തൊടുപുഴ: ഓൺലൈൻ ടാക്സി ഓടുന്നതിന്റെ മറവിൽ ക്ഷേത്രങ്ങളിലും പള്ളിയിലും മോഷണം നടത്തിയ സംഘം അറസ്റ്റിൽ. തൊടുപുഴയിലെ ആയിരം വർഷം പഴക്കമുള്ള അമരംകാവ് ക്ഷേത്രത്തിൽ രണ്ടുപ്രാവശ്യം മോഷണവും അതിക്രമവും നടത്തിയ രണ്ടുപേരെയും, മോഷണമുതൽ വാങ്ങിയ ഒരാളെയുമാണ് അറസ്റ്റുചെയ്തത്.

To advertise here,

അസം സ്വദേശിയും പെരുമ്പാവൂരിൽ താമസക്കാരനുമായ അമീർ ഹംസ(26), ഊബർ ഡ്രൈവറായ കണ്ണൂർ തളിപ്പറമ്പ് കൂട്ടുമുഖം സ്വദേശി വലിയവളപ്പിൽ വീട്ടിൽ ഉബൈദ് (38), എറണാകുളം തമ്മനം നന്ദാനത്ത് പറമ്പിൽ വീട്ടിൽ അനസ് (റസാഖ്-54) എന്നിവരാണ് പിടിയിലായത്. അനസ് മോഷണമുതലുകൾ വാങ്ങിയ ആളാണ്. സംഘത്തിൽപ്പെട്ട ബംഗാൾ സ്വദേശിയായ സുമീറിനായി അന്വേഷണം ഊർജിതമാക്കി.

ഇവർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒട്ടേറെ ആരാധനാലയങ്ങളിൽ മോഷണം നടത്തിയവരാണെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം പറഞ്ഞു. എറണാകുളം, ഇടുക്കി ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളിൽനിന്ന് മോഷണംപോയ മുഴുവൻ സാധനങ്ങളും തമ്മനത്തുള്ള അനസിന്റെ കടയിൽനിന്ന് കണ്ടെടുത്തു. പട്ടാമ്പി സ്വദേശിയായ മറ്റൊരു വ്യക്തിയാണ് തമ്മനത്തുനിന്ന് മുഴുവൻ മോഷണമുതലുകളും വാങ്ങിയതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

നിലവിൽ രണ്ട് കേസാണുള്ളത്. കാക്കനാട്ടുള്ള ക്രിസ്തീയദേവാലയത്തിലും മറ്റുചില സ്ഥലങ്ങളിലെ ആരാധനാലയങ്ങളിലും മോഷണം നടത്തിെയന്ന്‌ പ്രതികൾ സമ്മതിച്ചതായി പോലീസറിയിച്ചു.

ടാക്സിയാണെന്ന് കരുതും

ഉബൈദാണ് ഓൺലൈൻ ടാക്സി ഓടിക്കുന്നത്. ഇതിലാണ് മോഷണയാത്ര. എറണാകുളം, ഇടുക്കി ജില്ലകളിലാണ് കൂടുതൽ ശ്രദ്ധപതിപ്പിച്ചത്. അങ്ങനെയാണ് അമരംകാവ് ക്ഷേത്രം കണ്ണിൽപ്പെടുന്നത്. ആദ്യം വൈദ്യുതി വിച്ഛേദിച്ച് സി.സി.ടി.വി. വെട്ടിപ്പൊളിച്ചു. ഡി.വി.ആർ. ഊരിമാറ്റി. വിഗ്രഹം തള്ളിയിട്ട നിലയിലായിരുന്നു. ഇതിനുശേഷം സെപ്റ്റംബർ മൂന്നിന് ഇതേക്ഷേത്രത്തിൽ വീണ്ടും മോഷണം നടന്നു. ഇതാണ് സംഘത്തെ കുടുക്കിയത്.

സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ, സംശയാസ്പദമായ രണ്ട് കാർ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതിൽ ഒരു കാർ സ്ഥിരമായി ഓൺലൈൻ ടാക്സി സർവീസിനായി ഉപയോഗിക്കുന്നതാണെന്ന് കണ്ടെത്തിയതോടെ, അന്വേഷണം ഡ്രൈവർ ഉബൈദിലേക്ക് നീങ്ങി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്, എറണാകുളത്തുനിന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലിൽ, വിവിധ ക്ഷേത്രങ്ങളിൽ നടന്ന മോഷണങ്ങളുമായി ഇവർക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

മോഷണമുതലുകൾ സ്വീകരിക്കുകയും വിൽപ്പന നടത്തുകയും ചെയ്ത ശൃംഖലയെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തൊടുപുഴ ഡിവൈ.എസ്.പി. സജി മാർക്കോസ്, ഇൻസ്പെക്ടർ കെ.പി. മനേഷ്, എസ്.ഐ.മാരായ ജിബിൻ തോമസ്, അരുൺ ചന്ദ്രൻ, അനന്തു ശേഖർ, ഷംസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിജു, ജോയ്, സിവിൽ പോലീസ് ഓഫീസർമാരായ ജോയ് തോമസ്, അജീഷ് തങ്കപ്പൻ, ബാബുക്കുട്ടൻ, അജിമോൻ, ബാബു സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.