
കയ്പമംഗലം: ദേശീയപാത 66-ൽ അധികൃതരുടെ അനാസ്ഥ കാരണം വീണ്ടും മനുഷ്യക്കുരുതി. പനമ്പിക്കുന്ന് സെന്ററിൽനിന്ന് മൂന്നുപീടിക ബൈപാസ് തുടങ്ങുന്ന സ്ഥലംവരെ മാത്രമേ ഹൈവേയിലൂടെ വണ്ടികൾ പോകുകയുള്ളൂ. ഇവിടെനിന്ന് വാഹനങ്ങൾ സർവീസ് റോഡിലേക്കു മാറണം. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഇവിടെ മുന്നറിയിപ്പുബോർഡുകൾ ഉൾപ്പെടെയുള്ള അറിയിപ്പുകളൊന്നുമില്ല. കോൺക്രീറ്റുപയോഗിച്ചുള്ള ചെറിയ ഭിത്തി സ്ഥാപിച്ച് ചെറുതായി തടസ്സമുണ്ടാക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഇതിലിടിച്ച് രണ്ടാഴ്ചമുൻപും അപകടമുണ്ടായിട്ടുണ്ട്. സൂചനാബോർഡുകളില്ലാത്തതുകാരണം ഭിത്തിയിൽ വന്നിടിച്ച കാറിലെ രണ്ടുപേർക്കാണ് അന്നു പരിക്കേറ്റത്. വെള്ളിയാഴ്ച അർധരാത്രിയിലെ ദുരന്തത്തിന് തൊട്ടുമുൻപായി മറ്റൊരു കാർ അപകടത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതായി നാട്ടുകാർ പറയുന്നു. ഈ കോൺക്രീറ്റ് ഭിത്തിക്കു പിറകിലായാണ് ലോറി നിർത്തിയിട്ടിരുന്നത്. ഗുരുവായൂരിൽനിന്ന് കൊടുങ്ങല്ലൂരിലേക്കുള്ള വാഹനങ്ങൾ സഞ്ചരിക്കുന്ന അതേദിശയിൽ പാർക്ക് ചെയ്ത ലോറി കാണാത്തതാകാം അപകടത്തിനുകാരണമെന്നു പറയുന്നു.
അനധികൃതമായി മൂന്നു ലോറികൾ അപകടസമയത്ത് ഇവിടെ പാർക്ക് ചെയ്തിരുന്നു. അപകടത്തിനു പിന്നാലെ ഇതിൽ രണ്ടു ലോറികളുമായി ഡ്രൈവർമാർ സ്ഥലംവിട്ടു.
ലോറിയുടെ പിന്നിൽവന്നിടിച്ച കാർ പൂർണമായും തകർന്നുതരിപ്പണമായി. അടിയിലേക്ക് ഇടിച്ചുകയറിയ കാർ കയറുകെട്ടി വലിച്ചു പുറത്തെടുത്താണ് യാത്രക്കാരെ പുറത്തെടുത്തത്. എട്ടുപേരിൽ ഒരാൾക്കുമാത്രമാണ് നേരിയ മിടിപ്പുണ്ടായിരുന്നത്. ആശുപത്രിയിലെത്തുംമുൻപ് അയാളും മരിച്ചു.
ദിണ്ടിഗലിലെ പി.എസ്‍.എൻ.എ. എൻജിനീയറിങ് കോളേജ് വിദ്യാർഥികൾതന്നെയാണ് കാറിലുണ്ടായിരുന്നതെന്നാണ് ഏറക്കുറെ ഉറപ്പിക്കുന്നത്. ഐ.ഡി. കാർഡിനുപുറമേ, ഏതാനും ബാഗുകളും കിട്ടിയിട്ടുണ്ട്. വാഹനമുടമയെ പോലീസ് കണ്ടെത്തി. പരിചയമുള്ള വിദ്യാർഥികളിൽ ഒരാൾ ചോദിച്ചതിനെത്തുടർന്നാണ് വാഹനം നൽകിയതെന്ന് ഇദ്ദേഹം പറയുന്നു. പക്ഷേ, എങ്ങോട്ടാണ് യാത്രയെന്ന് അറിയിച്ചിരുന്നില്ല.
ടൂർ പോയതാകാമെന്നാണ് സംശയിക്കുന്നത്. പരിവാഹൻ സൈറ്റിൽ നമ്പർ പരിശോധിച്ചപ്പോൾ ഒരുമാസംമുൻപുമാത്രം രജിസ്ട്രേഷൻ നടന്ന വാഹനമാണിതെന്ന് കണ്ടെത്തി. തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനമാണിത്.
Content Highlights: Fatal car crash on National Highway 66 at Kaipamangalam., Lack of warning boards and service road diversion signs caused the accident., Illegal parking of lorries behind a concrete barrier contributed to the tragedy.
Published: 05 Sept 2026, 05:08 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented