുന്നത് ക്യു ഫാക്ടറി എന്ന പ്രഫഷനൽ ക്വിസ് സ്ഥാപനത്തിലും ഇന്റർനാഷനൽ ക്വിസ്സിങ് അസോസിയേഷൻ (ഐക്യുഎ) എന്ന വലിയ പ്രസ്ഥാനത്തിലുമാണ്.
ക്വിസ്സിങ്ങിന്റെ ഫിഫ
ഫുട്ബോളിന് ഫിഫ പോലെ, ചെസ്സിന് ഫിഡെ പോലെ ക്വിസിങ്ങിന്റെ ആഗോള സംഘടനയാണ് ലണ്ടൻ ആസ്ഥാനമായുള്ള ഇന്റർനാഷനൽ ക്വിസ്സിങ് അസോസിയേഷൻ അഥവാ ഐക്യുഎ. ക്വിസ്സിങ്ങിന്റെ ലോകകപ്പ് എന്നറിയപ്പെടുന്ന ലോക ക്വിസ്സിങ് ചാംപ്യൻഷിപ് നടത്തി എല്ലാ വർഷവും ലോക ചാമ്പ്യന്മാരെ പ്രഖ്യാപിക്കുന്ന സംഘടനയാണ് ഐക്യുഎ. വർഷങ്ങളായി കേരളവും ലോക ക്വിസ് ചാംപ്യൻഷിപ്പിന്റെ പ്രധാന വേദികളിലൊന്നാണ്. ഈ പങ്കാളിത്തത്തിനുള്ള സമ്മാനമെന്നോണമാണ് ഐക്യുഎയുടെ കീഴിലുള്ള ഐക്യുഎ ഏഷ്യ ചാപ്റ്ററിന്റെ ആസ്ഥാനമായി കേരളത്തെ തിരഞ്ഞെടുത്തത്. ഫിഡെയുടെ കീഴിൽ റേറ്റഡ് ചെസ് പ്ലെയേഴ്സ് ഉള്ളതു പോലെ വിവിധ രാജ്യങ്ങളിൽ റജിസ്റ്റേഡ് ക്വിസ് പ്ലെയേഴ്സിനെ സൃഷ്ടിക്കുക എന്നതാണ് ഐക്യുഎയുടെ വലിയ ലക്ഷ്യങ്ങളിലൊന്ന്. പിന്നീട് ഇവർക്കായി ജില്ലാ, സംസ്ഥാന, ദേശീയ തല ചാംപ്യഷിപ്പുകൾ നടത്തി ക്വിസ്സിങ്ങിലെ ഔദ്യോഗിക ചാംപ്യൻമാരെയും കണ്ടെത്തും. ഏഷ്യയിൽ ക്യു ഫാക്ടറിയാണ് ഐക്യുഎയുടെ ഔദ്യോഗിക പ്രതിനിധികൾ.
ഐക്യുഎ സംസ്ഥാന ക്വിസ്സിങ് ചാംപ്യൻഷിപ്പ് രണ്ടു തവണ നടന്നു കഴിഞ്ഞു. ആദ്യത്തെ തവണ എട്ടു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ജൂനിയർ വിഭാഗത്തിലായിരുന്നുവെങ്കിൽ രണ്ടാമത്തെ വർഷം സബ് ജൂനിയർ തലത്തിലും ഇത് നടന്നു. പതിനാലു ജില്ലകളിലും കലക്ടർമാരുടെയും ജില്ലാ ഭരണകൂടത്തിന്റെയും സഹകരണത്തോടെ ആണ് മത്സരം സംഘടിപ്പിച്ചത്.
കുട്ടിക്കളിയല്ല ക്വിസ്
ഇതെല്ലാം കേൾക്കുമ്പോൾ വിദ്യാർഥികൾക്കു വേണ്ടി മാത്രമുള്ള ഒരു വിനോദമാണ് ക്വിസ് എന്നു തോന്നുന്നുണ്ടോ? അല്ലേയല്ല! സർക്കാർ സ്ഥാപനങ്ങൾക്കും കോർപറേറ്റ് കമ്പനികൾക്കുമെല്ലാം തങ്ങളുടെ ജീവനക്കാരുടെ ട്രെയിനിങ്ങിനും സ്ഥാപനത്തിന്റെ പ്രചാരണത്തിനും പുരോഗതിക്കും ഉപയോഗിക്കാവുന്ന ടൂൾ കൂടിയാണ് ക്വിസ്. റിസർവ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കംട്രോളർ & ഓഡിറ്റർ ജനറൽ (സി.എ.ജി.),
ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ്, കേരളം, കർണാടക, തമിഴ്‌നാട്, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളുടെയും കേന്ദ്ര സർക്കാരിന്റെയും വിവിധ വകുപ്പുകൾ, തുടങ്ങിയവർക്കെല്ലാം ഇത്തരം മത്സരങ്ങൾ ഡിസൈൻ ചെയ്യാനും നടത്തുവാനുമൊക്കെ സാധിച്ചത് ക്യു ഫാക്ടറിയുടെ ഇരുപത്തിയാറു വർഷത്തെ ക്വിസിങ് യാത്രയിലെ മികച്ച അനുഭവങ്ങളായിരുന്നു.
പരമ്പരാഗതമായ ട്രെയിനിംഗ് രീതികൾക്ക് പകരം അറിവിനെ കളികളിലൂടെ ആസ്വാദ്യകരമാക്കുന്ന (ഗേമിഫിക്കേഷൻ) രീതിയാണ് ഇവിടെ പിന്തുടരുന്നത്. ജീവനക്കാർക്കിടയിൽ ബ്രാന്റ് അവേർനസ്, കോമ്പിറ്റീറ്റർ അവേർനസ്, ഇൻസ്ട്രീ അവേർനസ്, ബിസിനസ് അവേർനസ് എന്നിവ വർധിപ്പിക്കാൻ ഈ ഗെയിം ഉപയോഗിക്കുന്നു. അറിവും, മുൻപ് പറഞ്ഞ സ്മാർട് സ്കില്ലുകളുമുള്ള ചുറുചുറുക്കുള്ള ജീവനക്കാർ ഏത് സ്ഥാപനത്തിനും ഒരു മുതൽക്കൂട്ട് ആകുമല്ലോ. വിവിധ ഡിപ്പാർട്ട്‌മെന്റുകൾ തമ്മിലുള്ള ഏകോപനവും ടീം വർക്കും മെച്ചപ്പെടുത്തുന്നതു മുതൽ സ്ഥാപനത്തിന്റെ ചരിത്രത്തെയും നേട്ടങ്ങളെയും കുറിച്ച് ബോധവാന്മാരാക്കുന്നതിലൂടെ പ്രതിബദ്ധത വർധിപ്പിക്കാൻ വരെ ഇത് ഉപകരിക്കുന്നു.
ഒരു ഉദാഹരണം നോക്കൂ...
ഇന്ത്യയിൽ ആദ്യമായി ജനങ്ങളിൽ നിന്നു പണംപിരിച്ച് നിർമിച്ച സിനിമയാണ് 1976ൽ ശ്യാം ബെനഗലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മന്ഥൻ. കടയുക എന്നാണ് മന്ഥൻ എന്ന ഹിന്ദി വാക്കിന് അർഥം. ഗുജറാത്തിലെ ആനന്ദിൽ രൂപീകൃതമായ ഒരു സഹകരണ പ്രസ്ഥാനത്തിന്റെ കഥയാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഒരു മലയാളിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ ഒരു കാർഷിക വിപ്ലവത്തിനു തന്നെ വഴിവച്ച ഈ സഹകരണ പ്രസ്ഥാനത്തെ നമ്മൾ ഇന്ന് അറിയുന്നത് ഒരു ചുരുക്കപ്പേരിലാണ്. എന്താണത്?
ഉത്തരത്തിലെത്താനുള്ള ഒട്ടേറെ സൂചനകൾ ചോദ്യത്തിൽ തന്നെയുണ്ട്. കടയുക എന്നതിൽ നിന്നുതന്നെ പാലുമായി ബന്ധപ്പെട്ട സഹകരണ പ്രസ്ഥാനമാണിതെന്ന് ഊഹിക്കാം. അതുവഴി ക്ഷീര വിപ്ലവത്തെക്കുറിച്ചാണ് പറയുന്നത് എന്നും അനുമാനിക്കാം. അതിന്റെ ശിൽപി മലയാളിയായ വർഗീസ് കുര്യനാണ് എന്നറിയാമെങ്കിൽ ഉത്തരം അനായാസമായി. സ്ഥലം ഗുജറാത്തിലെ ആനന്ദ് എന്നതു കൂടിയാകുമ്പോൾ അമുൽ എന്ന ഉത്തരം റെഡി. ആനന്ദ് മിൽക്് ആന്റ് യൂണിയൻ ലിമിറ്റഡ് എന്നതിന്റെ ചുരുക്കരൂപമാണല്ലോ അമുൽ.
ഈ ഉത്തരത്തിന് ഒരു അനുബന്ധ കഥ കൂടിയുണ്ട്. ജനങ്ങളിൽ നിന്ന് പണം പിരിച്ചാണ് ഈ സിനിമ നിർമിച്ചത് എന്നു പറഞ്ഞല്ലോ.
ആനന്ദിലെ അഞ്ച് ലക്ഷത്തോളം ക്ഷീര കർഷകർ തന്നെയായിരുന്നു ആ നിർമാതാക്കൾ. അവരോരോരുത്തരും നൽകിയ രണ്ട് രൂപ വീതം സമാഹരിച്ചാണ് സിനിമയ്ക്കുള്ള മുടക്കുമുതൽ കണ്ടെത്തിയത്. റിലീസ് ആയതിനു ശേഷം അവരെല്ലാം തിയറ്ററിൽ പോയി കാണുകയും ചെയ്തതോടെ സിനിമ സൂപ്പർ ഹിറ്റാവുകയും ചെയ്തു! ഉത്തരം പറഞ്ഞതിനു ശേഷം ക്വിസ് മാസ്റ്റർ ഈ കഥ കൂടി പറയുന്നതിന്റെ ഇംപാക്റ്റ്, അത് പലപ്പോഴും കുറച്ചു കാലം നീണ്ടു നിൽക്കും. അമുൽ എന്ന കമ്പനിയോടുള്ള നമ്മുടെ ഇഷ്ടം പതിൻമടങ്ങ് വർധിക്കില്ലേ. അതു തന്നെയാണ് ക്വിസ്സിന്റെ ഇംപാക്ടും!
(തുടരും)
Content Highlights: Kerala's Quiz Man Snehaj Srinivas unveils how modern quizzing has evolved from rote-memorization tests into a 360-degree multi-skill game that enhances logical reasoning, observation, and corporate performance.
Published: 01 Aug 2026, 12:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented