പീരുമേട്: പഴയ ടെലിവിഷനും റേഡിയോയും ക്ലോക്കുകളും ആവശ്യപ്പെട്ട് ഹൈറേഞ്ചിലേക്ക് സമൂഹമാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ. ഇതിൽനിന്നെടുക്കുന്ന ചുവന്ന മെർക്കുറി വേർതിരിക്കാമെന്നും കോവിഡിനുവരെ മരുന്നായി ഉപയോഗിക്കാമെന്നുമാണ് പ്രചാരണം. റൈസ്പുള്ളർ, നാഗമാണിക്യം മാതൃകയിലുള്ള വലിയ തട്ടിപ്പിന് കളമൊരുങ്ങുതായാണ് സൂചന.
പഴയ ഇലക്ട്രോണിക് ഉപകരണങ്ങളായ സി.ആർ.ടി. ടെലിവിഷനുകൾ, വാൽവ് റേഡിയോകൾ, പെൻഡുലം ക്ലോക്കുകൾ എന്നിവയിൽ ഇത് ഉപയോഗിച്ചിരുന്നതായും ദ്രാവകരൂപത്തിലുള്ള ഈ മൂലകം വിലയേറിയ സംയുക്തമാണെന്നുമാണ് ഇടനിലക്കാർ പറയുന്നത്.
അയൽ സംസ്ഥാനത്തുനിന്നും ജില്ലകളിൽനിന്നും ചുവന്ന മെർക്കുറി തേടി ആളുകൾ എത്തുന്നുണ്ട്. ഈ ദ്രാവകം ഉപയോഗിച്ച് ബോംബുകൾ നിർമിക്കാൻ സാധിക്കുമെന്നും കോവിഡ് ചികിത്സിക്കാൻ ചുവന്ന മെർക്കുറി ഉപയോഗിക്കാമെന്നുമൊക്കെ പ്രചാരണമുണ്ട്. ഉപയോഗശൂന്യമായി പലരും ഉപേക്ഷിച്ചിരുന്ന ഉപകരണങ്ങൾക്ക് ഇപ്പോൾ വലിയ വിലയാണ് ഇടനിലക്കാർ വാഗ്ദാനം ചെയ്യുന്നത്.
സമൂഹമാധ്യമങ്ങൾ വഴിയാണ് കച്ചവട ഒരുക്കങ്ങൾ നടക്കുന്നത്. ചുവന്ന മെർക്കുറിയുണ്ടെന്നുപറയുന്ന സാമഗ്രികളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി കൈമാറും. പരിശോധനകൾക്കും മറ്റുമായി ലക്ഷങ്ങൾ ചെലവഴിച്ചാൽ ഇരട്ടിയിലേറെ തിരികെ കിട്ടുമെന്നുപറഞ്ഞ് വിശ്വസിപ്പിച്ചാണ് കച്ചവടം തുടങ്ങുന്നത്. വിദഗ്ധരെന്ന് പരിചയപ്പെടുത്തി ആളുകൾ നേരിട്ട് എത്തുകയും പരിശോധനകൾ നടത്തുകയും ചെയ്യും.
വലിയ തുക കിട്ടുമെന്ന വിശ്വാസത്തിൽ പലരും പണം മുടക്കും. മാസങ്ങൾക്ക് ശേഷം മാത്രമേ തട്ടിപ്പ് മനസ്സിലാകൂ. നിയമപരമല്ലാത്ത ക്രയവിക്രയമായതിനാലും മാനക്കേട് ഭയന്നും ആരുംതന്നെ തട്ടിപ്പിൽ പരാതിപ്പെടാറില്ല. ഇതുവരെ പരാതിയൊന്നും ഇല്ലാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല.
Content Highlights: red mercury fraud messages circulating in social media
Published: 20 Jul 2020, 12:31 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented