അന്താരാഷ്ട്ര വിദ്യാർഥികൾക്ക് ആശ്വാസമേകുന്ന നിർണ്ണായക വിസ പരിഷ്കാരങ്ങളുമായി ന്യൂസിലൻഡ്. ലെവൽ 7 ഗ്രാജ്വേറ്റ് ഡിപ്ലോമപൂർത്തിയാക്കുന്ന വിദ്യാർഥികൾക്കും ഇനി മുതൽ ഒരു വർഷം വരെ കാലാവധിയുള്ള പോസ്റ്റ്-സ്റ്റഡി വർക്ക് വിസയ്ക്ക് അപേക്ഷിക്കാം. നവംബർ 16 മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വന്നത്. നേരത്തെ ബിരുദമുള്ളവർക്കാണ് ആനുകൂല്യം ലഭിക്കുക.

To advertise here,

പോസ്റ്റ്-സ്റ്റഡി വർക്ക് വിസയ്ക്ക് അർഹതയില്ലാത്ത കോഴ്സുകൾ പഠിക്കുന്നവർക്കായി ആറുമാസത്തെ 'ഷോർട്ട്-ടേം ഗ്രാജ്വേറ്റ് വർക്ക് വിസ'യും ഇമിഗ്രേഷൻ ന്യൂസിലൻഡ് അവതരിപ്പിച്ചിട്ടുണ്ട്.

പ്രധാന മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ:

  • ഏത് മേഖലയിലും ജോലി ചെയ്യാം: നിലവിൽ സർക്കാർ അംഗീകൃത പട്ടികയിലുള്ള ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്നവർക്ക് മാത്രമേ പോസ്റ്റ്-സ്റ്റഡി വർക്ക് വിസ ലഭിച്ചിരുന്നുള്ളൂ. അതും പഠിച്ച വിഷയവുമായി ബന്ധപ്പെട്ട ജോലികൾ മാത്രമേ ചെയ്യാൻ അനുമതിയുണ്ടായിരുന്നുള്ളൂ. എന്നാൽ പുതിയ പരിഷ്കാരം അനുസരിച്ച്, ഏതെങ്കിലും വിഷയത്തിൽ ബാച്ചിലേഴ്സ് ഡിഗ്രിയുള്ളവർ ന്യൂസിലൻഡിൽ ലെവൽ 7 ഗ്രാജ്വേറ്റ് ഡിപ്ലോമ പൂർത്തിയാക്കിയാൽ, പരമാവധി ഒരു വർഷത്തേക്ക് ഏത് മേഖലയിലും ജോലി ചെയ്യാൻ അനുമതിയുള്ള ഓപ്പൺ വർക്ക് വിസയ്ക്ക് അർഹരായിരിക്കും.

  • വ്യവസ്ഥകൾ ഇങ്ങനെ: ന്യൂസിലൻഡിൽ മുഴുവൻ സമയ വിദ്യാർഥിയായി കോഴ്സ് പൂർത്തിയാക്കിയവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. മറ്റ് കോഴ്സുകളിൽ നിന്നുള്ള ക്രെഡിറ്റ് ട്രാൻസ്ഫറുകളോ മുൻപരിചയമോ ഇതിനായി പരിഗണിക്കില്ല. അപേക്ഷയോടൊപ്പം ഡിപ്ലോമ സർട്ടിഫിക്കറ്റ്, ബാച്ചിലേഴ്സ് ഡിഗ്രി സർട്ടിഫിക്കറ്റ്, ഒഫീഷ്യൽ ട്രാൻസ്ക്രിപ്റ്റ് എന്നിവ ഹാജരാക്കണം. വിദേശ ഡിഗ്രികൾക്ക് ഇന്റർനാഷണൽ ക്വാളിഫിക്കേഷൻ അസസ്‌മെന്റ് ആവശ്യമില്ല. മുമ്പ് പോസ്റ്റ്-സ്റ്റഡി വർക്ക് വിസ ലഭിച്ചവർക്ക് വീണ്ടും അപേക്ഷിക്കാനാകില്ല.

  • ബിരുദമില്ലാത്തവരുടെ കാര്യം: ബാച്ചിലേഴ്സ് ഡിഗ്രി ഇല്ലാത്ത ഗ്രാജ്വേറ്റ് ഡിപ്ലോമക്കാർക്ക് നിലവിലുള്ള നിയമം തുടരും. അതായത്, ഇവരുടെ കോഴ്സ് അംഗീകൃത പട്ടികയിൽ ഉൾപ്പെട്ടതാണെങ്കിൽ മാത്രം പോസ്റ്റ്-സ്റ്റഡി വർക്ക് വിസ ലഭിക്കും. എന്നാൽ പഠിച്ച മേഖലയുമായി ബന്ധപ്പെട്ട ജോലിയിൽ മാത്രമേ പ്രവേശിക്കാൻ സാധിക്കൂ. അല്ലാത്തവർക്ക് പുതിയ ഷോർട്ട്-ടേം വർക്ക് വിസ പ്രയോജനപ്പെടുത്താം.

എന്താണ് ഷോർട്ട്-ടേം ഗ്രാജ്വേറ്റ് വർക്ക് വിസ?

പോസ്റ്റ്-സ്റ്റഡി വർക്ക് വിസയ്ക്ക് യോഗ്യതയില്ലാത്ത ലെവൽ 5 മുതൽ 7 വരെയുള്ള കോഴ്സുകൾ (കുറഞ്ഞത് 24 ആഴ്ചത്തെ മുഴുവൻ സമയ പഠനം) പൂർത്തിയാക്കുന്നവർക്കാണ് ആറുമാസത്തെ വിസ ലഭിക്കുക. ഈ കാലയളവിൽ ജോലി കണ്ടെത്താനും തുടർന്ന് അക്രഡിറ്റഡ് എംപ്ലോയർ വർക്ക് വിസയിലേക്ക് മാറാനും സാധിക്കും. ഇംഗ്ലീഷ് ഭാഷാ കോഴ്സുകൾ, ഫൗണ്ടേഷൻ കോഴ്സുകൾ എന്നിവയ്ക്ക് ഇത് ബാധകമല്ല.

അപേക്ഷകർക്ക് ചുരുങ്ങിയത് 5,000 ന്യൂസിലൻഡ് ഡോളർ സാമ്പത്തിക ശേഷിയുണ്ടെന്ന് തെളിയിക്കണം. സ്റ്റുഡന്റ് വിസ കാലാവധി തീർന്ന് മൂന്ന് മാസത്തിനുള്ളിൽ അപേക്ഷ നൽകണം. ഈ വിസയുള്ളവർക്ക് സ്വന്തമായി ബിസിനസ് തുടങ്ങാനോ പങ്കാളിയെയും കുട്ടികളെയും സ്പോൺസർ ചെയ്യാനോ അനുവാദമുണ്ടാകില്ല.

മറ്റ് പ്രധാന വിസ പരിഷ്കാരങ്ങൾ:

ഒക്ടോബർ 27 മുതൽ നടപ്പിലാക്കിയ മറ്റ് നിയമപ്രകാരം, മാസ്റ്റേഴ്സ് റിസർച്ച് വിദ്യാർഥികൾക്ക് പഠനസമയത്ത് ഉണ്ടായിരുന്ന അൺലിമിറ്റഡ് ജോലി സമയം ആഴ്ചയിൽ 25 മണിക്കൂറായി പരിമിതപ്പെടുത്തിയിട്ടുണ്ട്. അവധിക്കാലത്ത് മുഴുവൻ സമയവും ജോലി ചെയ്യാം. വിസ വ്യവസ്ഥകൾ പാലിക്കാൻ വിദ്യാർഥികൾക്ക് മതിയായ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം ഉണ്ടോ എന്ന് കർശനമായി പരിശോധിക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ അന്വേഷണം നടക്കുന്ന സാഹചര്യങ്ങളിൽ വിസ നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കാനും ഇമിഗ്രേഷൻ വിഭാഗത്തിന് അധികാരം നൽകിയിട്ടുണ്ട്.

നിലവിൽ വിസയുള്ളവർക്ക് ഇമിഗ്രേഷൻ ന്യൂസിലൻഡിന്റെ ഓൺലൈൻ സംവിധാനം വഴി 'വേരിയേഷൻ ഓഫ് കണ്ടീഷൻസ്' അപേക്ഷ നൽകി പുതിയ ആനുകൂല്യങ്ങൾ നേടാവുന്നതാണ്. 325 ന്യൂസിലൻഡ് ഡോളറാണ് ഇതിനുള്ള അപേക്ഷാ ഫീസ്.