
ന്യൂഡല്‍ഹി: ഐ.എഫ്.എസ്. ഉദ്യോഗസ്ഥയാണെന്ന യു.പി. സ്വദേശിനിയുടെ അവകാശവാദം വ്യാജമാണെന്ന് സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശിലെ റായ്ബറേലി സ്വദേശിനിയായ ജ്യോതി മിശ്രയുടെ ഐ.എഫ്.എസ്. നാടകമാണ് ഒടുവില്‍ പൊളിഞ്ഞത്. ജ്യോതി മിശ്ര എന്ന പേരിലുള്ള ഉദ്യോഗസ്ഥ എംബസിയില്‍ ജോലിചെയ്യുന്നില്ലെന്ന് മാഡ്രിഡിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചതോടെയാണ് യുവതിയുടെ അവകാശവാദം കള്ളമാണെന്ന് തെളിഞ്ഞതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനുപിന്നാലെ താന്‍ യു.പി.എസ്.സി. പരീക്ഷ പാസായിട്ടില്ലെന്നും മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ജ്യോതി മിശ്രയും 'ടൈംസ് ഓഫ് ഇന്ത്യ'യോട് പ്രതികരിച്ചു.
പുണെയിലെ ഐ.എ.എസ്. ഉദ്യോഗസ്ഥ പൂജ ഖേദ്കറിന്റെ വിവാദങ്ങള്‍ക്കിടെയാണ് യു.പി. സ്വദേശിനിയായ ജ്യോതി മിശ്രയ്‌ക്കെതിരേയും ആരോപണങ്ങളുയര്‍ന്നത്. ബ്രാഹ്‌മണ സമുദായംഗമായ ജ്യോതി, എസ്.സി. ക്വാട്ടയിലാണ് ഐ.എ.എസ്. പട്ടികയില്‍ ഇടംനേടിയതെന്നായിരുന്നു സാമൂഹികമാധ്യമങ്ങളിലെ ആരോപണം. ഇത് വൈറലായതോടെ ജ്യോതി മിശ്ര തന്നെ വിശദീകരണവുമായി രംഗത്തെത്തി. തനിക്കെതിരേ പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളാണെന്നും താന്‍ ഐ.എഫ്.എസ്. ഉദ്യോഗസ്ഥയാണെന്നുമായിരുന്നു ഇവരുടെ അവകാശവാദം. ''സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പട്ടികയിലുള്ളത് എസ്.സി. വിഭാഗത്തില്‍പ്പെട്ട ജ്യോതി എന്നയാളുടെ പേരാണ്, ഹരിയാണ സ്വദേശിയായ ഇവര്‍ക്ക് ഐ.എ.എസ്. ആണ് കിട്ടിയത്. എന്നാല്‍, താന്‍ ഐ.എ.എസ്. അല്ല. ഐ.എഫ്.എസിലാണ് തനിക്ക് സെലക്ഷന്‍ ലഭിച്ചത്. അത് മറ്റൊരു പട്ടികയാണ്'' എന്നായിരുന്നു ജ്യോതി മിശ്രയുടെ വിശദീകരണം.
