
കീം പരീക്ഷയിലെ സമീകരണ പരിഷ്‌കരണം വലിയ വിവാദങ്ങള്‍ക്കാണ് തിരകൊളുത്തിയിരിക്കുന്നത്. ആദ്യം പുറത്ത് വിട്ട റാങ്ക് ലിസ്റ്റിനെ ചോദ്യം ചെയ്ത് സിബിഎസ്ഇ വിദ്യാര്‍ഥികള്‍ ഹര്‍ജി നല്‍കുകയും തുടര്‍ന്ന് കോടതി ഈ റാങ്ക് ലിസ്റ്റ് റദ്ദാക്കുകയും ചെയ്തു. പഴയ സമീകരണ രീതി പ്രകാരമാണ് പുതിയ റാങ്ക് ലിസ്റ്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഈ സമീകരണ രീതി കേരള സിലബസിലെ വിദ്യാര്‍ഥികളോട് ചെയ്യുന്ന കടുത്ത അനീതിയാണെന്ന് പറയുകയാണ് വിദ്യാഭ്യാസ പ്രവര്‍ത്തകനായ പി പ്രേമചന്ദ്രന്‍. കേരള സിലബസ് വിദ്യാര്‍ഥികളെ ഈ നയം എങ്ങനെ ബാധിക്കുമെന്ന് പി പ്രേമചന്ദ്രന്‍ വിശദമാക്കുന്നു.
യഥാര്‍ത്ഥത്തില്‍ പുതിയ റാങ്ക് ലിസ്റ്റ് കുട്ടികളെ ഏത് തരത്തിലാണ് ബാധിക്കുക.
കേരള സിലബസിലെ കുട്ടികള്‍ കടുത്ത മാനസിക സമ്മര്‍ദത്തിലാണ് ഇപ്പോള്‍ ഉള്ളത്. ആദ്യം ഒരു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് അതില്‍ മുന്‍പന്തിയില്‍ വന്ന ആളുകള്‍ ആയിരകണക്കിന് റാങ്കുകള്‍ പിറകിലേക്ക് പോയിരിക്കുകയാണ്. ഇതുണ്ടാക്കിയ മാനസികവ്യഥയും നഷ്ടപ്പെടുന്ന അവസരങ്ങളും വളരെ വലുതാണ്. പുറമേ കാണികളായി ഇരിക്കുന്നവര്‍ക്ക് അതൊരിക്കലും മനസിലാവണമെന്നില്ല.
സത്യത്തില്‍ പഴയ രീതിയിലുള്ള സമീകരണം ഏത് രീതിയിലാണ് കേരള സിലബസിലുള്ളവരെ ബാധിക്കുക.
ഒരു ഉദാഹരണം പറയാം. 2024 എന്‍ട്രന്‍സ് പരീക്ഷയില്‍ പെര്‍സന്റൈല്‍ സ്‌കോര്‍ നൂറു നേടിയ ആറു കുട്ടികളാണുണ്ടായിരുന്നത്. അതായത് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. അവരില്‍ നാലുപേര്‍ സിബിഎസ്ഇ സ്ട്രീമില്‍നിന്നും രണ്ടുപേര്‍ കേരള സിലബസില്‍ നിന്നും ഉള്ളവര്‍. കഴിഞ്ഞ വര്‍ഷം സമീകരണംവഴി കേരള സിലബസിലെ കുട്ടികളുടെ യോഗ്യതാപരീക്ഷയുടെ സ്‌കോറില്‍നിന്ന് 27 സ്‌കോര്‍ കുറയ്ക്കുകയും സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് എട്ട് സ്‌കോര്‍ കൂട്ടിനല്‍കുകയും ചെയ്തു. അതുവഴി സിബിഎസ്ഇയില്‍ 292 മുതല്‍ 299 വരെ സ്‌കോറുള്ളവര്‍ 300-കാരായി. കേരള സിലബസിലെ 300 സ്‌കോറും കിട്ടിയ രണ്ടുകുട്ടികളുടെയും മാര്‍ക്കില്‍ വലിയ കുറവുവരുകയും ചെയ്തു. അതില്‍ ഒരു കുട്ടി 2023 ഹയര്‍ സെക്കന്‍ഡറി പരീക്ഷയെഴുതി കീമിന് റിപ്പീറ്റ് ചെയ്ത കുട്ടിയാണ്. 2023-ല്‍ കേരളത്തിലെ കുട്ടികളുടെ 14 സ്‌കോറാണ് സമീകരണംവഴി കുറച്ചത്. അപ്പോള്‍ ആ കുട്ടി (റിയ ആനി റൂബര്‍ട്ട്) എത്തിയത് ഇരുപത്തിയഞ്ചാം റാങ്കിലാണ്. 2024-ല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയെഴുതിയ ആറാമത്തെ കുട്ടി പഠിച്ചുനേടിയ 300 സ്‌കോറില്‍നിന്ന് 27 സ്‌കോര്‍ കുറച്ചപ്പോള്‍ അയാള്‍ (നെവിന്‍ സിബി) എത്തിയത് 84-ാമത്തെ റാങ്കിലും! ആദ്യത്തെ നൂറുപേരില്‍ കേരള സിലബസില്‍നിന്നു വന്നവര്‍ ഒന്‍പതുപേര്‍!
