തിരുവനന്തപുരം: ഉത്സവപ്പറമ്പിലെ കുലുക്കി സർബത്തിൽനിന്ന് ചീസും േസാസുമൊക്കെ ചേർന്ന ബർഗറിലേക്കുള്ള വിജയയാത്രയാണിത്. മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങി സിവിൽ സർവീസ് പഠനത്തിനായി തിരുവനന്തപുരത്ത് എത്തിയ ആലപ്പുഴ സ്വദേശിനി ദേവീപ്രസീദ ഉറക്കമിളച്ചത് പുസ്തകങ്ങൾ പഠിക്കാനായിരുന്നില്ല. സ്വന്തം സ്വപ്‌നങ്ങൾക്ക് നിറം കൊടുക്കാനായിരുന്നു. തിരുവനന്തപുരം നഗരത്തിൽ 'ദൂക്കാൻ ബർഗേഴ്‌സ്' എന്ന പേരിൽ ദേവീപ്രസീദ തുടങ്ങിയ വഴിയോര ബർഗർ കച്ചവടം ഇന്ന് ലക്ഷങ്ങളുടെ വരുമാനമുള്ള വിജയകൂടാരമാണ്.

To advertise here,

ബിസിനസ് തുടങ്ങാനുള്ള സാമ്പത്തികമില്ലായ്മയും കണ്ടന്റ് ക്രിയേഷൻ മേഖലയോടുള്ള വീട്ടുകാരുടെ കടുത്ത എതിർപ്പും കാരണമാണ് ദേവീപ്രസീദയ്ക്ക് താത്‌പര്യമില്ലാത്ത സിവിൽ സർവീസ് പഠനത്തിന് ചേരേണ്ടിവന്നത്. ആദ്യതവണ പരീക്ഷയിൽ പരാജയപ്പെട്ടതിന് പിന്നാലെ വീട്ടുകാരെ ഏറെ ബുദ്ധിമുട്ടി സമ്മതിപ്പിച്ചാണ് വ്ലോഗിങ് ആരംഭിക്കുന്നത്. പിന്നീട് സ്വന്തമായി പണം സമ്പാദിക്കുകയെന്ന ലക്ഷ്യത്തോടെ പട്ടത്തുള്ള സ്വകാര്യബാങ്കിൽ ചേർന്നെങ്കിലും മകളെ സിവിൽ സർവീസ് ഉദ്യോഗസ്ഥയാക്കാൻ ആഗ്രഹിച്ച വീട്ടുകാർക്ക് അതിൽ താത്‌പര്യമില്ലായിരുന്നു.

2024-ൽ ആലപ്പുഴയിലെ പ്രശസ്തമായ മുല്ലയ്ക്കൽ ചിറപ്പുത്സവത്തിന് 'ദൂക്കാൻ സർബത്ത്' എന്ന പേരിൽ ഒരു കുലുക്കി സർബത്ത് കടയിട്ടതാണ് ദേവീപ്രസീദയുടെ ജീവിതം മാറ്റിമറിച്ചത്. വെറൈറ്റി കണ്ടന്റ് ലക്ഷ്യമിട്ട് തുടങ്ങിയ ഈ കട സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറി. ഇതേത്തുടർന്ന് ടെലിവിഷൻ പരിപാടികളിൽ അതിഥിയായി ക്ഷണം ലഭിക്കുകയും പുരസ്‌കാരങ്ങൾ സ്വന്തമാക്കുകയും ചെയ്തതോടെയാണ് വീട്ടുകാർ അംഗീകരിച്ചുതുടങ്ങിയത്.

ബാങ്കിലെ ശമ്പളവും സുഹൃത്ത് രാഹുൽ രവീന്ദ്രന്റെ സാമ്പത്തികസഹായവും ചേർത്താണ് ദേവീപ്രസീദ ഏകദേശം 20,000 രൂപ നിക്ഷേപത്തിൽ എവിടെയും കൊണ്ടുപോകാവുന്ന തരത്തിലുള്ള പോർട്ടബിൾ ബർഗർ ഷോപ്പ് ആരംഭിക്കുന്നത്. ക്ലാസുകളിൽ പങ്കെടുത്ത് ബർഗർ നിർമ്മിക്കാൻ പഠിച്ചു. കട ഉദ്ഘാടനം ചെയ്യുന്നതിന്റെ തലേദിവസം ആലപ്പുഴയിലെ വീട്ടിൽവെച്ച് കടയുടെ പ്രധാനഭാഗങ്ങൾ മോഷണം പോയെങ്കിലും, തളരാതെ വീണ്ടും പണം മുടക്കി കൂടുതൽ സൗകര്യങ്ങളോടെ കട പുനർനിർമ്മിക്കുകയായിരുന്നു.

ഒരു യന്ത്രത്തെപ്പോലെ ജോലി ചെയ്യുന്നതിനേക്കാൾ സ്വന്തം കഴിവിനനുസരിച്ച് ജോലി ചെയ്യാനുള്ള ആഗ്രഹവും ജനങ്ങൾ തന്നെ തിരിച്ചറിയണമെന്നുള്ള ഉറച്ച വിശ്വാസവുമാണ് ദേവീപ്രസീദയെ ഈ സ്ട്രീറ്റ് ഫുഡ് ബിസിനസിലേക്ക് നയിച്ചത്. ബിസിനസ് ആരംഭിച്ച് വിജയകരമായി മുന്നേറുന്ന ഈ കടയിൽ നിലവിൽ ദിവസം 300-ഓളം ബർഗറുകളാണ് വിറ്റഴിക്കുന്നത്.

'ദൂക്കാൻ ബർഗേഴ്‌സ്' എന്നത് വലിയൊരു സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് മാത്രമാണെന്ന് ഈ യുവസംരംഭക പറയുന്നു. ഏകദേശം 40 ലക്ഷം രൂപയുടെ നിക്ഷേപം ആവശ്യമായി വരുന്ന മറ്റൊരു വലിയ ബിസിനസ് തുടങ്ങാനുള്ള മൂലധനം കണ്ടെത്തുകയാണ് നിലവിലെ ലക്ഷ്യം. ഗുണനിലവാരമാണ് ബിസിനസിന്റെ വിജയമെന്ന് വിശ്വസിക്കുന്ന ദേവീപ്രസീദയ്ക്ക് പുതുതലമുറയോട് ഒന്നേ പറയാനുള്ളൂ: ‘‘ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ വെറുതെ ചിന്തിച്ചിരിക്കാതെ ധൈര്യമായി തുടങ്ങുക. തുടങ്ങിയാൽ മാത്രമേ അതിന്റെ ഫലം എന്തെന്ന് അറിയാൻ സാധിക്കൂ''.