Also Read
ഇതേകാര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇവരെ ബന്ധപ്പെട്ടപ്പോഴും സമാനരീതിയിലുള്ള വിശദീകരണമാണ് ജ്യോതി നല്‍കിയത്. ജ്യോതിയോട് വിശദീകരണം തേടാനായി പിതാവും യു.പി. പോലീസിലെ സബ് ഇന്‍സ്‌പെക്ടറുമായ സുരേഷ് നാരായണ്‍ മിശ്രയെയാണ് 'ടൈംസ് ഓഫ് ഇന്ത്യ' ആദ്യം ബന്ധപ്പെട്ടത്. മകള്‍ ഐ.എഫ്.എസ്. ഉദ്യോഗസ്ഥയാണെന്നും സ്‌പെയിനിലെ മാഡ്രിഡിലെ ഇന്ത്യന്‍ എംബസിയില്‍ ജോലിചെയ്യുകയാണെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി. ജോലിസമയം കഴിഞ്ഞാല്‍ മകളെ ബന്ധപ്പെടാമെന്നും ഇദ്ദേഹം ആത്മവിശ്വാസത്തോടെ മറുപടി നല്‍കിയിരുന്നു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകന്‍ വാട്‌സാപ്പ് വഴി ബന്ധപ്പെട്ടപ്പോള്‍ തന്റെ മുന്‍വാദങ്ങള്‍ ജ്യോതി മിശ്ര ആവര്‍ത്തിച്ചു. വിശ്വാസ്യതയ്ക്കായി ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട്, ഐ.എഫ്.എസ്. സെലക്ഷനും മാഡ്രിഡിലെ പോസ്റ്റിങ്ങുമായി ബന്ധപ്പെട്ട് യു.പി.എസ്.സി.യില്‍നിന്ന് ലഭിച്ച കത്ത്, മസൂറിയിലെ അഡ്മിനിസ്‌ട്രേഷന്‍ അക്കാദമിയിലെ ഐ.ഡി. കാര്‍ഡ് എന്നിവയുടെ ചിത്രങ്ങളും അയച്ചുനല്‍കി. തുടര്‍ന്ന് ഇതേവിവരങ്ങള്‍ സ്ഥിരീകരിക്കാനായി മാധ്യമപ്രവര്‍ത്തകന്‍ മാഡ്രിഡിലെ എംബസിയുമായി ബന്ധപ്പെട്ടതോടെയാണ് യുവതിയുടെ അവകാശവാദങ്ങള്‍ കള്ളമാണെന്ന് തെളിഞ്ഞത്.
ജ്യോതി മിശ്ര എന്ന പേരില്‍ ആരും മാഡ്രിഡിലെ എംബസിയില്‍ ജോലിചെയ്യുന്നില്ലെന്നായിരുന്നു എംബസിയിലെ സെക്കന്‍ഡ് സെക്രട്ടറിയായ അമാന്‍ ചന്ദ്രന്റെ സ്ഥിരീകരണം. പിന്നാലെ ജ്യോതി മിശ്രയെ ഇക്കാര്യം അറിയിച്ച് ബന്ധപ്പെട്ടതോടെ ഇവര്‍ തെറ്റ് ഏറ്റുപറയുകയായിരുന്നു.
ഐ.എഫ്.എസ്. ഉദ്യോഗസ്ഥയായി രണ്ടുവര്‍ഷത്തെ നാടകം...
2021-ലെ സിവില്‍ സര്‍വീസ് പരീക്ഷയുടെ റാങ്ക് പട്ടികയില്‍ കൃത്രിമം കാട്ടിയാണ് ജ്യോതി മിശ്ര തന്റെ മാതാപിതാക്കളെ കബളിപ്പിച്ചിരുന്നത്. മാതാപിതാക്കളെ മാത്രമാണ് താന്‍ തെറ്റിദ്ധരിപ്പിച്ചതെന്നും മറ്റാരെയും കബളിപ്പിച്ചിട്ടില്ലെന്നുമായിരുന്നു ജ്യോതി മിശ്രയുടെയും പ്രതികരണം. 2021-ലെ പരീക്ഷയില്‍ എസ്.സി. വിഭാഗത്തില്‍പ്പെട്ട ജ്യോതി എന്ന പെണ്‍കുട്ടിക്ക് 432-ാം റാങ്ക് ലഭിച്ചിരുന്നു. ഈ പേരില്‍ കൃത്രിമം കാട്ടിയാണ് ജ്യോതി തന്റെ പേര് ചേര്‍ത്തത്. യുവതി പിതാവിന് നല്‍കിയ റാങ്ക് പട്ടികയുടെ പകര്‍പ്പില്‍ 432-ാം റാങ്ക് ജനറല്‍ വിഭാഗത്തില്‍ പരീക്ഷയെഴുതിയ ജ്യോതി മിശ്രയുടേതായിരുന്നു.
അതേസമയം, സിവില്‍ സര്‍വീസ് പരീക്ഷ ജയിക്കാനായി മാതാപിതാക്കളില്‍നിന്ന് ഒരിക്കലും സമ്മര്‍ദം നേരിട്ടിട്ടില്ലെന്നും താന്‍ സ്വമേധയയാണ് ഇത്തരമൊരു നാടകം കളിക്കാന്‍ മുതിര്‍ന്നതെന്നുമായിരുന്നു ജ്യോതി മിശ്രയുടെ പ്രതികരണം.
പന്ത്രണ്ടാംക്ലാസ് പരീക്ഷയില്‍ 96 ശതമാനം മാര്‍ക്ക് നേടിയ ജ്യോതി ഡല്‍ഹി സര്‍വകലാശാലയില്‍നിന്നാണ് ബിരുദം പൂര്‍ത്തിയാക്കിയത്. ഇതിനുപിന്നാലെയാണ് യുവതി സിവില്‍ സര്‍വീസ് ആഗ്രഹവുമായി യു.പി.എസ്.സി. പരീക്ഷയെഴുതിയത്. എന്നാല്‍, തന്റെ സഹപാഠികളായ അഞ്ചുപേര്‍ യു.പി.എസ്.സി. പരീക്ഷ വിജയിച്ചപ്പോള്‍ ജ്യോതി പരാജയപ്പെട്ടു. ഒപ്പമുണ്ടായിരുന്നവര്‍ പരീക്ഷ ജയിച്ചത് ജ്യോതിക്ക് ഒരിക്കലും അംഗീകരിക്കാനായില്ല. ഇതോടെയാണ് കൃത്രിമം കാട്ടി മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ചതെന്നും 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോര്‍ട്ട് ചെയ്തു.
യു.പി.എസ്.സി. പരീക്ഷയില്‍ വിജയിച്ച് ഐ.എഫ്.എസ്. ലഭിച്ചെന്നാണ് ജ്യോതി കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നത്. പിന്നാലെ മാഡ്രിഡിലെ എംബസിയില്‍ ജോലിലഭിച്ചെന്ന് പറഞ്ഞ് വീട്ടില്‍നിന്ന് പോവുകയും ചെയ്തു. രണ്ടുവര്‍ഷത്തിനിടെ വല്ലപ്പോഴുമാണ് ഇവര്‍ നാട്ടിലെത്തിയിരുന്നത്. ഏകദേശം ഒന്നരമാസം മുമ്പാണ് യുവതി അവസാനമായി വീട്ടില്‍വന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇക്കാലയളവില്‍ യുവതി ഡല്‍ഹിയില്‍ ഉണ്ടായിരുന്നതായാണ് വിവരം.
അതിനിടെ, ജ്യോതി മിശ്രയുടെ സിവില്‍ സര്‍വീസ് വിജയം പ്രാദേശികമാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. യു.പി. പോലീസും യുവതിയെ അഭിനന്ദിച്ച് സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റിട്ടു. മകള്‍ ഐ.എഫ്.എസ്. ഉദ്യോഗസ്ഥയാണെന്നാണ് യു.പി. പോലീസില്‍ സബ് ഇന്‍പ്‌സ്‌പെക്ടറായ ജ്യോതിയുടെ പിതാവ് കഴിഞ്ഞദിവസം വരെ വിശ്വസിച്ചിരുന്നത്. യാഥാര്‍ഥ്യം വ്യക്തമായതോടെ ഇദ്ദേഹവും മാനസികമായി ഏറെ തകര്‍ന്നനിലയിലാണ്. ''എന്തിനാണ് മകള്‍ ഞങ്ങളോട് കള്ളം പറഞ്ഞതെന്ന് എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല. അവളെ ഒരുകാര്യത്തിനും ഞങ്ങള്‍ നിര്‍ബന്ധിച്ചിട്ടില്ല. അവള്‍ പഠിക്കാന്‍ മിടുക്കിയായിരുന്നു. ഇപ്പോള്‍ മകള്‍ എവിടെയാണുള്ളതെന്ന് പോലും എനിക്കറിയില്ല. അവള്‍ എത്രയും വേഗം വീട്ടില്‍ വരണമെന്നാണ് എന്റെ ആഗ്രഹം'', അദ്ദേഹം പ്രതികരിച്ചു.
Content Highlights: jyoti mishra fake ifs officer claims
Published: 18 Jul 2024, 04:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented