
കൊച്ചി: ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് താൻ നേരത്തെ അറിയിച്ചതാണെന്ന് കലാഭവൻ സോബി ജോർജ്. ഏത് രീതിയിലുള്ള ശാസ്ത്രീയ പരിശോധനയ്ക്കും തയ്യാറാണെന്ന് ഇതുവരെ അന്വേഷിച്ച ഏജൻസികളോടെല്ലാം വ്യക്തമാക്കിയതാണ്. നിലവിൽ കേസ് അന്വേഷിക്കുന്ന സി.ബി.ഐ. സംഘത്തോടും ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. നുണപരിശോധന സംബന്ധിച്ച് സി.ബി.ഐ.യിൽനിന്ന് അറിയിപ്പുകളോ മറ്റോ ലഭിച്ചിട്ടില്ലെന്നും കലാഭവൻ സോബി പ്രതികരിച്ചു.
എത്രയും പെട്ടെന്ന് നുണപരിശോധന നടത്തണമെന്നാണ് തന്റെയും ആവശ്യം. എന്നാൽ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി ഉൾപ്പെടെ മൂന്ന് പേരെ സി.ബി.ഐ. ഈ പരിശോധനയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് അറിയുന്നത്. അതിൽ കടുത്ത അമർഷമുണ്ട്. അപകടസമയത്ത് ബാലഭാസ്കറിനൊപ്പം വാഹനത്തിലുണ്ടായിരുന്ന വ്യക്തിയാണ് ലക്ഷ്മി. അവരെയും കേസുമായി ബന്ധമുള്ള മറ്റ് രണ്ട് പേരെയും നുണപരിശോധന നടത്തുന്നവരിൽ ഉൾപ്പെടുത്തേണ്ടതായിരുന്നു. നുണ പരിശോധന സമയത്ത് തന്റെ വക്കീലിന്റെ സാന്നിധ്യം ഉണ്ടാവണമെന്ന് കോടതിയോട് ആവശ്യപ്പെടുമെന്നും കലാഭവൻ സോബി പറഞ്ഞു.
ബാലഭാസ്കറിന്റെ മരണം ആസൂത്രിതമായ കൊലപാതകമാണെന്നും അപകടത്തിൽപ്പെടുന്നതിന് മുമ്പ് ഒരു സംഘം ബാലഭാസ്കർ സഞ്ചരിച്ച കാർ അടിച്ചുതകർക്കുന്നത് താൻ കണ്ടിരുന്നുവെന്നുമാണ് സോബിയുടെ വാദം. എന്നാൽ സോബിയുടെ മൊഴികളും സാഹചര്യ തെളിവുകളും തമ്മിൽ പൊരുത്തക്കേടുണ്ട്. മാത്രമല്ല, സാക്ഷികളുടെ മൊഴികളും സോബിയുടെ വാദം ശരിവെയ്ക്കുന്നില്ല.
സോബിക്ക് പുറമേ, ഡ്രൈവറായ അർജുൻ, ബാലഭാസ്കറിന്റെ സുഹൃത്തുക്കളും സ്വർണക്കടത്ത് കേസിലെ പ്രതികളുമായ വിഷ്ണു സോമസുന്ദരം, പ്രകാശൻ തമ്പി എന്നിവർക്കാണ് നുണ പരിശോധന നടത്താൻ തീരുമാനിച്ചിരിക്കുന്നത്. അപകടസമയത്ത് വാഹനമോടിച്ചത് അർജുനാണെന്നാണ് ലക്ഷ്മി അടക്കമുള്ളവരുടെ മൊഴി. എന്നാൽ ബാലഭാസ്കറാണ് വാഹനമോടിച്ചതെന്നാണ് അർജുന്റെ വാദം. കോടതിയുടെ അനുമതി ലഭിച്ചാൽ നുണപരിശോധനയുടെ തുടർനടപടികളുമായി സി.ബി.ഐ. മുന്നോട്ടുപോകും.
Content Highlights:balabhaskar accident death kalabhavan soby response about cbi polygraph test
Published: 09 Sept 2020, 07:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented