സ്വബോധം നഷ്ടപ്പെട്ട് തെരുവിലൂടെ ഇഴഞ്ഞുനടക്കുന്ന മനുഷ്യര്‍. നടപ്പാതയില്‍ ചിലര്‍ സിറിഞ്ചുമായി  ഇരിക്കുന്നത് കാണാം. പലരുടെയും തൊലി ചുക്കിച്ചുളിഞ്ഞിരിക്കുന്നു. ചിലരുടെ ശരീരത്തില്‍ വലിയ വ്രണങ്ങള്‍ പഴുത്ത് പൊട്ടിയൊലിച്ച് ചീഞ്ഞളിഞ്ഞിരിക്കുന്നത് കാണാം. കണ്ണുകള്‍ മിഴിച്ചിരിക്കുന്നുണ്ടെങ്കിലും ദൃഷ്ടിയുറക്കുന്നില്ല. ശ്വസിക്കാനാകാത്തതിന്റെ വെപ്രാളവും അവരില്‍ കാണാന്‍ സാധിക്കും. അമേരിക്കയിലെ ചില തെരുവുകളുടെ അവസ്ഥ ഇപ്രകാരമാണ്. സോംബി ഡ്രഗുകള്‍ എന്ന് വിളിക്കുന്ന ഈ ലഹരിമരുന്നിന്റെ വ്യാപകമായ ഉപയോഗം സര്‍ക്കാറിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഭൂരിഭാഗവും ചെറുപ്പക്കാരാണ് ഈ മാരകവിഷത്തിന്റെ ഇര. 

To advertise here,

ഹോളിവുഡ് സിനിമകളിലും സീരീസുകളിലും സാഹിത്യത്തിലും നാം കണ്ടു ശീലിച്ച വിചിത്രമായ മനുഷ്യരാണ് സോംബികള്‍. വ്രണങ്ങളും മുറിവുകളും നിറഞ്ഞ സോംബികളുടെ കടിയേറ്റാല്‍ നമ്മളും അവരില്‍ ഒരാളായി തീരും. സോംബികളെ നേരിടുന്ന ഒരു കൂട്ടം മനുഷ്യരുടെ അതിജീവനത്തിന്റെ കഥയാണ് മിക്ക സിനിമകളും. സോംബി സിനിമകള്‍ക്ക് ലോകമൊട്ടാകെ ഒട്ടേറെ ആരാധകര്‍ ഉണ്ടെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ നമ്മള്‍ ഒരിക്കലും അവരെ കാണാന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. സിനിമയിലെ സോംബികളെപ്പോലെ മനുഷ്യരെ കാര്‍ന്നു തിന്നുന്ന ലഹരിയായതിനാലാണ് ഇവയെ സോംബി ഡ്രഗുകള്‍ എന്ന് വിളിക്കുന്നത്.  'ട്രാങ്ക്' എന്ന മറ്റൊരു വിളിപ്പേരും ഇതിനുണ്ട്.

കുതിര, പശു തുടങ്ങിയ നാല്‍ക്കാലികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന സൈലസീന്‍ എന്ന ട്രാന്‍ക്വലൈസറാണ് ഇവിടെ വ്യാപകമായി ചൂഷണം ചെയ്യപ്പെടുന്നത്. താരതമ്യേന വില കുറവായതിനാലും ഒട്ടുമിക്ക പ്രദേശങ്ങളിലും ലഭ്യമായതിനാലും സാമ്പത്തികമായി താഴെത്തട്ടില്‍ നില്‍ക്കുന്ന ഒരു വിഭാഗം ജനങ്ങളുടെ ഇടയിലേക്ക് ഇവ ഒഴുകുകയാണ്.  ഓപ്പിയോയ്ഡ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നതല്ല സൈലസീന്‍. ഫെന്റനില്‍, ഹെറോയിന്‍, കൊക്കെയ്ൻ തുടങ്ങിയവയുമായി കൂട്ടിക്കലര്‍ത്തിയുള്ള കോക്ക്‌ടെയ്ൽ ഡ്രഗ് ( ട്രാങ്ക്) ആയാണ് ഇവ  വില്‍ക്കപ്പെടുന്നത്. ഇതിന് അടിമപ്പെട്ടാല്‍ ജീവിതം തിരിച്ചുപിടിക്കുന്നത് അത്ര എളുപ്പമല്ല. 

ട്രാങ്കുകള്‍  ഉപയോഗിച്ചു തുടങ്ങുന്നത് 2000 -ന്റെ മധ്യത്തിലണെന്ന് കരുതപ്പെടുന്നു. പോര്‍ട്ടോറിക്കോയിലാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പിന്നീട് അത് ഫിലാഡല്‍ഫിയയിലേക്കും അമേരിക്കയിലെ മറ്റു പ്രദേശങ്ങളിലേക്കും വ്യാപിച്ചു. എന്നാല്‍, അവയുടെ ഉപയോഗം രൂക്ഷമാകുന്നത് കോവിഡ് കാലത്താണ്. 2023 ആയപ്പോഴേക്കും അമേരിക്കയിലെ ഒട്ടേറെ സ്റ്റേറ്റുകളിലും ഇത് ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു. എല്ലാ ലഹരിമരുന്നുകളെും പോലെ കേന്ദ്രനാഡിവ്യൂഹത്തെ തളര്‍ത്തുകയാണ് ട്രാങ്കുകള്‍ ചെയ്യുന്നത്. അത് രക്തസമ്മര്‍ദം, ഹൃദയമിടിപ്പ് എന്നിവ കുറയ്ക്കും. ക്രമേണ ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും. നെക്രോസിസ് എന്ന ( രക്തചംക്രമണക്കുറവ് മൂലം അവയവങ്ങള്‍ക്കോ കോശങ്ങള്‍ക്കോ ഉണ്ടാവുന്ന നാശം) അവസ്ഥയിലേക്ക് ട്രാങ്കുകള്‍ മനുഷ്യരെ കൊണ്ടെത്തിക്കും. കലകള്‍ നശിച്ച് തൊലി ചീഞ്ഞളിഞ്ഞ അവസ്ഥയിലേക്ക് മാറും. ഈ പഴുപ്പ് ഗുരുതരമാകുമ്പോള്‍ ശരീരഭാഗങ്ങള്‍ മുറിച്ചുകളയേണ്ടതായി വരും.

സൈലസിനൊപ്പം ഫെന്റനില്‍ എന്ന ഓപ്പിയോയ്ഡുകള്‍ ഉപയോഗിക്കുമ്പോഴാണ് അവസ്ഥ കൂടുതല്‍ മാരകമാകുന്നത്. കാരണം ഹെറോയിനേക്കാള്‍ അമ്പത് മടങ്ങാണ് ഫെന്റനിലിന്റെ ദൂഷ്യഫലം. ഇത് ഉപയോഗിക്കുന്ന വ്യക്തി മണിക്കൂറുകള്‍ നീളുന്ന മയക്കത്തിലേക്ക് വീഴും. ഉണര്‍ന്നാല്‍ വീണ്ടും അടുത്ത ഡോസെടുക്കാനുള്ള പ്രവണത തോന്നും. ട്രാങ്ക് ഓവര്‍ഡോസ് മരണങ്ങള്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 2018-ലാണ്. 2019 ആയപ്പോഴേക്കും 627 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2020-ല്‍ അത് ഇരട്ടിയിലേറെയായി. 2021-ല്‍ 3468 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. സ്ത്രീകളേക്കാള്‍ പുരുഷന്‍മാരാണ് സൈലസീന്‍ ഓവര്‍ഡോസില്‍ മരിക്കുന്നത്.

  • ലഹരിമരുന്ന് വിഴുങ്ങുന്ന കെന്‍സിംഗ്ടണ്‍

തൊഴിലില്ലായ്മയും ദാരിദ്ര്യവുമാണ് ഫിയാഡല്‍ഫിയയിലെ കെന്‍സിംഗ്ടണ്‍ ജനത നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ടെക്‌സ്റ്റൈല്‍സ്, കാര്‍പ്പറ്റ് വ്യവസായത്തിന് പേരുകേട്ട പ്രദേശമായിരുന്നു  കെന്‍സിംഗ്ടണ്‍. അതേസമയം, കൊച്ചുകുട്ടികളെ ഫാക്ടറി ജോലിയ്ക്കായി ചൂഷണം ചെയ്തത് അക്കാലത്ത് വലിയ പ്രക്ഷോഭങ്ങള്‍ക്ക് കാരണമായി തീര്‍ന്നു. 1950-കളില്‍ പല വ്യവസായ സ്ഥാപനങ്ങളും കെന്‍സിംഗ്ടണ്‍ വിട്ടുപോയി. അതിന്റെ ഫലമായി ഒരു വലിയ വിഭാഗം ജനത തൊഴില്‍ അന്വേഷിച്ച് മറ്റു സ്ഥലങ്ങളിലേക്ക് കുടിയേറി. അവശേഷിക്കുന്നവര്‍ക്കിടയില്‍ തൊഴിലില്ലായ്മയും പട്ടിണിയും വര്‍ധിക്കുകയും തത്ഫലമായി ആളുകള്‍ കുറ്റകൃത്യങ്ങളിലേക്ക് തിരിയുകയും ചെയ്തു. 1970-കളില്‍ കെന്‍സിംഗ്ടണില്‍ ലഹരിമരുന്നു മാഫിയകള്‍ കൊക്കെയ്ൻ വ്യാപകമായി  വിറ്റഴിച്ചു. കാലം പോകെ ക്രാക്ക്, ഹെറോയിന്‍ എന്നിവയും ഇവിടെ സുലഭമായി തുടങ്ങി. ലഹരിമരുന്ന് ഉപയോഗം കൂടിയതോടെ കുറ്റകൃത്യത്തിന്റെ തോത് ഇരട്ടിയായി. സ്വബോധവും ചിന്താശേഷിയും നഷ്ടപ്പെട്ട് തെരുവില്‍ അലയുന്ന മനുഷ്യരുടെ കാഴ്ച സര്‍വസാധാരണമായി. ആളൊഴിഞ്ഞ കെട്ടിടങ്ങള്‍ ലഹരിയ്ക്ക് അടിമപ്പെട്ടവരുടെ താവളമായി. 

ഒപ്പിയോയ്ഡുകള്‍ വ്യാപകമായതോടെ അവസ്ഥ കൂടുതല്‍ വഷളായി. മോഷണം, പിടിച്ചുപറി, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേയുള്ള അതിക്രമങ്ങള്‍, ബലാത്സംഗം, വെടിവെപ്പ് എന്നീ കുറ്റകൃത്യങ്ങളെല്ലാം സര്‍വസാധാരണമായി. കുട്ടികളുടെ പാര്‍ക്കുകളും ലൈബ്രറികളുമെല്ലാം ആളൊഴിഞ്ഞു കിടന്നു. കോവിഡ് കാലത്ത് അത് മൂര്‍ധന്യാവസ്ഥയിലെത്തുകയും സോംബി ഡ്രഗ്‌ ഉപയോഗം വ്യാപകമാകമാവുകയും ചെയ്തു. പൊതുസ്ഥലത്ത് യാതൊരു മറയുമില്ലാതെയാണ് ഇവര്‍ ലഹരി ഉപയോഗിക്കുന്നത്. സിറിഞ്ചില്‍ നിറച്ച ലഹരി പരസ്പരം കുത്തിവെച്ച്‌ സഹായിക്കുന്നതും ഈ തെരുവുകളില്‍ കാണാന്‍ സാധിക്കും. വഴിവക്കിലും കലുങ്കിലും പാലത്തിനടിയിലും നൂറ് കണക്കിന് സിറിഞ്ചുകളും രക്തത്തില്‍ കലര്‍ന്ന പഞ്ഞികളും സിഗററ്റു കുറ്റികളും കാണാന്‍ സാധിക്കും. 

സര്‍ക്കാറിനെ സംന്ധിച്ച് ട്രാങ്ക് ഉപയോഗം ഏറ്റവും വലിയ തലവേദനയായി മാറിയിരിക്കുകയാണ്. പോലീസുകാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സംഘത്തെ കെന്‍സിംഗ്ടണിലും സമീപപ്രദേശത്തും വിന്യസിച്ചിട്ടുണ്ടെങ്കിലും ലഹരിയൊഴുക്കിനെ ഫലപ്രദമായി നിയന്ത്രിക്കാനാകുന്നില്ല എന്നതാണ് പരാമര്‍ഥം. ഓവര്‍ഡോസില്‍ മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്നല്ലാതെ അതിനെ പിടിച്ചുകെട്ടാന്‍ സാധിക്കുന്നില്ല. മൃഗങ്ങള്‍ക്ക് വേണ്ടിയുള്ള ട്രാംക്വലൈസര്‍ ആയതിനാല്‍ സൈലസിന്‍ നിരോധിച്ചിട്ടില്ല. അതേസമയം,  സൈലസിനൊപ്പം ഓാപ്പിയോയ്ഡുകള്‍ കലര്‍ത്തിയ ലഹരിമരുന്നുകള്‍ മാഫിയകള്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചുകൊണ്ടേയിരിക്കുന്നു. 

സൈലസിന്റെ വഴിവിട്ട ഉപഭോഗം തടയാന്‍ യു.എസ്. ഫുഡ് ആന്റ് അഡ്മിനിസ്റ്റേഷന്‍(എഫ്.ഡി.എ.) കഴിഞ്ഞ ഫെബ്രുവരി മുതലാണ് വ്യാപകമായ നടപടികള്‍ സ്വീകരിക്കാന്‍ ആരംഭിച്ചത്. തങ്ങള്‍ ഉപയോഗിക്കുന്ന ഓപ്പിയോയ്കളില്‍ സൈലസിന്റെ സാന്നിധ്യമുണ്ടെന്ന് പോലും പലര്‍ക്കും അറിയില്ലെന്നാണ് എഫ്.ഡി.എ. റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൈകളിലും കാലുകളിലും മറ്റും വലിയ മുറിവുകള്‍ വന്ന് പഴുത്ത് ചീയുന്ന അവസ്ഥയിലെത്തുമ്പോഴാണ് പലരും ഇത് സ്വാഭാവികമല്ലെന്ന് മനസ്സിലാക്കുന്നത്. വേദന സഹിക്കാനാകാതെ വരുമ്പോള്‍ ചിലര്‍ വീണ്ടും സോംബി ഡ്രഗില്‍ തന്നെ അഭയം തേടും. വളരെ ന്യൂനപക്ഷമാണ് ചികിത്സതേടി വരുന്നത്. അപ്പോഴേക്കും അവരില്‍ പലരുടെയും അവയവങ്ങള്‍ മുറിച്ചുകളയേണ്ട അവസ്ഥയിലെത്തിയിരിക്കും. 

സോംബി ഡ്രഗുകളുടെ ഉപയോഗം അവസാനിപ്പിക്കുന്നതിന് വേണ്ടി ഒട്ടേറെ ആരോഗ്യപ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും കെന്‍സിംഗ്ടണില്‍ പ്രവര്‍ത്തിക്കുന്നു. മരുന്നുകളും മറ്റു അവശ്യവസ്തുക്കളുമായാണ് അവര്‍ പ്രദേശത്ത് സഞ്ചരിക്കുന്നത്. സോംബി ഡഗ്ര്‌സിന്റെ ഉപയോഗത്തിന്റെ ഫലമായുണ്ടായ ചീഞ്ഞഴുകുന്ന വ്രണങ്ങളുമായി തെരുവില്‍ അലയുന്നവരെ ഇവര്‍ കണ്ടെത്തി ശുശ്രൂഷിച്ച് മരുന്നുവെച്ചു കെട്ടും. ഓവര്‍ഡോസില്‍ ബോധം നശിച്ച് അനക്കമില്ലാതെ കിടക്കുമ്പോള്‍ പ്രാഥമിക ശുശ്രൂഷ നല്‍കി  ഒട്ടേറെ പേരെയാണ് ഇവര്‍ ജീവിതത്തിലേക്ക് കൊണ്ടുവരുന്നത്. പക്ഷേ, ഈ പ്രവര്‍ത്തനങ്ങളെല്ലാം താല്‍ക്കാലികമാണെന്ന് അവര്‍ക്ക് വ്യക്തമായ ധാരണയുണ്ട്. ഇരകളെ പുനരധിവസിപ്പിച്ച് വേണ്ട ചികിത്സ നല്‍കി അവരെ ലഹരിയില്‍നിന്ന് പുറത്ത് കൊണ്ടുവരുന്നത് ശ്രമകരമായ ദൗത്യമാണ്. അതു തന്നെയാണ് കെന്‍സിംഗ്ടണിനകത്തും പുറത്തും സര്‍ക്കാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.