അഞ്ചലില്‍ പതിനെട്ട് വര്‍ഷം മുമ്പ് യുവതിയെയും ഇരട്ടക്കുട്ടികളേയും കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ദിബില്‍ കുമാര്‍, രാജേഷ് എന്നിവരെ ചെന്നൈ സി.ബി.ഐ പിടികൂടിയത് സംഭവം നടന്ന് 18 വര്‍ഷം കഴിയുമ്പോഴാണ്. ഇത്രയുംകാലം ഒളിവുജീവിതം നയിച്ച പ്രതികളെ പിടികൂടി കേസില്‍ വഴിത്തിരിവുണ്ടാകുമ്പോള്‍ സംഭവത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് കൊല്ലപ്പെട്ട രഞ്ജിനിയുടെ അമ്മ ശാന്തമ്മ മാതൃഭൂമി ഡോട്‌കോമിനോട് സംസാരിക്കുന്നു.
''ഈ വാര്‍ത്തയ്ക്കുവേണ്ടിയാണ് ഞാന്‍ ജീവിച്ചിരുന്നത്. എന്റെ മകള്‍ ഒരു വക്കീലിന്റെ ക്ലര്‍ക്കായിരുന്നു. എല്ലാവരോടും വളരേയധികം സോഷ്യലായി പെരുമാറിയിരുന്ന കുട്ടിയാണ്. സഹോദരന്റെ സ്ഥാനത്താണ് അവനെ ഞങ്ങളുടെ കുടുംബം കണ്ടിരുന്നത്. എനിക്ക് ഒരു മേജര്‍ സര്‍ജറി ഉണ്ടായിരുന്ന സമയത്താണ് സംഭവം നടന്നത്. ആശുപത്രിയില്‍ കുറച്ച് പൈസയുടെ ആവശ്യം വന്നപ്പോള്‍ മോള് ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് വന്നു. പൈസ അയല്‍പ്പക്കത്തുള്ളവരോട് നേരത്തേ ചോദിച്ചുവെച്ചിരുന്നു. അതുവാങ്ങാന്‍ വന്നപ്പോഴാണ് മോളെ അവന്‍ ബലമായി പിടിച്ചുവെച്ച് ഉപദ്രവിച്ചത്. പീഡനം നടന്ന കാര്യമൊന്നും ആദ്യം എന്നോട് മോള്‍ പറഞ്ഞിരുന്നില്ല. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി വീട്ടിലേക്ക് വന്ന് ഒരു പത്തിരുപത് ദിവസത്തിനുള്ളിലാണ് അവള്‍ക്ക് ഛര്‍ദിയും മറ്റ് അസ്വസ്ഥകളുമൊക്കെ അനുഭവപ്പെടുന്നത്. അവള്‍ ആരോടും ഒന്നും പറഞ്ഞില്ല. ഗര്‍ഭിണിയാണെന്ന് അവള്‍ക്കും അറിയില്ലായിരുന്നു. ആശുപത്രിയില്‍ പോയപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് പോലും പിടികിട്ടിയിരുന്നില്ല. പിന്നീട് ശ്വാസംമുട്ടുപോലെ വന്നപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോയി സ്‌കാന്‍ ചെയ്തപ്പോഴാണ് ഈ വിവരം അറിയുന്നത്. അന്നാണ് അവന്‍ ബലമായി മൂക്കും വായുമൊക്കെ പൊത്തിപ്പിടിച്ച് ഉപദ്രവിച്ച കാര്യം തുറന്നു പറയുന്നത്. അന്നുതന്നെ ആശുപത്രിക്കുമുന്നില്‍ നിന്നും വണ്ടിക്ക് മുന്നില്‍ ചാടാന്‍ ശ്രമിച്ചു. അപ്പോഴേക്കും ആറുമാസമായിരുന്നു. എന്തുകൊണ്ട് നേരത്തേ പറഞ്ഞില്ല എന്നുചോദിച്ചപ്പോള്‍ ആരോടും പറയരുതെന്നും എന്തുവന്നാലും ഏറ്റോളാമെന്നും അവന്‍ അവളെ ഭീഷണിപ്പെടുത്തിയിരുന്നു. അവന് മതിയായ ന്യായങ്ങളൊക്കെ നിരത്തി അവളെ മിണ്ടാതാക്കാന്‍ നന്നായി അറിയാമായിരുന്നു. അവനെ കുറ്റപ്പെടുത്തിക്കൊണ്ട് 'നിനക്കെന്റ ശാപം കിട്ടും, നീ എന്നെ നശിപ്പിച്ചു' എന്നൊക്കെ പറഞ്ഞ് മകള്‍ എഴുതിവച്ച കത്തുകള്‍ ഇപ്പോഴും എന്റെ കൈയിലുണ്ട്.

എസ്.ഐ.ടിയില്‍ എന്നെ കാണാന്‍ കുമാര്‍ എന്നു പരിചയപ്പെടുത്തി ഒരു കണ്ണൂര്‍ക്കാരന്‍ വന്നു. അവന്റെ കൂട്ടുകാരന്‍ ആണെന്ന് പറഞ്ഞാണ് പരിചയപ്പെട്ടത്. ആര്‍മിയിലാണെന്നും പറഞ്ഞിരുന്നു. അവന് കാര്യങ്ങള്‍ എല്ലാമറിയാമെന്നും എവിടെയാണെങ്കിലും മകളെ കൂട്ടുകാരനുമായി കല്ല്യാണം കഴിപ്പിക്കാമെന്നും അവന്‍ പറഞ്ഞിരുന്നു. അവന്‍ ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുകയായിരുന്നു.
കുട്ടികളുടെ അച്ഛനായ വ്യക്തി അയല്‍വാസിയായിരുന്നു. പലതവണ അവന്‍ അവളോട് മോശപ്പെട്ട രീതിയില്‍ സംസാരിക്കുകയും പെരുമാറാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. അവള്‍ വഴങ്ങില്ല എന്നുമനസ്സിലായപ്പോള്‍ മുതല്‍ അവന് വാശിയായിരുന്നു. മേലില്‍ വീട്ടില്‍ കയറരുത് എന്ന് അവനെ ഒരിക്കല്‍ അവള്‍ താക്കീത് ചെയ്തുവിട്ടതായിരുന്നു. അവന്‍ പക്ഷേ അവസരം നോക്കി അവളെ നശിപ്പിക്കുകയാണ് ചെയ്തത്. കുഞ്ഞുങ്ങളെ പ്രസവിച്ചശേഷം അവള്‍ക്ക് നാട്ടുകാരില്‍ നിന്നും അപമാനം നേരിടേണ്ടി വന്നിരുന്നു. അതുകൊണ്ടാണ് പിതൃത്വം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വനിതാകമ്മീഷനില്‍ അവള്‍ പരാതി കൊടുത്തത്.
സംഭവം നടക്കുന്ന ദിവസം ഞാന്‍ പഞ്ചായത്തില്‍പ്പോയിരുന്നു. പോകാന്‍ നേരത്ത് മോളെ ഒന്നു നോക്കിക്കോണേ എന്ന് വാടകയ്ക്കുള്ള വീട്ടിലെ മറ്റു താമസക്കാരോട് പറഞ്ഞ് ഏല്‍പിച്ചിരുന്നു. വലിയ ഒരു വീട് രണ്ടായി പകുത്ത് വാടകയ്ക്കായിരുന്നു ഞങ്ങള്‍ താമസിച്ചത്. മറുഭാഗത്ത് താമസിച്ചത് അവന്റെ ആളുകളായിരുന്നു എന്ന് പിന്നീടാണ് അറിഞ്ഞത്. ആദ്യമൊക്കെ അവര്‍ നല്ല പെരുമാറ്റമായിരുന്നു. മകളെയും കുഞ്ഞുങ്ങളെയും ഒന്നു ശ്രദ്ധിക്കണേ എന്ന് ഞാന്‍ പോകുമ്പോള്‍ മറ്റുതാമസക്കാരോട് പറഞ്ഞിരുന്നു.അന്ന് കണ്ണൂര്‍ക്കാരന്‍ രാവിലെ അവിടെ വന്നിരുന്നു.
പഞ്ചായത്തില്‍ നിന്നും ഞാന്‍ തിരിച്ചുവന്നപ്പോഴാണ് ഇതുകാണുന്നത്. എന്റെ മകളും പിഞ്ചുകുഞ്ഞുങ്ങളും രക്തം വാര്‍ന്ന് കിടക്കുന്നു. ഞാനിതൊക്കെ പറഞ്ഞുപറഞ്ഞ് മടുത്തകാര്യങ്ങളാണ്. അവന്മാര്‍ ഇത്രയുംനാള്‍ പെണ്ണുംകെട്ടി സുഖിച്ചു ജീവിക്കുകയായിരുന്നില്ലേ, അപ്പോഴെല്ലാം ഞാന്‍ കണ്ണീരോടെ അലഞ്ഞുനടക്കുകയായിരുന്നു. ഈ ഒരു നിമിഷത്തിനുവേണ്ടിയാണ് ഞാന്‍ പ്രാര്‍ഥിച്ചിരുന്നത്. ഇവന്മാരെ തൂക്കിക്കൊല്ലണം, എനിക്ക് നീതികിട്ടണമെങ്കില്‍ ഇവന്മാര്‍ ജീവനോടെയുണ്ടാകരുത്. ഇവന്മാര്‍ മാത്രമാകില്ല, ഇതിനുപുറകില്‍ വേറെയും ആളുകള്‍ ഉണ്ടാവണം.
പിതൃത്വം ഏറ്റെടുക്കണമെന്നുപറഞ്ഞ് രഞ്ജിനി നിയമനടപടി സ്വീകരിച്ചിരുന്നു. ദിബില്‍ കുമാറിന്റെ അച്ഛനും അമ്മയും അളിയനും മാത്രമാണ് അന്നെത്തിയത്. അവന്റെ കുട്ടികളാണ് എങ്കില്‍ പിതൃത്വം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അവന്റെ അച്ഛന്‍ പറഞ്ഞു. പക്ഷേ അമ്മയ്ക്കും അവന്റെ അളിയനും താല്‍പര്യമുണ്ടായിരുന്നില്ല. പലരിലൊരാള്‍ മാത്രമാണ് അവനെന്നും പറഞ്ഞ് ആരോപിച്ചപ്പോഴാണ് മകള്‍ കുഞ്ഞുങ്ങളുടെ പിതൃത്വം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് വനിതാകമ്മീഷനെ സമീപിച്ചത്. അങ്ങനെ പറഞ്ഞുകൊണ്ട് നടക്കുകയാണെങ്കില്‍ ഇത് തെളിയിക്കണം എന്നുപറഞ്ഞാണ് മകള്‍ കേസുമായി മുന്നോട്ടുപോവാന്‍ തീരുമാനിച്ചത്. അവന്റെ സ്വത്തോ, പണമോ കണ്ടിട്ടല്ല അന്തസ്സായി ജീവിക്കാന്‍ വേണ്ടിയായിരുന്നു. സത്യമെപ്പോഴായാലും തെളിയും എന്ന വിശ്വാസത്തോടെയാണ് മുന്നോട്ടുപോയത്. എന്റെ കുഞ്ഞുങ്ങളുടെ ആത്മാവിന് മോക്ഷം ലഭിക്കണേ, സത്യം ജയിക്കണേ എന്നുമാത്രമാണ് പ്രാര്‍ഥിച്ചിരുന്നത്.''- കൊല്ലപ്പെട്ട രഞ്ജിനിയുടെ അമ്മ മാതൃഭൂമി ഡോട്‌കോമിനോട് പറഞ്ഞു.
മക്കള്‍ അന്തസ്സോടെ വളരണമെന്നും അപവാദങ്ങള്‍ നേരിട്ട് ജീവിക്കരുതെന്നുമുള്ള എന്ന ലക്ഷ്യത്തോടെയാണ് അവരുടെ പിതൃത്വത്തിനായി മകള്‍ പോരാടിയത് എന്നു രഞജ്‌നിയുടെ അമ്മ പറഞ്ഞു. അവളുടെ ജീവിതമോ നശിച്ചു, മക്കളുടെ ഭാവി നശിക്കാന്‍ സമ്മതിക്കില്ലെന്നും മകള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്ന് അമ്മ പറഞ്ഞു. കേസുമായി മുന്നോട്ടുപോകാന്‍ മേലധികാരികള്‍ സമ്മതിച്ചില്ലെന്നും അവര്‍ പറഞ്ഞു. തനിച്ചാണ് താമസിക്കുന്നതെന്നും പ്രതികളുടെ ഗുണ്ടകളുംമറ്റും തന്റെ ജീവന്‍ അപായപ്പെടുത്തുമോ എന്ന ഭയമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: anchal tripple murder case ranjini mother santhamma explains
Published: 04 Jan 2025, 08:04 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented