നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന 2020-ലെ പ്രവേശനത്തിനായുള്ള ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) മെയിൻ, രണ്ടാംപരീക്ഷ ഏപ്രിൽ അഞ്ച്, ഏഴ്, ഒൻപത്, 11 തീയതികളിൽ നടത്തും.

എൻജി./ടെക്നോളജി/ആർക്./ പ്ലാനിങ് പ്രവേശനം

ഒട്ടേറെ ദേശീയതല സ്ഥാപനങ്ങളിലെ എൻജിനിയറിങ്/ടെക്നോളജി/ആർക്കിടെക്ചർ/പ്ലാനിങ് ബിരുദതല കോഴ്‌സുകളിലെ പ്രവേശനത്തിനായാണ് പരീക്ഷ നടത്തുന്നത്. ഒരു പ്രവേശനവർഷത്തേക്ക്‌ രണ്ടുതവണയാണ് ജെ.ഇ.ഇ. മെയിൻ നടത്തുന്നത്. 2020-ലെ ആദ്യത്തേത് ജനുവരിയിൽ നടത്തിയിരുന്നു.

രാജ്യത്തെ 31 നാഷണൽ ഇൻസ്റ്റിറ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി.-കോഴിക്കോട് ഉൾപ്പെടെ), 25 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി (ഐ.ഐ.ഐ.ടി. -കോട്ടയം ഉൾപ്പെടെ), സർക്കാർ സഹായത്താൽ പ്രവർത്തിക്കുന്ന 28-ൽപ്പരം സാങ്കേതിക സ്ഥാപനങ്ങൾ (ജി.എഫ്.ടി.ഐ.) എന്നിവയിലെ പ്രവേശനത്തിനാണ് മുഖ്യമായും ജെ.ഇ.ഇ. മെയിൻ.

അതോടൊപ്പം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) പ്രവേശനത്തിനുള്ള ജെ.ഇ.ഇ. -അഡ്വാൻസ്ഡ് അഭിമുഖീകരിക്കാൻ അർഹരാകുന്നവരെ കണ്ടെത്തുന്ന ഒരു സ്ക്രീനിങ് പരീക്ഷകൂടിയാണ് ജെ.ഇ.ഇ. മെയിൻ ബി.ഇ./ബി.ടെക്. പരീക്ഷ.

പേപ്പറുകൾ

പരീക്ഷയ്ക്ക് മൂന്ന് പേപ്പർ ഉണ്ടാകും. ബി.ഇ./ബി.ടെക്., ബി.ആർക്, ബി.പ്ലാനിങ് എന്നീ പ്രവേശനങ്ങൾക്കുള്ളതാണ് അവ. പ്രവേശന പദ്ധതിയനുസരിച്ച് ഒരാൾക്ക് ഒന്നോ കൂടുതലോ പേപ്പറുകൾ അഭിമുഖീകരിക്കാം.

ബി.ഇ./ബി.ടെക്.

ബി.ഇ./ബി.ടെക്. പേപ്പറിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽനിന്ന്‌ 25 വീതം ചോദ്യങ്ങൾ ഉണ്ടാകും. ഇതിൽ 20 എണ്ണം ഒബ്ജക്ടീവ് മാതൃകയിലുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും അഞ്ച് എണ്ണം ന്യൂമറിക്കൽ ആൻസർ ടൈപ്പ് ചോദ്യങ്ങളുമാകും. പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ രണ്ടു ഷിഫ്റ്റിൽ നടത്തും. ആദ്യത്തേത് രാവിലെ 9.30 മുതൽ 12.30 വരെ, രണ്ടാമത്തേത്, ഉച്ചയ്ക്ക് 2.30 മുതൽ 5.30 വരെ. (ഈ പ്രക്രിയയിൽ ഉൾപ്പെടുന്ന, സയൻസ് കോഴ്‌സുകളിലെ പ്രവേശനത്തിനും ഈ പേപ്പറിലെ റാങ്ക് ബാധകമാണ്)

ബി.ആർക്.

ബി.ആർക്. പേപ്പറിൽ മൂന്നു ഭാഗങ്ങൾ ഉണ്ടാകും. ആദ്യഭാഗത്ത് മാത്തമാറ്റിക്സിൽനിന്ന്‌ 25 ചോദ്യവും (20 മൾട്ടിപ്പിൾ ചോയ്സ്, അഞ്ച് ന്യൂമറിക്കൽ ആൻസർ ടൈപ്പ്), രണ്ടാം ഭാഗത്ത് ആർക്കിടെക്ചർ അഭിരുചി അളക്കുന്ന 50 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും ഉണ്ടാകും. രണ്ടുഭാഗവും കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ. മൂന്നാം ഭാഗം ഡ്രോയിങ് ടെസ്റ്റാണ് (രണ്ട് ചോദ്യങ്ങൾ). ചിത്രരചനാവൈഭവം അളക്കുന്ന പരീക്ഷയിൽ ഹാളിൽ നൽകുന്ന ഡ്രോയിങ് പേപ്പറിലാണ് ചിത്രങ്ങൾ വരയ്ക്കേണ്ടത്. ഈഭാഗം ഓഫ് ലൈൻ രീതിയിൽ നടത്തും. മൂന്നുഭാഗവും ഒറ്റ സിറ്റിങ്ങിൽ പൂർത്തിയാക്കണം. രണ്ടു ഷിഫ്‌റ്റുണ്ടാകും (9.30-12.30, 2.30-5.30).

ബി.പ്ലാനിങ്

ബി.പ്ലാനിങ് പ്രവേശനപരീക്ഷയിലും മൂന്ന് ഭാഗമുണ്ടാകും. ആദ്യ രണ്ടുഭാഗം ബി.ആർക്. പ്രവേശനപരീക്ഷയുടേതു തന്നെയാകും (മാത്തമാറ്റിക്സ്, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്). മൂന്നാംഭാഗം പ്ലാനിങ് അധിഷ്ഠിത ചോദ്യങ്ങൾ അടങ്ങുന്നതാണ്. ഇതിൽ 25 മൾട്ടിപ്പിൾ ചോയ്സ് ചോദ്യമുണ്ടാകും. പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിതം. സമയം മൂന്നുമണിക്കൂർ. ഉച്ചയ്ക്ക് 2.30 മുതൽ 5.30 വരെ.

ബി.ആർക്കിനും ബി.പ്ലാനിങ്ങിനും അപേക്ഷിക്കുന്നവർക്ക് പരീക്ഷ 2.30 മുതൽ ആറുവരെയാകും (ഇവർ നാലുഭാഗങ്ങൾക്ക് ഉത്തരം നൽകണം-മാത്തമാറ്റിക്സ്, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ഡ്രോയിങ് ടെസ്റ്റ്, പ്ലാനിങ് അധിഷ്ഠിത ചോദ്യങ്ങൾ). ഇവർ ഉച്ചയ്ക്കുള്ള ഷിഫ്റ്റിലാണ് പരീക്ഷ അഭിമുഖീകരിക്കേണ്ടത്.

സ്കോറിങ് രീതി

മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുടെ ശരിയുത്തരത്തിനോരോന്നിനും നാലുമാർക്കുവീതം കിട്ടും. ഉത്തരം തെറ്റിയാൽ ഒരു മാർക്കുവെച്ച് നഷ്ടപ്പെടും. ന്യൂമറിക്കൽ ആൻസർ ടൈപ്പിൽ ശരിയുത്തരത്തിന് നാല് മാർക്ക്. ഉത്തരം തെറ്റിയാലും മാർക്ക് നഷ്ടപ്പെടില്ല.

പരീക്ഷയുടെ സിലബസ് https://jeemain.nta.nic.in -ൽ ലഭിക്കും.

ജെ.ഇ.ഇ. അഡ്വാൻസ്ഡ്

ജെ.ഇ.ഇ. അസ്വാൻസ്ഡ് അഭിമുഖീകരിക്കാൻ താത്‌പര്യമുള്ളവർ ജെ.ഇ.ഇ. മെയിനിന്റെ ഒന്നാം പേപ്പർ (ബി.ഇ./ബി.ടെക്.) അഭിമുഖീകരിക്കണം. ഐ.ഐ.ടി.യിൽ ബി.ആർക്, സയൻസ് കോഴ്‌സുകൾ ഉൾപ്പെടെയുള്ള എല്ലാ കോഴ്സുകളിലും പ്രവേശനം ആഗ്രഹിക്കുന്നവർ ജെ.ഇ.ഇ.മെയിൻ ആദ്യപേപ്പർ അഭിമുഖീകരിക്കണം. ഈ പേപ്പറിലെ സ്കോറിന്റെ അടിസ്ഥാനത്തിൽ വിവിധ കാറ്റഗറികളിലായി മുന്നിലെത്തുന്ന നിശ്ചിത എണ്ണം പേർക്കേ അഡ്വാൻസ്ഡ് അഭിമുഖീകരിക്കാനാകൂ.

പ്രവേശന യോഗ്യത

പ്ലസ്ടു/തത്തുല്യ പരീക്ഷ നിശ്ചിത വിഷയങ്ങൾ പഠിച്ച് ജയിക്കണം. ബി.ഇ./ബി.ടെക്. പ്രവേശനം തേടുന്നവർ ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവ നിർബന്ധമായും പഠിക്കണം. മൂന്നാം വിഷയം കെമിസ്ട്രി, ബയോടെക്നോളജി, ബയോളജി, ടെക്നിക്കൽ വൊക്കേഷണൽ വിഷയം എന്നിവയിലൊന്നാകാം. ബി.ആർക്. പ്രവേശനത്തിന് മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവ പഠിക്കണം. മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചവർ ബി.പ്ലാനിങ് പ്രവേശനത്തിന് അർഹരാണ്.

ഉയർന്ന പ്രായപരിധിയില്ല. 2020-ലെ പരീക്ഷ അഭിമുഖീകരിക്കാൻ യോഗ്യതാപരീക്ഷ 2018-ലോ 2019-ലോ ജയിച്ചവർക്കും 2020-ൽ അത് അഭിമുഖീകരിക്കുന്നവർക്കും അർഹതയുണ്ട്. യോഗ്യതാപരീക്ഷയിൽ അഞ്ച് വിഷയമെങ്കിലും പഠിക്കണം. പ്രവേശനപരീക്ഷയിലെ റാങ്ക് അടിസ്ഥാനമാക്കി പ്രവേശനം നൽകും. പക്ഷേ, പ്രവേശനം കിട്ടാൻ യോഗ്യതാപരീക്ഷയിൽ നിശ്ചിതമാർക്ക്/സ്ഥാനം നേടേണ്ടതുണ്ട്. യോഗ്യതാ പരീക്ഷയിലെ അഞ്ച് വിഷയത്തിനുംകൂടി മൊത്തത്തിൽ 75 ശതമാനം (പട്ടികവിഭാഗക്കാർക്ക് 65 ശതമാനം) മാർക്ക് നേടുകയോ, തന്റെ ബോർഡിന്റെ യോഗ്യതാപരീക്ഷയിൽ മുന്നിലെത്തുന്നവരുടെ ഇരുപതാം പെർസന്റൈൽ കട്ട് ഓഫ് സ്കോർ നേടുകയോ വേണം.

അപേക്ഷ

https://jeemain.nta.nic.in വഴി മാർച്ച് ആറിന് രാത്രി 11.50 വരെ നൽകാം. അപേക്ഷാഫീസ് മാർച്ച് ഏഴിന് രാത്രി 11.50-നകം ഓൺലൈനായി അടയ്ക്കണം. കൺഫർമേഷൻ പേജിന്റെ പ്രിന്റ് ഔട്ട് എടുത്ത് ഭാവിയിലെ ആവശ്യങ്ങൾക്കായി സൂക്ഷിക്കാം. പ്രിന്റ് ഔട്ട് എവിടേക്കും അയക്കേണ്ടതില്ല.

മികച്ച സ്കോർ പരിഗണിക്കും

ജനുവരിയിലെ പരീക്ഷ അഭിമുഖീകരിച്ചവർക്ക് അവരുടെ എൻ.ടി.എ. സ്കോർ മെച്ചപ്പെടുത്താൻ താത്‌പര്യമുണ്ടെങ്കിൽ ഏപ്രിലിലെ പരീക്ഷ അഭിമുഖീകരിക്കാം. ആദ്യപരീക്ഷ അഭിമുഖീകരിക്കാൻ കഴിയാതെ പോയവർക്ക് രണ്ടാം പരീക്ഷയിൽ താത്‌പര്യമുണ്ടെങ്കിൽ അതിൽ പങ്കെടുക്കാം. രണ്ടു പരീക്ഷകളും അഭിമുഖീകരിക്കുന്നവരുടെ ഭേദപ്പെട്ട എൻ.ടി.എ.സ്കോർ അന്തിമ റാങ്കിങ്ങിനായി പരിഗണിക്കും.

വിവരങ്ങൾക്ക്: https://jeemain.nta.nic.in, https://nta.ac.in

Content Highlights: JEE Main 2020: Entrance Test and Courses