ന്യൂഡൽഹി: ഒബിസി ക്രീമിലയർ വിധി 2025-ലെ സിവിൽ സർവീസ് പരീക്ഷാഫലത്തിൽ ബാധകമാക്കണമോ എന്നതിൽ വ്യക്തത തേടി കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഇത് സംബന്ധിച്ച് ഉചിതമായ ഉത്തരവ് നൽകണമെന്നും കേന്ദ്രം സുപ്രീംകോടതിയിൽ ഫയൽ ചെയ്ത അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മാർച്ച് 11-ന് സുപ്രീം കോടതി പുറപ്പടിവിച്ച ഉത്തരവിൽ വ്യക്തതതേടിയാണ് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്.

To advertise here,

മാതാപിതാക്കളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഒബിസി വിഭാഗത്തിന്റെ ക്രീമിലെയർ പദവി നിർണയിക്കാൻ കഴിയില്ലെന്നായിരുന്നു മാർച്ച് 11-ന് സുപ്രീം കോടതി പുറപ്പടുവിച്ച വിധി. ഉദ്യോഗാർത്ഥികൾ ഒബിസി ക്രീമിലെയറിലാണോ, നോൺ- ക്രീമിലെയറിലാണോയെന്ന് തീരുമാനിക്കാൻ സാമൂഹിക സ്ഥിതിയാകണം മാനദണ്ഡമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഉദ്യോഗാർഥികളുടെ മാതാപിതാക്കൾ ജോലിചെയ്യുന്ന സ്ഥാപനങ്ങളിൽ വഹിക്കുന്ന തസ്തികയും പദവികളും ഉൾപ്പെടെ ക്രീമിലെയർ നിർണയത്തിന് പരിഗണിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചിരുന്നു.

2025-ലെ സിവിൽ സർവീസ് ബാച്ചിന്റെ ഫൗണ്ടേഷൻ കോർസ് ഈ ആഴ്ച ആരംഭിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ നീക്കം. ക്രീമിലയർ വിഷയത്തിലെ സുപ്രധാനമായ സുപ്രീം കോടതി വിധി വരുന്നത് 2025-ലെ സിവിൽ സർവീസ് ഫലം വന്ന് അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ്. പരീക്ഷാഫലം വരുന്നതിന് മുമ്പ് വന്ന ഉത്തരവായതിനാൽ 2025-ലെ ബാച്ചിന് ഈ ഉത്തരവ് ബാധകമാക്കണോ എന്നാണ് കേന്ദ്രം സുപ്രീം കോടതിയോട് ആരാഞ്ഞിരിക്കുന്നത്. ക്രീമിലയർ നിർണയം കേഡർ അലോട്ട്മെന്റിൽ ഉൾപ്പടെ നിർണായക സ്വാധീനം ചെലുത്തുമെന്നും അതിനാൽ ഇക്കാര്യത്തിൽ സുപ്രീം കോടതി തീരുമാനം വൈകാതെ ഉണ്ടാകണമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്തവർഷം മുതൽ സുപ്രീം കോടതി ഉത്തരവ് പൂർണമായും കേന്ദ്ര സർക്കാർ നടപ്പാക്കാനാണ് സാധ്യത.