കേരള സിലബസില്‍ പഠിച്ചുവെന്ന ഒറ്റ കാരണത്താല്‍ മുഴുവന്‍ മാര്‍ക്കും നേടിയ കുട്ടി എത്തിയത് 84-ാം റാങ്കിലേക്കാണ്. ഈ 84-ാം റാങ്കുകാരന് ഒരിക്കലും കേരളത്തിലെ സിഇടിയില്‍ കംമ്പ്യൂട്ടര്‍ സയന്‍സിന് സീറ്റ് കിട്ടണമെന്നില്ല. ഇത്രയധികം സ്‌കോര്‍ നേടിയിട്ടും കേരളത്തിന്റെ അഭിമാന ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഒന്നായ സിഇടിയില്‍ സീറ്റ് ലഭിക്കില്ലെന്നത് അയാളുടെ ഭാവിയെ ബാധിക്കുന്ന കാര്യമാണ്. സിഇടി പോലുള്ള കാമ്പസിൽ പഠിക്കാന്‍ അവസരം കിട്ടുന്ന പോലെയുള്ള എക്‌സ്‌പോഷര്‍ പിറകിലെ റാങ്കിലെ കുട്ടിക്ക് കിട്ടണമെന്നില്ല. ഇത് ഒരു ഉദാഹരണം മാത്രമാണ്. ഇത് പോലെ പല രീതിയിലാണ് കേരള സിലബസിലെ കുട്ടികള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
ഈയൊരു മാര്‍ക്ക് കുറയ്ക്കുന്ന സമീകരണ രീതി എല്ലാ വര്‍ഷവും സംഭവിക്കുന്നു. കോവിഡ് കാലത്ത് 44 സ്‌കോറാണ് കുറച്ചത്. എന്റെ ചോദ്യം ഇതാണ് ഒരു വിദ്യാർത്ഥി പഠിച്ചു പരീക്ഷ എഴുതി നേടിയ ഒരു സ്‌കോറെങ്കിലും കുറയ്ക്കാന്‍ മറ്റാർക്കെങ്കിലും അധികാരമുണ്ടോ എന്നതാണ്.
എന്‍ട്രന്‍സ് പോലുള്ള സമ്പ്രാദയത്തില്‍ ശരിക്കും കുട്ടികള്‍ക്ക് ക്ലാസ് റൂമില്‍ നിന്ന് ലഭിക്കേണ്ട മൂല്യങ്ങള്‍ ചോര്‍ന്ന് പോകുന്നുണ്ടോ.
2009 മുതലാണ് എന്ന് തോന്നുന്നു ഹയര്‍സെക്കൻഡറി സ്‌കോര്‍ കൂടി കീമിന് പരിഗണിച്ചു തുടങ്ങുന്നത്. അതിന് മുന്‍പ് പ്രവേശനപരീക്ഷയുടെ സ്‌കോര്‍ മാത്രമായിരുന്ന പരിഗണിച്ചിരുന്നത്. അത് പുതിയ പാഠ്യപദ്ധതി നടപ്പാക്കലുമായി ബന്ധപ്പെട്ട ഒന്നാണ്. പ്രവര്‍ത്തനാധിഷ്ഠിത ക്ലാസ് റൂം പഠനരീതിയിലേക്ക് കേരളം കുറേ നാളുകളായി മാറാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ പാതയില്‍ ഏറ്റവും വലിയ കീറാമുട്ടിയായി മാറിയത് എന്‍ട്രന്‍സ് പരീക്ഷകളായിരുന്നു. വളരെ നേരത്തെ തന്നെ എന്‍ട്രന്‍സ് പരിശീലനം നേടിയവര്‍ക്കായിരുന്നു ഈ പരീക്ഷകളില്‍ ഉന്നത വിജയം നേടാനായിരുന്നത്. യഥാര്‍ത്ഥ അറിവും അഭിരുചിയും പരിശോധിക്കുക എന്നതിനപ്പുറത്തേക്ക് ഒരു തരത്തിലുള്ള ഫില്‍ട്ടറിങ് രീതിയാണ് എന്‍ട്രന്‍സ് പരീക്ഷ. വിശാലമായി ചിന്തിച്ചാല്‍ ഒരു ഫില്‍ട്ടറിങ് രീതിയും വിദ്യാഭ്യാസത്തോട് നീതി പുലര്‍ത്തുന്നില്ല. എന്തുകൊണ്ടെന്നാല്‍ എല്ലാ മൂല്യനിര്‍ണയവും ഒരു അര്‍ത്ഥത്തില്‍ ഒരു പഠനസന്ദര്‍ഭം മാത്രമാണ്.
ക്ലാസ്‌റൂം പഠനത്തിന് മൂല്യം കുറച്ച് എന്‍ട്രന്‍സ് പഠനത്തിനായി മൂല്യം കൊടുക്കുന്ന പ്രവണത ഏറിവരികയാണ്. പ്ലസ്ടുവിന് ശേഷം ഒരു വര്‍ഷം മാറ്റിവെയ്ച്ച് പഠിക്കുകയോ അല്ലെങ്കില്‍ എട്ടാം ക്ലാസ് മുതല്‍ തന്നെ എന്‍ട്രന്‍സിനായി ശ്രദ്ധ കേന്ദ്രികരിക്കുകയോ ചെയ്യുന്ന വലിയൊരു വിഭാഗം ഇവിടെയുണ്ട്. കാലം കഴിയുംതോറും എന്‍ട്രന്‍സ് പഠനം മാത്രമായി പഠിത്തം ഒതുങ്ങുന്നു. എന്‍ട്രന്‍സ് പഠനത്തിനായി മാത്രം സമയം നീക്കിവെയക്കുന്നവര്‍ക്ക് ഉയര്‍ന്ന റാങ്ക് ലഭിക്കുന്ന സാഹചര്യം വന്നു. ഉന്നത വിദ്യാഭ്യാസവും പിന്തുടര്‍ന്ന് വരുന്ന മികച്ച കരിയറും ഈയൊരു വിഭാഗത്തിന് മാത്രം ലഭിക്കുന്ന അവസ്ഥയും വന്നു.
കുട്ടികളിലെ സംവാദാത്മകവും സര്‍ഗാത്മകവും വിശകലനാത്മകവും ചിന്താശേഷിയിലൂന്നിയതും അന്വേഷണാത്മകവുമായ ശേഷികളെ വികസിപ്പിക്കുന്ന ഇടമാണ് ക്ലാസ് മുറികള്‍. ആ ക്ലാസ് മുറിയില്‍ കുട്ടികള്‍ നേടുന്ന അറിവ് പരിഗണിക്കപ്പെടണം. ഇങ്ങനെയൊരു അക്കാദമിക ചര്‍ച്ച അന്ന് ഉയര്‍ന്നുവരികയുണ്ടായി. ആര്‍വിജി മേനോന്‍, ഡോ സിആര്‍ സോമന്‍ എന്നിവർ അടക്കമുള്ള പ്രഗത്ഭരായ അക്കദമീഷ്യന്മാർ ചേര്‍ന്ന് ഈ വിഷയത്തില്‍ ഒരു പഠനം നടത്തി. ക്ലാസ് റും പഠനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ആ റിപ്പോര്‍ട്ടില്‍ വളരെ വ്യക്തമായി പറയുന്നു. അങ്ങനെയാണ് പ്ലസ്ടുവില്‍ ലഭിച്ച മാര്‍ക്ക് കൂടി പ്രവേശന പരീക്ഷയക്ക് പരിഗണിക്കാന്‍ തുടങ്ങിയത്. എന്‍ട്രന്‍സ് സ്‌കോറും പ്ലസ്ടു സ്‌കോറും ചേര്‍ത്ത് 50: 50 എന്ന തരത്തിലേക്ക് പ്രവേശനപരീക്ഷാഫലം പരിഷ്‌കരിക്കുകയും ചെയ്തു.
വിവിധ സ്ട്രീമുകളില്‍ പഠിച്ചെത്തിയ വിദ്യാര്‍ഥികളെ ഒരുമിച്ച് കൊണ്ടുവരിക എന്ന നടപടിയുടെ ഭാഗമായിട്ടാണ് സമീകരണം എന്ന രീതി വരുന്നത്. സിബിഎസ് ഇയുടെ ദേശീയ ശരാശരി കണക്കാക്കിയാണ് ഇത് ചെയ്യുന്നത്. ഒരു സൂത്രവാക്യത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോ കുട്ടിയും നേടിയ സ്കോറിൻ്റെ മൂല്യം കണക്കാക്കുക. കേരള സിലബസ് കുട്ടികളുടെ ശരാശരി കണ്ടെത്തി ഇതേ സൂത്രവാക്യം പ്രകാരം മൂല്യം കണക്കാകുന്നു. ഇങ്ങനെ ഇരു മൂല്യങ്ങളും താരതമ്യം ചെയ്തു സമീകരിച്ചാണ് യോഗ്യതാപരീക്ഷയുടെ സ്കോർ എൻട്രൻസ് സ്കോറിനോടൊപ്പം ചേർക്കുക. ഇങ്ങനെയാണ് റാങ്ക് കണക്കാക്കുന്നത് എന്ന് പ്രോസ്‌പെക്ടസില്‍ കൊടുത്തിട്ടുമുണ്ട്. വളരെ സങ്കീര്‍ണമായിട്ടുള്ള ഒരു ഗണിത സൂത്രവാക്യമാണിത്. ഈ രീതിയുടെ ഫലമായി എന്താണ് നടക്കുന്നത് എന്ന് നമ്മുടെ സമൂഹം നാളിതുവരെ അറിഞ്ഞിരുന്നില്ല.
സിബിഎസ്ഇ വിദ്യാര്‍ഥികളുടെ ശരാശരി കണക്കിലെടുക്കുന്നത് ദേശീയതലത്തിലാണ്. കേരളത്തിലെന്നപോലെ സംഘടിതമായ ഒരു പൊതുവിദ്യാഭ്യാസമോ ഉന്നതമായ ഭൗതികസൗകര്യങ്ങളോ അക്കാദമികമായ ശ്രദ്ധയോ പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കാണുന്നില്ല. സിബിഎസ്ഇയുടെ ദേശീയതലത്തിലെ റിസള്‍ട്ട് പരിശോധിച്ചാല്‍ ഇക്കാര്യം മനസ്സിലാക്കാന്‍ കഴിയും. അത് എണ്‍പതില്‍ നില്‍ക്കുമ്പോള്‍ കേരള റീജ്യന്റെ റിസള്‍ട്ട് നൂറുശതമാനത്തിനു തൊട്ടടുത്താണ്. കീമിന് അപേക്ഷിക്കുന്ന സിബിഎസ്ഇ വിദ്യാര്‍ഥികളില്‍ ബഹുഭൂരിപക്ഷത്തിനും സ്‌കോര്‍ തൊണ്ണൂറിനു മുകളിലാണ്.
ഈ വിഷയം സര്‍ക്കാരിലേക്ക് എത്തിച്ചത് എങ്ങനെയായിരുന്നു.
എന്റെ ശ്രദ്ധയില്‍ ഈ വിഷയം എത്തുന്നത് ഫോക്കസ് ഏരിയ വിവാദകാലത്താണ്. എന്നാല്‍ അന്നൊന്നും ഇത് സംബന്ധിച്ച് കൂടുതല്‍ പഠിക്കാന്‍ നിര്‍വാഹമില്ലായിരുന്നു. പിന്നീട് 2024 കീം റിസള്‍ട്ട് വന്നപ്പോഴാണ് ഈ വിഷയത്തെക്കുറിച്ച് ശ്രദ്ധിക്കുന്നത്. പൊതുവിദ്യാഭ്യാസ പ്രവര്‍ത്തകനെന്ന നിലയില്‍ ഈ വിഷയം ഞാന്‍ ഗൗരവമായി മാധ്യമങ്ങളില്‍ എഴുതാൻ തുടങ്ങി. മലയാള ഐക്യവേദിയുടെയും ഐക്യ മലയാള പ്രസ്ഥാനത്തിന്റെയും സുഹൃത്തുക്കളാണ് ഈ വിഷയത്തിന്റെ ഗൗരവം അതുവഴി ആദ്യം തിരിച്ചറിഞ്ഞത്. കേരള സിലബസിലെ കുട്ടികള്‍ കീമില്‍ പിറകോട്ട് പോകുന്നതില്‍ സ്റ്റാന്‍ഡഡൈസേഷന് വലിയ പങ്കുണ്ടെന്ന് ഞാന്‍ നിരന്തരമായി പിന്നീട് എഴുതിക്കൊണ്ടിരിക്കുന്നു. വിവരാവാകാശ നിയമപ്രകാരം കേരള സിലബസിലെ കുട്ടികളെ എത്രത്തോളം മാര്‍ക്ക് കുറഞ്ഞുവെന്നും സിബിഎസ്ഇക്ക് എത്ര കൂട്ടി എന്നു തുടങ്ങി ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധിച്ചു. കേരള സിലബസിലെ കുട്ടികള്‍ അതിദാരുണമായി പിന്നോട്ട് പോവുന്ന അവസ്ഥയാണ് എനിക്ക് കാണാന്‍ സാധിച്ചത്.
ഇപ്പോള്‍ നിലവില്‍ വന്ന സമീകരണം പ്രകാരം കേരള സിലബസിലുള്ളവര്‍ക്ക് 1 സ്‌കോറാണ് കുറച്ചത് എന്നാല്‍ സിബിഎസ്ഇക്ക് 20 സ്‌കോര്‍ കൂട്ടുകയും ചെയ്തു. 280 കിട്ടിയ സിബിഎസ്ഇ വിദ്യാര്‍ഥിക്ക് 300 മാര്‍ക്ക് ആകുമ്പോള്‍ കേരള സിലബസിലെ കുട്ടിക്ക് അത് 279 ആകും. യോഗ്യതാ പരീക്ഷകളിലെ വിഷയങ്ങള്‍ക്ക് ദേശീയ ശരാശരി നോക്കുമ്പോഴാണ് ഇങ്ങനെ കൂടുകയും കുറയുകയും ചെയ്യുന്നത്. ഫലത്തില്‍ കേരള സിലബസിലെ കുട്ടികള്‍ക്ക് വലിയ നഷ്ടമാണ് സംഭവിക്കുന്നത്.
ഈ വിഷയം ഉന്നയിച്ച് കഴിഞ്ഞ ഓഗസ്റ്റ് മാസം മുതല്‍ വിവിധ അധികാരകേന്ദ്രങ്ങള്‍ക്ക് മുന്നില്‍ ഐക്യമലയാള പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ സമരങ്ങള്‍ നടത്തി. എന്നാല്‍, ആദ്യകാലത്ത് ഞങ്ങളുടെ വാദങ്ങളെ ഉന്നത വിദ്യാഭ്യാസവകുപ്പും എന്‍ട്രന്‍സ് കമ്മീഷണറേറ്റും തള്ളുകയായിരുന്നു. അതുപോലെ കാര്യം ശരിയായി മനസ്സിലാവാത്തവരാണ് ഇവിടത്തെ പ്രമുഖ അധ്യാപക, വിദ്യാര്‍ഥി സംഘടനകള്‍പോലും. സമീകരണത്തിന്റെപേരില്‍ കഴിഞ്ഞവര്‍ഷം റാങ്കില്‍ പിന്നിലാക്കപ്പെട്ട വിദ്യാര്‍ഥികളും രക്ഷിതാക്കളുമടക്കം സമരംചെയ്യുകയുണ്ടായി. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ നിലവിലെ സമീകരണരീതി പരിഷ്‌കരിക്കപ്പെടേണ്ട ആവശ്യമുണ്ടോ എന്നത് പഠിക്കാനായി സര്‍ക്കാര്‍ കഴിഞ്ഞ ഒക്ടോബറില്‍ തന്നെ എസ്സിഇആര്ടിയെ ചുമതലപ്പെടുത്തി. അവര്‍ ഈ മേഖലയിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് ശില്പശാലകള്‍ നടത്തി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു. നവംബറില്‍ കമ്മിഷണറേറ്റ് തന്നെ ഇത് പരിഷ്‌കരിക്കണമെന്ന് പറഞ്ഞു. പഴയത് ശാസ്ത്രീയമാണെന്ന് പറഞ്ഞവര്‍ നമ്മുടെ ആവശ്യം ന്യായമാണെന്ന് അംഗീകരിച്ചു.
കേരള മുഖ്യമന്ത്രി ഇത്രയുമായപ്പോള്‍ ഇതില്‍ ഇടപെടുകയും എന്‍ട്രന്‍സിന് അപേക്ഷ ക്ഷണിക്കും മുന്‍പ് ഇതില്‍ തീരുമാനം ആവണമെന്ന് പറയുകയും ചെയ്യുന്നു. പിന്നീട് പല സാങ്കേതിക കാരണങ്ങളാല്‍ ഇത് വൈകുകയാണ് ഉണ്ടായത്. അതിനിടയില്‍ എന്‍ട്രന്‍സ് കമ്മീഷണറേറ്റ് പ്രോസ്‌പെക്ടറ്റസ് ഇറക്കി. ആ പ്രോസ്‌പെക്ടസിനകത്ത് ഈ പഴയ സമീകരണ ഫോര്‍മുല തന്നെയായിരുന്നു. അന്ന് തന്നെ ഞങ്ങള്‍ ഇതിനെ ചോദ്യം ചെയ്തിരുന്നു. പിന്നെ മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ട് വിദഗ്ദ സമിതിയെ നിയമിച്ചു. ഈ സമിതിയെ വെറും സ്റ്റാറ്റിസ്റ്റിക്‌സ് കമ്മിറ്റിയാക്കി മാറ്റാന്‍ എന്‍ട്രന്‍സ് കമ്മീഷണറേറ്റ് ശ്രമിക്കുകയുണ്ടായി. ആ സമയത്ത് ഞങ്ങള്‍ പ്രതിഷേധിച്ചിരുന്നു.
കേരള സിലബസിലെ കുട്ടികള്‍ക്ക് ബോണസ് പോയിന്റ് നല്‍കണം എന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ ഞങ്ങള്‍ വെച്ചിരുന്നു. അത്തരത്തില്‍ മൂന്ന് കമ്മിറ്റികള്‍ ഇതിനായി പ്രവര്‍ത്തിച്ചു. അവരുടെ നിര്‍ദേശപ്രകാരമുള്ള കാര്യമാണ് ഇപ്പോള്‍ സര്‍ക്കാര്‍ തിരഞ്ഞെടുത്തിട്ടുള്ളത്.
ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളുടെ മൂല്യനിര്‍ണയം തന്നെ കഠിമാണെന്ന് കേട്ടിരുന്നു.
ഫിസിക്‌സ് കെമിസ്ട്രി മാത്തമാറ്റിക്ക്‌സ് എന്നിവ എന്‍ട്രന്‍സിന് പരിഗണിക്കുന്ന മാര്‍ക്കായതിനാല്‍ ഇതിന്റെ ആന്‍സര്‍ പേപ്പര്‍ പ്രിന്റ് ചെയ്യുന്നത് തന്നെ വേറെ രീതിയിലാണ്. ബാര്‍ക്കോഡുള്ള ഉത്തരക്കടലാസാണ് ഈ വിഷയങ്ങള്‍ക്ക് നല്‍കുന്നത്. ഇരട്ട മൂല്യനിര്‍ണയമാന് ഈ വിഷയങ്ങള്‍ക്ക്. രണ്ടുപേര്‍ പരിശോധിച്ച് 10% സ്കോര്‍ വ്യത്യാസമുണ്ടെങ്കില്‍ മൂന്നാമത് ഒരു മൂല്യനിര്‍ണയം കൂടി നടക്കും. ഇതില്‍ ഏറ്റവും ഉയര്‍ന്ന രണ്ടു സ്കോറുകളുടെ ശരാശരിയാണ് എടുക്കുന്നത്. വളരെയധികം ഒബ്ജക്ടീവായ ഇത്തരം പേപ്പറുകള്‍ക്കാണ് ഈ രീതിയെന്ന് ഓര്‍ക്കണം. ഇങ്ങനെ കിട്ടുന്ന മാര്‍ക്കില്‍ നിന്നാണ് വികലമായ സമീകരണരീതി വെച്ച് മാര്‍ക്ക് കുറയ്ക്കുന്നത്.
സിബിഎസ്ഇ വിദ്യാര്‍ഥികളോടോ ആ വിദ്യാഭ്യാസ രീതിയോടോ എനിക്ക് യാതൊരു എതിര്‍പ്പുമില്ല. കേരള സിലബസിനോടുള്ള അവഗണനയോട് മാത്രമാണ് രോഷം ഉള്ളത്. ഒരു സിലബസിനും പ്രിവിലേജ് കൊടുക്കരുതെന്നാണ് എന്റെ വാദം.
ഇവിടെ മാര്‍ക്ക് വാരിക്കോരി കൊടുക്കുകയാണെന്നും സിബിഎസ്ഇയില്‍ മാര്‍ക്ക് കിട്ടാന്‍ പാടാണെന്നുമുള്ള വാദങ്ങളുണ്ട്.
തികച്ചും തെറ്റായ ഒരു പൊതുബോധമാണ് അത്. സിബിഎസ്ഇ യുടെ ദേശീയ ശരാശരി 88 ശതമാനമാണ് എന്നാൽ കേരളത്തിലെ ഇത് 100% ത്തിനടുത്ത് വരും. കേരളത്തിലെ ഹയർ സെക്കൻഡറിയുടെ റിസൾട്ട് 78% ആണ്. ഇവിടെ എൻട്രൻസിന് പങ്കെടുക്കുന്ന സിബിഎസ്ഇ വിദ്യാർഥികളിൽ മഹാഭൂരിപക്ഷത്തിന്റെയും സ്കോർ 90 നു മുകളിലാണ് എന്ന് നമുക്ക് കാണാൻ കഴിയും. പിന്നെ എങ്ങനെയാണ് നമുക്ക് കണക്കുകൾ വെച്ച് കേരള സിലബസില്‍ കുട്ടികൾക്ക് സ്കോറുകൾ കൂടുതലാണ് കിട്ടുന്നത് എന്ന് പറയാൻ കഴിയുക. സിബിഎസ്ഇയിൽ ഉപയോഗിക്കുന്ന ചോദ്യങ്ങൾ കഠിനമാണ് എന്ന വാദവും ഈ വലിയ മാർക്കുകൾ തെറ്റാണെന്ന് തെളിയിക്കുന്നുണ്ടല്ലോ.
സ്കോര്‍ സമീകരണത്തിലെ തമിഴ്‌നാട് രീതി എങ്ങനെയാണ് വ്യത്യാസപ്പെടുന്നത്.
തമിഴ്‌നാട് എല്ലാത്തിനെയും സ്‌കെയില്‍ ചെയ്യുകയാണ് ചെയ്യുന്നത്. ഈയൊരു മാര്‍ക്ക് അന്തരം അവിടെത്തെ രീതിയില്‍ വരുന്നില്ല. എല്ലാ മാര്‍ക്കും നൂറിലേക്ക് സ്‌കെയില്‍ ചെയ്യുകയാണ് ചെയ്യുന്നത്. ഏതെങ്കിലും ഒരു സ്ട്രീമിൽ പരമാവധി മാർക്ക് നൂറിൽ കുറവാണെങ്കിൽ അതിനെ നൂറിലേക്ക് പരിവർത്തിപ്പിക്കുകയും താഴെയുള്ള എല്ലാവർക്കും അതിനനുസരിച്ച് മാർക്കുകളിൽ വർദ്ധന നൽകുകയും ചെയ്യും. ആ രീതിയില്‍ ആര്‍ക്കും നഷ്ടമില്ല. കേരള സിലബസും സിബിഎസ്ഇ സ്‌കൂളും പഠിക്കുന്നതും ഒരേ എന്‍സിആര്‍ടി പുസ്തങ്ങളാണെന്നും മറക്കരുത്.
വൈകിയെടുത്ത മാറ്റങ്ങളല്ലേ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ കാരണം.
ഈ വിഷയത്തിൽ സർക്കാർ ഉചിതമായ സമയത്ത് തീരുമാനങ്ങൾ എടുക്കാത്തതാണ് ഏറ്റവും വലിയ പിഴവായത്. അതിനായി നിശ്ചയിച്ചിട്ടുള്ള ഉദ്യോഗസ്ഥ സംവിധാനങ്ങൾ എല്ലാം വലിയ ഉപേക്ഷയാണ് ഇതിൽ കാണിച്ചത്. മാത്രമല്ല അവർക്കെല്ലാം നിക്ഷിപ്ത താല്പര്യങ്ങൾ ഉണ്ടായിരുന്നു എന്നും സംശയിക്കാവുന്നതാണ്. കേരള മുഖ്യമന്ത്രി ഇടപെട്ട വിഷയമായിട്ട് പോലും അർഹമായ പ്രാധാന്യം സമീകരണവിഷയത്തിൽ നൽകാൻ എൻട്രൻസ് കമ്മീഷണറേറ്റും ഉന്നത വിദ്യാഭ്യാസ വകുപ്പും തയ്യാറായില്ല. കേരള സിലബസിലെ കുട്ടികൾക്ക് കടുത്ത ദോഷം ചെയ്യുന്ന വ്യവസ്ഥകൾ തന്നെ ഇക്കുറിയത്തെ എൻട്രൻസ് പ്രോസ്പെക്ടസിലും അവർ അച്ചടിച്ചുവച്ചു. ഇതാണ് ഏറ്റവും വലിയ ദോഷമായി ഭവിച്ചത്. മാത്രമല്ല, വിദഗ്ധസമിതിയുടെ റിപ്പോർട്ടിലും മറ്റും സമയബന്ധിതമായി തീരുമാനങ്ങൾ എടുക്കാനും നടപ്പിലാക്കാനും ഉന്നത വിദ്യാഭ്യാസ വകുപ്പ് കാര്യമായ ഇടപെടൽ ഒന്നും നടത്തിയതും ഇല്ല. എല്ലാം അവസാന സമയത്തായിരുന്നില്ല ചെയ്യേണ്ടിയിരുന്നത്. എന്‍ട്രന്‍സ് കമ്മിഷണറേറ്റും ഉന്നതവിദ്യാഭ്യാസ വകുപ്പും ഉണ്ടാക്കിയിട്ടുള്ള പുലിവാലുകള്‍ അനുഭവിക്കുന്നത് വിദ്യാര്‍ഥികളാണ്. പ്രോസ്‌പെക്ടസില്‍ പഴയ വ്യവസ്ഥ അച്ചടിച്ച് വെച്ചത് കൊണ്ടാണ് കോടതി ഇത് പരിഗണിക്കുക പോലും ചെയ്യാതിരുന്നത്. സമീകരണരീതി സര്‍ക്കാര്‍ പിന്നീട് നിശ്ചയിക്കും എന്ന ഒറ്റവാക്യം അതിലുണ്ടായിരുന്നെങ്കില്‍ ചിലപ്പോള്‍ ആദ്യ റാങ്ക്ലിസ്റ്റ് നിലനിന്നേനെ.
ഇനി എന്തു ചെയ്യണമെന്നാണ് താങ്കളുടെ അഭിപ്രായം.
അടുത്ത കൊല്ലം വളരെ നേരത്തെ തന്നെ ഈ രീതി സ്വീകരിക്കണം. ആരുടെ മാര്‍ക്കും കുറയ്ക്കാത്ത ആരുടെയും അര്‍ഹതയെ വെട്ടികളയാത്ത രീതിയാവണം. അത് നേരത്തെ തന്നെ സ്വീകരിച്ച് എല്ലാ കുട്ടികള്‍ക്കും നീതി ഉറപ്പാക്കണം. വളരെ നേരത്തെ തന്നെ കമ്മിറ്റികള്‍ രൂപികരിക്കുകയും അവര്‍ക്ക് വിശദമായി പഠിക്കാനുള്ള സമയം കൊടുക്കുകയും വേണം. പൊതുവിദ്യാഭ്യാസത്തെ കുരുതികൊടുത്തുകൊണ്ടുള്ള ഈ (അ)‘ശാസ്ത്രീയത’ അനുവദിക്കാതിരിക്കാനുള്ള വിവേകമാണ് പ്രധാനം. പൊതുവിദ്യാലയം എന്നതിൽ കേവലശാസ്ത്രത്തിന്റെ കണ്ണിൽപ്പെടാത്ത മൂല്യങ്ങളും മനോഭാവങ്ങളുമാണ് വിളയുന്നത് എന്ന വിശാലമായ കാഴ്ചപ്പാടാണ്. തമിഴ്‌നാട്ടിൽ നിന്നു സ്വീകരിക്കേണ്ടത് കേവലം സ്‌കോർ സമീകരണത്തിനുള്ള ഒരുപാധി മാത്രമല്ല, സമൂഹത്തിലെ അടിസ്ഥാനമനുഷ്യരോട് ചേർന്നുനിൽക്കാനുള്ള, സ്വന്തം ഭാഷയിലേക്കും സംസ്‌കാരത്തിലേക്കും പുതിയ തലമുറയെയും കൂട്ടിക്കെട്ടാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയാണ്.
വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങളെ വകവെയ്ക്കാതെ ഈ പ്രശ്‌നങ്ങളെ രാഷ്ട്രീയ ആയുധമാക്കി പലരും കാണുന്നുണ്ടല്ലേ.
ഇന്ന് ഈ വിഷയം വന്നപ്പോള്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥി സംഘടനകളോടും ഭരണപക്ഷത്തോട് കാഹളം മുഴക്കുന്ന രാഷ്ട്രീയ നേതാക്കളോടും ഒന്നേ എനിക്ക് ചോദിക്കാനുള്ളൂ... ഇത്രയും കാലം ഇവരൊക്കെ എവിടെയായിരുന്നു? ഈ വിഷയത്തെ രാഷ്ട്രീയ ആയുധമാക്കി എടുക്കുന്നതിന് പകരം കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിനായി എല്ലാവരും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കണമെന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്.
സമീകരണ വിഷയത്തെ കുറിച്ച് ഞങ്ങളെ പോലുള്ള വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ നാളുകളായി നിരന്തരം എഴുതുന്നുണ്ട്. ഇവര്‍ ഇതൊന്നും കണ്ടില്ല.. ഇവിടെത്തെ അധ്യാപക സംഘടനങ്ങള്‍ എന്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് എന്റെ ചോദ്യം. അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഇവരാരും ഇതില്‍ ഇടപ്പെട്ടില്ലെന്ന് തന്നെ വേണം പറയാന്‍. ഇത് ഇവിടെത്തെ അധികാരകേന്ദ്രങ്ങളും സംഘടനങ്ങളും അറിഞ്ഞുകൊണ്ട് ചെയ്ത നീതികേടാണ്
കേരള സിലബസിലെ വിദ്യാര്‍ഥികള്‍ കേസുമായി ഇപ്പോള്‍ മുന്നോട്ട് പോയിരിക്കുകയാണ് ആ നീക്കത്തെ കുറിച്ച് എന്താണ് പറയാനുള്ളത്.
കേരള സിലബസിലെ കുട്ടികള്‍ കേസിന് പോയത് നല്ല നീക്കമാണ്. ഈ കുട്ടികളുടെ വാദം ശരിക്കും കോടതി കേട്ടിട്ടില്ല. പോകണം എന്ന തന്നെയാണ് എന്റെ അഭിപ്രായം. മൂന്‍നിര റാങ്കുകളില്‍ പെടുന്ന കുട്ടികള്‍ക്ക് ഈ റാങ്ക് മാറ്റം ഒരു പരിധി വരെ പ്രശ്‌നമില്ല. റാങ്കില്‍ അല്‍പ്പം താഴെയുള്ളവരെയാണ് ഇത് വളരെയധികം ബാധിക്കുക. അവരുടെ റാങ്ക് വല്ലാതെ പിന്നിലേക്ക് തള്ളപ്പെട്ട് പോയിട്ടുണ്ടാവും. അവരുടെ ഭാവിയെയാണ് ഇവിടെ തുലാസിലാക്കിയിരിക്കുന്നത്.
Content Highlights: Interview with p premachandran educational activist about keam 2025 issue
Published: 13 Jul 2025, 03:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented