മുംബൈ: കേന്ദ്രസർക്കാരിന് കീഴിലുള്ള മുംബൈയിലെ മിന്റിൽനിന്ന് 40 രൂപ മോഷ്ടിച്ച ജീവനക്കാരനെതിരേ പോലീസ് കേസെടുത്തു. പുറത്തിറക്കാത്ത 20 രൂപയുടെ പുതിയ രണ്ട് നാണയങ്ങൾ ലോക്കറിൽനിന്ന് കണ്ടെടുത്തതിന് പിന്നാലെയാണ് ചൗബുക്സാർ എന്ന ജീവനക്കാരനെതിരേ പോലീസ് കേസെടുത്തത്. കോവിഡ് ഭീഷണി കാരണം ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതായും മുംബൈ എം.ആർ.എ. മാർഗ് പോലീസ് അറിയിച്ചു.
20 രൂപയുടെ രണ്ട് നാണയങ്ങളാണ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ചൗബുക്സാറിന്റെ ലോക്കറിൽനിന്ന് കണ്ടെത്തിയത്. ഇയാൾ ലോക്കറിൽ എന്തോ ഒളിപ്പിച്ചതായി മിന്റിലെ സി.ഐ.എസ്.എഫ്. സബ് ഇൻസ്പെക്ടർക്ക് സൂചന ലഭിച്ചിരുന്നു. തുടർന്ന് മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ലോക്കർ തുറന്ന് പരിശോധിച്ചപ്പോഴാണ് നാണയങ്ങൾ കണ്ടത്.
പുതിയ നാണയങ്ങൾ കൗതുകത്തിന്റെ പുറത്ത് മോഷ്ടിച്ചതായിരിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. മിന്റിൽ പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും ദേഹപരിശോധന അടക്കമുള്ളതിനാൽ നാണയം പുറത്തേക്ക് കൊണ്ടുപോകാനായില്ലെന്നും പോലീസ് പറഞ്ഞു. അതേസമയം, ഇത്തരത്തിൽ നേരത്തെ നാണയങ്ങൾ മോഷ്ടിച്ചിട്ടുണ്ടോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ മാർച്ചിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 20 രൂപയുടെ നാണയം പുറത്തിറക്കിയത്. ഇതിന്റെ ഭാഗമായ പുതിയ സീരിസിലുള്ള നാണയമാണ് മുംബൈയിലെ മിന്റിൽ നിർമിച്ചിരുന്നത്. 2020 ഏപ്രിലിൽ പുതിയ നാണയം പുറത്തിറക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനം കാരണം നീട്ടിവെയ്ക്കുകയായിരുന്നു.
Content Highlights:police booked case against mumbai mint employee for stealing new 20 rupee coins
Published: 29 Jul 2020, 04:54 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented